ധർമ്മരാജാ/അദ്ധ്യായം ഇരുപത്തിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിമൂന്ന്


<poem>

[ 176 ]

അദ്ധ്യായം ഇരുപത്തിമൂന്ന്


“ഓർത്തു തൻ ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷിൾ ഛേദിച്ചപ്പോ–
ളക്ഷതിതന്നിൽ വീണാനക്ഷമനായിട്ടവൻ.”


രാമനാമഠത്തിൽപിള്ളയായ ‘തന്തപ്പെരുമാന്’, ദശകണ്ഠപ്പെരുമാൾക്ക് ഇന്ദ്രജിത്തെന്നപോലെ, ശാശ്വതവിഖ്യാതിയെ സമ്പാദിപ്പാൻ ഉപകരിച്ച ചന്ത്രക്കാറൻ സ്വഭവനത്തിൽ പുനഃപ്രവേശം ചെയ്തപ്പോൾ, മന്ത്രക്കൂടഗൃഹത്തിലെ വാസികളായ വൃദ്ധയും മീനാക്ഷിയും വിനോദസംഭാഷണനർമ്മമായ സരളപ്രവാഹത്തിൽ മുങ്ങി സകല ആപത്തുകളേയും ദുഃഖങ്ങളേയും മറന്നിരിക്കുന്നു. ഹരിപഞ്ചാനനഫണത്തിന്റെ വിജൃംഭണകാലം സമീപിച്ചിരിക്കുന്നതിനെ കുപ്പശ്ശാരും മറന്ന് സ്വസ്വാമിനികളുടെ സൗഹാർദ്ദജലക്രീഡയിൽ ശുശ്രൂഷകനായിച്ചേരുന്നു. മായാവേഷ്ടിതരായ ഈ സാധുജനങ്ങൾ ദൃശ്യമാകാത്തവിധത്തിലുള്ള ഒരു അതിലോലശരീരനും ആ വിഹാരസാക്ഷിയായി എത്തിയിരിക്കുന്നു. ഇത് ജനദുരിതസംഹാരിയായ മൃത്യുതന്നെ ആയിരുന്നു. ഈ സംഘടന കണ്ടുണ്ടായ പരവശത കൊണ്ടെന്നപോലെ, ആ രാത്രിയിലെ ഏകാദശിച്ചന്ദ്രൻ ആർത്തിക്ലാന്തനായിരിക്കുന്നു. അതുകണ്ടപ്പോൾ പടത്തലവരുടെ ഉപദേശപ്രതിജ്ഞകൾകൊണ്ട് ഉന്മിഷിതയാക്കപ്പെട്ടിരുന്ന മീനാക്ഷിയുടെ ഉത്സാഹകളരവം പെട്ടെന്നു നിലകൊണ്ടു. ഹരിപഞ്ചാനനവികൃതികളെക്കുറിച്ചുള്ള പ്രജ്ഞകൊണ്ടുണ്ടായ ഗൂഢാസ്വാസ്ഥ്യങ്ങളേയും ദൂരത്തു മാറ്റിവച്ച്, കന്യകയുടെ ഹിതാനുവർത്തിയായി ചെന്നുചേർന്നിരുന്ന കുപ്പശ്ശാർക്ക് ബാലികയുടെ മൗനാനുഷ്ഠാനം ഉത്സാഹഭംഗപാരുഷ്യത്തെ ഉണ്ടാക്കി. തന്റെ പ്രിയവത്സയെ ആ സന്ദർശനത്തിനു ചേരുന്നതായ ഉപായംകൊണ്ട് ഉദ്ധൃതോത്സാഹയാക്കുന്നതിന് അവളുടെ ചില വിരഹചേഷ്ടകളെ അയാൾ അതിഗോഷ്ടിയായി അഭിനയിച്ചു. വൃദ്ധയും മീനാക്ഷിയുടെ മനഃക്ഷീണത്തെക്കണ്ട് വ്യാകുലയാകയാൽ കുപ്പശ്ശാരുടെ ഉപായം അവർക്ക് ഏറ്റവും രസിച്ചു. മീനാക്ഷി ‘കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി—പോകുന്നപോലെയിഹ നാരായണായ നമഃ’ എന്ന ഹരിനാമകീർത്തനഭാഗത്തെ ഗാനം ചെയ്തു. മീനാക്ഷിയുടെ മൂകതയ്ക്കു പ്രയോഗിക്കപ്പെട്ട ചികിത്സ ഇങ്ങനെ ഫലിച്ചതുകൊണ്ട്, കുപ്പശ്ശാർ ജയിച്ചു! വൃദ്ധ കുപ്പശ്ശാരുടെ സാമർത്ഥ്യത്തെ അഭിനന്ദിച്ചു കണ്ണിറുക്കി, അയാളുടെ [ 177 ] വിദൂഷകത്വത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് “അമ്പടി ഹംസികേ! കുപ്പാ! കാക്കയ്ക്കും നടന്നൂടെ എന്നു ചോദിക്ക്”, എന്ന് ഒടുവിലത്തെ ഉപദേശത്തിൽ എന്തോ ബുദ്ധിവൈശിഷ്ട്യമോ സരസയുക്തിയോ അന്തർഭവിച്ചിരുന്നതുപോലെ പറഞ്ഞ് മദ്ധ്യവയഃസ്ഥിതിയെ അഭിനയിച്ചു. തന്റെ മാതാമഹിയുടെ പ്രായാവരോഹം കണ്ടപ്പോൾ അവരുടെ ഉത്സാഹഭ്രമവും മീനാക്ഷിയിൽ പകർന്ന് “അമ്മേ! അമ്മേ! കുപ്പമ്മാനെ സ്ത്രീവേഷം കെട്ടിച്ചാൽ എന്തു രസം!” എന്നു ബാലകുസൃതിക്കു യുക്തമായ സ്വരഭ്രമണത്തോടുകൂടി ആ കന്യക ചോദ്യം ചെയ്തു. കുപ്പശ്ശാർ തോൽക്കാൻ ഭാവമില്ല. “അതിനും ആളുകൾ ഉണ്ടായിരുന്നു” എന്ന് അനൽപമായ സന്തുഷ്ടിഭാവത്തിൽ പറഞ്ഞ്, അയാൾ രണ്ടാമതു യോഗീശ്വരന്റെ അടുത്തു പോയപ്പോൾ മന്ത്രക്കൂടഭവനരക്ഷയെ ഭയമേറ്റിരുന്ന വിവിദമുഖനെ ‘ഏ’ പ്രമാണമാക്കി വാദിച്ചു.

വൃദ്ധ: “ആ കനകക്കുട്ടി എങ്ങനെ യോഗീശ്വരന്റെ അടുത്തു ചെന്നുചേർന്നു? ‘അപ്പനുക്കുപ്പിറന്താൽ ഇപ്പിടിത്താൻ പിറക്കണം.’ എങ്കിലും അതിശയമാണ്. കുട്ടിക്കാലത്തെ തോന്ന്യാസം വിട്ടുകളഞ്ഞ് ഒടുവിൽ ഇങ്ങുതന്നെ വന്നുചേർന്നിരിക്കുന്നല്ലോ!”

മീനാക്ഷി:—“അതെ അതെ! അച്ഛനും മകനും ഒന്നുപോലെ തങ്കക്കുടങ്ങൾ! സ്വാമിയാരിവിടെ വന്നന്ന് അച്ഛശ്ശാർക്ക് എന്തു പിടിപ്പായിരുന്നു! അന്നുതന്നെ അതു പറഞ്ഞു മാട്ടാതെ ഈയുള്ളവരെ വേവുപിടിപ്പിച്ചു.”

കുപ്പശ്ശാർ എന്തോ അതിദൂരത്തുള്ള സംഗതിയെ ചിന്താനേത്രം കൊണ്ട് ദർശനംചെയ്‌വാൻ സാഹസപ്പെടുന്നതുപോലെ ഇരുന്നതിനിടയിൽ, അയാളുടെ ബോധശൂന്യമായ നാവ് “ഇങ്ങനെ അന്യായങ്ങൾ പറഞ്ഞാൽ നേരം വെളുക്കാതെപോവും” എന്നു പറഞ്ഞു. “വിധിമതവും തഥൈവ” എന്ന് അദൃശ്യനായി, ആ വിഹാരസഭാംഗനായി വർത്തിക്കുന്ന അതിലോലഗാത്രൻ മന്ത്രിച്ചു.

മീനാക്ഷി: “അതുപോലെ ഇന്നും ഒന്നു കൂത്താടണം കുപ്പമ്മാൻ. പൂക്കൊലകൂടാതെ തുള്ളുന്നതു കാണട്ടെ—അമ്മയ്ക്ക് കുപ്പമ്മാൻ അമ്മാ—എനിക്ക്, ആ ഭൈരവശ്ശാർ. ഓരോ വിളിക്കും ‘കാലഭൈരവ’ സ്തോത്രത്തിന്റെ ഫലംകൂടിയുണ്ട്.”

വൃദ്ധ: “അതിനു മോഹിക്കണ്ട മകളേ—കുപ്പൻ വകയൊന്ന്—അതു വക വേറെ. ഭൈരവനല്ലാ—വൈരവനാണ്.”

കുപ്പശ്ശാർ: ‘ങൂഞ്ഹേ! അനു വിജ്ജ്വസിങ്ഹണുനേ —ശൂണക്ക്വുണ് ഹി അവൻ! കൊണ്ഹണൂള്യോ ങേഞവൺ ങുഞ്ഞ് ങൊഞ്ഞങ്ങുണ്ണിനെ?” (കുഞ്ഞ അതു വിശ്വസിക്കരുതേ ചുണക്കുട്ടി അവൻ കൊണ്ടരൂല്ലയോ കേശവൻകുഞ്ഞു കൊച്ചങ്ങുന്നിനെ.)

