ധർമ്മരാജാ/അദ്ധ്യായം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഒന്ന്




[ 5 ]
അദ്ധ്യായം ഒന്ന്

"ധീരനായുള്ള കുമാരനും മെല്ലവേ
ചാരുസരോജനേത്രൻപദാംഭോരുഹം
മാനസതാരിലുറപ്പിച്ചു ഭക്തനാ-
യാനന്ദമോടേ നടന്നുതുടങ്ങിനാൻ-"


ശ്രീവീരമാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ മഹാരാജാവ് തിരുവിതാംകോട് സംസ്ഥാനവിസ്തൃതിയെ വർദ്ധിപ്പിച്ച് രാജ്യഭരണംചെയ്യുന്നകാലത്ത്, നവമായി സമ്പാദിക്കപ്പെട്ട ചങ്ങനാശ്ശേരി മുതലായ പ്രദേശങ്ങളിലെ പ്രജാസംഘങ്ങൾക്കിടയിൽ ചില അന്തച്ഛിദ്രങ്ങളും രാജദ്രോഹോദ്യമലക്ഷ്യങ്ങളായ കലാപങ്ങളും സംഭവിക്കുന്നു. പാണ്ഡ്യദേശീയന്മാരായ ചില പാളയത്തലവന്മാർ 927-ൽ കൗശലവിശ്രുതനായ രാമയ്യൻദളവയാൽ അമർത്തപ്പെട്ടുവെങ്കിലും, 'ദുഷ്ട് കിടക്കെ വരട്ടപ്പെട്ട' വ്രണം പോലെ വീണ്ടും തിരുവിതാംകൂറിൽ സംക്രമിപ്പാനുള്ള ദുർമ്മേദസ്സമുച്ചയലാഞ്‌ഛനങ്ങളെ കാട്ടിത്തുടങ്ങുന്നു. സിംഹപരാക്രമനായ ഹൈദരാലിഖാൻ ബഹദൂർ മൈസൂർ രാജാവിന്റെ പദ്ധതികൾ ചരിത്രവിശ്രുതരണശൂരനായ വെങ്കിട്ടറായ് സേനാധിപന്റെ നേതൃത്വത്തിൽ മധുരപട്ടണത്തിന്റെ ഉത്തരപ്രദേശങ്ങളെ നിരോധിച്ചിരിക്കുകയാൽ ആ അല്‌പായുഷ്‌പ്രഭാവത്തിന്റെ അത്ര ദൂരത്തുള്ള ആവിർഭാവവും രക്തവർഷസൂചകമായ കൊള്ളിമീനെന്നപോലെ ഒരു മഹാവിഭ്രാന്തിയെ വ്യാപരിപ്പിക്കുന്നു. ഈ ആപത്തുകളുടെ നിവാരണത്തിനായി മഹാരാജാവ് തന്റെ അക്ഷൗഹിണീബഹുലത്തെ ഭാഗിച്ച് രാജ്യത്തിൽ സഹ്യപർവതനിരയോടും സമുദ്രതീരത്തോടും ചേർന്ന ദേശങ്ങളിലും ഉത്തരപര്യന്തങ്ങളിലും പാളയങ്ങളുറപ്പിച്ചിരിക്കുന്നു. രാജ്യത്തിലെ പ്രഭുശക്തിയെ ഇതിന്മണ്ണം വിനിയോഗിച്ചതിനു പുറമെ വിദേശീയരിപുക്കളുടെ പ്രസ്ഥാനത്തെ തന്ത്രമാർഗ്ഗേണ നിരോധിക്കുന്നതിന്, ആർക്കാട്ടുനബാബ്, ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാക്കമ്പനി മുതലായ മഹച്ഛക്തികളുടെ ആസ്ഥാനങ്ങളിലേക്ക് മഹാരാജാവ് അത്യന്തവിശ്വസ്തനും കാര്യവിദഗ്‌ദ്ധനുമായ ഒരു സ്ഥാനാപതിയെ ഗൂഢമായി നിയോഗിക്കുകയും ചെയ്യുന്നു.


