Jump to content

താൾ:Dharmaraja.djvu/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാം നിനക്ക് ഒരു പിതാവായും, അതിലധികമായും ഭവിക്കും. ഈ ശിലാമന്ദിരത്തിന്റെയും രാജമന്ദിരങ്ങളുടേയും സാക്ഷകൾ നിന്റെ കൽപനകൾപോലെ അതുകളുടെ നാളങ്ങളിൽ തിരിയും. നിന്റെ പാദങ്ങൾ മെതിക്കുന്ന ഭൂമിയെ നാട്ടിലെ പ്രഭുക്കളും പുണ്യഭൂമിയായി തൊട്ടു കണ്ണിൽ വയ്ക്കും. അങ്ങനെയുള്ള പദവികൾക്കു പോരിക.” ഈ ആപൽസൂചനകളും ഐശ്വരപദദാനവും കേട്ട് കേശവൻകുഞ്ഞു കർണ്ണങ്ങൾ പൊത്തി. ഹരിപഞ്ചാനനൻ അപ്രത്യക്ഷനുമായി.

നന്തിയത്തുണ്ണിത്താനെ തന്റെ കക്ഷിയിൽ ചേർക്കുന്നതിന് മന്ത്രക്കൂടത്തെ വൃദ്ധമുഖാന്തരം ചെയ്ത ശ്രമം നിഷ്ഫലമാവുകയാൽ മറ്റൊരുമാർഗ്ഗമായി കരുതിയിരുന്ന, കേശവൻകുഞ്ഞിന്റെ ലേഖനത്തെ സമ്പാദിക്കുന്നതിനു ചെയ്ത ശ്രമവും ഇങ്ങനെ ഭഗ്നമായി. എന്നാൽ ഉമ്മിണിപ്പിള്ളയുടെ ഹതി കഴിഞ്ഞതിന്റെശേഷം, വേണ്ടിവന്നാൽ ചന്ത്രക്കാറനോട് എതിർക്കത്തക്കവണ്ണം തന്റെ സ്വാധീനങ്ങളെ പൂർണ്ണബലമാക്കിച്ചെയ്യുന്നതിനായി ഉണ്ണിത്താന്റെ ബന്ധുത്വത്തെ പിന്നെയും ഹരിപഞ്ചാനനൻ ഇച്ഛിച്ചു. അതിനാൽ കേശവൻകുഞ്ഞിന്റെ ലേഖനത്തെ തന്റെ ക്ഷുദ്രപ്രയോഗംകൊണ്ടുതന്നെ കൈവശമാക്കുന്നതിനു യോഗീശ്വരൻ കച്ചകെട്ടി. ഉമ്മിണിപ്പിള്ളയുടെ വധത്തിനുശേഷം ഒന്നുരണ്ടു ദിവസം കഴിഞ്ഞ് ഒരു രാത്രി കേശവൻകുഞ്ഞു പരമാനന്ദചിത്തനായി നിദ്രചെയ്യുമ്പോൾ, തിരുവനന്തപുരത്തെ ബന്ധനഗൃഹത്തിൽവച്ചുണ്ടായതുപോലെ മീനാക്ഷീ സമാഗമത്തെ ദർശനംചെയ്തു. അത് സ്വപ്നവിഭ്രമവും മീനാക്ഷീസാന്നിദ്ധ്യവും അല്ലെന്നും, ഹരിപഞ്ചാനനന്റെക്ഷുദ്രക്രിയാഫലമാണെന്നും ഗ്രഹിപ്പാൻ വേണ്ട സമയംവരെ ആ യോഗീശവരന്റെ വൈദ്യുതാഭിചാരത്തെ ആ യുവാവിന്റെ ബുദ്ധി എതിർത്തു. ദീപ പ്രഭകൊണ്ട് ശോഭ വർദ്ധിച്ചിരുന്ന സിദ്ധനേത്രജ്യോതിസ്സിന്റെ സ്ഫുരണം, ആ യുവാവ് ഉണരുന്നതിനുമുമ്പിൽത്തന്നെ അയാളുടെ നേർക്ക് പ്രയോഗിച്ചുകഴിഞ്ഞ കർമ്മങ്ങളുടെ ശക്തികൊണ്ട് ക്ഷീണപ്രായമായിത്തീർന്നിരുന്ന അയാളുടെ നിയന്ത്രണശക്തിയെ, തീരെ നഷ്ടമാക്കി. യോഗീശ്വരന്റെ നിയോഗാനുസാരം, അദ്ദേഹത്തിന്റെ അരുളപ്പാടിന്റെ അക്ഷരവ്യത്യാസംകൂടാതെ ഒരു ഓലയിൽ ആ യുവാവ് ലേഖനംചെയ്തു. അനന്തരസംഭവങ്ങൾ തൽക്ഷണമുണ്ടായ സുഷുപ്തിയിൽ വിസ്മൃതമായി, ആ ഗിരിഗുഹാഗൃഹത്തിൽ ആദ്യം പ്രവേശനംചെയ്തപ്പോൾ അനുഭവിച്ചിരുന്ന ശിരോമാന്ദ്യത്തോടുകൂടി ആ യുവാവ് ഉണർന്നു. ഹരിപഞ്ചാനനനും രാജസചിവന്മാരുടെ ബന്ധുവാണെന്ന് ആ യുവാവു തീർച്ചയാക്കി. അദ്ദേഹം തനിക്ക് ഒരു ദർശനം നൽകി എന്നല്ലാതെ തന്നെക്കൊണ്ട് എന്തു ചെയ്യിച്ചു എന്ന് ഓർമ്മ ഉണ്ടായില്ല.

