താൾ:Dharmaraja.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ല്ലൊന്നേ പോട്ടു! എന്റപ്പിക്ക് വാച്ചതു സമ്പ്രതി—ഇനി കാര്യം വല്ലതുമൊണ്ടെങ്കിൽ ചൊല്ല്! വർമ്മങ്ങള് ചൂണ്ടിത്താ അല്ലെങ്കിൽ നീ എന്തരു ചമ്മന്തി?”

‘മച്ചമ്പി’ എന്ന പദത്തിനു പകരം ‘ചമ്മന്തി’ എന്നു പ്രയോഗിച്ചത് ആയാളോടുള്ള സ്നേഹവിശ്വാസങ്ങളുടെ ആധിക്യത്തെ സാക്ഷീകരിച്ചതിനാൽ; ഉമ്മിണിപ്പിള്ള വാപൊത്തിക്കരഞ്ഞുകൊണ്ട് “ഇസ്സന്തുവിലിങ്ങനേ എന്നെ പോഞ്ഞകൊള്ളി പൊറംകൊള്ളിയാക്കിക്കളഞ്ഞതുകൊണ്ട് മനസ്സെരിയുണങ്ങുന്നേ! അതാണ് താങ്ങാൻ വയ്യാത്തത്” എന്നു ബോധിപ്പിച്ചു. ആർത്തനാദത്തിൽ ഒടുവിലത്തെ സങ്കടവചനത്തെ അറിയിക്കുന്നതിനിടയിൽ അയാളുടെ നേത്രാന്തങ്ങളിൽ ഒരു ചെറിയ ശൃംഗാരരസം അയാളെ വഞ്ചിച്ച്, പുറപ്പെട്ടതിനാൽ, അയാളുടെ അന്തർഗതത്തെ ചന്ത്രക്കാറൻ മനസ്സിലാക്കി “മച്ചമ്പിക്കന്നാ, മനസ്സിലായെടാ! വാലു കെളതണതെന്തിനെന്ന്! നീ ആദ്യം പയനം (ഭജനം) ഇരുന്നില്ലയോ? — അപ്പച്ചൊല്ലിയതുതന്നെ ഇന്നും ചൊല്ലുണു—ഒരേ വാക്ക്! അതിനിട്ട വെള്ളം വാങ്ങിവെച്ചൂട്! ആ കൊലംകുത്തിപ്പടത്തലവന്റെ മോളെ നീ വേട്ടൂടാ—ചെമ്പകശ്ശേരിയിൽ ചവുട്ടുണ കാല് ചെലമ്പിനേത്തുതീണ്ടിക്കൂടാ! ചെലമ്പിനേത്തുകാരും ചെമ്പകശ്ശേരിക്കാരും നെഴല് വെലങ്ങികൂടെടാ—വെലങ്ങിക്കൂടാ” എന്നു മറുപടിയുണ്ടായി.

ഉമ്മിണിപ്പിള്ള: “പടത്തലവൻ എന്തെങ്കിലും ആവട്ടെ!” എന്ന് സ്വാനുരാഗഭാജനത്തിന്റെ പക്ഷവാദിയായി വാദമുഖസ്ഥാപനം ചെയ്‌വാൻ മുതിർന്നപ്പോൾ, തലയിലും മുഖത്തും ഗൃഹംതന്നെ ഇടിഞ്ഞുവീണപോലെ, ഊക്കോടുകൂടി ഒരു സംഘടനമുണ്ടായി. “ചത്തു!” എന്ന് നിലമറന്ന് ശ്വാസനാളംകൊണ്ട് ഉറക്കെ ക്രന്ദനംചെയ്ത് അയാൾ നിലത്തു പതിച്ചു. സംഗതിയുടെ പരമാർത്ഥസ്ഥിതിയെക്കുറിച്ച് ബോധമുണ്ടായപ്പോൾ, നരസിംഹമൂർത്തിയെപ്പോലെ രോഷസമ്മൂർച്ഛിതശരീരനായിരിക്കുന്ന ചന്ത്രക്കാറനെ കാണുമാറായി. തന്റെ മുഖത്തു വലിച്ചെറിയപ്പെട്ട സുധർമ്മാ തടുക്കിനെ ഭൂധൂളിവിഭൂഷിതഗാത്രനായ ഉമ്മിണിപ്പിള്ള എടുത്ത് മണൽ തട്ടിക്കളഞ്ഞ്, ജാനുക്കൾ ഇടഞ്ഞും ഉദരം ത്രസിച്ചും ദിഗ്ഭ്രമത്താലുഴന്നും മുന്നോട്ടു നടന്നും പുറകോട്ട് ആഞ്ഞും പിന്നെയും നടന്നും ഇങ്ങനെ ആ ധൂമ്രാക്ഷസന്നിധിയിലണഞ്ഞ്, ആ ദിവ്യാസനത്തെ പൂർവസ്ഥാനസമീപത്തിൽ നിക്ഷേപിച്ചു.