രാജ്യകാര്യങ്ങളുടെ ഏവംവിധങ്ങളായ സ്ഥിതിഗതികൾക്കിടയിലാണ് ഈ വിഷ്കംഭാദ്ധ്യായത്തിലെ സംഭവങ്ങൾ നടന്നത്. ദക്ഷിണതിരുവിതാംകൂർകാരായ ജനങ്ങൾ 'ആപദി ഭജന്തി’ ന്യായത്തെ അനുസരിച്ച് കൊല്ലം 929 ലെ ശിവരാത്രിവ്രതത്തെ പ്രത്യേക ശ്രദ്ധയോടും, ശിവപുരാണപ്രോക്തമായുള്ള മാർഗ്ഗത്തെ കൃത്യമായി അനുസരിച്ചും, അനുഷ്ഠിക്കുന്നു. സാമാന്യേന ആബാലവൃദ്ധം ഉപവാസം അനുഷ്ഠിക്കുന്ന ആ ദിവസത്തിൽ പുരാതനത്വം, പ്രഭുത്വം, ധനസമൃദ്ധി എന്നിവകൊണ്ട് അനേകശതവർഷങ്ങളായി, കിരീടധാരണക്രിയകൂടാതെ, രാജാധികാരത്തെ നടത്തിവന്നിരുന്ന ഒരു പ്രഭുകുടുംബത്തിലെ പരിചാരകനായ ഒരു ബാലൻമാത്രം വ്രതലംഘകനായിത്തീർന്നിരിക്കുന്നു. സ്വകുടുംബത്തെ വർജ്ജിച്ച്, അനന്യശരണനായി ഐശ്വര്യോൽകർഷദീക്ഷിതനായി, ആ ഗൃഹത്തിൽ പ്രവേശിച്ച ബാലൻ അതിന്റെ നാഥനായ മഹാപ്രഭുവിനെ രായസക്കാരനായി സേവിക്കുന്നതിന് ഉപയോഗപ്പെട്ടുപോന്നതിനാൽ കുടുംബാംഗങ്ങൾക്കും കേവലം ഭൃത്യൻമാർക്കും ഇടയിൽ, അങ്ങുമിങ്ങും ചേരാത്ത ഒരു മൂന്നാംകൂറ്റുകാരനായി, ആ രണ്ടു വർഗ്ഗക്കാരുടെയും അസൂയാപാത്രമായി അവിടെ പാർത്തുവന്നിരുന്നു. ശത്രുജയത്തിന് ഉപയുക്തമായിട്ടുള്ളത് ആരോഗ്യപൂർണ്ണമായ കായംതന്നെ എന്നുള്ള സിദ്ധാന്തത്താലായിരിക്കാം, ബാലൻ ആ രാത്രിയിലും പാചക ശാലയുടെ മുൻപിലുള്ളതളത്തിൽ നിയമപ്രകാരം അത്താഴത്തിന് ഇരുപ്പുപിടിച്ചു. ആ തക്കത്തെ കളയാതെ ചില ഭൃത്യനാരദന്മാർ ജവത്തിൽ ഗൃഹനായികയുടെ അന്തികം പ്രാപിച്ച് ഐശ്വര്യനാശകമായ ആ ദുർവൃത്താർശനസങ്കടത്തെ ധരിപ്പിച്ചു. സ്വന്തം കോട്ടയ്ക്കകത്തുള്ള ജലാശയത്തിൽ പ്രഥമമായും, കസവുചേല, ആഭരണസഞ്ചയം, സിന്ദൂരാദ്യലങ്കാരങ്ങൾ എന്നിവകളിൽ ആവർത്തിച്ചും മജ്ജനം കഴിച്ച്, സ്വന്തം അന്തിമാളമ്മൻകോവിലിലെ ശിവസന്നിധിയിൽ രണ്ടാം യാമപൂജയ്ക്ക് ദർശനംചെയ്‌വാനായി ചമയം കഴിഞ്ഞിരിക്കുന്ന പ്രഭുകുടുംബിനി, ഔദ്ധത്യംകൊണ്ട് പാഷണ്ഡതയെ അവലംബിച്ചിരിക്കുന്ന ബാലന്റെ ദുരാചാരത്തിനെ ശിക്ഷിപ്പാൻ, [ 6 ] താൻതന്നെ അവനെ ഊട്ടിക്കളയാമെന്നു നിശ്ചയിച്ച്, ഇരുന്നിരുന്ന മഞ്ചവും തന്റെ പാദഭാരം ഏൽക്കുന്ന തളങ്ങളും തകർന്നുപോകാതെയും, എന്നാൽ പ്രഭുമഹിമചേഷ്ടകൾക്കു ലോപം വരാതെയും, കഥകളിവേഷക്കാർ അണിയറയിൽനിന്ന് അരങ്ങത്തേക്കു പുറപ്പെടുമ്പോഴുള്ള ചലങ്കധ്വനിക്കുതുല്യമായ ആഭരണധ്വാനങ്ങളോടുകൂടിയും, അവർ ‘ഗന്ധദ്വിപപ്രൗഢമന്ദ’ഗമനം തുടങ്ങി. ബാലൻ ഇരിപ്പു പിടിച്ചിരുന്ന തളത്തിൽ പ്രവേശിച്ചപ്പോൾ, കർണ്ണേജപന്മാരുടെ പ്രേരണയെന്നിയേ, ബാലന്റെ അപരാധത്തെ കണ്ടതുപോലുള്ള നാട്യപുഷ്ടിയോടുകൂടി ആ ഭവനൈശ്വര്യസംവർദ്ധിനി അവലോകനാശ്ചര്യവട്ടങ്ങളെ അഭിനയിച്ചു. ഭൃത്യന്മാർ തങ്ങൾക്കു മോദകരമായുള്ള അനന്തരചൊല്ലിയാട്ടത്തെ ദർശനംചെയ്‌വാൻ ഹർഷത്തോടുകൂടി നടന്മാർക്ക് ആവശ്യമുള്ള രംഗസ്ഥലമൊഴിച്ചിട്ട്, വട്ടത്തിൽ നിലകൊണ്ടു. മാംസഗോപുരശരീരിണിയായ പ്രഭ്വി വിളമ്പുസാഹസംകൊണ്ടു വിയർത്തും തളർന്നും ചമഞ്ഞു ഗൃഹനായകനായ മന്മഥനു രതിയായി വർത്തിക്കുന്നതിനിടയിൽ പ്രണയകലഹനൃത്തങ്ങൾ കൊണ്ട് ചില അവസരങ്ങളിൽ അദ്ദേഹത്തെ രമിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ മാത്രം ക്ഷീണമെന്നുള്ള അവസ്ഥയെ പരിചയിച്ചിട്ടുള്ള തന്റെ മൃദുഗാത്രത്തെ തളർത്തിയ ബാലനോടു കുപിതയായി, അവന്റെ ഉദരഗഹ്വരാഗാധതയെ, ഭർത്തൃധനത്തെ സംരക്ഷിപ്പാനുള്ള കാംക്ഷാധിക്യംകൊണ്ടെന്നു നീതീകരിക്കാമെങ്കിലും, ബീഭത്സമായും അതിനിഷ്കരുണമായും അപഹസിച്ചു. അനന്തരം, “കുറുക്കുഞെരിയെ വേലചെയ്താൽ വയറുനിറയെ ചോർ” എന്ന് വിദഗ്ദ്ധനായ അഭിഭാഷകന്റെ നിലയിൽ ബാലൻ മുഷ്ടിവാദം വാദിച്ചതും, “പത്തായപ്പടി ചെലുത്താനക്കൊണ്ട് മാമമ്മാര് ഏലാപ്പടി നേടിവച്ചിരിക്കണമപ്പീ! അല്ലാണ്ട് പിറുപിറുത്താല്, കുമ്പീലെ നോവാറമാട്ടാര്” എന്ന് പ്രഭ്വി ദൈവത്തെ മറന്ന് ബാലന്റെ ദാരിദ്ര്യസ്ഥിതിയെ മാത്രക്കണക്കിനുള്ള വിരാമങ്ങളോടുകൂടി അപഹസിച്ചതും, ആ ഭത്സനവാക്ശൂലങ്ങൾ ക്ഷുൽപീഡിതനായ ബാലനിൽ തറച്ച്, ഇതുപോലെതന്നെ ഒരു ശാസന തനിക്ക് ഇതിനു മുമ്പൊരിക്കൽ കിട്ടിയിരുന്നതിന്റെ സ്മരണയെ അവനിൽ ഉണർത്തുകയാൽ, അവന്റെ മുഖത്ത് ലജ്ജോഷ്മാവിന്റെ ലക്ഷ്യമായി സ്വേദബിന്ദുക്കൾ സ്ഫുരിച്ചതും, അവന്റെ ഉള്ളിൽ തിളച്ച പ്രതിക്രിയാകാംക്ഷ ആത്മദമനശക്തിയെ പരാജിതമാക്കി, പെണ്ണരശുനാട്ടിൽ ‘പെൺ‌പടതിന്നു ചത്തു; ആൺ‌പട അലന്നു ചത്തു’ പിന്നെങ്ങിനെ നോവാറുവാര്? എന്ന് ആ പ്രഭ്വി തന്റെ ഭർത്താവിന്റെമേൽ നടത്തുന്നതായി കുപ്രസിദ്ധിയുള്ള അധികാരധുരന്ധരതയെ അവനെക്കൊണ്ട് അവരുടെ സ്വരത്തിലും ഭാഷാരീതിയിലും പ്രത്യപഹസിപ്പിച്ചതും; അടുക്കളവാതിൽപടിയിൽ നിന്നിരുന്ന പ്രഭ്വി ആഭരണാദികളുടെ താളസാഹായ്യത്തോടുകൂടി മുമ്പോട്ടു കുതിച്ച് താൻ വഹിച്ചിരുന്ന തവി (കയിൽ) കൊണ്ട് ബാലന്റെ മൂർദ്ധാവിൽ പ്രഹരിച്ചതും, അവരുടെ അസാമാന്യമാംസപുഷ്ടിയോടുകൂടിയ കരത്തിന്റെ ഘനത്തെ ആശ്രയിച്ചുള്ള ഊക്കോടുകൂടി പ്രഹരം പതിക്കയാൽ, തവിയുടെ മൂർച്ചയുള്ള വക്കുകൊണ്ട് ബാലന്റെ മൂർദ്ധാവിൽ മുറിവേറ്റ് രക്തപ്രവാഹം തുടങ്ങിയതും എല്ലാം ഒരു ഇടശ്ലോകംകൊണ്ടെന്നപോലെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ബാലൻ വെട്ടുകൊണ്ട ക്ഷണത്തിൽ ഉച്ചസ്ഥനായ രുധിരന്റെ ചെങ്കനൽപ്രഭ ചിതറുന്ന മുഖത്തോടുകൂടി എഴുന്നേറ്റു. അവന്റെ ഉള്ളിൽ അങ്കുരിച്ച പരിതാപലജ്ജാഭാരങ്ങൾ ഇതരമനോവികാരങ്ങളെ പാടെ പ്രതിസ്തംഭിപ്പിച്ചു. അപരാധിനിയായ പ്രഭ്വി തന്റെ കുലമര്യാദയേയും, ആശ്രമധർമ്മത്തേയും, ബാലന്റെ അനന്യഗതികത്വത്തേയും മറന്ന് പെശാചികമായ കോപാവേശംകൊണ്ടു തുള്ളി ദുർഭാഷണങ്ങളാൽ അവനെ അഭിഷേചനംചെയ്തു. പ്രഭ്വിയുടെ ഈ കഠിനകൃത്യവും വലിയവായാലുള്ള രോഷാട്ടഹസങ്ങളും വെളിപാടുകളും ദുർദ്ദേവതാനൃത്തങ്ങളും കണ്ടും കേട്ടും, ഭൃത്യന്മാർക്ക് ഇടയിൽ സന്ദർഭവിസ്മൃതിതന്നെ സംഭവിച്ചുപോയി എങ്കിലും ഉദരംഭരികളായ ആ സാധുക്കൾ തങ്ങളുടെ ഗൃഹനായികയുടെ ക്രിയകളിൽ സഹൃദയത്വം അഭിനയിച്ചു. “ഈ എമ്പോക്കിമൂതേവീടെ പേച്ചിൻ കേപ്പോര് വരുമ്പം പാത്തോളിൻ ഏഴിയപ്പടയ്ക്കൊപ്പം തിന്നുമുടിക്കണ കൂട്ടം കോങ്കോലാട്ടം നീക്കണാരോ, ഈ ചനിയപ്പിഞ്ചിനെ ചെവിയാലെ തൂക്കി എടുത്ത് മേലേപടപ്പിൽ കൊണ്ട് ചപ്പാണ്ട്?” എന്ന് ഗർജജനംചെയ്ത് പ്രഭ്വി തന്റെ ഇളകിയാട്ടത്തെ അവസാനിപ്പിച്ചു.