കേശവൻകുഞ്ഞിനെ കുപ്പശ്ശാരുടെ ‘ചുണക്കുട്ടി’ വീണ്ടുകൊണ്ടുവരുമെന്നുള്ള സൂചകം മീനാക്ഷിയുടെ ആമയത്തെ ഉണർത്തി. അതു കണ്ടപ്പോൾ കുപ്പശ്ശാരുടെ പൂർവ്വോപായത്തെ അനുഷ്ഠിച്ച്, ആ കന്യക ഓരോ മൂലകളിൽ ചെന്നിരുന്നു ചിണുങ്ങുന്നതും, തലകെട്ടാൻ മറന്ന് ആകാശത്തുനോക്കി ഏങ്ങുന്നതും, വാവൽപോലെ ഒരു സ്ഥലത്തും ഒതുക്കാതെ പതറുന്നതും, പാളവിശറികൊണ്ട് വേവു വീശി തുലയ്ക്കുന്നതും, ആപത്തു വന്നപ്പോൾ മുക്തിയും നാമജപവും വർദ്ധിച്ചതും—മറ്റും ഓരോന്നായി എണ്ണി കുറ്റം ചുമത്തി ആക്ഷേപിച്ചു. അതിന് ഒരോന്നിനും സമ്മാനമായി ഓരോ കിക്കിളിയിടൽ. മീനാക്ഷി കൊടുക്കുന്ന തകൃതി കണ്ടു വൃദ്ധ ചിരിച്ചു. മീനാക്ഷിയുടെ വിനോദ പോഷണത്തിനായി കുപ്പശ്ശാർ തിരിഞ്ഞും പിരിഞ്ഞും ഒഴിഞ്ഞും തടഞ്ഞും—ഇങ്ങനെ കുറേനേരത്തെ കളി കഴിഞ്ഞ് ഗൗരവത്തെ അവലംബിച്ച്, കേശവൻകുഞ്ഞിനെ എന്നു തിരിച്ചുകിട്ടുമെന്ന് ഈശ്വരപരീക്ഷകൾ ചെയ്ത് പ്രശ്നങ്ങൾ പറഞ്ഞുതുടങ്ങി. അതുകളെ മീനാക്ഷി ശ്രദ്ധയോടുകൂടി കേട്ടു മിണ്ടാതിരിക്കയാൽ “ഇപ്പോൾ എന്റെ അമ്മിണീടെ കിക്കിറി എവിടെപ്പോയ്?” എന്നു കുപ്പശ്ശാർ ഹാസ്യമായി ചോദ്യംചെയ്തു. അതിലേക്കു ശിക്ഷയായി പരിഭവിച്ചും കോപിച്ചും കുപ്പശ്ശാരുടെ തലപിടിച്ച് ഊക്കോടെ ഒന്നു കുലുക്കി. മീനാക്ഷിയുടെ കോപം കണ്ട കുപ്പശ്ശാർ പൊട്ടിച്ചിരിച്ചു. വൃദ്ധ ബാലസങ്കലിതമായുള്ള ഈ [ 178 ] സരളലീലാസന്ദർശനത്തിൽ, ആ സഭാംഗമായിരുന്ന ഛായാസംഭവൻ ആനന്ദഭരിതനായി, സ്വകൃത്യത്തിന്റെ അനിവാര്യതയെ സ്മരിച്ച്, പ്രപഞ്ചത്തിൽ തന്നോളം ദുർഭഗനായുള്ള ഒരു സൃഷ്ടി ഇല്ലെന്നു പരിതപിച്ചു. കുപ്പശ്ശാർക്ക് ഏറ്റ കുലുക്കിനിടയിൽ അയാൾ മുറുക്കി വായിൽ ഒതുക്കിയിരുന്ന താംബൂലം നാസികാരന്ധ്രങ്ങളിൽ കടന്ന് അയാളെ വളരെ പീഡിപ്പിച്ചു. അയാളുടെ ചുമകൊണ്ടുള്ള കണ്ഠക്ഷോഭത്തിനും, നാസികാദ്വാരങ്ങളിൽകൂടി ഉണ്ടായ താംബൂലശകലവിസർജ്ജനത്തിനും ഇടയിൽ മീനാക്ഷി ‘കണക്കാക്കിപ്പോയി’ എന്ന് ആക്ഷേപിച്ചു. എങ്കിലും അയാളുടെ നാസാസ്രവഫലമായി ചില രക്തത്തുള്ളികൾകൂടി പുറപ്പെടുന്നതു കണ്ട്, അയാളുടെ ശിരസ്സിലും മാറത്തും തടവി ആശ്വാസശുശ്രൂഷകൾചെയ്തു. നിഷ്കളങ്കസ്നേഹഭാരത്തിന്റെ പ്രവർത്തനമായ ആ ശുശ്രൂഷയാൽ കുപ്പശ്ശാർ ആനന്ദതുന്ദിലനാക്കപ്പെട്ട്, തന്നെ സ്പർശിച്ച ഹസ്തങ്ങളെ പിടിച്ച്, തന്റെ ഏകനേത്രത്തിൽ ചേർത്ത് സ്നേഹധർമ്മപൂർണ്ണയായ ആ കന്യകയ്ക്ക് ജീവാവസാനപര്യന്തം ദുസ്സഹമായുള്ള ഒരു സ്മൃതിയെഉണ്ടാക്കുമാറ്, ആനന്ദാശ്രുക്കൾകൊണ്ടു കുലപരമ്പരാസ്പന്ദിതമായുള്ള ദുരിതലാഞ്ഛനങ്ങളെ കലശകർമ്മത്താലെന്നപോലെ ശുദ്ധിചെയ്തു. ഗൽഗദബഹളത്തോടുകൂടി അയാൾ ആ വത്സയ്ക്ക് ആശിസ്സുകൾ നല്കി തന്റെ അപ്പോഴത്തെ ഭാഗ്യാനുഭൂതിക്ക്, അയാളുടെ സേവനാഭ്യസനത്തിൽ വശ്യമായിട്ടുള്ള ഏകാഗ്രതയോടുകൂടി, തന്റെ ഭക്തിസർവ്വസ്വത്തേയും ജഗച്ഛക്തിസമക്ഷത്തിൽ സമർപ്പണംചെയ്തു. പെട്ടെന്നു വിളക്കണഞ്ഞു. സദസ്യർ നിശ്ശബ്ദരും നിശ്ചേഷ്ടരുമായി. മീനാക്ഷിയുടെ മനസ്സ് വേദനയോടുകൂടി തന്റെ കമിതാവിന്റെ ആവാസദേശത്തെ ആരാഞ്ഞ് വൃദ്ധയുടെകരങ്ങൾ ദൗഹിത്രിയുടെ മൃദുശരീരത്തെ ആവരണം ചെയ്തു. കുപ്പശ്ശാരുടെ ആത്മേന്ദ്രിയങ്ങൾതന്നെ ക്രോധവശനായി അധിക്ഷപേശാസനംചെയ്ത ഉഗ്രകേസരിയുടെ പരിസരത്തെ പ്രാപിച്ചു. വൃദ്ധ, ദീർഘനിശ്വാസത്തോടുകൂടി “എന്റെ ചാമുണ്ഡി—രക്ഷിക്കണേ മായാമയേ!” എന്നു പ്രാർത്ഥിച്ചു. കുപ്പശ്ശാരുടെ മനസ്സ് തരുപ്രായമായി. മീനാക്ഷി മാതാമഹിയെ തലോടി.

ചെറുതായ ഒരു മേഘശലാക പ്രാചീനാദ്രിശിരസ്സിൽ ഉദയം ചെയ്തു. സഹ്യപർവ്വതനിരതന്നെ ധൂമീകൃതമായതുപോലെ, കാർമേഘം പൊങ്ങി ആകാശമെങ്ങും പരന്നു. മന്ദവീജനം ചെയ്തുകൊണ്ടിരുന്ന ജഗൽപ്രാണനും ഹതപ്രാണനായി. ചിലമ്പിനേത്തു ഗൃഹരക്ഷകനായ ഒരു വൃദ്ധശ്വാനൻ, ബുധന്മാർക്കും അന്തകദർശനത്തെ സൂചിപ്പിക്കുമാറുള്ള ഒരു ദീനസ്വരത്തിൽ ദീർഘമായും ഉച്ചത്തിലും മോങ്ങിത്തുടങ്ങി. ഭയങ്കരിയായ മഹാകാളിയുടെ കോപാരംഭമായ ആ മുഹൂർത്തത്തിൽ സ്വൈരസഞ്ചാരത്തിന് ഏകാകിനിയായി പുറപ്പെട്ട സ്വപത്നിയെ അന്വേഷണംചെയ്ത്, കിഴക്കുള്ള ഇടവഴിയിൽക്കൂടി പുറപ്പാടു തുടങ്ങിയ ഒരു കാട്ടുമാർജ്ജാരവിരഹി അതിനിഷ്കൃപമായി ചണ്ഡരോദനം ചെയ്തു. അന്ധകാരത്തിന്റേയും നിശ്ശബ്ദതയുടേയും പ്രവർദ്ധനത്തിനിടയിൽ ഉണർന്നു ചിറകിളക്കി ഉന്മേഷംകൊണ്ട കൂമസഞ്ചയങ്ങൾ, ദൗഷ്ട്യസഹകാരികളായി സ്വസംബോധനകൾകൊണ്ട് ഖലകർമ്മത്തെ അനുവദിച്ചു. അണഞ്ഞ ദീപത്തെ വീണ്ടും കത്തിക്കാതെ മന്ത്രക്കൂടത്തിലെ പാർപ്പുകാർ നിദ്രയ്ക്കും, നാലാമവൻ അലംഘനീയബ്രഹ്മാജ്ഞയെ നിവർത്തിപ്പാനും ആരംഭിച്ചു. വൃദ്ധയും ദൗഹിത്രിയും നാലുകെട്ടിനകത്തു ദുശ്ശകുനശങ്കയാൽ ആതുരമനസ്വിനികളായും, നിർഭയനായ കുപ്പശ്ശാർ നിയമപ്രകാരം പുറവരാന്തയിൽ കിടന്ന്, കുട്ടിക്കോന്തിശ്ശനെ സ്വപ്നംകണ്ടും, നിദ്രതുടങ്ങി.

