ചന്ത്രക്കാറൻ: “ഹെന്നാൽ മഹാഭാവി ശതിച്ചു” എന്നു പറഞ്ഞ്, തന്റെ ദേഹത്തും വസ്ത്രത്തിലും ഉള്ള രക്തത്തെ കാണിച്ചുകൊണ്ട് അവിടെനിന്നും പറന്നു. വൃദ്ധ നിന്നിരുന്നിടത്തു വീണു. അതിനേയും സാരമാക്കാതെ ചന്ത്രക്കാറൻ തന്റെ കോവിലകമായ ചിലമ്പിനേത്തു ക്ഷണംകൊണ്ടെത്തി. വാതൽ തുറന്നു കിടന്നിരുന്നു. തന്റെ പതിവിൻപ്രകാരം വരാന്തയിൽ ചെന്ന്, ഇരുത്തിക്കെട്ടിയ ഭീമനായി ഇരുന്ന്, കാലും തുള്ളിച്ച് പിശ്ശാത്തിയും ചുഴറ്റി. ഭൃത്യരെ വിളിച്ചു. ഒരുവൻപോലും വിളിക്കേൾക്കുന്നില്ല. തന്റെ ബിരുദനാമത്തിലെ ത്ര്യക്ഷരസംഘടനയ്ക്കു ചേരുംവണ്ണം ത്ര്യക്ഷകോപനായി കൽപാന്തഗർജ്ജനംചെയ്തു. ദിഗന്തങ്ങൾ പ്രതിധ്വനിക്കമാത്രം ചെയ്തു. ഈ ഉപേക്ഷകൾ അവർണ്ണനീയമായുള്ള ഒരു അനുരാഗത്തെ ഉജ്ജ്വലിപ്പിക്കുകയാൽ അടുക്കളക്കാരിയായ ചന്ത്രക്കാരിണിയെ വിളിച്ചു; പ്രതിധ്വനിയുമില്ല; പുത്രിയായ പെണ്ണിനെ വിളിച്ചു; മറുപടി തഥൈവ. ചന്ത്രക്കാറൻ എഴുന്നേറ്റ്, ഔദാസീന്യശാസനം ചെയ്‌വാനായി ആ ഭവനക്കുറ്റികളേയും കുലുക്കുമ്പടി, തുള്ളിച്ചാടി ഭവനമെല്ലാം ചുറ്റിത്തകർത്തു. മനുഷ്യലാഞ്ഛനങ്ങൾ ഒന്നുംതന്നെ കാണുന്നില്ല. പറമ്പിൽ അമ്പരന്നുനടന്നു. ഭൃത്യരുടെ പൊടിപോലും നാസ്തി. പുറത്തിറങ്ങി അങ്ങുമിങ്ങും മണ്ടിത്തിരഞ്ഞു. കാണുന്ന കാണുന്ന ജനമെല്ലാം ഭൂതത്തെക്കണ്ടപോലെ പാഞ്ഞു മണ്ടുന്നു. പലേടത്തും കടന്നു. സ്വച്ഛായാമാത്രത്താൽ സർവതഃ സൽകൃതനാകുന്നു. ഏഴാമങ്കക്കൂടിയാട്ടം അഭൂതപൂർവമായുള്ള ‘ഏകച്ഛത്ര’ത്വത്തിൽത്തന്നെ ആയി പരിണമിക്കുന്നു.
ഈ ദുഷ്ട്യസാകല്യത്തിന്റെ ‘സാരസർവസ്വനെ’ കഥാരംഭത്തിൽ രാവണനോടുപമിച്ച അപരാധത്തെ വായനക്കാർ ക്ഷമിപ്പിൻ! ആ ചക്രവർത്തിയെ പുരാണങ്ങൾ നീചത്വത്തിന്റെ സംക്ഷേപമായി വിവക്ഷിക്കുന്നു. എന്നാൽ അദ്ദേഹം വീര്യസ്വർഗ്ഗപ്രാപകമായുള്ള സമരാങ്കണത്തിൽ ആയുധപാണിയായി ദിവ്യകരങ്ങളാൽ പ്രയോഗിക്കപ്പെട്ട ദിവ്യായുധമേറ്റ് നിര്യാണത്തെ പ്രാപിച്ച്, സാക്ഷാൽ ശ്രീരാമാജ്ഞയാ ചിതയിൽ ആരോഹിതനായ വീരവീരാഭിമാനികളിൽ സമഗ്രാത്തംസമായിരുന്നു. ഈ ധൂർത്തന്റെ മഹാവമാനത്തിൽ അനുവർത്തിച്ചത് ഓർക്കുമ്പോൾ—“ഇട്ട കൈയ്ക്കു കടിക്കണ പട്ടികള്! ചവത്തുങ്ങടെ പിണ്ടത്തിന് അളക്കണ അരിലാവം!” എന്ന് ഖരഘോഷാക്ഷരങ്ങളും മറന്നു പറഞ്ഞുകൊണ്ട് വാതലടച്ച്, ഭവനത്തിനകത്തു കയറി ഇരിക്കമാത്രംചെയ്ത ഈയാളുടെ വൃത്തിയെ ഓർക്കുമ്പോൾ—ക്ഷമിക്കണേ!
ഹരിപഞ്ചാനനസാന്നിദ്ധ്യത്തിൽ നാം വിട്ടിരിക്കുന്ന അനന്തരവന്റെ അവസ്ഥ എന്തെന്നുകൂടി ഈ അദ്ധ്യായത്തിൽ വിവരിച്ചു കൊള്ളട്ടെ. സാക്ഷാൽ സിദ്ധാർത്ഥമഹർഷിയെപ്പോലെ സാത്വികതേജോമയനായുള്ള ഹരിപഞ്ചാനനമഹൽസിദ്ധന്റെ സമക്ഷത്തിൽ കേശവൻകുഞ്ഞ് അപഹൃതപൗരുഷനായി. തന്റെ സമചിത്തതയെ പുനരവലംബനംചെയ്‌വാൻ അയാൾ അസാമാന്യമായി വിഷമിക്കേണ്ടിവന്നു. യോഗീശ്വഹരൻ മോക്ഷദാനത്തെച്ചെയ്‌വാൻ സന്നദ്ധനെന്നപോലെ, അവിടത്തെ ശിലാശയ്യയിന്മേൽ ഇരുന്ന് തന്റെ ഉപാന്തസ്ഥനാവാൻ ആംഗ്യംകൊണ്ട് യുവാവിനെക്ഷണിച്ചു. സ്വർലോകഗമനത്തിന് ഉച്ചൈശ്രവസ്സുതന്നെ തന്റെ കൈവശത്തിലുണ്ടെന്നുള്ള ഭാവനയോടുകൂടി യോഗമഹിമയെ അഭിനയിക്കുന്ന ആ സിദ്ധന്റെ കായത്തിൽ ഉഗ്രമായുള്ള തപോവൃത്തിയിലെ ആതപസഹനംകൊണ്ടുണ്ടാകുന്ന ശുഷ്കത ലവലേശവും കാണാത്തതിനാൽ, തന്റെ മനസ്സങ്കൽപപ്രകാരമുള്ള തപസ്ഫൂർത്തി അദ്ദേഹത്തിനുണ്ടായിട്ടില്ലെന്ന് ആ യുവാവ് നിശ്ചയിച്ചു. തന്റെ കാരണവരുടെ ഗൃഹത്തിൽ അത്യാഡംബരത്തോടുകൂടി എഴുന്നള്ളിയ കാമരമ്യമായുള്ള ശരീരത്തോടുകൂടിയ മല്ലവരൻതന്നെയാണ് തന്റെ മുമ്പിൽ സ്ഥിതിചെയ്യുന്നതെന്ന് അയാൾ ആ സിദ്ധഗാത്രത്തെ സൂക്ഷ്മപരിശോധനചെയ്തു തീർച്ചയാക്കി. എന്നാൽ കടുതായ വേനലിന്റെ ഊഷ്മാവുള്ള കാലത്ത് ദൃഷ്ടമായിരുന്ന ത്ര്യംബകോഗ്രതവർഷർത്തുവിലെ ശിശിരതയാൽ ശാന്തകോമളമാക്കപ്പെട്ടതായ ഒരു വ്യതിരിൽസ്ഥിതിയെ ദർശിക്കയും ചെയ്തു. തന്റെ ദിവ്യത്വത്തിന് ഹാനിവരാതെ ദേവഭാഷയിൽത്തന്നെ യോഗീശ്വരൻ ആ യുവാവോട് ഈ ഭാവാർത്ഥത്തിൽ സംഭാഷണം തുടങ്ങി: “വത്സാ! സ്ഥാണുമൂർത്തി അനുഗ്രഹിക്കട്ടെ. നിന്റെ മുഖത്തിൽനിന്നു ഗളിതങ്ങളായ അപഹസനങ്ങൾക്ക് ഈ സാധു എങ്ങനെ അർഹനായി?”
കേശവൻകുഞ്ഞ്: (തന്റെ വചനങ്ങളെ യോഗീശ്വരൻ പതുങ്ങി നിന്നു കേട്ടു എന്നു തീർച്ച