തന്നെ ആ ഗൃഹത്തിൽനിന്നും ബഹിഷ്കരിക്കുന്നതിന് പ്രഭ്വി ഇതിന്മണ്ണം തന്റെ ഭൃത്യന്മാ [ 7 ] രോട് ആജ്ഞാപന അരുളിച്ചെയ്തപ്പോൾ , നിണമണിഞ്ഞുള്ള മുഖത്തോടുകൂടിയ ബാലൻ, മനുഷ്യലോകത്തിലും ബഹുകേസരികളുടെ ജനനം താണനിരകളിലാണ് എന്നുള്ള പ്രാണിശാസ്ത്രതത്വത്തെ സ്ഥാപിക്കുമാറ്; ജൃംഭിതപ്രാഗത്ഭ്യനായി സമസ്തവിക്രമധാമമായി ആ നായികയ്ക്കും മറ്റും കാണപ്പെട്ടു. മന്ത്രബദ്ധരായ സർപ്പങ്ങളെപ്പോലെ നായികയും ഭൃത്യരും നില്ക്കുന്നതിനിടയിൽ “ആ അടിച്ച കൈ വാഴട്ടെ! ഇന്ന് നിങ്ങൾ എന്റെ തലയിൽ കുളംതോണ്ടി - നാളെയൊരുകാലത്ത് ഇവിടംതന്നെ കുളംകോരിപ്പോകാം. എല്ലാത്തിനും ഈശ്വരൻ സാക്ഷി. എന്തായാലും, ആ തങ്കവായ് ഉപ്പുനീരു കുടിച്ചുപോകും. അന്നു പറയാം ശേഷം,” എന്നു ശാന്തതയോടും ഗാംഭീര്യത്തോടും പറഞ്ഞുകൊണ്ട് ബാലൻ അവിടന്നു നിഷ്ക്രമിച്ചു. പ്രഭ്വിയുടെ കോപാഗ്നി പശ്ചാത്താപപ്രസ്രവണത്താൽ ശമിപ്പിക്കപ്പെടുമ്പോൾ അന്നത്തെ സംഭവം തന്റെ ഭർത്താവുപോലും അറിഞ്ഞുപോകരുതെന്നുള്ള കഠിനശാസനത്തെ ഭൃത്യർക്കു കൊടുത്തു. അതിനെ ലംഘിച്ചാലുള്ള അനുഭവത്തെ ഊഹിപ്പാൻ ശക്തന്മാരായിരുന്ന ഭൃത്യവർഗ്ഗത്തിൽ ശിക്ഷാഭയംകൊണ്ട് ആ സംഭവത്തിന്റെ സ്മൃതിപോലും മാഞ്ഞുപോയി. എന്നാൽ പ്രഭ്വിയുടെ മനസ്സിനെ മാത്രം അവരുടെ അപരാധം ഒരു അപസ്മാരബാധപോലെ ബഹുകാലം പീഡിപ്പിച്ചുകൊണ്ടിരുന്നു.

ചാപമുക്തമായ ശരത്തിന്റെ വേഗത്താൽ ബാലൻ, തനിക്ക് ഒരു ഭാഗ്യസോപാനമെന്നു കരുതി പാർത്തിരുന്ന ഭവനത്തിനു പുറത്തായി. തരുശിഖരങ്ങളിലും ഭൂകുഹരങ്ങളിലും നിദ്രയെ അവലംബിച്ചിരിക്കുന്ന ദശവയസ്കനായ ആ ബാലന് ത്വരിതഗതിക്കിടയിലുണ്ടായ ശ്വാസവേഗം വീണ്ടും ക്രമപ്പെട്ടു. നക്ഷത്രപങ്‌ക്തികൾ ആകാശത്തിൽ മോഹനതരമായി ശോഭിക്കുന്നുണ്ടെങ്കിലും തന്റെ ഗമനത്തെ വിഷമപ്പെടുത്തുന്ന നിബിഡാന്ധകാരത്തോടുകൂടിയ ഒരു വ്യമോഹം ബാലന്റെ മനസ്സിനും വ്യാപിച്ചു. പുരുഷപദത്തിൽ നിന്നു പതിതനാക്കപ്പെട്ടിരിക്കുന്നു എന്നൊരവജ്ഞകൊണ്ട് അവന്റെ മാനസോല്ലാസനൈർമ്മല്ല്യങ്ങളും സ്വാശ്രയയബുദ്ധിയും നഷ്ടമായി. എങ്കിലും; സത്യനിഷ്ഠനായ ന്യായാധിപന്റെ നിലയിൽ തന്റെ ആത്മശോധനചെയ്ത്, പ്രഭ്വിയുടെ നൃശംസതയെ മറന്ന് തന്റെ കുസൃതികൊണ്ട് അവരെ കോപിപ്പിച്ച ഭാഗം സംഭവത്തെകുറിച്ചു ക്ലേശിച്ചു. വിദ്യാഭ്യസനകാലത്തു വിശപ്പുകൊണ്ടുവലഞ്ഞപ്പോൾ ഭക്ഷണം ലഭിക്കാഞ്ഞു തന്റെ മാതാവോടു ശണ്ഠകൂടി “ഒഴക്കരിക്കു വഴി തേടിക്കൊണ്ടു വന്നേയ്ക്കാം” എന്നു ശപഥംചെയ്തു പോന്ന ദരിദ്രനായ താൻ അഹങ്കരിച്ചത് വലിയ മൂഢതയും മൂർഖതയും ആയിപ്പോയെന്ന് ബാലന്റെ മനസ്സു വേദനപ്പെട്ടു. തന്നോടു പ്രത്യേകിച്ചൊരു വാത്സല്യബന്ധമുള്ള ഗുരുനാഥാനുഗ്രഹത്താൽ അഹോരാത്രശാസനോപദേശങ്ങൾമാർഗ്ഗേണ നല്കപ്പെട്ട വിജ്ഞാനം വ്യർത്ഥമായി എന്നു തോന്നി അവന്റെ ലജ്ജയും വ്യഥയും വർദ്ധിച്ചു. ഗർഭാശയത്തിൽ നിശ്ചേഷ്ടപിണ്ഡമായിക്കിടന്ന കാലത്തുതന്നെ ഗർഭച്ഛിദ്രം സംഭവിച്ചുപോയെങ്കിൽ താൻ എത്ര ഭാഗ്യവാനായിരുന്നു എന്നുള്ള പന്ഥാവിലേക്ക് തന്റെ ചിന്തകൾ വ്യതിയാനം ചെയ്തു. ജീവധാരണം നരകജീവിതമെന്നുള്ള ആത്മഗ്രാഹം അവനെ ഗ്രസിച്ചു തുടങ്ങി. തന്റെ പുറകിലായി ഒന്നുരണ്ടുനാഴിക ദൂരത്തു മുരളുന്ന സമുദ്രത്തെ ശരണംപ്രാപിച്ച് പ്രാപഞ്ചികാരിഷ്ടങ്ങളിൽനിന്നു മുക്തനാവുകയോ? എന്നാൽ ഭക്ഷണരംഗത്തുനിന്നു പോരുമ്പോൾ ഈശ്വരങ്കൽ സമർപ്പിച്ചു ഘോഷിച്ച ഭാവിസംഭവങ്ങൾക്കു താൻ എങ്ങനെ സാക്ഷിയാകും? വിശിഷ്യ, മാതൃസംരക്ഷണമാകുന്ന പ്രഥമർണ്ണമോചനത്തെ നിർവഹിപ്പാൻ ജീവിച്ചിരിക്കുന്നതിന് താൻ ബദ്ധനുമല്ലേ? വിശാലമായ ആകാശമണ്ഡലം അതിന്റെ സഹസ്രകോടി നേത്രങ്ങളാകുന്ന നക്ഷത്രങ്ങളുടെ സ്ഫുരണംകൊണ്ട് അവന്റെ ഈ തത്വബോധോദയങ്ങളെ അഭിമാനിക്കുന്നതായി ഒരു ദിവ്യസംപ്രഹർഷം ബാലന്റെ അന്തരംഗത്തിൽ പ്രചരിക്കയാൽ, അവന്റെ ആത്മാവും തിരുവിതാംകൂറിന്റെ ഭാവൈശ്വര്യവും രക്ഷപ്പെട്ടു. ആത്മീയപഥങ്ങളെ ആശ്രയിച്ചുള്ള ചിന്തകളെ അവസാനിപ്പിച്ചുകൊണ്ട്, സംക്ഷേപമായി അന്നത്തെ പൂർവ്വരംഗസംഭവത്തെക്കുറിച്ചു വീണ്ടും പര്യാലോചനചെയ്ത് തന്റെ ശിരസ്സിൽ ഏറ്റിട്ടുള്ള മുറിവിനു വേണ്ട ചികിത്സയ്ക്കുള്ള മാർഗ്ഗത്തെക്കുറിച്ച് വിചാരം തുടങ്ങി. വഴിയരികിലുള്ള രാമച്ചത്തിന്റെ ഇലകൾ പറിച്ച് കരശുചീകരണം സാധിച്ചുകൊണ്ട് അതികരുണയോടുകൂടി ശിരസ്സിലും രക്തം പ്രവഹിച്ചിട്ടുള്ള ഭാഗങ്ങളിലും ഒന്നു സ്പർശിച്ചു. [ 8 ] അപ്പോഴുണ്ടായ രക്തസ്പർശംകൊണ്ട്, ബാലന്റെ സകല നാഡികൾക്കും ഒരു പുനർജ്ജൃഭണം ഉണ്ടായി. ആ വ്രണം എക്കാലത്തും, നവജീവനോടുകൂടി, സ്വദുർഗ്ഗർവശമനത്തിന് ഒരു ശാശ്വതോപദേഷ്ടാവായി, വേദനയെ നല്കിക്കൊണ്ടിരിക്കട്ടെ, എന്നു വിധിച്ചുകൊണ്ട് തന്റെ ഗമനത്തെ തുടർന്നു.