ചന്ത്രക്കാറൻ തിരുവനന്തപുരത്തുനിന്നും ചിലമ്പിനേത്തെത്തിയതും അത്താഴം കഴിച്ചതും സുബോധത്തോടുകൂടി അല്ലായിരുന്നു. തന്റെ വിശ്രുതമായുള്ള പനയോലസുധർമ്മയിൽ മഹിഷാസുരപ്രഭാവത്തോടിരുന്ന്, ഭൃത്യരെ വരുത്തി ഒരു ദേശകാര്യവിചാരം തുടങ്ങി. “യേവനെടാ, ചന്ത്രക്കാറനറിയാണ്ട് കഴക്കൂട്ടം തീണ്ടിത്തൊടക്കിയ നീശൻ ആരെടാ?” “ഉഗ്രൻ യജമാനന്റെ മകളുടെ ഭർത്താവ്” എന്നു മറുപടി നൽകിയ ഭൃത്യന്റെ തലയിൽ ചന്ത്രക്കാറന്റെ ‘മൊങ്കാൻ കൊമ’ തന്നെ ഒന്നു പതിച്ചു. “ഹെല്ലാം മുടിച്ചു, മൂടും മുടിപ്പാൻ വന്ന ആ കാലനെ വീട്ടിക്കേറ്റിയ, ചെവിത്തേം ചെമ്മണ്ടേം കെട്ടപേയനാരവൻ? അതു പറവിൻ!” എന്നു രണ്ടാമതുണ്ടായ ചോദ്യത്തിന് “ഇവിടം ആരും കേറ്റീല്ല—അങ്ങേതിലെ അയാള്—കുപ്പച്ചാരാണു പെഴച്ചതെല്ലാം” എന്ന് മറ്റൊരു ഭൃത്യൻ പ്രഹരമേൽക്കാതെ സൂക്ഷിച്ച് ദൂരത്തു [ 179 ] മാറിനിന്ന് മറുപടി പറഞ്ഞു. ചന്ത്രക്കാറൻ ചിന്തകൾ തുടങ്ങി. തന്റെ ഭവനത്തിൽ യോഗീശ്വരപ്രവേശനം ഉണ്ടായന്നുമുതൽ തനിക്കു മാനക്ഷയവും കാര്യവിഘാതവും സ്വജനനഷ്ടവും സംഭവിച്ചു. സ്വഗൃഹവാസസൗഭാഗ്യം നഷ്ടമാവുകയും ചെയ്തു. ആ സഖ്യംഹേതുവാലാണ് തന്നെ രാജധാനിയിൽനിന്നു ബഹിഷ്കരിച്ചുള്ള കൽപന പുറപ്പെട്ടിരിക്കുന്നതും. രാജ്യമോ, വലിയ വൈതരണിയിൽ അകപ്പെട്ടിരിക്കുന്നു. തന്നെ കുട്ടിക്കുരങ്ങാക്കി ചുടുചോറുവാരിക്കാൻ നോക്കുന്ന യോഗീശ്വരന്റെ ബുദ്ധിയും വൈഭവവും ദുഷ്ടതയും തനിക്ക് അടുത്തുകൂടാത്തതായിരിക്കുകയും ചെയ്യുന്നു. പണ്ടത്തെ വിധത്തിലുള്ള ഭരണത്തിന് താൻ നിസ്സംശയം പോരുമായിരുന്നു. തൽക്കാലസ്ഥിതികൾക്കു തന്റെ ബുദ്ധികൊണ്ടു മതിയാകുമോ എന്നു ചിന്തിക്കണ്ടേതായിരിക്കുന്നു. എന്നുവരികിലും, നീട്ടിയ കാൽ മടക്കുകയോ? പാടില്ല! അതുകൊണ്ട്, ചിലമ്പിനകംഭവനത്തിന്റെ മേച്ചിൽ പഴയോലയടക്കവും കഴക്കൂട്ടത്തെ നിധിയും യോഗീശ്വരന്റെ പാദങ്ങളിൽ സമർപ്പിച്ച്, തന്നെ അവമാനിച്ച അധികാരത്തേയും മന്ത്രിജനങ്ങളേയും സംഹരിച്ച്, അവരുടെ രക്തംകൊണ്ട് ഒരു നവസമന്തപഞ്ചകതീർത്ഥത്തെ ഉണ്ടാക്കി സ്നാനംചെയ്ത്, ആത്മതുഷ്ടിവരുത്താതെ താൻ അടങ്ങുന്നതായാൽ—പിതൃവധപ്രതിക്രിയയായിട്ടല്ലേ കേരളസ്ഥാപകനായ പരശുരാമൻക്ഷത്രിയകുലനിഗ്രഹത്തെ അനുഷ്ഠിച്ചത്? അതുകൊണ്ട് ശേഷം കണ്ടുകൊണ്ടാട്ടേ! —ചിന്തകൾ അവസാനിച്ചു. “ഹെടാ! ഖൊണ്ടാ—ഹവനെ ഖൊണ്ടാ വീരമാർധാണ്ടൻ ഖെട്ടുഖെട്ടി വരിഞ്ഞിറുക്ക്വി, ഹാ ധേവീടെ ഛുടുകാട്ടിൽ ഖൊണ്ടാ—നോക്കിൻ—സാമി എഴുനെള്ളീരിക്കുണൂ— സൊഖാര്യം—ഹടിയന്തറം—കണ്ടേ ധീരൂ എന്നു പറവിൻ—ഹപ്പം വരുമവൻ—നമ്മുടെ ഘുരുപാഥരെച്ചതിപ്പാൻ ആ ഫടത്തലവൻ കൊലമാടനെ അവൻ ഫൂയിച്ചില്യോ?” എന്നായിരുന്നു ചന്ത്രക്കാറന്റെ ഉപദേശം, വിധി, കല്പന. യോഗീശ്വരന്റെ നാമപ്രയോഗം ഭൃത്യജനത്തിന്റെ വീര്യത്തിനു ചൂടുകൊള്ളിച്ചു.

അപഹൃതസാന്നിദ്ധ്യയായ ചാമുണ്ഡീദേവിയുടെക്ഷത്രമിരുന്നിരുന്ന സങ്കേതസ്ഥലം അന്ന് അർദ്ധരാത്രി കഴിഞ്ഞപ്പോൾ വിറകൊണ്ടു, തുള്ളി, കീഴ്മേൽമറിയുന്നു. ചിലമ്പിനേത്തെ വൃദ്ധനായ ശ്വാനനും പഥികനായ വനമാർജ്ജാരനും തരുവാസികളായ കൂമനിവഹവും തങ്ങളുടെ ആക്രന്ദനപ്പണികളെ വായുഭഗവാങ്കൽ സമർപ്പിച്ചിരിക്കുന്നു. ചന്ത്രക്കാറന്റെ ആസുരകഠോരമായ ആരംഭത്തെക്കണ്ട് ആ ഭഗവാൻതന്നെ, നിവേദ്യാന്നശൂന്യനായി ക്ഷീണനിദ്രയിൽ ലീനമായുള്ള ഭഗവതിയെ പള്ളിയുണർത്തുന്നതിന് പാഞ്ചജന്യഘോരാരവത്തിൽ ശംഖനാദംചെയ്യുന്നു. ആ അഭൂതപൂർവ്വനായ സമഗ്രദുഷ്ടനെ സഹകരിക്കുന്നതിനായി സഞ്ചയിക്കുന്ന മേഘതിമിരങ്ങളെ പലായനംചെയ്യിക്കുന്നതിന് വൃക്ഷങ്ങളെ ഉമൂനനം ചെയ്യുന്നു. പ്രകൃതിദേവാംശജരായ ആ ഖലകൃത്യസഹായികളെ പ്രളയസമുദ്രാരവത്തോടുകൂടി അദ്ദേഹം കോപാട്ടഹാസംചെയ്ത് അപഹസിക്കുന്നു. ചാമുണ്ഡീക്ഷേത്രസാന്നിദ്ധ്യത്തിൽ ശേഷിച്ചിട്ടുള്ള അണുമാത്രത്തേയും നാരകീകരിപ്പാൻ പരമോദ്ധതനായി നിൽക്കുന്ന ചന്ത്രക്കാറന്റെ സമീപവർത്തികളായ തരുജാലങ്ങൾ അവരുടെ ശിരസ്സുകളെ നിലത്തറഞ്ഞ് അദ്ദേഹത്തിന്റെ സാഹസോദ്യമത്തിൽനിന്നു വിരമിക്കുന്നതിനു യാചിക്കുന്നു. കരയും കടലും കായലും ഇളകി, ആശാമുഖസകലത്തിൽകൂടിയും ‘മഹാപാതകം’ എന്ന് ഐകകണ്ഠ്യേന നിരോധനപ്രാർത്ഥനചെയ്യുന്നതും ചന്ത്രക്കാറനെ വർദ്ധിതശൗര്യനാക്കുന്നതേയുള്ളു. തന്റെ കിങ്കരന്മാർ വരാൻ താമസിച്ചതുകൊണ്ട്, അംബികാവിഗ്രഹതെത്തന്നെ സിംഹാസനമാക്കി, അതിന്മേൽ ആ ലോകഡിംഭനിസുംഭൻ ഇരുന്ന്, അന്തകച്ചാഞ്ചാട്ടം ആടുന്നു. ഈ പരമദൗഷ്ട്യത്തെക്കണ്ടപ്പോൾ തനിക്കുപോലും ശ്വാസോച്ഛ്വാസവൃത്തിക്കു സഹകാരിയാകാതെ വായുഭഗവാനും സ്തംഭിച്ചു. വർഷിപ്പാൻ തുടങ്ങിയ മേഘങ്ങളും ആ സന്ദർഭത്തിൽ ആർദ്രവൃത്തികൾ അനുചിതമെന്നു ചിന്തിച്ച്, അടങ്ങി. പവനശാസനകൾകൊണ്ട് സ്തബ്ധരാക്കപ്പെട്ട അന്ധകാരപടലങ്ങളും ചന്ത്രക്കാറനെക്കണ്ട്, സഹജദർശനഭ്രമം ഉദിക്കുകയാൽ, തങ്ങളുടെ മാതാവായ ഛായാദേവിയുടെ പരിസരത്തിലേക്കു മണ്ടി. മൃതശരീരമെന്നപോലെ കുപ്പശ്ശാർ കെട്ടിയെടുത്തു കൊണ്ടുവരപ്പെട്ടു. യോഗീശ്വരന്റെ നാമമന്ത്രത്തെക്കേട്ട് വശീകൃതനായ ആ ശുദ്ധൻ, യമഭടതുല്യന്മാരായ സാഹസികളാൽ ഇതാ ചന്ത്രക്കാറന്റെ പാദങ്ങളിൽ ശയിക്ക [ 180 ] പ്പെടുന്നു. വൃദ്ധന് ചന്ത്രക്കാറന്റെ യഥാർത്ഥോദ്ദേശ്യം മനസ്സിലായി, താൻ ബാല്യത്തിൽ കൈതൊഴുതിട്ടുള്ള ഭഗവതിയുടെ പാദങ്ങളിൽ തന്റെ ദേഹിയെ സമർപ്പിച്ചു. കഴക്കൂട്ടത്തുഭവനത്തിന്റേയും അതോടുസംബന്ധിച്ച സകലരുടേയും സമസ്താപരാധങ്ങളേയും തന്റെ ജീവദാനംകൊണ്ടു സന്തുഷ്ടയായി ക്ഷമിച്ച് തന്റെ യജമാനനായ കുട്ടിക്കോന്തിശ്ശൻ തന്നെ ഭരമേൽപിച്ചിട്ടുള്ള വൃദ്ധയേയും അവരുടെ ദൗഹിത്രിയേയും ശ്രീഭഗവതി കാത്തുരക്ഷിച്ച് കുലനാശം വരാതെ പുലർത്തികൊള്ളണേ എന്ന് അയാൾ പ്രാർത്ഥിച്ചു. പ്രപഞ്ചത്തിൽനിന്നു മുക്തമാകാൻപോകുന്ന അയാളുടെ ജീവബുദ്ധി, ഹരിപഞ്ചാനനനേയും, അദ്ദേഹത്തിന്റെ ഭൃത്യനും തന്റെ പുത്രനും ആയ ചെറുകരടിത്താനേയും സ്മരിച്ചു. അൽപപ്രാണിയായ തന്റെ ജന്മം ചന്ത്രക്കാറനായ ഘോരഘാതകന്റെ ദുരിതപൂർണ്ണമായുള്ള കരങ്ങളാൽ അവസാനിക്കുന്നതിനെ മാത്രം വിചാരിച്ച്, ആ ഭക്തശിരോരത്നം ക്ലേശിച്ചു. അങ്ങനെ സംഭവിക്കുന്നതും ഈശ്വരേച്ഛകൊണ്ടെന്ന് ഒടുവിൽ സമാധാനപ്പെട്ടു.

