താൻതന്നെ അവനെ ഊട്ടിക്കളയാമെന്നു നിശ്ചയിച്ച്, ഇരുന്നിരുന്ന മഞ്ചവും തന്റെ പാദഭാരം ഏൽക്കുന്ന തളങ്ങളും തകർന്നുപോകാതെയും, എന്നാൽ പ്രഭുമഹിമചേഷ്ടകൾക്കു ലോപം വരാതെയും, കഥകളിവേഷക്കാർ അണിയറയിൽനിന്ന് അരങ്ങത്തേക്കു പുറപ്പെടുമ്പോഴുള്ള ചലങ്കധ്വനിക്കുതുല്യമായ ആഭരണധ്വാനങ്ങളോടുകൂടിയും, അവർ ‘ഗന്ധദ്വിപപ്രൗഢമന്ദ’ഗമനം തുടങ്ങി. ബാലൻ ഇരിപ്പു പിടിച്ചിരുന്ന തളത്തിൽ പ്രവേശിച്ചപ്പോൾ, കർണ്ണേജപന്മാരുടെ പ്രേരണയെന്നിയേ, ബാലന്റെ അപരാധത്തെ കണ്ടതുപോലുള്ള നാട്യപുഷ്ടിയോടുകൂടി ആ ഭവനൈശ്വര്യസംവർദ്ധിനി അവലോകനാശ്ചര്യവട്ടങ്ങളെ അഭിനയിച്ചു. ഭൃത്യന്മാർ തങ്ങൾക്കു മോദകരമായുള്ള അനന്തരചൊല്ലിയാട്ടത്തെ ദർശനംചെയ്‌വാൻ ഹർഷത്തോടുകൂടി നടന്മാർക്ക് ആവശ്യമുള്ള രംഗസ്ഥലമൊഴിച്ചിട്ട്, വട്ടത്തിൽ നിലകൊണ്ടു. മാംസഗോപുരശരീരിണിയായ പ്രഭ്വി വിളമ്പുസാഹസംകൊണ്ടു വിയർത്തും തളർന്നും ചമഞ്ഞു ഗൃഹനായകനായ മന്മഥനു രതിയായി വർത്തിക്കുന്നതിനിടയിൽ പ്രണയകലഹനൃത്തങ്ങൾ കൊണ്ട് ചില അവസരങ്ങളിൽ അദ്ദേഹത്തെ രമിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ മാത്രം ക്ഷീണമെന്നുള്ള അവസ്ഥയെ പരിചയിച്ചിട്ടുള്ള തന്റെ മൃദുഗാത്രത്തെ തളർത്തിയ ബാലനോടു കുപിതയായി, അവന്റെ ഉദരഗഹ്വരാഗാധതയെ, ഭർത്തൃധനത്തെ സംരക്ഷിപ്പാനുള്ള കാംക്ഷാധിക്യംകൊണ്ടെന്നു നീതീകരിക്കാമെങ്കിലും, ബീഭത്സമായും അതിനിഷ്കരുണമായും അപഹസിച്ചു. അനന്തരം, “കുറുക്കുഞെരിയെ വേലചെയ്താൽ വയറുനിറയെ ചോർ” എന്ന് വിദഗ്ദ്ധനായ അഭിഭാഷകന്റെ നിലയിൽ ബാലൻ മുഷ്ടിവാദം വാദിച്ചതും, “പത്തായപ്പടി ചെലുത്താനക്കൊണ്ട് മാമമ്മാര് ഏലാപ്പടി നേടിവച്ചിരിക്കണമപ്പീ! അല്ലാണ്ട് പിറുപിറുത്താല്, കുമ്പീലെ നോവാറമാട്ടാര്” എന്ന് പ്രഭ്വി ദൈവത്തെ മറന്ന് ബാലന്റെ ദാരിദ്ര്യസ്ഥിതിയെ മാത്രക്കണക്കിനുള്ള വിരാമങ്ങളോടുകൂടി അപഹസിച്ചതും, ആ ഭത്സനവാക്ശൂലങ്ങൾ ക്ഷുൽപീഡിതനായ ബാലനിൽ തറച്ച്, ഇതുപോലെതന്നെ ഒരു ശാസന തനിക്ക് ഇതിനു മുമ്പൊരിക്കൽ കിട്ടിയിരുന്നതിന്റെ സ്മരണയെ അവനിൽ ഉണർത്തുകയാൽ, അവന്റെ മുഖത്ത് ലജ്ജോഷ്മാവിന്റെ ലക്ഷ്യമായി സ്വേദബിന്ദുക്കൾ സ്ഫുരിച്ചതും, അവന്റെ ഉള്ളിൽ തിളച്ച പ്രതിക്രിയാകാംക്ഷ ആത്മദമനശക്തിയെ പരാജിതമാക്കി, പെണ്ണരശുനാട്ടിൽ ‘പെൺപടതിന്നു ചത്തു; ആൺപട അലന്നു ചത്തു’ പിന്നെങ്ങിനെ നോവാറുവാര്? എന്ന് ആ പ്രഭ്വി തന്റെ ഭർത്താവിന്റെമേൽ നടത്തുന്നതായി കുപ്രസിദ്ധിയുള്ള അധികാരധുരന്ധരതയെ അവനെക്കൊണ്ട് അവരുടെ സ്വരത്തിലും ഭാഷാരീതിയിലും പ്രത്യപഹസിപ്പിച്ചതും; അടുക്കളവാതിൽപടിയിൽ നിന്നിരുന്ന പ്രഭ്വി ആഭരണാദികളുടെ താളസാഹായ്യത്തോടുകൂടി മുമ്പോട്ടു കുതിച്ച് താൻ വഹിച്ചിരുന്ന തവി (കയിൽ) കൊണ്ട് ബാലന്റെ മൂർദ്ധാവിൽ പ്രഹരിച്ചതും, അവരുടെ അസാമാന്യമാംസപുഷ്ടിയോടുകൂടിയ കരത്തിന്റെ ഘനത്തെ ആശ്രയിച്ചുള്ള ഊക്കോടുകൂടി പ്രഹരം പതിക്കയാൽ, തവിയുടെ മൂർച്ചയുള്ള വക്കുകൊണ്ട് ബാലന്റെ മൂർദ്ധാവിൽ മുറിവേറ്റ് രക്തപ്രവാഹം തുടങ്ങിയതും എല്ലാം ഒരു ഇടശ്ലോകംകൊണ്ടെന്നപോലെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ബാലൻ വെട്ടുകൊണ്ട ക്ഷണത്തിൽ ഉച്ചസ്ഥനായ രുധിരന്റെ ചെങ്കനൽപ്രഭ ചിതറുന്ന മുഖത്തോടുകൂടി എഴുന്നേറ്റു. അവന്റെ ഉള്ളിൽ അങ്കുരിച്ച പരിതാപലജ്ജാഭാരങ്ങൾ ഇതരമനോവികാരങ്ങളെ പാടെ പ്രതിസ്തംഭിപ്പിച്ചു. അപരാധിനിയായ പ്രഭ്വി തന്റെ കുലമര്യാദയേയും, ആശ്രമധർമ്മത്തേയും, ബാലന്റെ അനന്യഗതികത്വത്തേയും മറന്ന് പെശാചികമായ കോപാവേശംകൊണ്ടു തുള്ളി ദുർഭാഷണങ്ങളാൽ അവനെ അഭിഷേചനംചെയ്തു. പ്രഭ്വിയുടെ ഈ കഠിനകൃത്യവും വലിയവായാലുള്ള രോഷാട്ടഹസങ്ങളും വെളിപാടുകളും ദുർദ്ദേവതാനൃത്തങ്ങളും കണ്ടും കേട്ടും, ഭൃത്യന്മാർക്ക് ഇടയിൽ സന്ദർഭവിസ്മൃതിതന്നെ സംഭവിച്ചുപോയി എങ്കിലും ഉദരംഭരികളായ ആ സാധുക്കൾ തങ്ങളുടെ ഗൃഹനായികയുടെ ക്രിയകളിൽ സഹൃദയത്വം അഭിനയിച്ചു. “ഈ എമ്പോക്കിമൂതേവീടെ പേച്ചിൻ കേപ്പോര് വരുമ്പം പാത്തോളിൻ ഏഴിയപ്പടയ്ക്കൊപ്പം തിന്നുമുടിക്കണ കൂട്ടം കോങ്കോലാട്ടം നീക്കണാരോ, ഈ ചനിയപ്പിഞ്ചിനെ ചെവിയാലെ തൂക്കി എടുത്ത് മേലേപടപ്പിൽ കൊണ്ട് ചപ്പാണ്ട്?” എന്ന് ഗർജജനംചെയ്ത് പ്രഭ്വി തന്റെ ഇളകിയാട്ടത്തെ അവസാനിപ്പിച്ചു.
തന്നെ ആ ഗൃഹത്തിൽനിന്നും ബഹിഷ്കരിക്കുന്നതിന് പ്രഭ്വി ഇതിന്മണ്ണം തന്റെ ഭൃത്യന്മാ