ഏകദേശം ഒരുനാഴിക ദൂരം നടന്നപ്പോൾ മുൻഭാഗത്തു ജനബഹളത്തിന്റെ സഞ്ചാരാരവവും കേൾക്കുമാറായി. ആകാശത്തിൽ ധൂമപ്രസരവും, ചെടികളുടെയും വൃക്ഷങ്ങളുടെയും ഇടയിൽക്കൂടി ദീപപ്രഭയും കണ്ടുതുടങ്ങി. തന്റെ യജമാനൻ അടുത്തകാലത്തു ഗുരുപാദരായി വരിച്ചിരിക്കുന്ന യോഗീശ്വരന്റെ ഭജനസംഘമായിരിക്കാമെന്നുള്ള വിചാരത്തോടുകൂടി ബാലൻ പാദശബ്ദം അമർത്തി ജനസംഘം കൂടിയിരിക്കുന്നതിന്റെ പ്രാന്തത്തിൽ അടുത്ത്, ചെടികളുടെ ഇടയിൽ തന്റെ ദേഹത്തെ മറച്ചുനിന്നു. തന്റെ നേത്രങ്ങൾക്ക് ആദ്യമായി ഗോചരമായത്, ഗജത്തെപ്പോലെ മന്ദമായി ശിരശ്ചലനം ചെയ്തുകൊണ്ട് നില്ക്കുന്ന തന്റെ യജമാനൻതന്നെ ആയിരുന്നു. ഈ പ്രഭുവിന്റെ ഏഴടി പൊക്കവും മൂന്നടി മാർവിസ്താരവും സൃഷ്ടിയുടെ ഒരു അതിവിശേഷകകർമ്മമായി അക്കാലത്തു വിചാരിക്കപ്പെട്ടിരുന്നില്ല. അവിദഗ്ദ്ധനും അരസികനുമായ ക്ഷുരകനാൽ അദ്ദേഹത്തിന്റെ ശിരസ്സിൽ ഊർദ്ദ്വഭാഗത്ത് ധനുരാശിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കുടുമ ദെർഘ്യവും മാർദ്ദവവും കുറഞ്ഞ് ഇടതുഭാഗത്തോട്ടു വിതറിക്കിടക്കുന്നതിനെ ധരിച്ചിരിക്കുന്നത് സ്വസമുദായമുദ്രകളിലുള്ള പ്രതിപത്തിയെ സാക്ഷീകരിക്കുന്നു. കർണ്ണങ്ങളിൽ രക്തകോഹിനൂർകൾപോലെ ശോഭിക്കുന്ന കുണ്ഡലദ്വന്ദ്വവും കരങ്ങളിൽ മദ്ധ്യാംഗുലികൾ ഒഴികെ മറ്റ് എട്ടിലും പൂർവകാലാംഗുലീയങ്ങളുടെ ഒരു പ്രദർശനമെന്നപോലെ ആ വർഗ്ഗം ആഭരണങ്ങളെ ധരിച്ചിരിക്കുന്നതും, “പോകുന്നിടത്തെല്ലാം പത്തുകാശിന്റെ കരുവ് കൈക്കലിലിരിക്കണം” എന്നുള്ള അദ്ദേഹത്തിന്റെ കാരണവന്മാരുടെ സിദ്ധാന്തത്തെ അനുഷ്ഠിക്കുകകൊണ്ടു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ നേത്രങ്ങൾ ആകൃതിയിലും വർണ്ണത്തിലും തൊണ്ടിപ്പഴത്തോടു സാമ്യം വഹിക്കുന്നുണ്ടെങ്കിലും, ഗണ്ഡങ്ങളിൽ വളർന്നു കൃഷ്ണചാമരങ്ങളായി തൂങ്ങുന്ന കൃതാക്കൾ അദ്ദേഹത്തിന്റെ ഗാംഭീര്യത്തെ ഒരു ക്രൗര്യരസപ്രചുരിമകൊണ്ട് പുഷ്ടീകരിക്കുന്നുണ്ടെങ്കിലും, അതുകളെല്ലാം അദ്ദേഹത്തിന്റെ പരമാർത്ഥസ്വഭാവത്തെ സംബന്ധിച്ചിടത്തോളം വ്യാജവക്താക്കളായ സ്തുതിപാഠകന്മാരായിരുന്നു. അദ്ദേഹം ധരിച്ചിരിക്കുന്ന മൂന്നരവീതിയിലുള്ള കട്ടിയും കവിണിയും, ഉദരത്തിന്റെ പരമാർത്ഥപരിമിതിയെ മറികടക്കുന്ന മടക്കുകവിണിയും, ശരീരത്തിന്റെ നാനാഭാഗങ്ങളിലും അണിഞ്ഞിരിക്കുന്ന ഭസ്മത്രിപുണ്ഡങ്ങളും, ഏകദേശം ഒരു ഗർദ്ദഭച്ചുമടു സ്വർണ്ണം കെട്ടിയിട്ടുള്ളതും ഓരോ മണിക്കും ഒരു നാരങ്ങയോളം മുഴപ്പുള്ളതും ആയ രുദ്രാക്ഷമാലയും, ‘പെരുമയ്ക്കടയാളം’ എന്ന്, ശ്രീകൃഷ്ണൻ, ആകാശം, പർവ്വതം, സമുദ്രം, ഗജം എന്നിവകളെ ദൃഷ്ടാന്തമാക്കി അദ്ദേഹം ഘോഷിക്കുമാറുള്ള ഗജമേചകവർണ്ണത്തെ കഴിയുന്നത്ര ഗോപനംചെയ്തിരുന്നു.

പ്രഭുവിന്റെ സ്വഭാവമാർദ്ദവം അറിഞ്ഞിരുന്ന ബാലന് അദ്ദേഹത്തിന്റെ മുൻപിൽ പ്രവേശിക്കുന്നതിന് ലവലേശവും അധെര്യം ഇല്ലാതിരുന്നുവെങ്കിലും, നാഞ്ചിനാട്ടുപിള്ളമാർ, ശൈവന്മാരായ സ്ഥാനികന്മാർ, പ്രഭുവിന്റെ വർഗ്ഗ്യന്മാരായ നായർപ്രമാണികൾ ആദിയായി ഏകദേശം പത്തുനാനൂറോളം ജനങ്ങൾ അദ്ദേഹത്തെ ചുറ്റിനില്ക്കുന്നതു കാണുകയാൽ, അദ്ദേഹത്തിന്റെ ഉപാന്തപ്രവേശനത്തെ അവൻ ആ ഘട്ടത്തിൽ കാംക്ഷിച്ചില്ല. രാജ്യത്തിന് ‘ആപച്ശൂലം’ കണ്ടിരിക്കുന്ന ആ കാലത്ത്; അദ്ദേഹത്തിന്റെ ഭവനംവക പ്രാചീനപാളയവും പടനിലവുമായ ആ മൈതാനത്തെ, മതസംബന്ധമായ ഒരാഘോഷത്തിനാകട്ടെ, അനുവദിച്ചത് പ്രഭുവിന്റെ സ്വാഭാവസ്ഥിതികൾക്ക് ഒരാശ്ചര്യസംഭവമായി ബാലനുതോന്നി. ബാലൻ ആ സ്ഥലത്തെയും അവിടെ തന്റെ യജമാനന്റെ ഭവനസ്മാരകമായി നിർമ്മിക്കപ്പെട്ടിട്ടുള്ള കല്ലുമണ്ഡപത്തെയും സംബന്ധിച്ച് ഓരോ ഐതിഹ്യങ്ങൾ ആ ഭവനത്തിൽ തന്റെ സഹചാരികളായുള്ള വൃദ്ധന്മാരിൽനിന്നും കേട്ടിട്ടുണ്ടായിരുന്നതേയുള്ളു. ഷോഡശസ്ഥൂണങ്ങളോടും വിചിത്രവിഗ്രഹവേലകളോടും വെൺമാടമായി പണിചെയ്യപ്പെട്ടിട്ടുള്ള കല്ലുമണ്ഡപത്തെ നോക്കിയപ്പോൾ, അതു തൽക്കാലം ഒരു യോഗീശ്വരവസതിക്ക് യോഗ്യമാക്കിതീർക്കപ്പെട്ടിരുന്നു [ 9 ] എങ്കിലും, ജീവരക്ഷോപയുക്തങ്ങളായ ബഹുവിധം ആയുധങ്ങളേയും വിവിധമുഖന്മാരായ കിങ്കരന്മാരേയും അതിനകത്തു കാണുകയാൽ, അതിന്റെ നിർമ്മാണാവശ്യത്തെത്തന്നെ ആ മണ്ഡപം അപ്പോഴും നിറവേറ്റുന്നതായി ബാലൻ അനുമിച്ചു. മണ്ഡപത്തിന്റെ പിൻഭാഗത്തുള്ള ഭൂമിയിൽ തിമിർത്ത ഗാത്രങ്ങളോടുകൂടിയ അശ്വം, വൃഷഭം, ഗർദ്ദഭം — മുതലായ മൃഗങ്ങളെ നിർത്തീട്ടുണ്ടായിരുന്നു.

