താൾ:Dharmaraja.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രോട് ആജ്ഞാപന അരുളിച്ചെയ്തപ്പോൾ , നിണമണിഞ്ഞുള്ള മുഖത്തോടുകൂടിയ ബാലൻ, മനുഷ്യലോകത്തിലും ബഹുകേസരികളുടെ ജനനം താണനിരകളിലാണ് എന്നുള്ള പ്രാണിശാസ്ത്രതത്വത്തെ സ്ഥാപിക്കുമാറ്; ജൃംഭിതപ്രാഗത്ഭ്യനായി സമസ്തവിക്രമധാമമായി ആ നായികയ്ക്കും മറ്റും കാണപ്പെട്ടു. മന്ത്രബദ്ധരായ സർപ്പങ്ങളെപ്പോലെ നായികയും ഭൃത്യരും നില്ക്കുന്നതിനിടയിൽ “ആ അടിച്ച കൈ വാഴട്ടെ! ഇന്ന് നിങ്ങൾ എന്റെ തലയിൽ കുളംതോണ്ടി - നാളെയൊരുകാലത്ത് ഇവിടംതന്നെ കുളംകോരിപ്പോകാം. എല്ലാത്തിനും ഈശ്വരൻ സാക്ഷി. എന്തായാലും, ആ തങ്കവായ് ഉപ്പുനീരു കുടിച്ചുപോകും. അന്നു പറയാം ശേഷം,” എന്നു ശാന്തതയോടും ഗാംഭീര്യത്തോടും പറഞ്ഞുകൊണ്ട് ബാലൻ അവിടന്നു നിഷ്ക്രമിച്ചു. പ്രഭ്വിയുടെ കോപാഗ്നി പശ്ചാത്താപപ്രസ്രവണത്താൽ ശമിപ്പിക്കപ്പെടുമ്പോൾ അന്നത്തെ സംഭവം തന്റെ ഭർത്താവുപോലും അറിഞ്ഞുപോകരുതെന്നുള്ള കഠിനശാസനത്തെ ഭൃത്യർക്കു കൊടുത്തു. അതിനെ ലംഘിച്ചാലുള്ള അനുഭവത്തെ ഊഹിപ്പാൻ ശക്തന്മാരായിരുന്ന ഭൃത്യവർഗ്ഗത്തിൽ ശിക്ഷാഭയംകൊണ്ട് ആ സംഭവത്തിന്റെ സ്മൃതിപോലും മാഞ്ഞുപോയി. എന്നാൽ പ്രഭ്വിയുടെ മനസ്സിനെ മാത്രം അവരുടെ അപരാധം ഒരു അപസ്മാരബാധപോലെ ബഹുകാലം പീഡിപ്പിച്ചുകൊണ്ടിരുന്നു.

ചാപമുക്തമായ ശരത്തിന്റെ വേഗത്താൽ ബാലൻ, തനിക്ക് ഒരു ഭാഗ്യസോപാനമെന്നു കരുതി പാർത്തിരുന്ന ഭവനത്തിനു പുറത്തായി. തരുശിഖരങ്ങളിലും ഭൂകുഹരങ്ങളിലും നിദ്രയെ അവലംബിച്ചിരിക്കുന്ന ദശവയസ്കനായ ആ ബാലന് ത്വരിതഗതിക്കിടയിലുണ്ടായ ശ്വാസവേഗം വീണ്ടും ക്രമപ്പെട്ടു. നക്ഷത്രപങ്‌ക്തികൾ ആകാശത്തിൽ മോഹനതരമായി ശോഭിക്കുന്നുണ്ടെങ്കിലും തന്റെ ഗമനത്തെ വിഷമപ്പെടുത്തുന്ന നിബിഡാന്ധകാരത്തോടുകൂടിയ ഒരു വ്യമോഹം ബാലന്റെ മനസ്സിനും വ്യാപിച്ചു. പുരുഷപദത്തിൽ നിന്നു പതിതനാക്കപ്പെട്ടിരിക്കുന്നു എന്നൊരവജ്ഞകൊണ്ട് അവന്റെ മാനസോല്ലാസനൈർമ്മല്ല്യങ്ങളും സ്വാശ്രയയബുദ്ധിയും നഷ്ടമായി. എങ്കിലും; സത്യനിഷ്ഠനായ ന്യായാധിപന്റെ നിലയിൽ തന്റെ ആത്മശോധനചെയ്ത്, പ്രഭ്വിയുടെ നൃശംസതയെ മറന്ന് തന്റെ കുസൃതികൊണ്ട് അവരെ കോപിപ്പിച്ച ഭാഗം