ചന്ത്രക്കാറൻ “ഫെലേടാ ഫേഷ് കൂട്ടരേ” എന്നു പറഞ്ഞുകൊണ്ട് അനുചരന്മാരെ ദൂരത്തു മാറ്റി നിറുത്തി. കുപ്പശ്ശാരുടെ അടുത്തു ചെന്ന്, “സാമീടെ ഖയ്പന—ഖഴയ്ക്കൂട്ടത്തെത്തൊമ്മ് നമ്മെ യേപ്പിപ്പാൻ ഖയ്പന. ഹെവിടെയിരികുണൂ ഫറ” എന്നു സ്വരംപ്രതിനിഷ്ഠൂരതയെ സ്ഫുരിപ്പിച്ചു ചോദ്യംചെയ്തു. കുപ്പശ്ശാരിൽനിന്നു മറുപടി ഒന്നും ഉണ്ടായില്ല. “ഹെടാ! ചെലമ്പിനേത്തു മാളികയിൽ വച്ചു ഖൂത്താടിയതും, തെരുതെരെ തിരുവന്ധരത്തു പെയ്യതും മറന്നോ? നിന്റെ ആ അപ്പാപ്പന്റെ ഖയ്പന. ഉയിരു വേണമെങ്കിപ്പറ—ചന്ത്രക്കാറന്റടുത്തെടുക്കാതെ നിന്റെ ധരവഴികള്!” എന്നു ചന്ത്രക്കാറൻ ഭയങ്കരമായി പിന്നെയും ഗർജ്ജിച്ചു. എന്നിട്ടും കുപ്പശ്ശാരിൽ നിന്നും മറുപടിയായി ഒരു ശബ്ദവും പുറപ്പെട്ടില്ല. വൃദ്ധയുടെ ഖജാൻജിയും പ്രധാനോപദേഷ്ടാവും ആയ കുപ്പശ്ശാരുടെ കഥകഴിഞ്ഞാൽ വൃദ്ധയിൽനിന്ന് ഉടനെ നിധി കരസ്ഥമാകുമെന്നു ചന്ത്രക്കാറൻ തീർച്ചയാക്കി. “ഫറയണോ, ഥുലയണോ?” എന്നു തന്റെ കണ്ഠത്തിനു നേർക്ക് ആ ഭൂമിൽവച്ച് ഓങ്ങപ്പെട്ട പിശ്ശാത്തിയെ അനുസ്മരിച്ചുകൊണ്ട്, അടുത്തപോലെ പുറപ്പെട്ട ചോദ്യം ചന്ത്രക്കാറൻ നിന്നിരുന്ന ഭൂകോശത്തിൽനിന്നുതന്നെ ആയിരുന്നു. അത് അത്രത്തോളം ഭയങ്കരമായ ഒരു ധ്വനിയിൽ മുഴങ്ങി. കലാനാഥൻ ശീതളകരങ്ങളെ നീട്ടി സൽക്കാരഭാവത്തെ കൈക്കൊണ്ടു. മീനാക്ഷീവിനോദദായകന്റെ ലബ്ധയെ സമീപിച്ച് താരപോതങ്ങൾ നേത്രങ്ങളെത്തുറന്ന് അംബരതളിമത്തിൽ തുള്ളിക്കളിയാടി. ചന്ത്രക്കാറഭൗമന് ശേഷമുള്ള കൃത്യം ക്ഷണമാത്രക്രിയയായിരുന്നു. ചോദ്യംചെയ്‌വാനായി എഴുന്നേറ്റപ്പോൾ ഒഴിഞ്ഞ് അടുത്തു കിടന്നിരുന്ന ചാമുണ്ഡീവിഗ്രഹത്തെ അനായാസേന എടുത്ത് നിധിലോഭിയായ ചന്ത്രക്കാറൻ കുപ്പശ്ശാരുടെ ശിരോദേശത്തെ ലക്ഷ്യമാക്കി ഒന്നു കീഴ്പ്പെട്ടു തോണ്ടി, ബഹുകോടി ജന്മങ്ങളിൽ ആ അമാനുഷനെ തുടരാൻ പോരുന്ന ഒരു മഹാപാപനിധിയെ സമ്പാദിച്ചു. ചന്ത്രക്കാറന്റെ അനുഗാമികൾ മഹിഷമേധകന്റെ ശക്തിയോടുകൂടിയുള്ള ആ കരപ്രയോഗത്തെക്കണ്ടും, ‘ദേവീ’ എന്ന് അതിദയനീയമായ ഒരു വിളി കുപ്പശ്ശാരുടെ കണ്ഠത്തിൽനിന്ന് ഉൽഗളിതമായതു കേട്ടും, വ്യാജകഥകളാൽ തങ്ങൾ വഞ്ചിക്കപ്പെട്ടുപോയെന്നു പശ്ചാത്തപിച്ചുകൊണ്ട്, സാക്ഷാൽ ശക്തിസ്വരൂപിണിയുടെ നിർദ്ദേശത്താൽ പ്രതിക്രിയേച്ഛുക്കളായെന്നപോലെ അവിടെനിന്നു പലായനംചെയ്തു.

പ്രകൃതിദേവന്റെ ഭയങ്കരമായ വികൃതികൾക്കിടയിൽ ഉണർന്ന്, സുഖനിദ്രകൂടാതെ രാത്രിയെ നയിച്ച വൃദ്ധ, നാലുകെട്ടിന്റെ വാതുക്കൽ ആരോ മര്യാദലേശംകൂടാതെ മുട്ടിവിളിക്കുന്നതിനെക്കേട്ട്, വിളക്കു കത്തിച്ച്, വാതൽ തുറന്നു. ആ ശബ്ദംകേട്ടുണർന്ന മീനാക്ഷി മാതാമഹിയുടെ പുറകിൽ എത്തി. നിണമണിഞ്ഞുള്ള ചന്ത്രക്കാറന്റെ ഗാത്രത്തെക്കണ്ട് രണ്ടുപേരും അത്യന്തഭയംകൊണ്ടു വിറച്ചു. പൈശാചത്വം നേത്രഗോചരമാംവണ്ണം രൂപീകരിച്ചുള്ള ആ രാക്ഷസന്റെ രോമങ്ങൾക്ക് അകത്തുള്ള ഹൃദയത്തെക്കാളും മനുഷ്യത്വമുണ്ടായിരുന്നതിനാൽ, അതുകൾ തങ്ങളുടെ ജന്മഭൂവായ ആ ശരീരത്തോടു വിദ്വേഷംകൊണ്ടെന്നപോലെ ജൃംഭിച്ചുനില്ക്കുന്നു. “മനസ്യന്യം, വചസ്യന്യം, കർമ്മണ്യന്യം” എന്നുള്ള ശബ്ദത്രയം നരകപ്രണവമായി ഏകീകരണവും മൂർത്തീകരണവും ചെയ്തുള്ള ആ സത്വത്തെക്കണ്ടപ്പോൾ, നിദ്രാരംഭസമയത്തെ ദുശ്ശകുനം എന്തോ കഠോരകൃത്യത്തിൽ പരിണമിച്ചിരിക്കുന്നു എന്നു [ 181 ] വൃദ്ധ സങ്കൽപിച്ചു . ചന്ത്രക്കാറൻ ദീർഘവാദിയായില്ല. അയാളുടെ ഉദ്ദേശ്യത്തെ പുറപ്പാടിൽത്തന്നെ സ്പഷ്ടമാക്കി: “ഖഴക്കൂട്ടത്തെ നിഥി, എവിടെക്കുഴിച്ചുവച്ചിരിക്കുണൂന്നറിവാനാണു ഫോന്നത്.” കഥ അത്രയിലധികം ഒരക്ഷരംപോലുമില്ല.

വൃദ്ധ: “ഏതു വക? എന്തു വക?”

ചന്ത്രക്കാറൻ: “ഖഴക്കൂട്ടത്തുവഹയേ ഖഴക്കൂട്ടത്തുവഹ. നിഥിയേ, നിഥി. രാഝ്യം വെട്ടതൊറപ്പിച്ചവരെ ഹീടുവൈപ്പ്— ഫെമ്പറന്നോര്—”

വൃദ്ധ: “നിൽക്കൂ, നിൽക്കൂ—ഞങ്ങടെ വകയെക്കുറിച്ചാണോ താനിത്ര അലക്ഷ്യമായി ചോദിക്കുന്നത്? എന്നുമുതൽക്കാണ് ഉഗ്രനമ്മാവന്റെ ശേഷകാരൻ താനായത്?”

ചന്ത്രക്കാറൻ: “ഹെന്നുമൊതലെന്നും മറ്റും ഖേപ്പാറൊണ്ടൊ? ഹെവന് ഥോന്നിയപ്പമ്മൊതല്.”

വൃദ്ധ: “അതിന് തനിക്കെന്തവകാശം?”

ചന്ത്രക്കാറൻ: (വൃദ്ധ ആ തറയിൽ ജനിച്ച സ്ഥൈര്യഗുണത്തെ കാട്ടുമെന്നു വിചാരിച്ച് നയവാദമായി തുടങ്ങുന്നു.) “താനെന്നും മറ്റുമൊള്ള ഏട് കെട്ടിവച്ചേയ്ക്കണം. യിവന്റെ ആവിഛ്യത്തിനല്ല. ഹവനോന്റെ വയറ്റിന് വേണ്ടതും മീഥും ഹാണെപ്പോലെ കരുഥീട്ടുണ്ട്. ഹരിപഞ്ചാനനസ്സാമി ഖയ്പിച്ചു. ഖേശവൻകുട്ടിയെ വിടിപ്പാനെ ഉധ്യോഹപ്പട്ടികളെ, നക്കാപ്പിച്ചാ, വല്ല കരുവാട്ടുത്തല ചുട്ടെങ്കിലും അടിക്കണമെന്ന്.”