മണ്ഡപത്തിന്റെ പുരോഭാഗം അവർണ്ണനീയമായുള്ള സാന്നിദ്ധ്യത്തോടുകൂടി പ്രശോഭിക്കുന്നു. ആ വെളിപ്രദേശത്തിന്റെ മദ്ധ്യത്തിൽ പൂർവ്വദക്ഷിണപശ്ചിമോത്തരഭാഗങ്ങളിൽ അഗ്നികുണ്ഡങ്ങൾ വളർത്തിയിരിക്കുന്നു. ജടാഭാരം, കാഷായാംബരം, യോഗവേഷ്ടി, യോഗദണ്ഡം ഇത്യാദി ധരിച്ചിട്ടുള്ള ചില ശിഷ്യപ്രധാനന്മാർ ഈ കുണ്ഡങ്ങളിൽ ബഹുവിധപദാർഥങ്ങൾ അർപ്പിച്ച് അക്ഷയജ്വാലയോടുകൂടി അഗ്നിയെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ ചതുഷ്കുണ്ഡങ്ങങ്ങളുടെ മദ്ധ്യത്തിൽ അതുകളുടെ തേജഃപുഞ്ജം മൂർത്തീഭവിച്ചതുപോലെ ഒരു ജ്യോതിഷ്മാൻ, ആശാപാശവിനിർമ്മുക്തനും സർവവാസനാവർജ്ജിതനും വർത്തമാനനിവൃത്തനും തമോഹങ്കാരവിരഹിതനും എന്നുള്ള നിലയിൽ ഭദ്രപീഠത്തിന്മേൽ സ്ഥിതിചെയ്യുന്നു. വാമാംഗുഷ്ഠാഗ്രത്തെ ഊന്നി മടക്കിവെച്ചിട്ടുള്ള പാദത്തിന്റെ ഊരുവിന്മേൽ ദക്ഷിണപാദവും അതിന്മേൽ വാമഹസ്തവും ജ്ഞാനമുദ്രയോടുകൂടി ദക്ഷിണഹസ്തവും സ്ഥാപിച്ച്, നമ്രമുഖനായി, നാഭിയെ ലക്ഷ്യമാക്കിയുള്ള സ്ഥിരവീക്ഷണത്തോടുകൂടി, ശ്രോണിപ്രവേശംകൊണ്ട് പീഠസ്പർശംചെയ്യാതെ, കേവലം കാഷ്ഠശരീരനായി ഒരു വിഷമയോഗാസനത്തെ അവലംബിച്ചിരിക്കുന്ന, ആ പുരുഷനെ കണ്ടപ്പോൾ അവിടെ സന്നിഹിതരായുള്ള മറ്റു ബഹുജനങ്ങളെപ്പോലെ ബാലനും താൻ അറിയാതെ ബദ്ധാഞ്ജലിയായ് ഭവിക്കുന്നു. സതീദഹനാനന്തരം സാക്ഷാൽ വാമദേവൻ അനുഷ്ഠിച്ച ദീർഘയോഗത്തിന്റെ രൗദ്രപ്രഭ ഈ യോഗീശ്വരനിൽ പൂർണ്ണമായി പകർന്നു കാണപ്പെടുന്നു. ബ്രാഹ്മം, ആർഷം, ക്ഷാത്രം എന്നീ ധർമ്മങ്ങൾ സ്ഫുടമായി സ്ഫുരിക്കുന്ന ആ ആകാരം അതുകളുടെ സംഗമമാഹാത്മ്യംകൊണ്ട് ത്രിവേണീമാഹാത്മ്യത്തെയും അധഃകരിക്കുന്നു. അതാ ധ്യാനത്തിൽനിന്നും വിരമിച്ച ആ ദാന്തത്മാവിന്റെ നേത്രങ്ങൾ വജ്രസ്ഫുരണങ്ങളോടുകൂടി ശോഭിച്ച് അഗ്നികുണ്ഡങ്ങളിലെ പ്രഭയെ ധൂസരമാക്കുന്നു. അന്തർഭാഗത്തിലേക്ക് അത്യഗാധതയേയും, ബഹിർഭാഗത്തിലേക്ക് അതിദൂരവീക്ഷണശക്തിയേയും പ്രത്യക്ഷമാക്കി നീലരക്തസമ്മിശ്രദ്യുതികളെ വിതറുന്ന ആ നേത്രങ്ങൾ, ആ പുരുഷനിൽ വാമദേവത്വവും കാമദേവത്വവും കാലധർമ്മാനുസാരമായി കൃത്രിമസങ്കലനംചെയ്തിരിക്കുന്നതിന്റെ സുവ്യക്തസൂചകങ്ങളായി വിളങ്ങുന്നു. സൗന്ദര്യാദിലക്ഷണങ്ങൾ സങ്കല്പവേലാവിലംഘികളായി വിലസുന്ന ആ ശാരീരം കലികാലത്തെ നവമനോധർമ്മങ്ങളിൽ പരിചയിച്ചിട്ടുള്ള ഒരു നവവിധാതാവിനാൽത്തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കണം. ഉഗ്രതയും ശാന്തതയും തങ്ങളിൽ മത്സരം കലർന്ന് കളിയാടിക്കൊണ്ടിരിക്കുന്ന ആ മുഖത്തിലെ അനുക്ഷണചേഷ്ടാഭേദങ്ങൾ പ്രേക്ഷകന്മാർക്ക് അദ്ദേഹത്തിന്റെ സ്വഭാവഗ്രഹണം ദുഷ്‌പ്രാപമാക്കുന്നു. ക്ഷത്രിയാന്തകനായ ഭാർഗ്ഗവരാമന്റെ ഗാംഭീര്യത്തോടുകൂടിയ ശിരശ്ചലനങ്ങൾചെയ്ത് അനുവാദസൂചകങ്ങൾ അരുളുന്ന ആ മഹാനുഭാവൻ ക്ഷത്രിയകുലസംരക്ഷകനായ രഘുരാമബാലന്റെ ശാന്തമൃദുലസ്വരത്തിലാണ് വാചാകല്പനകൾ നൽകുന്നത്. സരസ്വതീകരലസത്തായ വീണയുടെ ചേതോഹാരിത്വത്തോടു കൂടിയ അദ്ദേഹത്തിന്റെ വചസ്സുകൾ സകലചരാചരങ്ങളേയും വശീകരിക്കുന്നു. പാദങ്ങളിൽ വീണു തൊഴുന്ന ഭക്തന്മാരെ നിസ്സീമമായ നാട്യകലാവൈദഗ്ദ്ധ്യത്തോടുകൂടി അദ്ദേഹം സസ്മേരം കടാക്ഷം ചെയ്തനുഗ്രഹിക്കുന്നു. സംഭാവനയായി സമർപ്പിക്കപ്പെടുന്ന ദ്രവ്യങ്ങളെ നട്ടുവേഷധാരികളായ ചില കാര്യസ്ഥന്മാർ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനെ സ്വധർമ്മവിലോപമായി അദ്ദേഹത്തിന്റെ കരവിക്ഷേപങ്ങൾകൊണ്ട് നിരോധിക്കുന്നതിൽ എത്ര ധർമ്മശാസ്ത്രങ്ങൾ അന്തർഭവിച്ചിരിക്കുന്നു?

