താൾ:Dharmaraja.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഉമ്മിണിപ്പിള്ള: “അങ്ങനെ ആയാൽ പിന്നെ എന്തായാലും വേണ്ടൂല്ലാ. ഉള്ളതുകൊണ്ട് മാനമായി കഴിച്ചോളാം! അങ്ങത്തെപോലെ മനക്കരുത്ത് ഇവനില്ല.

ചന്ത്രക്കാറൻ: (പ്രസാദത്തോടുകൂടി) “പെണ്ണെന്തെടാ? പിഞ്ചെന്തെടാ? ആണായിപ്പിറന്നാൽ ഒരു ഒറ്റ പെരുങ്കയ്യെങ്കിലും നോക്കണം. അല്ലാണ്ട് പിറവി എന്തിന്? ഉയിരെന്തിന്? ആ ചെറുക്കന്റെ കാര്യത്തിന് — അവനെടുക്കാൻ കഴിക്ക്, ഇരുക്കോൽ തറയില്ലെന്നോ?”

ഉമ്മിണിപ്പിള്ള: (രസിച്ച് അതിയായ മുഖപ്രസന്നതയോട്) “അങ്ങുന്നു വിചാരിച്ചാൽ നാൽക്കോലുമുണ്ടാകും!”

ചന്ത്രക്കാറൻ: “അതിനൊരു കഴുതാക്കോലു കിടക്കണല്ലോമ്ണാ. പൂവാറ്റു മുതലാളി അവന്റെ തന്തയെങ്കില്—”

ഉമ്മിണിപ്പിള്ള: “തന്തയോ തള്ളയോ? അവൻ അവിടത്തെ തൊഴുത്തിൽപിറപ്പനാണു. മുതലാളിടെ തെരട്ടും പട്ടോലയുമെല്ലാം അവന്റടുത്തു വന്നറുണു. അവനു ദളവാസ്വാമിമഠത്തിൽപോലെ ചെന്നതു ചെലവ് അവർ നടത്തുണു. ആ ജാതിക്കാരുടെ ഭാഷയും അവനറിയാം.”

ചന്ത്രക്കാറൻ: “അതാണല്ലൊ—ആ കൊള്ളപ്പണം ചെന്നു ചൊരിയണ കഴുത്തറപ്പൻമൊതലാളി എവിടെ! നാലുകാശൻ നാം എവിടെ?” (ദീർഘശ്വാസമിട്ട് , കുറേനേരം മിണ്ടാതിരുന്ന്, ആത്മഗതം) “മൈസൂപ്പുലി പെരുമ്പടപ്പിനെ അമുക്കി. ഈ ശനിയൻ ശാമി വലത്തും, ആ പടത്തലവൻ ഇടത്തും, മൊതലാളി രണ്ടുംകെട്ടവനായും, എല്ലാം കൂടി നമ്മെ അടിയറുത്താൽ! ആഹ! പാടിലാ, അത്. ആ ശാമിപ്പൂച്ചനെ നമുക്കു പിടിക്കണം; അതാണ് കണ്ണി” ചന്ത്രക്കാറന്റെ നേത്രങ്ങൾ ജ്വാലാമുഖികൾപോലെ പ്രകാശിച്ചു. അയാൾ ചുണ്ടുകളെ സ്വല്പമൊന്നു വിടുർത്തി, ശിരോസ്ഥിയിൽ കാണുന്നപോലെ കർണ്ണംമുതൽ കർണ്ണംവരെയുള്ള ദന്തനിരയെ ഒന്നു ഞെരിച്ചു. അനന്തരം ഇങ്ങനെ ഒരു ഗർജ്ജനവും ചെയ്തു: “നിന്റെ ചാമിയെ വിട്ടൂടാ! കൊണ്ടാ ഇവിടെ ആ കയം ചൂന്ന ഇരുളനെ, ഞാനൊന്നു കാണട്ടെ! തിരുവിതാംകൂർ രണ്ടു കാലിലെങ്കിലും നിയ്ക്കണോ, ഫരിപ്പാൻ ആണുങ്ങളു വേണം.” ഉമ്മിണിപ്പിള്ള കണ്ണടച്ചു തലകുലുക്കി ഒടുവിലത്തെ അഭിപ്രായത്തെ ശരിവച്ചു.