വൃദ്ധയുടെ മനസ്സ് ഹരിപഞ്ചാനനന്റെ നേർക്ക് അപ്രമേയമായ വാത്സല്യത്താൽ ആകൃഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഒരു ആജ്ഞയെ അനുസരിക്കുന്നതിനുള്ള കാലത്തെ അവർ ദീക്ഷിച്ചും ഇരിക്കയായിരുന്നു. താൻ ആദ്യം വിചാരിച്ചതിനു വിപരീതമായി, ചന്ത്രക്കാറന്റെ അന്നത്തെ ദർശനം ശുഭോദർക്കമാണെന്ന് അവർ വിചാരിച്ചു. ഉണ്ണിത്താൻ, പടത്തലവർ എന്നീ ബന്ധുക്കൾ അവരുടെ ആദരസോപാനത്തട്ടിൽ മൂന്നാംപടിയിലേക്കു വഴുതി. തന്റെ കുടുംബകാര്യത്തിൽ ഹരിപഞ്ചാനനുണ്ടായ താൽപര്യം ദൈവസങ്കൽപംതന്നെ എന്ന് അവർ പരമാനന്ദത്തെ കൈക്കൊണ്ടു. “സ്വാമി കൽപിച്ചാൽ ആ നിധി മുഴുവനും തന്നെ കൊണ്ടുപൊയ്ക്കൊള്ളാമല്ലോ. ഞങ്ങൾ പട്ടിണികിടന്നു കഴിച്ചുകൊള്ളാം.” എന്നു പറഞ്ഞുകൊണ്ട് കുപ്പശ്ശാരെ വിളിച്ചു. ഏതു കുപ്പശ്ശാർ വിളികേൾക്കുന്നു! ആത്മസാധകത്താൽ മൃതിപ്രാപ്തന്മാരെക്കൊണ്ടു വിളികേൾപ്പിക്കാൻ സാധിക്കുമെന്നുള്ള മതത്തെ നിഷേധിക്കുന്നില്ല. എന്നാൽ ഹരിപഞ്ചാനനസ്വാമികളുടെ കാര്യാർത്ഥമായിട്ടും ഉണ്ടായ വൃദ്ധയുടെ വിളിക്ക് ഉത്തരംകൂടാതെയാണു കഴിഞ്ഞത്.

ചന്ത്രക്കാറൻ: (പരുഷമായി) “ഹെടുത്ത വാക്കിന് കുപ്പാ—കുപ്പാ—കുപ്പാ—”

വൃദ്ധ: “അതിന്റെ കിടപ്പെല്ലാം അവനേ അറിയാവൂ.”

ചന്ത്രക്കാറൻ: (ഉള്ളിൽ തീകത്തി) “ഹെന്തര്? വഴിയേ പോണവന് അതിൽ ഖാര്യമെന്തരെന്നെ? ചന്ത്രക്കാറന്റടുത്തു ഫിത്തലാട്ടക്കട്ടെഴിക്ക്വാതിൻ—ഹൊരുത്തനെ വിളിക്കണമെങ്കില്, എവൻ ഥടിപോലെ അടുത്തു നിക്കണവനെ വിളിപ്പിൻ!”

വൃദ്ധ: “അങ്ങനെയല്ല അതിന്റെ കിടപ്പ്. ഉഗ്രനമ്മാവന് മീനാക്ഷിയുടെ അപ്പൂപ്പനെ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് കുപ്പനേയും. അതാതുകാലത്ത് ഓരോ ആൾ മാത്രമേ എവിടെ എന്നറിഞ്ഞിരിക്കാവൂ. അല്ലെങ്കിൽ അതു പാതാളം പാഞ്ഞുപോകും, എന്നുള്ളതു താനും അറിഞ്ഞിട്ടുണ്ടല്ലോ—” വമ്പനായ ദൈവമേ! ആ കോന്തിമൂപ്പൻ ഭാര്യയേയും വിശ്വസിക്കാതിരുന്ന ചതി ആരറിഞ്ഞു? ചന്ത്രക്കാറൻ വിഷണ്ണനായി, ഒരു പ്രത്യേക വേദനയോടുകൂടി ചോദിച്ചു: “ഹതപ്പം അക്കഴുവൻ കുഞ്ഞമ്മയ്ക്കു ഛെല്ലിത്തന്നിട്ടില്ലേ?”

വൃദ്ധ: “മരിക്കാറാകുമ്പോൾ കേശവൻകുഞ്ഞിനോടു പറയണമെന്നു ഞങ്ങൾ തീർച്ചയാക്കിയിരുന്നു.” [ 182 ] ചന്ത്രക്കാറൻ: “ഹെന്നാൽ മഹാഭാവി ശതിച്ചു” എന്നു പറഞ്ഞ്, തന്റെ ദേഹത്തും വസ്ത്രത്തിലും ഉള്ള രക്തത്തെ കാണിച്ചുകൊണ്ട് അവിടെനിന്നും പറന്നു. വൃദ്ധ നിന്നിരുന്നിടത്തു വീണു. അതിനേയും സാരമാക്കാതെ ചന്ത്രക്കാറൻ തന്റെ കോവിലകമായ ചിലമ്പിനേത്തു ക്ഷണംകൊണ്ടെത്തി. വാതൽ തുറന്നു കിടന്നിരുന്നു. തന്റെ പതിവിൻപ്രകാരം വരാന്തയിൽ ചെന്ന്, ഇരുത്തിക്കെട്ടിയ ഭീമനായി ഇരുന്ന്, കാലും തുള്ളിച്ച് പിശ്ശാത്തിയും ചുഴറ്റി. ഭൃത്യരെ വിളിച്ചു. ഒരുവൻപോലും വിളിക്കേൾക്കുന്നില്ല. തന്റെ ബിരുദനാമത്തിലെ ത്ര്യക്ഷരസംഘടനയ്ക്കു ചേരുംവണ്ണം ത്ര്യക്ഷകോപനായി കൽപാന്തഗർജ്ജനംചെയ്തു. ദിഗന്തങ്ങൾ പ്രതിധ്വനിക്കമാത്രം ചെയ്തു. ഈ ഉപേക്ഷകൾ അവർണ്ണനീയമായുള്ള ഒരു അനുരാഗത്തെ ഉജ്ജ്വലിപ്പിക്കുകയാൽ അടുക്കളക്കാരിയായ ചന്ത്രക്കാരിണിയെ വിളിച്ചു; പ്രതിധ്വനിയുമില്ല; പുത്രിയായ പെണ്ണിനെ വിളിച്ചു; മറുപടി തഥൈവ. ചന്ത്രക്കാറൻ എഴുന്നേറ്റ്, ഔദാസീന്യശാസനം ചെയ്‌വാനായി ആ ഭവനക്കുറ്റികളേയും കുലുക്കുമ്പടി, തുള്ളിച്ചാടി ഭവനമെല്ലാം ചുറ്റിത്തകർത്തു. മനുഷ്യലാഞ്ഛനങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. പറമ്പിൽ അമ്പരന്നുനടന്നു. ഭൃത്യരുടെ പൊടിപോലും നാസ്തി. പുറത്തിറങ്ങി അങ്ങുമിങ്ങും മണ്ടിത്തിരഞ്ഞു. കാണുന്ന കാണുന്ന ജനമെല്ലാം ഭൂതത്തെക്കണ്ടപോലെ പാഞ്ഞു മണ്ടുന്നു. പലേടത്തും കടന്നു. സ്വച്ഛായാമാത്രത്താൽ സർവതഃ സൽകൃതനാകുന്നു. ഏഴാമങ്കക്കൂടിയാട്ടം അഭൂതപൂർവമായുള്ള ‘ഏകച്ഛത്ര’ത്വത്തിൽത്തന്നെ ആയി പരിണമിക്കുന്നു.

ഈ ദുഷ്ട്യസാകല്യത്തിന്റെ ‘സാരസർവസ്വനെ’ കഥാരംഭത്തിൽ രാവണനോടുപമിച്ച അപരാധത്തെ വായനക്കാർ ക്ഷമിപ്പിൻ! ആ ചക്രവർത്തിയെ പുരാണങ്ങൾ നീചത്വത്തിന്റെ സംക്ഷേപമായി വിവക്ഷിക്കുന്നു. എന്നാൽ അദ്ദേഹം വീര്യസ്വർഗ്ഗപ്രാപകമായുള്ള സമരാങ്കണത്തിൽ ആയുധപാണിയായി ദിവ്യകരങ്ങളാൽ പ്രയോഗിക്കപ്പെട്ട ദിവ്യായുധമേറ്റ് നിര്യാണത്തെ പ്രാപിച്ച്, സാക്ഷാൽ ശ്രീരാമാജ്ഞയാ ചിതയിൽ ആരോഹിതനായ വീരവീരാഭിമാനികളിൽ സമഗ്രാത്തംസമായിരുന്നു. ഈ ധൂർത്തന്റെ മഹാവമാനത്തിൽ അനുവർത്തിച്ചത് ഓർക്കുമ്പോൾ—“ഇട്ട കൈയ്ക്കു കടിക്കണ പട്ടികള്! ചവത്തുങ്ങടെ പിണ്ടത്തിന് അളക്കണ അരിലാവം!” എന്ന് ഖരഘോഷാക്ഷരങ്ങളും മറന്നു പറഞ്ഞുകൊണ്ട് വാതലടച്ച്, ഭവനത്തിനകത്തു കയറി ഇരിക്കമാത്രംചെയ്ത ഈയാളുടെ വൃത്തിയെ ഓർക്കുമ്പോൾ—ക്ഷമിക്കണേ!

ഹരിപഞ്ചാനനസാന്നിദ്ധ്യത്തിൽ നാം വിട്ടിരിക്കുന്ന അനന്തരവന്റെ അവസ്ഥ എന്തെന്നുകൂടി ഈ അദ്ധ്യായത്തിൽ വിവരിച്ചു കൊള്ളട്ടെ. സാക്ഷാൽ സിദ്ധാർത്ഥമഹർഷിയെപ്പോലെ സാത്വികതേജോമയനായുള്ള ഹരിപഞ്ചാനനമഹൽസിദ്ധന്റെ സമക്ഷത്തിൽ കേശവൻകുഞ്ഞ് അപഹൃതപൗരുഷനായി. തന്റെ സമചിത്തതയെ പുനരവലംബനംചെയ്‌വാൻ അയാൾ അസാമാന്യമായി വിഷമിക്കേണ്ടിവന്നു. യോഗീശ്വഹരൻ മോക്ഷദാനത്തെച്ചെയ്‌വാൻ സന്നദ്ധനെന്നപോലെ, അവിടത്തെ ശിലാശയ്യയിന്മേൽ ഇരുന്ന് തന്റെ ഉപാന്തസ്ഥനാവാൻ ആംഗ്യംകൊണ്ട് യുവാവിനെക്ഷണിച്ചു. സ്വർലോകഗമനത്തിന് ഉച്ചൈശ്രവസ്സുതന്നെ തന്റെ കൈവശത്തിലുണ്ടെന്നുള്ള ഭാവനയോടുകൂടി യോഗമഹിമയെ അഭിനയിക്കുന്ന ആ സിദ്ധന്റെ കായത്തിൽ ഉഗ്രമായുള്ള തപോവൃത്തിയിലെ ആതപസഹനംകൊണ്ടുണ്ടാകുന്ന ശുഷ്കത ലവലേശവും കാണാത്തതിനാൽ, തന്റെ മനസ്സങ്കൽപപ്രകാരമുള്ള തപസ്ഫൂർത്തി അദ്ദേഹത്തിനുണ്ടായിട്ടില്ലെന്ന് ആ യുവാവ് നിശ്ചയിച്ചു. തന്റെ കാരണവരുടെ ഗൃഹത്തിൽ അത്യാഡംബരത്തോടുകൂടി എഴുന്നള്ളിയ കാമരമ്യമായുള്ള ശരീരത്തോടുകൂടിയ മല്ലവരൻതന്നെയാണ് തന്റെ മുമ്പിൽ സ്ഥിതിചെയ്യുന്നതെന്ന് അയാൾ ആ സിദ്ധഗാത്രത്തെ സൂക്ഷ്മപരിശോധനചെയ്തു തീർച്ചയാക്കി. എന്നാൽ കടുതായ വേനലിന്റെ ഊഷ്മാവുള്ള കാലത്ത് ദൃഷ്ടമായിരുന്ന ത്ര്യംബകോഗ്രതവർഷർത്തുവിലെ ശിശിരതയാൽ ശാന്തകോമളമാക്കപ്പെട്ടതായ ഒരു വ്യതിരിൽസ്ഥിതിയെ ദർശിക്കയും ചെയ്തു. തന്റെ ദിവ്യത്വത്തിന് ഹാനിവരാതെ ദേവഭാഷയിൽത്തന്നെ യോഗീശ്വരൻ ആ യുവാവോട് ഈ ഭാവാർത്ഥത്തിൽ സംഭാഷണം തുടങ്ങി: “വത്സാ! സ്ഥാണുമൂർത്തി അനുഗ്രഹിക്കട്ടെ. നിന്റെ മുഖത്തിൽനിന്നു ഗളിതങ്ങളായ അപഹസനങ്ങൾക്ക് ഈ സാധു എങ്ങനെ അർഹനായി?”