ഉമ്മിണിപ്പിള്ളയുടെ ബീഭത്സത്വങ്ങൾ കണ്ട് ചന്ത്രക്കാറൻ അലിഞ്ഞു. “എടാ പെൺകൊതിയാ! നിന്റെ മനപ്പൂവിറുത്താളെതന്തയെങ്കില്, ഈ ചന്ത്രക്കാറന്റെ തന്തപ്പെരുമാനെക്കൊല്ലിച്ചതും ആ ധാമദ്രോവില്ലയോടാ? അവനെ ഞാനും മാനത്തു കേറ്റണമെന്നോ? അവന്റെ കുടർമാല ശാർത്താൻ കാലം വരും! അതുകള—നിന്റെ സാമീടെ പൊടിപാടെന്തായെന്നു പറ. ലോകം പെരട്ടാനുള്ള വിത്യയൊക്കെ വന്നറുണ ചന്തയല്ലിയോടാ നമ്മുടെ ഇവിടം? അവനും കൊണ്ടുപോട്ട് അവന്റെ വീതം. നാളെ വരുമൊരുത്തൻ, പറസുരാമസ്സാമി എന്നും പറഞ്ഞോണ്ട്; ഇപ്പം വന്നിരിക്കണതാര്? ആശ്വസ്താമാവോ? എന്തു മാവെങ്കിലും, നമ്മുടെ ആളുകള് തൊണ്ടയിത്തൊടാതെ വിഴുങ്ങൂടൂല്ലിയോ? ഫോടാ, ഫോ! യോഗിശ്വരസ്സാമി—ചുത്ത യമലോഹംപെരട്ടി—നിത്തം മൂന്നുനേരം ചോറു വിളമ്പണ മന്ത്രം അവന്റെ തഞ്ചിയിലൊണ്ടെങ്കിൽ, അതെടുക്കാൻ പറ!” ഈ പ്രസംഗത്തിനിടയിൽ ഉമ്മിണിപ്പിള്ള വിഷ്ണുശങ്കരശക്തിസഹസ്രനാമങ്ങളിൽനിന്ന് ഒരു പത്തിരുന്നൂറു നാമങ്ങളെ ആശ്ചര്യപ്രതിഷേധപരിതാപസൂചകങ്ങളായി മന്ത്രാവസാനധ്വനിയിൽ ഉച്ചരിച്ചുകഴിഞ്ഞു. പ്രസംഗം അവസാനിച്ചപ്പോൾ അയാൾ ഭക്തിത്തിളപ്പോടുകൂടി തൊഴുതുപിടിച്ച് ഇങ്ങനെ പറഞ്ഞു: “പരമാർത്ഥമറിഞ്ഞാൽ അങ്ങത്തെ അഭിപ്രായവും—നാരായണ! ഇന്നു പ്രത്യക്ഷശ്രീവേദവ്യാസരാണ് സ്വാമിതിരുവടികള്—പൊന്നുതമ്പുരാൻതന്നെ സമ്മതിച്ചുപോയിരിക്കുണു.”

ചന്ത്രക്കാറൻ: “ചവറ്, ചവറ്! അതും കള ക്ഹു! മൈസൂപ്പെരുവെള്ളം ഏതുവരെക്കേറി?

ഉമ്മിണിപ്പിള്ള: “മൈസൂർപ്പട്ടാളത്തിന്റെ കാര്യംകൊണ്ടെന്തോ വലിയ അമിളി ഒണ്ട്. നീട്ടുമ്മേൽ നീട്ടും കായിതത്തിന്മേൽ കായിതവും, നാഴികയ്ക്കുനാഴിക പോയുംവന്നുമിരിക്കണു—ഒന്നുമാരും വെളിക്കുവിടുണില്ല—ചെവിക്കുചെവി അറിയാതെ എല്ലാം പൊതിഞ്ഞുകെട്ടി നടത്തുണു.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/18&oldid=158449" എന്ന താളിൽനിന്ന് ശേഖരിച്ചത്