കുപ്പശ്ശാരുടെ നിഗ്രഹവൃത്താന്തം തിരുവനന്തപുരത്തെത്തിയ ഉടനെതന്നെ ആപൽക്കരമായ പ്രതിക്രിയ ഒന്നും അയാളുടെ പുത്രനായ ഭൈരവവിവിദമുഖൻ അനുഷ്ടിച്ചുപോകാതെ സൂക്ഷിക്കുന്നതിനായി, യോഗീശ്വരൻ മറ്റു ചില ദൗത്യങ്ങളോടുകൂടി, അയാളെ കേശവൻകുഞ്ഞിന്റെ രക്ഷാകാര്യത്തെ ഭരമേൽപിച്ച്, മരുത്വാൻമലയിലേക്കു യാത്രയാക്കി. നിയമപ്രകാരമുള്ള പരിചാരകൻ മാറി ഭൈരവന്റെ പരിചരണം തുടങ്ങിയപ്പോൾ കേശവൻകുഞ്ഞ്, ശ്രീരാമാന്തികത്തിൽ അന്തകന്റെ ഗൂഢാഗമനമുണ്ടായ പുരാവൃത്തത്തെ സ്മരിച്ചു. ആ ഭൃത്യൻ ആരാശ്ശാരുടെ കിങ്കരനാണെന്നും, അതിനാൽ തന്റെമേൽ മരണശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു എന്നും ശങ്കിച്ചു. മാതൃപിതൃപ്രണയിനികളുടെ പ്രേമസ്മരണങ്ങളെ നിറുത്തി ഇഹലോകവാസമെന്നുള്ള മോഹത്തെ പരമാർത്ഥസംഗനിവൃത്തന്റെ നിലയിൽ ഖണ്ഡിച്ച് ഏതാനും ദിനരാത്രങ്ങൾ കഴിച്ചു.

ഒരു ദിവസം നാലാംയുഗനാഥന്റെ പ്രതിച്ഛായായുള്ള ഭൃത്യന്റെ ആഗമനവും സ്നാനസൽക്കാരവും ഭക്ഷണദാനവും ഉണ്ടായില്ല. യോഗീശ്വരൻ ദീർഘദർശനംചെയ്ത ‘നല്ലുദയം’ സമാഗതമായോ എന്ന് മനസ്സിൽ ഒരു കമ്പനമുണ്ടായി കുറച്ചുനേരം കഴിച്ച്, തനിക്കു നേരിട്ടിരിക്കുന്ന മഹാദുർവിധിയെ സ്മരിച്ച് മദ്ദ്യാഹ്നംവരെ ആ യുവാവു പരിതപിച്ചു. സമീപത്തിരുന്ന ഗ്രന്ഥത്തിന്റെ പാരായണംകൊണ്ട് ക്ഷീണശമനം ചെയ്യാമെന്നു വിചാരിച്ച് അതിനെ എടുത്തതിൽ ഭാരമുള്ള ഒരു സാധനമായിത്തോന്നി. ഗുഹാമാർഗ്ഗങ്ങളെ തരണംചെയ്ത്, പുറത്തേക്കുള്ള വാതിലിനടുത്തു ചെന്ന് ഒന്നുരണ്ടു നാഴികനേരം ദ്വാരപാലവൃത്തിയെ അ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/185&oldid=158455" എന്ന താളിൽനിന്ന് ശേഖരിച്ചത്