കേശവൻകുഞ്ഞ്: (തന്റെ വചനങ്ങളെ യോഗീശ്വരൻ പതുങ്ങി നിന്നു കേട്ടു എന്നു തീർച്ച [ 183 ] യാക്കി) “അതുകളെ വാണീദേവി എന്റെ ഹൃദയത്തിൽ ഉദിപ്പിച്ചു. അന്തസ്സത്യത്തെ ജിഹ്വാഗ്രം ഉച്ചരിച്ചു.”

ഹരിപഞ്ചാനനൻ: “പുത്രാ! സന്ന്യാസമാകുന്ന അറിശുദ്ധികൊണ്ടുള്ള ഈ പവിത്രശരീരം നിന്റെ യുവനേത്രങ്ങൾക്ക് പക്ഷേ, പ്രാപഞ്ചികന്റേതെന്നു തോന്നിയേക്കാം. എങ്കിലും സകല ദൈവാനുഗ്രഹങ്ങളും സാധിച്ച്, മത്സരശീലം വെടിഞ്ഞിരിക്കണ്ടേ നിനക്ക് ക്ഷാത്രത്തെയുണ്ടാക്കാൻ നാം എന്തപരാധം ചെയ്തു?”

കേശവൻകുഞ്ഞ്: “സ്വാമിൻ! പരമാർത്ഥമല്ലേ പറയേണ്ടത്? എന്റെ ഹൃദയത്തിൽ അവിടത്തെ നേർക്ക് ഈശ്വരാർപ്പിതമായി, വാദംകൊണ്ട് അനവച്ഛേദ്യമായി, ഒരു പ്രബലസംശയം വേരൂന്നിപ്പോയിരിക്കുന്നു.”

ഹരിപഞ്ചാനനഭിക്ഷു തന്റെ മന്ദഹാസസഞ്ചികയിൽനിന്നു വശ്യശക്തിയിൽ മോഹനതമമായുള്ളതിനെ എടുത്തു തന്റെ മുഖത്തുചാർത്തിക്കൊണ്ട്, ശയ്യയിൽനിന്നെഴുന്നേറ്റ്, യുവാവിന്റെ സമീപത്തേക്കു മൃദുപാദനായി തരണംചെയ്ത്, ആയാളുടെ സ്കന്ധങ്ങളിൽ കുസുമതുല്യ മൃദുലതയോടുകൂടിയ തന്റെ ഹസ്തതലങ്ങളെ ഗുരുതരമായ വാത്സല്യത്തോടുകൂടി സ്ഥാപനംചെയ്തു. യുവാവിന്റെ നഖശിഖാന്തമുള്ള സ്നായുവല്ലകികൾക്കു വിദ്യുച്ഛക്തികൊണ്ടെന്നപോലെ ഒന്നായൊരു പ്രേംഖണമുണ്ടായി. ആ കരസ്പർശത്തെ അതിനുമുമ്പിൽ താൻ അനുഭവിച്ചിട്ടുണ്ടെന്ന് ആ യുവാവിൽ ഒരു സംസ്മൃതിയുണർത്തി. സ്ഥലവും സന്ദർഭവും ഏതെന്നു പരിസ്ഫുടമായില്ല. യോഗീശ്വരന്റെ പ്രതിഭ, രൂപം, ചേഷ്ടാപ്രഭാവം, സ്വരം എന്നുവേണ്ട, നിശ്വാസഗന്ധംപോലും— ആ യുവാവെക്കൊണ്ടും ഒരു ത്രാടകവിദ്യാനുകരണം സാധിപ്പിച്ചു. ഗുരുശാസനീയമായ ഒരു സങ്കൽപംകൂടാതെ അനുഷ്ഠിക്കപ്പെട്ട ആ മഹത്തായ വിദ്യയുടെ ഫലം ഭിന്നകാലങ്ങളിലും ഭിന്നലിംഗങ്ങളിലും വിശേഷിച്ചും ഭിന്നപ്രകൃതിയിലും രണ്ടു സൃഷ്ടികൾ പരസ്പരബന്ധം കൂടാതെയും ഏകമാതൃകയിൽത്തന്നെ ഉണ്ടാകുന്നതു സംഭാവ്യമാണെന്നുള്ള ഒരു ആശ്ചര്യബോധമായിരുന്നു. തനിക്കു ബോദ്ധ്യമായ രൂപസാമ്യം അയാളുടെ മനസ്സിൽ അഭൂതപൂർവ്വമായുള്ള ആശ്ചര്യത്തെ ഉണ്ടാക്കി. എങ്കിലും, മീനാക്ഷിപ്രേമത്തിനും ശാശ്വതവിശ്വാസത്തിനും പാത്രമായ പരമസാധ്വിയും, തന്റെ മുമ്പിൽ നില്ക്കുന്ന പ്രതിച്ഛായ—പക്ഷ, അകാരണവും അവിഹിതവും ആയിരിക്കാം—വിദ്വേഷപാത്രമായുള്ള കൃത്രിമാസ്പദനും ആണെന്ന് ആ യുവാവു വ്യവച്ഛേദിച്ചു. യുവാവിന്റെ ഈർഷ്യാസ്തോഭത്തെക്കണ്ട്, താൻ മീനാക്ഷിയുടെ പ്രാർത്ഥനാനുസാരമായി അയാളെ കേശവപിള്ളയുടെ വക്രശൃംഖലകളിൽനിന്നു മോചനം ചെയ്‌വാൻ പോന്നിരിക്കയാണെന്നു യോഗീശ്വരൻ കരുണാമൃതവർഷത്തോടുകൂടി പ്രസ്താവിച്ചു. ഭൂവദനം തുറന്നു തന്നെ ഭക്ഷിച്ചുകളകയോ, അല്ലെങ്കിൽ ആകാശം തകർന്നുവീണു തന്നെ പരമാണുക്കളായി ധൂളീകരിക്കയോ ചെയ്താലും അങ്ങനെയുള്ള വിധിപ്രപാതത്തിന്റെ കർത്താവിനെ അവസാനശ്വാസത്തിലും അയാൾ ആരാധിക്കുമായിരുന്നു. എന്നാൽ, ആ യോഗിഖലന്റെ നാവിൽ ഉച്ചാരണകാലമാത്രമെങ്കിലും തന്റെ പരിശുദ്ധപ്രേമക്ഷേത്രമായ ‘മീനാക്ഷി’ എന്ന നാമധേയം ആവസിച്ചത്—ദുസ്സഹം!—പരമദുസ്സഹം!—ജന്മജന്മാന്തരങ്ങളിലും ക്ഷന്തവ്യമല്ലായിരുന്നു. യോഗീശ്വരനിൽ പണ്ഡിതഖലന്റെ ആഭിചാരചതുരനേയും തന്റെ പ്രണയവിഷയത്തിൽ ഒരു മത്സരിയേയും ആ യുവാവു ദർശനംചെയ്കയാൽ പുറംതിരിഞ്ഞു നിലകൊണ്ടു. യോഗീശ്വരൻ ആ ക്രിയയുടെ ദർശനമാത്രംകൊണ്ട് തന്റെ ശ്രമത്തിന്റെ ദുസ്സാമ്യതയെ സൂക്ഷ്മമാനംചെയ്തു.

ഹരിപഞ്ചാനനൻ: “വത്സാ! ശ്രീപത്മനാഭസങ്കേതത്തെ ഉപേക്ഷിച്ച്, നിന്നിലുള്ള വാത്സല്യംകൊണ്ട്, നിന്നോടു സംഗതനായിരിക്കുന്നക്ഷണകാലത്തെ സപ്രയോജനമാക്കാതെ വൃഥാസംഭാഷണംകൊണ്ടു വ്യർത്ഥമാക്കുന്നോ? ഇവിടെ വസിക്കുന്നു എങ്കിൽ നിന്റെ അവസാനം അടുത്തിരിക്കുന്നു. എന്നോടുകൂടി വ്യോമതരണം ചെയ്യുന്നതിനു സന്നദ്ധനാവുക. എന്നാൽ നിന്റെ പ്രിയതമയ്ക്കുവേണ്ടി നീ രക്ഷിക്കപ്പെടും. നമ്മുടെ ഗുണദോഷങ്ങളെ അംഗീകരിക്ക. നീ മഹാരാജാവെന്നു ഗണിക്കുന്ന പുരുഷൻ ചന്ത്രക്കാറനായ നമ്മുടെ ശിഷ്യപ്രഭുവിന്റെ ജീവനസമ്പത്തുക്കളേയും, അവിടത്തെ സേവകൻ നമ്മുടെ മീനാക്ഷി—അല്ലാ— [ 184 ] നിന്റെ—ആ കന്യകാവരണത്തേയും കാംക്ഷിക്കുന്നു.”

