താൾ:Dharmaraja.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അപ്പോഴുണ്ടായ രക്തസ്പർശംകൊണ്ട്, ബാലന്റെ സകല നാഡികൾക്കും ഒരു പുനർജ്ജൃഭണം ഉണ്ടായി. ആ വ്രണം എക്കാലത്തും, നവജീവനോടുകൂടി, സ്വദുർഗ്ഗർവശമനത്തിന് ഒരു ശാശ്വതോപദേഷ്ടാവായി, വേദനയെ നല്കിക്കൊണ്ടിരിക്കട്ടെ, എന്നു വിധിച്ചുകൊണ്ട് തന്റെ ഗമനത്തെ തുടർന്നു.

ഏകദേശം ഒരുനാഴിക ദൂരം നടന്നപ്പോൾ മുൻഭാഗത്തു ജനബഹളത്തിന്റെ സഞ്ചാരാരവവും കേൾക്കുമാറായി. ആകാശത്തിൽ ധൂമപ്രസരവും, ചെടികളുടെയും വൃക്ഷങ്ങളുടെയും ഇടയിൽക്കൂടി ദീപപ്രഭയും കണ്ടുതുടങ്ങി. തന്റെ യജമാനൻ അടുത്തകാലത്തു ഗുരുപാദരായി വരിച്ചിരിക്കുന്ന യോഗീശ്വരന്റെ ഭജനസംഘമായിരിക്കാമെന്നുള്ള വിചാരത്തോടുകൂടി ബാലൻ പാദശബ്ദം അമർത്തി ജനസംഘം കൂടിയിരിക്കുന്നതിന്റെ പ്രാന്തത്തിൽ അടുത്ത്, ചെടികളുടെ ഇടയിൽ തന്റെ ദേഹത്തെ മറച്ചുനിന്നു. തന്റെ നേത്രങ്ങൾക്ക് ആദ്യമായി ഗോചരമായത്, ഗജത്തെപ്പോലെ മന്ദമായി ശിരശ്ചലനം ചെയ്തുകൊണ്ട് നില്ക്കുന്ന തന്റെ യജമാനൻതന്നെ ആയിരുന്നു. ഈ പ്രഭുവിന്റെ ഏഴടി പൊക്കവും മൂന്നടി മാർവിസ്താരവും സൃഷ്ടിയുടെ ഒരു അതിവിശേഷകകർമ്മമായി അക്കാലത്തു വിചാരിക്കപ്പെട്ടിരുന്നില്ല. അവിദഗ്ദ്ധനും അരസികനുമായ ക്ഷുരകനാൽ അദ്ദേഹത്തിന്റെ ശിരസ്സിൽ ഊർദ്ദ്വഭാഗത്ത് ധനുരാശിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കുടുമ ദെർഘ്യവും മാർദ്ദവവും കുറഞ്ഞ് ഇടതുഭാഗത്തോട്ടു വിതറിക്കിടക്കുന്നതിനെ ധരിച്ചിരിക്കുന്നത് സ്വസമുദായമുദ്രകളിലുള്ള പ്രതിപത്തിയെ സാക്ഷീകരിക്കുന്നു. കർണ്ണങ്ങളിൽ രക്തകോഹിനൂർകൾപോലെ ശോഭിക്കുന്ന കുണ്ഡലദ്വന്ദ്വവും കരങ്ങളിൽ മദ്ധ്യാംഗുലികൾ ഒഴികെ മറ്റ് എട്ടിലും പൂർവകാലാംഗുലീയങ്ങളുടെ ഒരു പ്രദർശനമെന്നപോലെ ആ വർഗ്ഗം ആഭരണങ്ങളെ ധരിച്ചിരിക്കുന്നതും, “പോകുന്നിടത്തെല്ലാം പത്തുകാശിന്റെ കരുവ് കൈക്കലിലിരിക്കണം” എന്നുള്ള അദ്ദേഹത്തിന്റെ കാരണവന്മാരുടെ സിദ്ധാന്തത്തെ അനുഷ്ഠിക്കുകകൊണ്ടു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ നേത്രങ്ങൾ ആകൃതിയിലും വർണ്ണത്തിലും തൊണ്ടിപ്പഴത്തോടു സാമ്യം വഹിക്കുന്നുണ്ടെങ്കിലും, ഗണ്ഡങ്ങളിൽ വളർന്നു കൃഷ്ണചാമരങ്ങളായി