താൾ:Dharmaraja.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചന്ത്രക്കാറൻ: “ഛൂ! ചെവിക്കുചെവി അറിയാതെ മറിക്കാൻ മീച്ചയൊള്ളവനാരെടാ അവിടെ?” (ആത്മഗതം) “ആ കമ്പനിയാന്മാരുടെ തോക്കുച്ചിറ തടുത്തിരിക്കണ്.” (ദീർഘമായും ഉറക്കെയും ആകാശത്തെ ആഘ്രാണംചെയ്ത് ബഹിശ്ശ്വസിച്ചുകൊണ്ട്, ആത്മഗതത്തെ തുടരുന്നു.) “ആ ചെറക്കുറ്റി ഒന്നെളക്കാൻ ചന്ത്രക്കാറന്റെ ഈ കുറുങ്കൈയ്ക്കു കഴിയും. അപ്പഴത്തെ വെള്ളക്കൂത്ത് എന്തെല്ലാം എടുത്തോണ്ടു പോവും?—യ! യഃ” (പ്രകാശം) “മച്ചമ്പി! കാര്യങ്ങള് ശുദ്ധമോയം തന്നെ! എങ്കിലും എല്ലാംകൂടി തള്ളി, തള്ളി—ത്തള്ളി വരുമ്പം, അപ്പം വരൂല്ലയോടാ ഒരു മേളം? സർവാധിയും, ദളവായും, അതിന്റെ മേത്തട്ടും വന്നു പിടിക്കൂല്ലയോ ചന്ത്രക്കാറന്റെ താടിക്ക്?” (വലതുകൈയിലെ പെരുവിരലിനെയും മധ്യവിരലിനെയും മൃദുവായി കശക്കിക്കൊണ്ട്) “ഇതില്ലാതെ പുള്ളിപ്പട്ടാളം പുലരുമോ? മതിരപ്പട ചാൺനീങ്ങുമോ? കമ്പനിപ്പടപ്പാപ്പാസ് നമ്മുടെ കല്ലും ചെളിയും ചവുട്ടാൻ വരുമോ? എടാ! വെങ്കലപ്പറവച്ച് അളന്നു തട്ടണം, കിലുകിലാ എന്ന്! അതിന് പോന്ന ആണിന്നാരെടാ. ഇച്ചന്ത്രക്കാറനല്ലാണ്ട്? അന്നു വാ, സമ്പ്രതിക്ക് —അമ്മാത്രയ്ക്കു നിനക്കു സമ്പ്രതി.” അഗസ്ത്യപർവ്വതത്തിന്റെ ശിഖരത്തിൽനിന്ന് ഒരു വലിയ ചെമ്പുപാത്രത്തെ ഉരുട്ടിയാൽ ഉണ്ടാകുന്ന ഘോരതയോടും, കാലദൈർഘ്യത്തോടും, രവഭേദങ്ങളോടും ചന്ത്രക്കാരൻ ഒന്നു പൊട്ടിച്ചിരിച്ചു. അല്‌പനേരം തുറിക്കുന്ന നേത്രങ്ങളോടുകൂടിയിരുന്നു. പിശ്ശാത്തിചന്ദ്രഹാസം വെളിച്ചപ്പാടിന്റെ നാന്ദകംപോലെ ത്രസിച്ചു. ആ കാഴ്ച കണ്ടപ്പോൾ സാക്ഷാൽ ശനൈശ്വരൻ പ്രത്യക്ഷമായി രാജ്യത്തിനു കണ്ടകശ്ശനിദശാരംഭത്തിനു മുതിർന്ന് ഉദയം ചെയ്തിരിക്കുന്നതു പോലെ ഉമ്മിണിപ്പിള്ളയ്ക്കു തോന്നി. അയാൾ ഒന്നു നടുങ്ങി. ആപൽക്കരമായ രാജ്യകാര്യത്തിൽനിന്ന് ചന്ത്രക്കാറന്റെ ചിത്തവൃത്തിയെ സ്വാഭീഷ്ടപ്രകൃതത്തിലേക്കു തിരിപ്പാൻവേണ്ടി ഉമ്മിണിപ്പിള്ള പിന്നെയും യോഗീശ്വരവർണ്ണനയെത്തുടങ്ങി: “സ്വാമികൾ അനുഗ്രഹം കൊണ്ട് ഫലങ്ങൾ പറഞ്ഞാൽ കണ്ടതുപോലെ ഒത്തിരിക്കും മന്ത്രമെന്ത്? മരുന്നെന്ത്? ജോസ്യമെന്ത്? വരങ്ങളെന്ത്? ഒന്നും പറവാനില്ല. അങ്ങുന്നൊന്നു കണ്ടാൽ—”

ചന്ത്രക്കാറൻ: (ആലോചനയോട്) “മഷിയിയിട്ടു നോക്കാനേ— അതിനറിയാമോടാ?”