കേശവൻകുഞ്ഞ്: (‘തീർന്നു സന്ദേഹമെല്ലാം’ എന്ന സ്ഥിതിയിൽ തിരിഞ്ഞ്) “ഹാ! കഷ്ടം! അവിടന്ന് ഇത്ര ഗുരുലഘുത്വമില്ലാതെ സംസാരിക്കുന്നതെന്ത്? ധർമ്മപരനായ മഹാരാജാവിന്റെയും ആ ഭൃത്യഖലന്റെയും നാമങ്ങളെ ഒരേശ്വാസത്തിൽ സംഘടിപ്പിക്കുന്നതു നിർമ്മര്യാദമല്ലേ?”

ഹരിപഞ്ചാനനൻ: (കന്യകാവിഷയത്തിൽ തനിക്കുണ്ടായ പിഴയെക്കുറിച്ചു ചോദ്യമുണ്ടാകാത്തതിനാൽ സന്തോഷിച്ച്) “വത്സാ, എന്ത്! ഈ കാരാഗൃഹത്തെ സൂക്ഷിക്കുന്ന—ആളുകൾ രാജഭടന്മാരെന്നു കാണുന്നതിനു നിനക്കു നേത്രങ്ങളില്ലേ?”

കേശവൻകുഞ്ഞ്: “ഉണ്ട്. ശരീരസിദ്ധമായുള്ള രണ്ടിനും പുറമേ രണ്ടുവകകൂടിയുണ്ട്. കുലസിദ്ധവും ജ്ഞാനസിദ്ധവും. അതുകൾ മോക്ഷമാർഗ്ഗമായി ഇവിടന്ന് ഉപദേശിക്കുന്ന ഈ പർവതശിരസ്സിൽ നിന്നുള്ള ആകാശഗമനം ജീവനാശകമെന്നും, പിന്നെയും പലതും ദർശിപ്പിക്കുന്നു.”

ഹരിപഞ്ചാനനൻ: “ശുദ്ധാ! പരമശുദ്ധാ! എങ്കിലും, കഠിനഹൃദയാ! നിന്റെ രാജഭക്തികൊണ്ടുള്ള ആത്മബലിയിൽ സഹാത്മത്യാഗം ചെയ്‌വാൻ സന്നദ്ധയായിരിക്കുന്ന ആ സതിയുടെ വേദനകളെക്കുറിച്ചു നീ എന്തു ചിന്തിക്കുന്നു?”

കേശവൻകുഞ്ഞ്: “സന്ന്യസ്തകർമ്മാവായ അവിടത്തേക്ക് ഈ ഇന്ദ്രിയബന്ധവിഷയങ്ങളിൽ ബന്ധമെന്ത്? രാജന്യകുലീനയായ ആ പരമപാവനയുടെ പ്രാതിനിധ്യം വഹിക്കുന്നതിലേക്ക് എന്തവകാശം എന്ന് അരുളിച്ചെയ്താൽ, ആ ചോദ്യത്തിന് ഉത്തരം പറയാം.”

കേശവൻകുഞ്ഞിന്റെ ‘രാജന്യ’പദപ്രയോഗം യോഗീശ്വരന്റെ മനക്കമ്പിയെ അതിമഞ്ജുളമായുള്ള നിസ്വനത്തിനു തക്കവണ്ണം മീട്ടുകയാണു ചെയ്തത്. “അല്ലയോ ബാലകാ! എന്റെ ജീവിതത്തെയോ ചരിത്രത്തെയോ കുറിച്ചു നീ എന്തറിഞ്ഞു?” എന്ന് അർത്ഥമാകുന്ന ഒരു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തു പ്രചരിച്ചു. ആ യുവാവോടുള്ള സംവാദത്തെ അന്നത്തേക്കു നിറുത്തുന്നത് ഉചിതമെന്നു വിചാരിച്ച്, അദ്ദേഹം ഇങ്ങനെ ഖണ്ഡിച്ച് ഒരു ചോദ്യം ചെയ്തു: “ആകട്ടെ , നമ്മുടെ നിയന്ത്രണത്തെ അനുസരിക്കുന്നതിനു മനസ്സുണ്ടോ എന്നു തീർത്തുപറയുക.”

കേശവൻകുഞ്ഞ്: “അവിടത്തെ ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ, മീനാക്ഷിയോട് അവിടത്തേക്കുള്ള ബന്ധമെന്തെന്ന് ആദ്യമായി എന്നെ ധരിപ്പിക്കണം."

ഹരിപഞ്ചാനനൻ: (‘അതാ വന്നു മർമ്മചോദ്യം’ എന്നു ചിന്തിച്ചുകൊണ്ട്) “അതും അതിലധികവും നീ ധരിക്കുന്നതായ കാലം അടുക്കുന്നു. ആ ബാലികയിൽ ഒരു മനുഷ്യന് എന്ത് അധികാരങ്ങൾ ഉണ്ടാകാമോ, അതുകൾക്കവകാശി നാംതന്നെ.”

കേശവൻകുഞ്ഞ്: (ഭർത്തൃസ്ഥാനത്തെ സൂചിപ്പിക്കുന്നു എന്നു ധരിച്ച്) “കഷ്ടം! സുഭദ്രാഹരണകഥ—”

ഹരിപഞ്ചാനനൻ: (തടഞ്ഞ്) “കുഞ്ഞേ! ദൈവവിരോധമുണ്ടാകുന്ന വാക്കുകൾ ഉച്ചരിക്കാതെ. സർവ്വജ്ഞനെന്നുള്ള അഹങ്കാരം വിദ്വത്വത്തെ ഹനിക്കും. അരുത്! ഭാഷണം നിറുത്തുക.”

കേശവൻകുഞ്ഞ്: “എന്നാൽ അവിടത്തെ ഭാഷണവും നിറുത്തുക.”

ഹരിപഞ്ചാനനൻ: “പരമകഷ്ടം! പരമകഷ്ടം! നിന്റെ ഈ മനോഹരശരീരം ക്രൂരഗുഹാന്തരത്തിൽവച്ചു മൃതിയെപ്രാപിക്കും. നിന്റെ മൃദുലമാംസം ദ്രവിച്ചു വഴുതിയിറങ്ങി ഈ ശിലാതളിമത്തെ ദുർഗന്ധപൂർണ്ണമാക്കിച്ചെയ്യും. നിന്റെ അസ്ഥികൾ ശുഷ്കിച്ച്, ഉളുത്ത്, ഭസ്മമാകും. ഒരു ദിവസം, നല്ലോരുദയത്തിൽ ഈ ശിലാകവാടങ്ങൾ ദൃഢബദ്ധങ്ങളാകും. ഈ സംഭവങ്ങളെ ഈ കണ്ണുകൾ കാണുന്നു. പോരിക. എന്റെ മാറോടുചേർന്നു പോരിക. [ 185 ] നാം നിനക്ക് ഒരു പിതാവായും, അതിലധികമായും ഭവിക്കും. ഈ ശിലാമന്ദിരത്തിന്റെയും രാജമന്ദിരങ്ങളുടേയും സാക്ഷകൾ നിന്റെ കൽപനകൾപോലെ അതുകളുടെ നാളങ്ങളിൽ തിരിയും. നിന്റെ പാദങ്ങൾ മെതിക്കുന്ന ഭൂമിയെ നാട്ടിലെ പ്രഭുക്കളും പുണ്യഭൂമിയായി തൊട്ടു കണ്ണിൽ വയ്ക്കും. അങ്ങനെയുള്ള പദവികൾക്കു പോരിക.” ഈ ആപൽസൂചനകളും ഐശ്വരപദദാനവും കേട്ട് കേശവൻകുഞ്ഞു കർണ്ണങ്ങൾ പൊത്തി. ഹരിപഞ്ചാനനൻ അപ്രത്യക്ഷനുമായി.

നന്തിയത്തുണ്ണിത്താനെ തന്റെ കക്ഷിയിൽ ചേർക്കുന്നതിന് മന്ത്രക്കൂടത്തെ വൃദ്ധമുഖാന്തരം ചെയ്ത ശ്രമം നിഷ്ഫലമാവുകയാൽ മറ്റൊരുമാർഗ്ഗമായി കരുതിയിരുന്ന, കേശവൻകുഞ്ഞിന്റെ ലേഖനത്തെ സമ്പാദിക്കുന്നതിനു ചെയ്ത ശ്രമവും ഇങ്ങനെ ഭഗ്നമായി. എന്നാൽ ഉമ്മിണിപ്പിള്ളയുടെ ഹതി കഴിഞ്ഞതിന്റെശേഷം, വേണ്ടിവന്നാൽ ചന്ത്രക്കാറനോട് എതിർക്കത്തക്കവണ്ണം തന്റെ സ്വാധീനങ്ങളെ പൂർണ്ണബലമാക്കിച്ചെയ്യുന്നതിനായി ഉണ്ണിത്താന്റെ ബന്ധുത്വത്തെ പിന്നെയും ഹരിപഞ്ചാനനൻ ഇച്ഛിച്ചു. അതിനാൽ കേശവൻകുഞ്ഞിന്റെ ലേഖനത്തെ തന്റെ ക്ഷുദ്രപ്രയോഗംകൊണ്ടുതന്നെ കൈവശമാക്കുന്നതിനു യോഗീശ്വരൻ കച്ചകെട്ടി. ഉമ്മിണിപ്പിള്ളയുടെ വധത്തിനുശേഷം ഒന്നുരണ്ടു ദിവസം കഴിഞ്ഞ് ഒരു രാത്രി കേശവൻകുഞ്ഞു പരമാനന്ദചിത്തനായി നിദ്രചെയ്യുമ്പോൾ, തിരുവനന്തപുരത്തെ ബന്ധനഗൃഹത്തിൽവച്ചുണ്ടായതുപോലെ മീനാക്ഷീ സമാഗമത്തെ ദർശനംചെയ്തു. അത് സ്വപ്നവിഭ്രമവും മീനാക്ഷീസാന്നിദ്ധ്യവും അല്ലെന്നും, ഹരിപഞ്ചാനനന്റെക്ഷുദ്രക്രിയാഫലമാണെന്നും ഗ്രഹിപ്പാൻ വേണ്ട സമയംവരെ ആ യോഗീശവരന്റെ വൈദ്യുതാഭിചാരത്തെ ആ യുവാവിന്റെ ബുദ്ധി എതിർത്തു. ദീപ പ്രഭകൊണ്ട് ശോഭ വർദ്ധിച്ചിരുന്ന സിദ്ധനേത്രജ്യോതിസ്സിന്റെ സ്ഫുരണം, ആ യുവാവ് ഉണരുന്നതിനുമുമ്പിൽത്തന്നെ അയാളുടെ നേർക്ക് പ്രയോഗിച്ചുകഴിഞ്ഞ കർമ്മങ്ങളുടെ ശക്തികൊണ്ട് ക്ഷീണപ്രായമായിത്തീർന്നിരുന്ന അയാളുടെ നിയന്ത്രണശക്തിയെ, തീരെ നഷ്ടമാക്കി. യോഗീശ്വരന്റെ നിയോഗാനുസാരം, അദ്ദേഹത്തിന്റെ അരുളപ്പാടിന്റെ അക്ഷരവ്യത്യാസംകൂടാതെ ഒരു ഓലയിൽ ആ യുവാവ് ലേഖനംചെയ്തു. അനന്തരസംഭവങ്ങൾ തൽക്ഷണമുണ്ടായ സുഷുപ്തിയിൽ വിസ്മൃതമായി, ആ ഗിരിഗുഹാഗൃഹത്തിൽ ആദ്യം പ്രവേശനംചെയ്തപ്പോൾ അനുഭവിച്ചിരുന്ന ശിരോമാന്ദ്യത്തോടുകൂടി ആ യുവാവ് ഉണർന്നു. ഹരിപഞ്ചാനനനും രാജസചിവന്മാരുടെ ബന്ധുവാണെന്ന് ആ യുവാവു തീർച്ചയാക്കി. അദ്ദേഹം തനിക്ക് ഒരു ദർശനം നൽകി എന്നല്ലാതെ തന്നെക്കൊണ്ട് എന്തു ചെയ്യിച്ചു എന്ന് ഓർമ്മ ഉണ്ടായില്ല.

