താൾ:Dharmaraja.djvu/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൃദ്ധ സങ്കൽപിച്ചു . ചന്ത്രക്കാറൻ ദീർഘവാദിയായില്ല. അയാളുടെ ഉദ്ദേശ്യത്തെ പുറപ്പാടിൽത്തന്നെ സ്പഷ്ടമാക്കി: “ഖഴക്കൂട്ടത്തെ നിഥി, എവിടെക്കുഴിച്ചുവച്ചിരിക്കുണൂന്നറിവാനാണു ഫോന്നത്.” കഥ അത്രയിലധികം ഒരക്ഷരംപോലുമില്ല.

വൃദ്ധ: “ഏതു വക? എന്തു വക?”

ചന്ത്രക്കാറൻ: “ഖഴക്കൂട്ടത്തുവഹയേ ഖഴക്കൂട്ടത്തുവഹ. നിഥിയേ, നിഥി. രാഝ്യം വെട്ടതൊറപ്പിച്ചവരെ ഹീടുവൈപ്പ്— ഫെമ്പറന്നോര്—”

വൃദ്ധ: “നിൽക്കൂ, നിൽക്കൂ—ഞങ്ങടെ വകയെക്കുറിച്ചാണോ താനിത്ര അലക്ഷ്യമായി ചോദിക്കുന്നത്? എന്നുമുതൽക്കാണ് ഉഗ്രനമ്മാവന്റെ ശേഷകാരൻ താനായത്?”

ചന്ത്രക്കാറൻ: “ഹെന്നുമൊതലെന്നും മറ്റും ഖേപ്പാറൊണ്ടൊ? ഹെവന് ഥോന്നിയപ്പമ്മൊതല്.”

വൃദ്ധ: “അതിന് തനിക്കെന്തവകാശം?”

ചന്ത്രക്കാറൻ: (വൃദ്ധ ആ തറയിൽ ജനിച്ച സ്ഥൈര്യഗുണത്തെ കാട്ടുമെന്നു വിചാരിച്ച് നയവാദമായി തുടങ്ങുന്നു.) “താനെന്നും മറ്റുമൊള്ള ഏട് കെട്ടിവച്ചേയ്ക്കണം. യിവന്റെ ആവിഛ്യത്തിനല്ല. ഹവനോന്റെ വയറ്റിന് വേണ്ടതും മീഥും ഹാണെപ്പോലെ കരുഥീട്ടുണ്ട്. ഹരിപഞ്ചാനനസ്സാമി ഖയ്പിച്ചു. ഖേശവൻകുട്ടിയെ വിടിപ്പാനെ ഉധ്യോഹപ്പട്ടികളെ, നക്കാപ്പിച്ചാ, വല്ല കരുവാട്ടുത്തല ചുട്ടെങ്കിലും അടിക്കണമെന്ന്.”

വൃദ്ധയുടെ മനസ്സ് ഹരിപഞ്ചാനനന്റെ നേർക്ക് അപ്രമേയമായ വാത്സല്യത്താൽ ആകൃഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഒരു ആജ്ഞയെ അനുസരിക്കുന്നതിനുള്ള കാലത്തെ അവർ ദീക്ഷിച്ചും ഇരിക്കയായിരുന്നു. താൻ ആദ്യം വിചാരിച്ചതിനു വിപരീതമായി, ചന്ത്രക്കാറന്റെ അന്നത്തെ ദർശനം ശുഭോദർക്കമാണെന്ന് അവർ വിചാരിച്ചു. ഉണ്ണിത്താൻ, പടത്തലവർ എന്നീ ബന്ധുക്കൾ അവരുടെ ആദരസോപാനത്തട്ടിൽ മൂന്നാംപടിയിലേക്കു വഴുതി. തന്റെ കുടുംബകാര്യത്തിൽ ഹരിപഞ്ചാനനുണ്ടായ താൽപര്യം ദൈവസങ്കൽപംതന്നെ എന്ന് അവർ പരമാനന്ദത്തെ കൈക്കൊണ്ടു. “സ്വാമി കൽപിച്ചാൽ ആ നിധി മുഴുവനും തന്നെ കൊണ്ടുപൊയ്ക്കൊള്ളാമല്ലോ. ഞങ്ങൾ പട്ടിണികിടന്നു കഴിച്ചുകൊള്ളാം.” എന്നു പറഞ്ഞുകൊണ്ട് കുപ്പശ്ശാരെ വിളിച്ചു. ഏതു കുപ്പശ്ശാർ വിളികേൾക്കുന്നു! ആത്മസാധകത്താൽ മൃതിപ്രാപ്തന്മാരെക്കൊണ്ടു വിളികേൾപ്പിക്കാൻ സാധിക്കുമെന്നുള്ള മതത്തെ നിഷേധിക്കുന്നില്ല. എന്നാൽ ഹരിപഞ്ചാനനസ്വാമികളുടെ കാര്യാർത്ഥമായിട്ടും ഉണ്ടായ വൃദ്ധയുടെ വിളിക്ക് ഉത്തരംകൂടാതെയാണു കഴിഞ്ഞത്.

ചന്ത്രക്കാറൻ: (പരുഷമായി) “ഹെടുത്ത വാക്കിന് കുപ്പാ—കുപ്പാ—കുപ്പാ—”

വൃദ്ധ: “അതിന്റെ കിടപ്പെല്ലാം അവനേ അറിയാവൂ.”

ചന്ത്രക്കാറൻ: (ഉള്ളിൽ തീകത്തി) “ഹെന്തര്? വഴിയേ പോണവന് അതിൽ ഖാര്യമെന്തരെന്നെ? ചന്ത്രക്കാറന്റടുത്തു ഫിത്തലാട്ടക്കട്ടെഴിക്ക്വാതിൻ—ഹൊരുത്തനെ വിളിക്കണമെങ്കില്, എവൻ ഥടിപോലെ അടുത്തു നിക്കണവനെ വിളിപ്പിൻ!”

വൃദ്ധ: “അങ്ങനെയല്ല അതിന്റെ കിടപ്പ്. ഉഗ്രനമ്മാവന് മീനാക്ഷിയുടെ അപ്പൂപ്പനെ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് കുപ്പനേയും. അതാതുകാലത്ത് ഓരോ ആൾ മാത്രമേ എവിടെ എന്നറിഞ്ഞിരിക്കാവൂ. അല്ലെങ്കിൽ അതു പാതാളം പാഞ്ഞുപോകും, എന്നുള്ളതു താനും അറിഞ്ഞിട്ടുണ്ടല്ലോ—” വമ്പനായ ദൈവമേ! ആ കോന്തിമൂപ്പൻ ഭാര്യയേയും വിശ്വസിക്കാതിരുന്ന ചതി ആരറിഞ്ഞു? ചന്ത്രക്കാറൻ വിഷണ്ണനായി, ഒരു പ്രത്യേക വേദനയോടുകൂടി ചോദിച്ചു: “ഹതപ്പം അക്കഴുവൻ കുഞ്ഞമ്മയ്ക്കു ഛെല്ലിത്തന്നിട്ടില്ലേ?”

വൃദ്ധ: “മരിക്കാറാകുമ്പോൾ കേശവൻകുഞ്ഞിനോടു പറയണമെന്നു ഞങ്ങൾ തീർച്ചയാക്കിയിരുന്നു.”

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/181&oldid=158451" എന്ന താളിൽനിന്ന് ശേഖരിച്ചത്