യോഗീശ്വരൻ, അന്നത്തെ യോഗസമാധിയും ഉപഹാരസ്വീകരണവും അവസാനിച്ചപ്പോൾ, ധ്യാനപരിശ്രമംകൊണ്ടുള്ള അലസതയെ സ്ഫുരിപ്പിക്കുന്നതായ അധരങ്ങളെ വിടുർത്തി ചില ആജ്ഞകളെ അരുളിച്ചെയ്യുന്നു. അതുകളെ ചെവിക്കൊള്ളുന്നതിനായി ജനസംഘങ്ങൾ അഗ്നികുണ്ഡങ്ങളോട് അണഞ്ഞ് ഒരു ജനവലയാകാരമായി സ്ഥിതിചെയ്യുന്നു. എന്തോ വിശേ [ 10 ] ഷമായ ഒരു ദ്രവ്യം കുണ്ഡങ്ങളിൽ അർപ്പിക്കപ്പെടുന്നു. കുണ്ഡങ്ങളിൽനിന്നെഴുന്ന ധൂമം ചുറ്റും വ്യാപിച്ച് ഭക്തതതിയെ പരമാനന്ദാധീനരാക്കുന്നു. ധൂമത്തിന്റെ വിശേഷഗന്ധം ബാലന്റെ അപക്വമായും, ആ രാത്രിയിലെ ശ്രമങ്ങൾകൊണ്ടു ക്ഷീണമായുമുള്ള സ്‌നായുക്കളെത്തളർത്തി ബുദ്ധിയെ മന്ദിപ്പിക്കുന്നു; ഭൂസ്പർശം വെടിഞ്ഞ് ശരീരം ആകാശസഞ്ചാരവും ആരംഭിച്ചതുപോലുള്ള ഒരു ഭ്രമത്തെ ഉദിപ്പിക്കുന്നു; മൈതാനവും മണ്ഡപവും യോഗീശ്വരനും ഭക്തന്മാരും സ്വകീയരൂപങ്ങളെ ത്യജിച്ച് കാനൽജലമായതുപോലെ തോന്നിക്കുന്നു; ബ്രഹ്മാണ്ഡഭ്രമണത്തിനിടയിൽ സ്വശരീരം ശിഥിലീകരിപ്പെട്ട് പരമാണുക്കളായിത്തീർന്നതുപോലെയും, അനശ്വരമായ ആത്മാവ് അനന്തമായി സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതുപോലെയും ഒരാത്മാനുഭൂതി അവനു സഞ്ജാതമാകുന്നു.

ഇങ്ങനെയുള്ള മനോവികാരങ്ങൾക്കധീനനായി ബാലൻ സംഭ്രമിക്കുന്നതിനിടയിൽ ഡോലക്ക്, സാരന്ദ മുതലായ സംഗീതമഗ്രികളോടുകൂടി യോഗീശ്വരൻ ഒരു ശിവസ്തവഗാനം ആരംഭിച്ചു. മധ്യമശ്രുതിയിൽ ത്രിസ്ഥാനത്തെ അവലംബിച്ച് സൂക്ഷ്മമായും, സ്ഫുടമായും, സ്വരഭ്രമണചാതുരികളോടും, അനുഭവരസത്തോടും, ബ്രഹ്മാണ്ഡവും നിശാദേവിയും പരാശക്തിയും ദ്രവിച്ചുപോകും വണ്ണം ഒരു വിദേശീയകീർത്തനത്തെ സിദ്ധൻ ഗാനംചെയ്തു. അംഗവിക്ഷേപഗോഷ്ടികളൊന്നും കൂടാതെ സ്വരമാധുര്യംകൊണ്ടു ജീവലോകത്തെ വശീകരിച്ച് നിർജ്ജീവസാധനങ്ങളാക്കുന്ന യോഗീശ്വരൻ ഒരു ഗന്ധർവനെന്നപോലെ സദസ്യർക്ക് അപ്പോൾ കാണപ്പെട്ടു. സങ്കീർത്തനശ്രവണത്തിന്റെ ദിവ്യാനന്ദലഹരിയെ അനുഭവിക്കുന്ന ഇവരുടെ മനസ്സിൽ ആ പ്രദേശം ദേവവനിതമാരുടെ നൃത്തമണ്ഡപംതന്നെ എന്നുള്ള ഒരു മായാവിഭ്രമം ഉദിച്ചു. അവരുടെ ഉള്ളിലുണ്ടായ ക്ഷോഭങ്ങളുടെ തിരക്കുകൊണ്ടു പലതും ഉച്ചരിച്ച് ആ അവധൂതനെ അവതാരപുരുഷനാക്കിക്കല്പിച്ച് അവർ ആരാധനചെയ്തു.

പ്രഭു മുതലായ സദസ്യർക്കു സ്വർഗ്ഗാനുഭൂതിയെ ഉണ്ടാക്കിയ ആ സംഗീതം ബാലന്റെ ആത്മാവ് അനുഭവിച്ചുകൊണ്ടിരുന്ന ബ്രഹ്മാനന്ദനിർവ്വിശേഷമായ നിർവൃതിയെ ഭഞ്ജിച്ചു. രാജ്യങ്ങൾക്കു വില പോരുന്നതായ ആ സംഗീതത്തിന്റെ ആരംഭത്തിൽത്തന്നെ ബാലൻ അവനെ ഗ്രസിച്ചിരുന്ന സംഭ്രമണത്തിൽനിന്നു വിമുക്തനായി. ശിരോമാംസഭേദനം ചെയ്യപ്പെട്ട സന്ദർഭത്തിലും ആത്മപ്രൗഢിയെ പ്രദർശിപ്പിച്ച ബാലൻ സംഗീതവർഷമേറ്റപ്പോൾ പ്രാണഭയംകൊണ്ടെന്നപോലെ ഗാരുഡമായ വേഗത്തോടുകൂടി ആ ഭൂമിയിൽ നിന്നും പലായനംചെയ്തു. മാർഗ്ഗനിശ്ചയമില്ലായിരുന്നുവെങ്കിലും നക്ഷത്രങ്ങളുടെ ഗതിയെക്കുറിച്ചുള്ള ജ്ഞാനം അവൻ സമ്പാദിച്ചിരുന്നതിനാൽ രാത്രി എന്തായി എന്നും താൻ ഏതു ദിക്കിലേക്കു പോകുന്നുവെന്നും, നിർണ്ണയിക്കാൻ അവനു സാധിച്ചു. ചില വനപ്രദേശങ്ങൾ, കർഷകന്മാരാൽ സുരക്ഷിതമായ പറമ്പുകൾ, ജലശൂന്യമായ സരസ്സുകൾ, വിളവെടുത്തു വെയിൽകൊണ്ടു വരണ്ടുവിണ്ടതായ പാടങ്ങൾ, നിലംപറ്റി വളരുന്ന മുൾച്ചെടികളുടെ നിബിഡതകൊണ്ടു പാന്ഥവർജ്ജിതമായ മരുഭൂമികൾ, ഇതുകളെല്ലാം കടന്ന് അരുണപ്രഭ കണ്ടുതുടങ്ങിയപ്പോൾ തിരുവനന്തപുരത്തുനിന്നും ആരുവാമൊഴികോട്ടയ്ക്കുള്ള രാജപഥത്തിൽ ‘വില്ലിക്കിറി ’ എന്ന സ്ഥലത്തെത്തി, നേരെ പടിഞ്ഞാറു നോക്കി നടന്നു. കുറച്ചുദൂരം നടന്നതിന്റെശേഷം തന്റെ അഭീഷ്ടസിധിക്കായി അഗസ്ത്യോപദേശമായ ആദിത്യഹൃദയമന്ത്രത്തെ—

‘അഭ്യുദയം നിനക്കാശൂ വരുത്തുവാ–
നിപ്പോളിവിടേയ്ക്കു വന്നിതു ഞാനെടൊ.