സംഭവത്തെകുറിച്ചു ക്ലേശിച്ചു. വിദ്യാഭ്യസനകാലത്തു വിശപ്പുകൊണ്ടുവലഞ്ഞപ്പോൾ ഭക്ഷണം ലഭിക്കാഞ്ഞു തന്റെ മാതാവോടു ശണ്ഠകൂടി “ഒഴക്കരിക്കു വഴി തേടിക്കൊണ്ടു വന്നേയ്ക്കാം” എന്നു ശപഥംചെയ്തു പോന്ന ദരിദ്രനായ താൻ അഹങ്കരിച്ചത് വലിയ മൂഢതയും മൂർഖതയും ആയിപ്പോയെന്ന് ബാലന്റെ മനസ്സു വേദനപ്പെട്ടു. തന്നോടു പ്രത്യേകിച്ചൊരു വാത്സല്യബന്ധമുള്ള ഗുരുനാഥാനുഗ്രഹത്താൽ അഹോരാത്രശാസനോപദേശങ്ങൾമാർഗ്ഗേണ നല്കപ്പെട്ട വിജ്ഞാനം വ്യർത്ഥമായി എന്നു തോന്നി അവന്റെ ലജ്ജയും വ്യഥയും വർദ്ധിച്ചു. ഗർഭാശയത്തിൽ നിശ്ചേഷ്ടപിണ്ഡമായിക്കിടന്ന കാലത്തുതന്നെ ഗർഭച്ഛിദ്രം സംഭവിച്ചുപോയെങ്കിൽ താൻ എത്ര ഭാഗ്യവാനായിരുന്നു എന്നുള്ള പന്ഥാവിലേക്ക് തന്റെ ചിന്തകൾ വ്യതിയാനം ചെയ്തു. ജീവധാരണം നരകജീവിതമെന്നുള്ള ആത്മഗ്രാഹം അവനെ ഗ്രസിച്ചു തുടങ്ങി. തന്റെ പുറകിലായി ഒന്നുരണ്ടുനാഴിക ദൂരത്തു മുരളുന്ന സമുദ്രത്തെ ശരണംപ്രാപിച്ച് പ്രാപഞ്ചികാരിഷ്ടങ്ങളിൽനിന്നു മുക്തനാവുകയോ? എന്നാൽ ഭക്ഷണരംഗത്തുനിന്നു പോരുമ്പോൾ ഈശ്വരങ്കൽ സമർപ്പിച്ചു ഘോഷിച്ച ഭാവിസംഭവങ്ങൾക്കു താൻ എങ്ങനെ സാക്ഷിയാകും? വിശിഷ്യ, മാതൃസംരക്ഷണമാകുന്ന പ്രഥമർണ്ണമോചനത്തെ നിർവഹിപ്പാൻ ജീവിച്ചിരിക്കുന്നതിന് താൻ ബദ്ധനുമല്ലേ? വിശാലമായ ആകാശമണ്ഡലം അതിന്റെ സഹസ്രകോടി നേത്രങ്ങളാകുന്ന നക്ഷത്രങ്ങളുടെ സ്ഫുരണംകൊണ്ട് അവന്റെ ഈ തത്വബോധോദയങ്ങളെ അഭിമാനിക്കുന്നതായി ഒരു ദിവ്യസംപ്രഹർഷം ബാലന്റെ അന്തരംഗത്തിൽ പ്രചരിക്കയാൽ, അവന്റെ ആത്മാവും തിരുവിതാംകൂറിന്റെ ഭാവൈശ്വര്യവും രക്ഷപ്പെട്ടു. ആത്മീയപഥങ്ങളെ ആശ്രയിച്ചുള്ള ചിന്തകളെ അവസാനിപ്പിച്ചുകൊണ്ട്, സംക്ഷേപമായി അന്നത്തെ പൂർവ്വരംഗസംഭവത്തെക്കുറിച്ചു വീണ്ടും പര്യാലോചനചെയ്ത് തന്റെ ശിരസ്സിൽ ഏറ്റിട്ടുള്ള മുറിവിനു വേണ്ട ചികിത്സയ്ക്കുള്ള മാർഗ്ഗത്തെക്കുറിച്ച് വിചാരം തുടങ്ങി. വഴിയരികിലുള്ള രാമച്ചത്തിന്റെ ഇലകൾ പറിച്ച് കരശുചീകരണം സാധിച്ചുകൊണ്ട് അതികരുണയോടുകൂടി ശിരസ്സിലും രക്തം പ്രവഹിച്ചിട്ടുള്ള ഭാഗങ്ങളിലും ഒന്നു സ്പർശിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/7&oldid=158567" എന്ന താളിൽനിന്ന് ശേഖരിച്ചത്