ചന്ത്രക്കാറൻ: “അങ്ങിനെ നല്ലബുദ്ധി തുല ങ്ങട്ടെടമ്ണാ! ആണുങ്ങളില്ലാത്ത കൊറ, വല്യകൊറ. കഴക്കൂട്ടക്കളരിയിലെപ്പോലെ ചില പിള്ളരുവേണം. കണ്ടു വെച്ചിട്ടൊണ്ട്! എല്ലാം ഒന്നെളക്കി, ഒതുക്കി, കലക്കിത്തളിച്ച് ചുത്തവും വരുത്തി, കലയവും കഴിച്ചാല് പിന്നെ, ചിലമ്പിനേത്തു ചന്ത്രക്കാരൻ ഭരിച്ചാൽ തിരുവിതാംകോട് ഭരുമൊന്നൊന്നു നോക്കികളയാം” എന്നു പറഞ്ഞുകൊണ്ട്, ‘ഭരു’ എന്ന പ്രയോഗത്തിന്റെ ചാതുര്യത്തെ വിചാരിച്ചോ, സ്വാത്മഗതങ്ങളുടെ സ്ഥിതിക്ക് ഉമ്മിണിപ്പിള്ളയെ പിരിച്ചയയ്ക്കാള്ള ധൃതികൊണ്ടോ പിശ്ശാത്തിയുമായി മുറ്റത്തിറങ്ങി, തന്റെ ഹ്രസ്വങ്ങളും ഘനമുള്ളവയുമായ കൈകളെ വീശി, തെക്കോട്ടും വടക്കോട്ടും ഒന്നു നടന്നിട്ട് ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയ്ക്കു യാത്രയനുജ്ഞ നല്കി. “വടക്കേപ്പുറത്തു പോയി, വല്ലതുമുണ്ടെങ്കിൽ വാങ്ങിച്ചു കുടിച്ചോണ്ടു പോ! ഒന്നും കാണൂല്ലാ. വച്ചുവിളമ്പാൻ വീട്ടിനകത്തു വൗസ്സൊള്ളവരു വേണ്ടയോ?”

ഉമ്മിണിപ്പിള്ള യാത്രതൊഴുത്, വച്ചുവിളമ്പുകാര്യത്തെക്കുറിച്ചുണ്ടായ സ്വാഭിപ്രായത്തെ അടക്കിയുംകൊണ്ട് വടക്കേവശത്തേക്കു പോയി. ചന്ത്രക്കാറൻ വീണ്ടും തന്റെ ആസനത്തെ അവലംബിച്ച് താഴത്തെ നടക്കല്ലിൽ രണ്ടു കാലും ഊന്നി വിറപ്പിച്ചുകൊണ്ട് ദീർഘമായ ആലോചനയിൽ ഇരുന്നു. ഒടുവിൽ ഇങ്ങനെ തീർച്ചപ്പെടുത്തി: “അതതെ— അതു വേണം—എന്താണ്ടൊക്കെ കാണും —പൂയിച്ചേയ്ക്കാം –ചേതമെന്ത്? ദേവീന്ന് ഒന്നുണ്ടെങ്കിലൊത്തു. അല്ലെങ്കി, ആളുകള് വാഴ്ത്തും — ആ മിച്ചം മതി — എന്നേ വിചാരിക്കുണു ഞാൻ? ‘നാളെ നാളേതി’ എന്നു ചുമ്മാ അല്ലാ പറഞ്ഞിട്ടുള്ളത്. ചാമുണ്ഡിഅമ്മയ്ക്കു, പോട്ടെ, നമ്മുടെ കണക്ക് കുടിയിരിപ്പാൻ ഒരു മാടമെങ്കിലുമിരിക്കട്ടെ! അവിടത്തെ കാടൊക്കെ ഒന്നു തെളിച്ച്, ഒരൂട്ടും ഗുരുസിയും കൈയ്യോടെ. ആ കളപ്പാട്ടെ തൊട്ടുതിന്നിക്കൂട്ടത്തെ കരയിൽ കൂട്ടിനടത്തണമെങ്കിൽ വയ്ക്കട്ടെ ഇതിനു വേണ്ടിയ മുതല്.” ഇങ്ങനെ പരിഷ്കാരനിശ്ചയവും,

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/20&oldid=158472" എന്ന താളിൽനിന്ന് ശേഖരിച്ചത്