എന്നുള്ള പ്രാരംഭഭാഗംമുതൽ ഉറക്കെയും ശബ്ദപദവ്യക്തികളോടും പാരായണംതുടങ്ങി. ഏകാഗ്രചിത്തനായി മന്ത്രജപത്തോടുകൂടി ബാലൻ നടക്കുന്നതിനിടയിൽ ശ്രീബാഹുലേയന്റെ വിവാഹസൗധമെന്നു പേർകൊണ്ടിരിക്കുന്ന വേളിമലയുടെ സാന്ദ്രമായ മരതകച്ഛവി കണ്ടുതുടങ്ങി. ശ്രീസമ്പൂർണ്ണമായ ആ വിശുദ്ധഹർമ്മ്യത്തിന്റെ മുഖമണ്ഡപംപോലെ ഉദയഗിരി എന്ന ദുർഗ്ഗവും അതിനു മകുടഭൂഷാസ്തംഭമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ധ്വജവും, ഉദയവാതപോതത്താൽ മന്ദമായി ചലിക്കപ്പെടുന്ന ശംഖമുദ്രാങ്കിതപതാകയും, കേതുവിന്റെ ഇരുഭാഗത്തും ദുർഗ്ഗത്തിന്റെ പാർശ്വവർത്തിയായ ക്ഷേത്രത്തിൽ വസിക്കുന്ന ദുർഗ്ഗായുഗളംതന്നെ [ 11 ] ഭൂകമ്പിനി, ഗർഭധ്വംസിനി എന്ന നാമങ്ങളെ ധരിച്ച് രക്ഷിതാക്കളായി നില്ക്കുന്നതുപോലെ കാണപ്പെടുന്ന വലിയ പീരങ്കികളും, ദുർഗ്ഗത്തെ ആവരണംചെയ്യുന്ന ഉന്നതമായ ഛിദ്രപ്രാകാരവും, ദിഗ്ഗജങ്ങൾപോലെ എട്ടു ദിശാഭാഗങ്ങളിലും ഉറപ്പിക്കപ്പെട്ടിട്ടുള്ള കൊത്തളങ്ങളൂം, ആ സ്ഥലങ്ങളിലെ ഛിദ്രദ്വാരങ്ങളിൽക്കൂടി വൈരിവാരങ്ങൾക്കു ഭയപ്രദമായി വദനരന്ധ്രങ്ങളെ കാണിക്കുന്ന ചെറുതരം പീരങ്കികളും, അവിടെ സഞ്ചരിക്കുന്ന ഭടജനങ്ങളുടെ കരങ്ങളിൽ ലസിക്കുന്നവയും സൂര്യപ്രഭതട്ടി വജ്രശാലകൾപോലെ ശോഭിക്കുന്നവയുമായ ആയുധങ്ങളും ആ സ്ഥലത്തെ സ്കന്ദക്രീഡാസങ്കേതേമെന്ന് ഉച്ചൈസ്തരം ഘോഷിച്ചുകൊണ്ടിരുന്നു. രാജപഥത്തിനരികിലുള്ള കൊത്തളത്തിന്റെ സമീപത്തു ബാലൻ എത്തിയപ്പോൾ കോട്ടയ്ക്കകത്തുനിന്ന് ഉച്ചസ്വരത്തിലുള്ള ചില സൈനികാജ്ഞകളും, പട്ടാളങ്ങളുടെ പടഹകാഹളശബ്‌ദങ്ങളും, അതുകളെ തുടർന്ന് ദുർഗ്ഗഭേദനംചെയ്യുമാറുള്ള ആർപ്പുകളും കേൾക്കുമാറായി. നിർജ്ജീവരാശികൾക്കും ജീവചൈതന്യത്തെ ദാനംചെയ്യുന്നതായ യോഗീശ്വരസംഗീതത്തിൽ വിരസനായ ബാലന് ഗംഭീരമായ സൈനികവാദ്യാരവം സ്വാരസ്യഭൂയിഷ്ഠമായ സരളസംഗീതമെന്നു തോന്നി; അവന്റെ ഉന്മേഷം വളർന്ന്, ‘സന്താപനാശകരായ നമോ നമഃ’ എന്ന് പാരായണത്തെ മുറുക്കിക്കൊണ്ട് ബാലൻ കോട്ടയുടെ പശ്ചിമദ്വാരത്തിലേക്കു സന്ദർഭയുക്തമായ ഗാംഭീര്യത്തോടും ഉത്സാഹത്തോടും നടന്നുതുടങ്ങി.

പാന്ഥനായ കുമാരന്റെ ശ്രവണങ്ങളിൽ പീയൂഷസേചനംചെയ്ത കാഹളാദിരവങ്ങൾ രാജശാസനത്തോടുകൂടി പുറപ്പെടുന്ന സ്ഥാനാപതിക്കു നല്കപ്പെട്ട സൈനികാചാരഘോഷങ്ങളായിരുന്നു. സ്ഥാനാപതിയായ പ്രഭുവും സഹകാരികളും അവരുടെ പരിചാരകവൃന്ദവും ഉൾപ്പെടെയുള്ള ആ സംഘത്തിന്റെ യാത്ര കാണുന്നതിനായി വിശാലമായ രാജപാതയിൽ അസംഖ്യം ജനങ്ങൾ പാർശ്വങ്ങളിൽ ഒതുങ്ങി അത്യാദരത്തോടുകൂടി നിന്നിരുന്നു. കാഴ്ചയിൽ ഒരു വ്യാപാരസംഘമെന്നു തോന്നിക്കുന്നതിനുള്ള ഒരുക്കങ്ങളോടുകൂടിയാണ് ആ സംഘം പുറപ്പെട്ടത്. എന്നാൽ, നടുക്കെട്ടുകളും ഭാണ്ഡക്കെട്ടുകളും ശരീരരക്ഷയ്ക്കുള്ള ആയുധനിക്ഷേപസ്ഥാനങ്ങളെന്നു സൂക്ഷ്മദൃക്കുകൾക്കു കാണാമായിരുന്നു. സംഘത്തലവനായ പ്രഭു ചെമ്പഴുക്കാവർണ്ണത്തിലുള്ള ഒരു അറബിക്കുതിരപ്പുറത്ത് ആരോഹണംചെയ്ത് അതിനെ ദൃഢമായി നടത്തി പുറപ്പെടുംവഴിയിൽ ജനതതി ആനന്ദഭരിതരായി ആർപ്പുകൾകൊൾണ്ട് വിജയത്തെ ആശംസിച്ചു. അദ്ദേഹത്തിന് അനുയാത്രയായി കുതിരയുടെ അടുത്തുകൂടി നടന്നിരുന്ന സ്വന്തം കാര്യസ്ഥനായ ഒരു നായർ, ബാലന്റെ അഭിമുഖമായുള്ള ആഗമനം കണ്ടപ്പോൾ ദുശ്ശകുനശങ്കകൊണ്ട് “അങ്ങുന്നേ, പൊല്ലാശകുനമല്ലയോ കാണുന്നത്?” എന്നു മന്ത്രിച്ചു.

പ്രഭു: “എത്ര ശകുനങ്ങൾ കണ്ടു; എന്തെല്ലാം ശകുനപ്പിഴകൾ അനുഭവിച്ചു! നീ തിരിച്ചുപോ. മുന്നോട്ടുവച്ച കാൽ പിൻവലിക്കാൻ മടിയുണ്ട്.”

നായർ: “വേലുത്തമ്പി അങ്ങത്തെ അന്വേഷിപ്പാൻകൂടിഅല്ലയോ അങ്ങുന്നു പോണത്? അതുകൊണ്ട്, ശകുനം കൂട്ടാക്കതെ പോയാലോ?”

തന്റെ രണ്ടാമത്തെ പുത്രിയുടെ ഭർത്താവ് ചില സംഗതികളാൽ സ്വഭാര്യയേയും ഗൃഹത്തേയും നാട്ടിനേയും ത്യജിച്ചു പോയിരിക്കുന്ന സംഗതിയേ അപ്പോഴത്തെ യാത്രാരംഭത്തിലും തന്റെ ഭക്തനായ ഗൃഹകാര്യസ്ഥൻ ഇതിന്മണ്ണം തന്നെ ഓർമ്മിപ്പിച്ചപ്പോൾ പുത്രിയെക്കുറിച്ചുള്ള വാത്സല്യംകൊണ്ട് അദ്ദേഹത്തിനു ക്ലേശാവർത്തനമുണ്ടായി. എന്നാൽ, മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു: “സ്വന്തം കാര്യം കിടക്കട്ടെ, രാജകല്പനയെ ലംഘിച്ചുകൂടാ. ബാല്യം മുതൽക്കേ ജീവൻ തൃപ്പാദത്തിൽ പണയപ്പെട്ടുപോയി. അച്ഛന്റെ ചരമാജ്ഞയും ആ പണയപ്പാടിനെ ഭേദപ്പെടുത്തരുതെന്നാണ്; ഞാൻ കൂലിക്കാരനല്ല അതുകൊണ്ട് കല്പന തന്ന സമയത്തെ ശുഭാശുഭത്തെ മാത്രമേ നോക്കാനുള്ളു. അവിടുത്തെ കാത്തുരക്ഷിക്കുന്ന ശ്രീപത്മനാഭൻതന്നെ നമുക്കു തുണ.”

പ്രഭുവിന്റെ വാക്കുകൾക്കുണ്ടായ ഉപശ്രുതി അദ്ദേഹത്തിന്റെ അടുത്തെത്തിയ ബാലന്റെ, [ 12 ] “ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ
ശത്രുക്ഷയം വരുത്തീടുക സത്വരം.”

