താൾ:Dharmaraja.djvu/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിന്റെ—ആ കന്യകാവരണത്തേയും കാംക്ഷിക്കുന്നു.”

കേശവൻകുഞ്ഞ്: (‘തീർന്നു സന്ദേഹമെല്ലാം’ എന്ന സ്ഥിതിയിൽ തിരിഞ്ഞ്) “ഹാ! കഷ്ടം! അവിടന്ന് ഇത്ര ഗുരുലഘുത്വമില്ലാതെ സംസാരിക്കുന്നതെന്ത്? ധർമ്മപരനായ മഹാരാജാവിന്റെയും ആ ഭൃത്യഖലന്റെയും നാമങ്ങളെ ഒരേശ്വാസത്തിൽ സംഘടിപ്പിക്കുന്നതു നിർമ്മര്യാദമല്ലേ?”

ഹരിപഞ്ചാനനൻ: (കന്യകാവിഷയത്തിൽ തനിക്കുണ്ടായ പിഴയെക്കുറിച്ചു ചോദ്യമുണ്ടാകാത്തതിനാൽ സന്തോഷിച്ച്) “വത്സാ, എന്ത്! ഈ കാരാഗൃഹത്തെ സൂക്ഷിക്കുന്ന—ആളുകൾ രാജഭടന്മാരെന്നു കാണുന്നതിനു നിനക്കു നേത്രങ്ങളില്ലേ?”

കേശവൻകുഞ്ഞ്: “ഉണ്ട്. ശരീരസിദ്ധമായുള്ള രണ്ടിനും പുറമേ രണ്ടുവകകൂടിയുണ്ട്. കുലസിദ്ധവും ജ്ഞാനസിദ്ധവും. അതുകൾ മോക്ഷമാർഗ്ഗമായി ഇവിടന്ന് ഉപദേശിക്കുന്ന ഈ പർവതശിരസ്സിൽ നിന്നുള്ള ആകാശഗമനം ജീവനാശകമെന്നും, പിന്നെയും പലതും ദർശിപ്പിക്കുന്നു.”

ഹരിപഞ്ചാനനൻ: “ശുദ്ധാ! പരമശുദ്ധാ! എങ്കിലും, കഠിനഹൃദയാ! നിന്റെ രാജഭക്തികൊണ്ടുള്ള ആത്മബലിയിൽ സഹാത്മത്യാഗം ചെയ്‌വാൻ സന്നദ്ധയായിരിക്കുന്ന ആ സതിയുടെ വേദനകളെക്കുറിച്ചു നീ എന്തു ചിന്തിക്കുന്നു?”

കേശവൻകുഞ്ഞ്: “സന്ന്യസ്തകർമ്മാവായ അവിടത്തേക്ക് ഈ ഇന്ദ്രിയബന്ധവിഷയങ്ങളിൽ ബന്ധമെന്ത്? രാജന്യകുലീനയായ ആ പരമപാവനയുടെ പ്രാതിനിധ്യം വഹിക്കുന്നതിലേക്ക് എന്തവകാശം എന്ന് അരുളിച്ചെയ്താൽ, ആ ചോദ്യത്തിന് ഉത്തരം പറയാം.”

കേശവൻകുഞ്ഞിന്റെ ‘രാജന്യ’പദപ്രയോഗം യോഗീശ്വരന്റെ മനക്കമ്പിയെ അതിമഞ്ജുളമായുള്ള നിസ്വനത്തിനു തക്കവണ്ണം മീട്ടുകയാണു ചെയ്തത്. “അല്ലയോ ബാലകാ! എന്റെ ജീവിതത്തെയോ ചരിത്രത്തെയോ കുറിച്ചു നീ എന്തറിഞ്ഞു?” എന്ന് അർത്ഥമാകുന്ന ഒരു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തു പ്രചരിച്ചു. ആ യുവാവോടുള്ള സംവാദത്തെ അന്നത്തേക്കു നിറുത്തുന്നത് ഉചിതമെന്നു വിചാരിച്ച്, അദ്ദേഹം ഇങ്ങനെ ഖണ്ഡിച്ച് ഒരു ചോദ്യം ചെയ്തു: “ആകട്ടെ , നമ്മുടെ നിയന്ത്രണത്തെ അനുസരിക്കുന്നതിനു മനസ്സുണ്ടോ എന്നു തീർത്തുപറയുക.”

കേശവൻകുഞ്ഞ്: “അവിടത്തെ ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ, മീനാക്ഷിയോട് അവിടത്തേക്കുള്ള ബന്ധമെന്തെന്ന് ആദ്യമായി എന്നെ ധരിപ്പിക്കണം."

ഹരിപഞ്ചാനനൻ: (‘അതാ വന്നു മർമ്മചോദ്യം’ എന്നു ചിന്തിച്ചുകൊണ്ട്) “അതും അതിലധികവും നീ ധരിക്കുന്നതായ കാലം അടുക്കുന്നു. ആ ബാലികയിൽ ഒരു മനുഷ്യന് എന്ത് അധികാരങ്ങൾ ഉണ്ടാകാമോ, അതുകൾക്കവകാശി നാംതന്നെ.”

കേശവൻകുഞ്ഞ്: (ഭർത്തൃസ്ഥാനത്തെ സൂചിപ്പിക്കുന്നു എന്നു ധരിച്ച്) “കഷ്ടം! സുഭദ്രാഹരണകഥ—”

ഹരിപഞ്ചാനനൻ: (തടഞ്ഞ്) “കുഞ്ഞേ! ദൈവവിരോധമുണ്ടാകുന്ന വാക്കുകൾ ഉച്ചരിക്കാതെ. സർവ്വജ്ഞനെന്നുള്ള അഹങ്കാരം വിദ്വത്വത്തെ ഹനിക്കും. അരുത്! ഭാഷണം നിറുത്തുക.”

കേശവൻകുഞ്ഞ്: “എന്നാൽ അവിടത്തെ ഭാഷണവും നിറുത്തുക.”

ഹരിപഞ്ചാനനൻ: “പരമകഷ്ടം! പരമകഷ്ടം! നിന്റെ ഈ മനോഹരശരീരം ക്രൂരഗുഹാന്തരത്തിൽവച്ചു മൃതിയെപ്രാപിക്കും. നിന്റെ മൃദുലമാംസം ദ്രവിച്ചു വഴുതിയിറങ്ങി ഈ ശിലാതളിമത്തെ ദുർഗന്ധപൂർണ്ണമാക്കിച്ചെയ്യും. നിന്റെ അസ്ഥികൾ ശുഷ്കിച്ച്, ഉളുത്ത്, ഭസ്മമാകും. ഒരു ദിവസം, നല്ലോരുദയത്തിൽ ഈ ശിലാകവാടങ്ങൾ ദൃഢബദ്ധങ്ങളാകും. ഈ സംഭവങ്ങളെ ഈ കണ്ണുകൾ കാണുന്നു. പോരിക. എന്റെ മാറോടുചേർന്നു പോരിക.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/184&oldid=158454" എന്ന താളിൽനിന്ന് ശേഖരിച്ചത്