തൂങ്ങുന്ന കൃതാക്കൾ അദ്ദേഹത്തിന്റെ ഗാംഭീര്യത്തെ ഒരു ക്രൗര്യരസപ്രചുരിമകൊണ്ട് പുഷ്ടീകരിക്കുന്നുണ്ടെങ്കിലും, അതുകളെല്ലാം അദ്ദേഹത്തിന്റെ പരമാർത്ഥസ്വഭാവത്തെ സംബന്ധിച്ചിടത്തോളം വ്യാജവക്താക്കളായ സ്തുതിപാഠകന്മാരായിരുന്നു. അദ്ദേഹം ധരിച്ചിരിക്കുന്ന മൂന്നരവീതിയിലുള്ള കട്ടിയും കവിണിയും, ഉദരത്തിന്റെ പരമാർത്ഥപരിമിതിയെ മറികടക്കുന്ന മടക്കുകവിണിയും, ശരീരത്തിന്റെ നാനാഭാഗങ്ങളിലും അണിഞ്ഞിരിക്കുന്ന ഭസ്മത്രിപുണ്ഡങ്ങളും, ഏകദേശം ഒരു ഗർദ്ദഭച്ചുമടു സ്വർണ്ണം കെട്ടിയിട്ടുള്ളതും ഓരോ മണിക്കും ഒരു നാരങ്ങയോളം മുഴപ്പുള്ളതും ആയ രുദ്രാക്ഷമാലയും, ‘പെരുമയ്ക്കടയാളം’ എന്ന്, ശ്രീകൃഷ്ണൻ, ആകാശം, പർവ്വതം, സമുദ്രം, ഗജം എന്നിവകളെ ദൃഷ്ടാന്തമാക്കി അദ്ദേഹം ഘോഷിക്കുമാറുള്ള ഗജമേചകവർണ്ണത്തെ കഴിയുന്നത്ര ഗോപനംചെയ്തിരുന്നു.

പ്രഭുവിന്റെ സ്വഭാവമാർദ്ദവം അറിഞ്ഞിരുന്ന ബാലന് അദ്ദേഹത്തിന്റെ മുൻപിൽ പ്രവേശിക്കുന്നതിന് ലവലേശവും അധെര്യം ഇല്ലാതിരുന്നുവെങ്കിലും, നാഞ്ചിനാട്ടുപിള്ളമാർ, ശൈവന്മാരായ സ്ഥാനികന്മാർ, പ്രഭുവിന്റെ വർഗ്ഗ്യന്മാരായ നായർപ്രമാണികൾ ആദിയായി ഏകദേശം പത്തുനാനൂറോളം ജനങ്ങൾ അദ്ദേഹത്തെ ചുറ്റിനില്ക്കുന്നതു കാണുകയാൽ, അദ്ദേഹത്തിന്റെ ഉപാന്തപ്രവേശനത്തെ അവൻ ആ ഘട്ടത്തിൽ കാംക്ഷിച്ചില്ല. രാജ്യത്തിന് ‘ആപച്ശൂലം’ കണ്ടിരിക്കുന്ന ആ കാലത്ത്; അദ്ദേഹത്തിന്റെ ഭവനംവക പ്രാചീനപാളയവും പടനിലവുമായ ആ മൈതാനത്തെ, മതസംബന്ധമായ ഒരാഘോഷത്തിനാകട്ടെ, അനുവദിച്ചത് പ്രഭുവിന്റെ സ്വാഭാവസ്ഥിതികൾക്ക് ഒരാശ്ചര്യസംഭവമായി ബാലനുതോന്നി. ബാലൻ ആ സ്ഥലത്തെയും അവിടെ തന്റെ യജമാനന്റെ ഭവനസ്മാരകമായി നിർമ്മിക്കപ്പെട്ടിട്ടുള്ള കല്ലുമണ്ഡപത്തെയും സംബന്ധിച്ച് ഓരോ ഐതിഹ്യങ്ങൾ ആ ഭവനത്തിൽ തന്റെ സഹചാരികളായുള്ള വൃദ്ധന്മാരിൽനിന്നും കേട്ടിട്ടുണ്ടായിരുന്നതേയുള്ളു. ഷോഡശസ്ഥൂണങ്ങളോടും വിചിത്രവിഗ്രഹവേലകളോടും വെൺമാടമായി പണിചെയ്യപ്പെട്ടിട്ടുള്ള കല്ലുമണ്ഡപത്തെ നോക്കിയപ്പോൾ, അതു തൽക്കാലം ഒരു യോഗീശ്വരവസതിക്ക് യോഗ്യമാക്കിതീർക്കപ്പെട്ടിരുന്നു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/8&oldid=158577" എന്ന താളിൽനിന്ന് ശേഖരിച്ചത്