ഉമ്മിണിപ്പിള്ള: “ഹും! മഷി! സ്വാമിതിരുവടികളുടെ വെള്ളം കോരിക്കുകൂടി അതും അതിന്റെ അപ്പുറവുമറിയാം! സ്വാമിക്ക് കാശും കനകവും കളിമണ്ണും ഒപ്പം. എന്ത് ആഗ്രഹിച്ചോണ്ട് എവിടെച്ചെല്ലുന്നോ, സമാധിയിൽ കണ്ണുമടച്ചിരുന്ന്, സൂക്ഷ്മമെല്ലാം ഉടനടി അരുളിച്ചെയ്യും സിദ്ധരല്ലയോ? അനുഗ്രഹിച്ചൊരു തിലകം തന്നാൽ അതുമിട്ടോണ്ട് പോണവഴിക്കൊക്കെ ജയം!”

ചന്ത്രകാറൻ: “നീ ശിക്ഷ്യനല്ലിയോടാ? ഒരു തിലസവും വാങ്ങിച്ചോണ്ടു പോയി നീട്ടെഴുത്തു പറ്റിക്കാഞ്ഞതെന്ത്? അതിനുശിണുങ്ങാൻ ഇവിടെ വരണം. പോ കള്ള മൂധേവിപൂരായം പറയാണ്ട്. (തന്റെ ആലോചന മുറുകി) “ആ കമ്പകൂത്താടിയെ ഇവിടെ ഒന്നു കെട്ടിയെടുപ്പിക്ക്— ചന്ത്രക്കാറൻ തെളിച്ചുതരാം പൂച്ചെല്ലാം.”

ഉമ്മിണിപ്പിള്ള: (ഭയനാട്യത്തിൽ) “ഇങ്ങനെ ഉത്തരവാകരുത്! നശിച്ചുപോകും! തിരുവടികള് മഹാപുണ്യവാൻ”. പിന്നെ എനിക്കറിയാം ‘ഒരു കാര്യംകൂടി’ എന്ന്, അടുത്തണഞ്ഞ് ചന്ത്രക്കാറന്റെ ചെവിയിൽ ഉമ്മിണിപിള്ള എന്തോ സ്വല്പം സ്വകാര്യമായി മന്ത്രിച്ചു. അതു കേട്ടപ്പോൾ ചന്ത്രക്കാറൻ പൂർണ്ണശക്തിയോടുകൂടി തെളിയുന്ന സൂര്യഭഗവാന്റെ അത്യുക്ഷണകിരണങ്ങളാലും ബാധിതനാകാതെ ആ തിളയ്ക്കുന്ന ഗോളത്തെ തുറിച്ച കണ്ണുകളോടുകൂടി ഇമയിളക്കാതെ നോക്കി, ചലനമാകട്ടെ ശ്വാസമാകട്ടെ കൂട്ടാതെ, തന്റെ പിശ്ശാത്തിയെ ഉള്ളം കൈകൾക്കിടയിലാക്കി വിചാരശൂന്യതയോടു കൂടി കാൽനാഴികയോളം കറക്കിക്കൊണ്ടിരുന്നുപോയി. കുറച്ചുകഴിഞ്ഞ് പൂർണ്ണസ്ഥിതിയിൽ ദൂരെ മാറിനിന്നിരുന്ന ഉമ്മിണിപ്പിള്ളയെ അടുത്തു വിളിച്ച്, അന്നത്തെ സംഭാഷണസംഗതികളെ ഏതാനും അഭിപ്രായഭേദങ്ങളോടുകൂടി ആവർത്തനംചെയ്തു: “ഉം! മച്ചമ്പി, ശരി, ശരി! നിന്റെ ദമയന്ത്രി, കൊച്ചമ്മണിക്കൊച്ച്, കഴുക്കൂട്ടത്തെ ഉശിരല്ലിയോ? അതിന്റെ തള്ള ഉഗ്രനെജമാന്റെ മോള്! അതിനെ നിനച്ച് അവളെ നിനക്കു കിട്ടിക്കാൻ ഞാനും പണിയാം! പിന്നെന്തുവേണം?”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/19&oldid=158460" എന്ന താളിൽനിന്ന് ശേഖരിച്ചത്