കുപ്പശ്ശാരുടെ നിഗ്രഹവൃത്താന്തം തിരുവനന്തപുരത്തെത്തിയ ഉടനെതന്നെ ആപൽക്കരമായ പ്രതിക്രിയ ഒന്നും അയാളുടെ പുത്രനായ ഭൈരവവിവിദമുഖൻ അനുഷ്ടിച്ചുപോകാതെ സൂക്ഷിക്കുന്നതിനായി, യോഗീശ്വരൻ മറ്റു ചില ദൗത്യങ്ങളോടുകൂടി, അയാളെ കേശവൻകുഞ്ഞിന്റെ രക്ഷാകാര്യത്തെ ഭരമേൽപിച്ച്, മരുത്വാൻമലയിലേക്കു യാത്രയാക്കി. നിയമപ്രകാരമുള്ള പരിചാരകൻ മാറി ഭൈരവന്റെ പരിചരണം തുടങ്ങിയപ്പോൾ കേശവൻകുഞ്ഞ്, ശ്രീരാമാന്തികത്തിൽ അന്തകന്റെ ഗൂഢാഗമനമുണ്ടായ പുരാവൃത്തത്തെ സ്മരിച്ചു. ആ ഭൃത്യൻ ആരാശ്ശാരുടെ കിങ്കരനാണെന്നും, അതിനാൽ തന്റെമേൽ മരണശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു എന്നും ശങ്കിച്ചു. മാതൃപിതൃപ്രണയിനികളുടെ പ്രേമസ്മരണങ്ങളെ നിറുത്തി ഇഹലോകവാസമെന്നുള്ള മോഹത്തെ പരമാർത്ഥസംഗനിവൃത്തന്റെ നിലയിൽ ഖണ്ഡിച്ച് ഏതാനും ദിനരാത്രങ്ങൾ കഴിച്ചു.

ഒരു ദിവസം നാലാംയുഗനാഥന്റെ പ്രതിച്ഛായായുള്ള ഭൃത്യന്റെ ആഗമനവും സ്നാനസൽക്കാരവും ഭക്ഷണദാനവും ഉണ്ടായില്ല. യോഗീശ്വരൻ ദീർഘദർശനംചെയ്ത ‘നല്ലുദയം’ സമാഗതമായോ എന്ന് മനസ്സിൽ ഒരു കമ്പനമുണ്ടായി കുറച്ചുനേരം കഴിച്ച്, തനിക്കു നേരിട്ടിരിക്കുന്ന മഹാദുർവിധിയെ സ്മരിച്ച് മദ്ദ്യാഹ്നംവരെ ആ യുവാവു പരിതപിച്ചു. സമീപത്തിരുന്ന ഗ്രന്ഥത്തിന്റെ പാരായണംകൊണ്ട് ക്ഷീണശമനം ചെയ്യാമെന്നു വിചാരിച്ച് അതിനെ എടുത്തതിൽ ഭാരമുള്ള ഒരു സാധനമായിത്തോന്നി. ഗുഹാമാർഗ്ഗങ്ങളെ തരണംചെയ്ത്, പുറത്തേക്കുള്ള വാതിലിനടുത്തു ചെന്ന് ഒന്നുരണ്ടു നാഴികനേരം ദ്വാരപാലവൃത്തിയെ അനുഷ്ഠിച്ചു. തന്റെ ബഹിർഗമനത്തെ തടയുന്ന വാതൽ മനുഷ്യവർജ്യമെന്നു സൂചിപ്പിക്കുന്ന നിശ്ചലതയ്ക്കല്ലാതെ മറ്റൊന്നിനും അന്തഃപ്രവേശനം നൽകുന്നില്ല. തന്റെ ബന്ധനശാലയിലേക്കു മടങ്ങി, ആ പകൽ മുഴുവൻ ഉപവാസമായിക്കഴിച്ചു. ജാലകപങ്ക്തിയിൽക്കൂടി അന്ധകാരത്തിന്റേയും അനന്തരം ചന്ദ്രകിരണങ്ങളുടേയും പ്രവേശനമുണ്ടായിട്ടും ഭടന്റെ സാന്നിദ്ധ്യമുണ്ടാകുന്നില്ല. ഉപവാസാനുഷ്ഠാനംകൊണ്ട് നാമജപങ്ങളോടുകൂടി യുവാവ് നിദ്രയ്ക്കാരംഭിച്ചു. കോകിലഗാനങ്ങളൂം ചകോരകൂജനങ്ങളൂം വണ്ടുകളുടെ ഝങ്കാരധ്വനികളും തൂക്കുമരച്ചുവട്ടിലേക്കു നയിക്കുന്ന കാഹളധ്വനികളെന്നു തോന്നിച്ചും കൊണ്ട് അയാളെ പ്രഭാതത്തിനുമുമ്പ് ഉണർത്തി. സൂര്യോദയം കണ്ട്, സ്വൽപം ആനന്ദമുണ്ടായി എങ്കിലും, ഭടന്റെ ആഗമനം അന്നും കാണാതെ കഴിഞ്ഞ ഓരോ മാത്രയിലും അയാളുടെ ബുദ്ധിക്ഷയം വർദ്ധിച്ചു. യോഗീശ്വരനു വശംവദനാകാതെ, അദ്ദേഹത്തോടുള്ള തന്റെ മനോവിരുദ്ധതയെ പ്രകടിപ്പിച്ചതിന് അദ്ദേഹത്തിന്റെ നേത്രങ്ങൾ ദർശനംചെയ്ത മാർഗ്ഗത്തിൽത്തന്നെ മൃതി സംഭവിപ്പിച്ചു ശിക്ഷിക്കുന്നു എന്നു തീർച്ചയാക്കി. അകക്കാമ്പിൽ വർദ്ധിച്ച ദാഹാഗ്നിയെ പാദപ്രക്ഷാളനാദികൾക്കു വച്ചിരുന്ന ജലശിഷ്ടത്തെക്കൊണ്ടു ശാന്തിവരുത്തി. സന്ധ്യാസമയമടുത്തപ്പോൾ കാളരാത്രിയുടെ സമാഗമമെന്നും, പർവ്വതനിരകൾ കാലദൂതന്മാരെന്നും, തന്റെ വസതിക്കുള്ളിൽ തിക്കിത്തിരക്കി പ്രവേശിക്കുന്ന ചേമന്തിവനമല്ലികാദികളുടെ സൗരഭ്യം നരകഗന്ധകധൂമമെന്നും, അങ്ങോട്ടും ഇങ്ങോട്ടും അമ്പുകൾപോലെ പറന്ന് മരക്കൊമ്പുകളിൽ ഒതുങ്ങുന്ന ശൂകചകോരാദി പക്ഷികൾ പിണ്ഡകാംക്ഷികളായ കാകജാതി എന്നും, അയാളുടെ ക്ഷതേന്ദ്രിയിൾക്കു തോന്നി. നാവു തളർന്നു എങ്കിലും, ദിവ്യങ്ങളായ ഓരോ അഷ്ടകങ്ങളും ദശകങ്ങളും മന്ത്രിച്ച്, ദൈവകരുണാമൃതത്തെ യാചിച്ചു. ശുചീന്ദ്രക്ഷേത്രവാസിയായ സ്ഥാണുമാലയപ്പെരുമാൾ കേൾക്കുമാറ് ആ ശിലാഭ്രൂണത്തിൽ ബദ്ധനായ മൃകണ്ഡുപുത്രൻ വാവിട്ടുനിലവിളിച്ചു. ഈ ഘോഷങ്ങളെല്ലാം തൽക്കാലം സമീപവർത്തികളായ കുരരികളെ സ്വഗൃഹഭ്രഷ്ടരാക്കി പലായനംചെയ്യിക്കമാത്രം ചെയ്തു. ചുറ്റും ആവരണംചെയ്യുന്ന പ്രശാന്തശീതളപവനൻ സൗഷുപ്തികമായുള്ള ഒരു മഹാരന്ധ്രത്തിലേക്കു തന്നെ നയിച്ചുതുടങ്ങുന്നു. ആ അവഗാഹനം നിദ്രയോ ബോധക്ഷയമോ മൃതിയോ എന്നു സംഭ്രമിക്കുന്നതിനിടയിൽ അയാളുടെ നാഡികൾ സ്തംഭിച്ച്, ശരീരം സുപ്തിപ്രചുരമായി. മണ്ഡപവലയിനിയായ പ്രകൃതീശ്വരി, സ്വാക്ഷദേശത്തിൽ സംഭവിക്കുന്ന അപമൃത്യുവെ സ്വൈരിണിയുടെ സമദൃഷ്ട്യാ തുച്ഛീകരിച്ചു ജഗന്മോഹനകരിയായി വിലസി. സമീപഗുഹാദ്വാരവാസികളായ മഹാത്മാക്കളുടെ ദിവ്യചക്ഷുസ്സുകളും ആ അകാലാസന്നദ്ധൃതിയെ ദർശിക്കുന്നില്ല. നിശാനടി തന്റെ കാന്തനായ ചന്ദ്രനെത്തുടർന്ന് ഭൂരംഗത്തെ കൃതാന്തകൃത്തായ ദ്വാദശാർക്കനൃത്തത്തിന് ഒഴിച്ചുകൊടുത്തു. ആ ശിലാമണ്ഡപം അപ്പോൾ സാക്ഷാൽ സത്യശക്തിയുടെ പരീക്ഷാസങ്കേതമായി പ്രകാശിച്ചു വിരാട്സ്വരൂപത്തിന്റെ മഹായോഗോപാധിപ്രശാന്തത ബന്ധിച്ച ആ മണ്ഡപത്തെ സർവത്ര അനിരോധ്യരായ യമകിങ്കരന്മാർ പ്രദിക്ഷണം ചെയ്തു.