എന്നുള്ള മന്ത്രസമാപ്തിയായിരുന്നു. അതു കേട്ട് അത്യന്തം പ്രസാദത്തോടുകൂടി പ്രഭു തന്റെ കാര്യസ്ഥനോട് ഇങ്ങനെ പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചു: “അവൻ ജപിച്ചുവന്ന മന്ത്രത്തേക്കാൾ ഉത്തമമായ ശകുനം എന്താണുള്ളത്? ഭയപ്പെടേണ്ട, എല്ലാം ശുഭമായ് വരും.”

നായർ: (ബാലനെ സൂക്ഷിച്ചുനോക്കി, വർദ്ധിച്ച പരിഭവത്തോടുകൂടി) “ചോര എറപ്പിച്ചോണ്ടു വരുന്നവൻ നല്ല ശകുനമെന്നു വല്യോരു പറഞ്ഞോണ്ടാൽ—”

പ്രഭു: (ബാലനോട്) “നീ എങ്ങോട്ടു പോകുന്നു അപ്പൻ?” പ്രഭുവിന്റെ കരുണാപൂരിതസ്വരത്തിലുള്ള ചോദ്യം കേട്ട് ബാലൻ തിരിഞ്ഞുനിന്നു. ശകുന്തളാപുത്രനായ ഭരതകുമാരൻ പ്രഥമദർശനത്തിൽ സ്വപിതാവിന്റെ അംഗവിലോകനം ഗംഭീരനായി ചെയ്തതുപോലെ ബാലൻ പ്രഭുവിനേയും അശ്വത്തേയും ലക്ഷണശാസ്ത്രജ്ഞന്റെ ഭാവത്തിൽ നോക്കിത്തുടങ്ങി. ബാലന്റെ അംഗസൗഷ്‌ഠവവും പ്രഭയും പ്രായവും തന്റെ മൃതനായ ഒരു പുത്രനെ ഓർമ്മിപ്പിക്കയാൽ അവന്റെനേർക്കു പ്രത്യേകമായ ഒരു വാത്സല്യം പ്രഭുവിൽ അങ്കുരിച്ചു. അദ്ദേഹത്തിന്റെ ചോദ്യത്തിനെ മൃദുലമായ സ്വരത്തിൽ ഒന്നുകൂടി ആവർത്തിച്ച് പ്രഭു യോഗീശ്വരനെക്കാൾ സൗന്ദര്യസമ്പന്നനും സ്വസമ്പർക്കയോഗ്യനും എന്നു ബാലന്റെ നേത്രിങ്ങൾക്കു തോന്നുകയാൽ, അദ്ദേഹത്തിന്റെ പ്രശ്നത്തിനു പ്രാതരാശാകാംക്ഷയ്ക്കിടയിലും അവൻ കനിഞ്ഞു— “പുള്ളിപ്പട്ടാളത്തിൽ ചേരാൻ പോണു. പൊന്നുതമ്പുരാനെ സേവിച്ചാൽ കണ്ടോരുടെ കാലുപിടിക്കേണ്ടല്ലൊ.” പ്രഭുവിന്റെ പുരികങ്ങളും ഓഷ്‌ഠസന്ധികളും ഈ വാക്കുകൾ കേട്ടുണ്ടായ ചിന്തകൾക്കിടയിൽ അർത്ഥവത്തായി ചലിച്ചുപോയി. അങ്ങനെ സംഭവിച്ചത് പുള്ളിപ്പട്ടാളത്തിൽ ചേരുന്നതിനു പ്രായം ഒട്ടുംതന്നെ അടുത്തിട്ടില്ലാത്തവനായ ബാലന്റെ പുറപ്പാടുകൊണ്ടെന്നു പ്രത്യേകമായി നടിച്ച്, അവന്റെ മനസ്സിൽ ഉദിച്ച് മുഖത്തു പ്രസരിച്ചുതുടങ്ങിയ നീരസത്തെ ബുദ്ധിമാനായ പ്രഭു നീക്കി, രാജസേവനത്തെക്കുറിച്ച് അഭിപ്രായമൊന്നും പുറപ്പെടുവിക്കാതെ, “ഈ മുറിവ് നിനക്കെങ്ങനെ കിട്ടി?” എന്നു ചോദ്യം ചെയ്തു.

ബാലൻ: “നാക്കിന്റെ നെറികേടുകൊണ്ടു കിട്ടി.”

പ്രഭു: “കൊണ്ടതിന് അങ്ങോട്ടു കൊടുക്കാതെ നീ പോന്നോ? നിന്നെ കണ്ടിട്ട് ഒരു റൊക്കപ്പുള്ളിയാണെന്നു തോന്നുന്നല്ലോ.”

ബാലൻ: (നിലത്തു നോക്കി ആത്മഗതമായിട്ടാണെങ്കിലും, ഉറക്കെ) ”എന്തുചെയ്യാം! തന്നത് പെറ്റമ്മയെപ്പോലെ ഒരു പെൺ‌പിറന്നവരായിപ്പോയി!”

ബാലന്റെ സങ്കോചങ്ങൾകൂടാതുള്ള മറുപടികളും ഒടുവിലത്തെ ആത്മഗതവും കേട്ടപ്പോൾ പ്രഭുവിന് അവനിൽ കാഴ്ചയിൽത്തന്നെ ജനിച്ച പ്രസാദം വളരെ വർദ്ധിച്ചു. പ്രഭുവിന്റെ അടുത്തു പുറകിലായി വേറൊരു അശ്വത്തിൽ ആരോഹണംചെയ്തു പുറപ്പെട്ടിരുന്ന ആലി ഹസൻകുഞ്ഞ് പോക്കുമൂസ് മരക്കായർ നൂഹുക്കണ്ണു എന്ന പേരോടുകൂടിയവനും പോക്കുമൂസാ മുതലാളി എന്ന പ്രസിദ്ധവർത്തകന്റെ കുടുംബത്തിൽ ഒരു പ്രധാനാംഗവുമായ യുവാവ് തന്റെ വാഹനത്തിൽനിന്നും താഴ്ത്തുചാടി, ബാലന്റെ ആത്മഗതത്തെ അനുമോദിച്ച്, “സബാഷ്! നീ ബഹദൂർ! നമുക്കു തമ്പി! തലവർക്കുപിള്ളൈ” എന്നു പലതടവും പറഞ്ഞുകൊണ്ട്, അവന്റെ ബഹുജാലകങ്ങളോടുകൂടിയും മലിനമായുമുള്ള വസ്ത്രത്തിന് ആ സംഘത്തിന്റെ ആഡംബരങ്ങളോടുള്ള വൈപരീത്യത്തെ ഗണിക്കാതെ അവനെ എടുത്ത് തന്റെ കുതിരപ്പുറത്തിരുത്തി താനും കയറി. തന്റെ ആത്മമിത്രമായ മഹമ്മദീയവർത്തകകുമാരന്റെ മഹാമനസ്കതയോടുകൂടിയ ഉചിതക്രിയകൊണ്ട് ബാലൻ തന്റെ സംഘത്തോട് സഹയാത്രക്കാരനാക്കപ്പെട്ടതിനാൽ, ദുശ്ശകുനഭയം ദൈവഗത്യാ ദൂരീകരിക്കപ്പെട്ടു എന്നുള്ള സന്തോഷത്തോടുകൂടി സ്ഥാനാപതി ആ ക്രിയയുടെ മഹത്വത്തെ സ്തുതിച്ചു.

പ്രഭു: (കാര്യസ്ഥനോട്) “ഇപ്പാൾ ദുശ്ശകുനദോഷം തീർന്നല്ലോ. ഇനി നിൽക്കൂ. ഞങ്ങൾ പോയി വരുന്നതുവരെ വീട്ടിലുള്ളവരെ അസഹ്യപ്പെടുത്താതിരിക്കുന്നതിൽ തന്റെ സാമർത്ഥ്യം കാണിക്കണം. കൊച്ചുമ്മിണിയുടെ കാര്യം—”

തന്റെ അന്തർഗതത്തെ ഉച്ചരിപ്പാൻ ശക്തനല്ലാതെ ഹസ്തംകൊണ്ടു മാറത്തു തട്ടി പുത്രിക്കു സന്തോഷംവരുത്തേണ്ട ഭാരം താൻ വിസ്മരിക്കയില്ലെന്ന് പ്രഭു കാര്യസ്ഥനെ ധരിപ്പിച്ചു. വിപരീതചേഷ്ടകളൊന്നുംകൂടാതെ അശ്വത്തിന്റെ പുറത്തു ഞെളിഞ്ഞ് വീരനായി സ്ഥിതിചെയ്യുന്ന ബാലൻ ദൈവേച്ഛയാ ലബ്ധമായ സോപാനാരോഹണത്തെ ‘അവിഘ്നപരിസമാപ്ത്യർത്ഥം’ ഗാഢമായ പ്രാർത്ഥനയോടെ ആരംഭിച്ചു.