താൾ:Dharmaraja.djvu/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നുഷ്ഠിച്ചു. തന്റെ ബഹിർഗമനത്തെ തടയുന്ന വാതൽ മനുഷ്യവർജ്യമെന്നു സൂചിപ്പിക്കുന്ന നിശ്ചലതയ്ക്കല്ലാതെ മറ്റൊന്നിനും അന്തഃപ്രവേശനം നൽകുന്നില്ല. തന്റെ ബന്ധനശാലയിലേക്കു മടങ്ങി, ആ പകൽ മുഴുവൻ ഉപവാസമായിക്കഴിച്ചു. ജാലകപങ്ക്തിയിൽക്കൂടി അന്ധകാരത്തിന്റേയും അനന്തരം ചന്ദ്രകിരണങ്ങളുടേയും പ്രവേശനമുണ്ടായിട്ടും ഭടന്റെ സാന്നിദ്ധ്യമുണ്ടാകുന്നില്ല. ഉപവാസാനുഷ്ഠാനംകൊണ്ട് നാമജപങ്ങളോടുകൂടി യുവാവ് നിദ്രയ്ക്കാരംഭിച്ചു. കോകിലഗാനങ്ങളൂം ചകോരകൂജനങ്ങളൂം വണ്ടുകളുടെ ഝങ്കാരധ്വനികളും തൂക്കുമരച്ചുവട്ടിലേക്കു നയിക്കുന്ന കാഹളധ്വനികളെന്നു തോന്നിച്ചും കൊണ്ട് അയാളെ പ്രഭാതത്തിനുമുമ്പ് ഉണർത്തി. സൂര്യോദയം കണ്ട്, സ്വൽപം ആനന്ദമുണ്ടായി എങ്കിലും, ഭടന്റെ ആഗമനം അന്നും കാണാതെ കഴിഞ്ഞ ഓരോ മാത്രയിലും അയാളുടെ ബുദ്ധിക്ഷയം വർദ്ധിച്ചു. യോഗീശ്വരനു വശംവദനാകാതെ, അദ്ദേഹത്തോടുള്ള തന്റെ മനോവിരുദ്ധതയെ പ്രകടിപ്പിച്ചതിന് അദ്ദേഹത്തിന്റെ നേത്രങ്ങൾ ദർശനംചെയ്ത മാർഗ്ഗത്തിൽത്തന്നെ മൃതി സംഭവിപ്പിച്ചു ശിക്ഷിക്കുന്നു എന്നു തീർച്ചയാക്കി. അകക്കാമ്പിൽ വർദ്ധിച്ച ദാഹാഗ്നിയെ പാദപ്രക്ഷാളനാദികൾക്കു വച്ചിരുന്ന ജലശിഷ്ടത്തെക്കൊണ്ടു ശാന്തിവരുത്തി. സന്ധ്യാസമയമടുത്തപ്പോൾ കാളരാത്രിയുടെ സമാഗമമെന്നും, പർവ്വതനിരകൾ കാലദൂതന്മാരെന്നും, തന്റെ വസതിക്കുള്ളിൽ തിക്കിത്തിരക്കി പ്രവേശിക്കുന്ന ചേമന്തിവനമല്ലികാദികളുടെ സൗരഭ്യം നരകഗന്ധകധൂമമെന്നും, അങ്ങോട്ടും ഇങ്ങോട്ടും അമ്പുകൾപോലെ പറന്ന് മരക്കൊമ്പുകളിൽ ഒതുങ്ങുന്ന ശൂകചകോരാദി പക്ഷികൾ പിണ്ഡകാംക്ഷികളായ കാകജാതി എന്നും, അയാളുടെ ക്ഷതേന്ദ്രിയിൾക്കു തോന്നി. നാവു തളർന്നു എങ്കിലും, ദിവ്യങ്ങളായ ഓരോ അഷ്ടകങ്ങളും ദശകങ്ങളും മന്ത്രിച്ച്, ദൈവകരുണാമൃതത്തെ യാചിച്ചു. ശുചീന്ദ്രക്ഷേത്രവാസിയായ സ്ഥാണുമാലയപ്പെരുമാൾ കേൾക്കുമാറ് ആ ശിലാഭ്രൂണത്തിൽ ബദ്ധനായ മൃകണ്ഡുപുത്രൻ വാവിട്ടുനിലവിളിച്ചു. ഈ ഘോഷങ്ങളെല്ലാം തൽക്കാലം സമീപവർത്തികളായ കുരരികളെ സ്വഗൃഹഭ്രഷ്ടരാക്കി പലായനംചെയ്യിക്കമാത്രം ചെയ്തു. ചുറ്റും ആവരണംചെയ്യുന്ന പ്രശാന്തശീതളപവനൻ സൗഷുപ്തികമായുള്ള ഒരു മഹാരന്ധ്രത്തിലേക്കു തന്നെ നയിച്ചുതുടങ്ങുന്നു. ആ അവഗാഹനം നിദ്രയോ ബോധക്ഷയമോ മൃതിയോ എന്നു സംഭ്രമിക്കുന്നതിനിടയിൽ അയാളുടെ നാഡികൾ സ്തംഭിച്ച്, ശരീരം സുപ്തിപ്രചുരമായി. മണ്ഡപവലയിനിയായ പ്രകൃതീശ്വരി, സ്വാക്ഷദേശത്തിൽ സംഭവിക്കുന്ന അപമൃത്യുവെ സ്വൈരിണിയുടെ സമദൃഷ്ട്യാ തുച്ഛീകരിച്ചു ജഗന്മോഹനകരിയായി വിലസി. സമീപഗുഹാദ്വാരവാസികളായ മഹാത്മാക്കളുടെ ദിവ്യചക്ഷുസ്സുകളും ആ അകാലാസന്നദ്ധൃതിയെ ദർശിക്കുന്നില്ല. നിശാനടി തന്റെ കാന്തനായ ചന്ദ്രനെത്തുടർന്ന് ഭൂരംഗത്തെ കൃതാന്തകൃത്തായ ദ്വാദശാർക്കനൃത്തത്തിന് ഒഴിച്ചുകൊടുത്തു. ആ ശിലാമണ്ഡപം അപ്പോൾ സാക്ഷാൽ സത്യശക്തിയുടെ പരീക്ഷാസങ്കേതമായി പ്രകാശിച്ചു വിരാട്സ്വരൂപത്തിന്റെ മഹായോഗോപാധിപ്രശാന്തത ബന്ധിച്ച ആ മണ്ഡപത്തെ സർവത്ര അനിരോധ്യരായ യമകിങ്കരന്മാർ പ്രദിക്ഷണം ചെയ്തു.


അദ്ധ്യായം ഇരുപത്തിനാല്


“നിൽക്കരുതാരും പുറത്തിനി വാനര–
രൊക്കെക്കടക്ക മുറിക്ക മതിലുകൾ,
കൂപതടാകങ്ങൾ തൂർക്ക കിടങ്ങുകൾ,
ഗോപുരദ്വാരാവധി നിരത്തീടുക.”

കഥാവസാനം അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ കഥാരംഭരംഗമായ കളപ്രക്കോട്ടഭവനത്തിന്റെ ക്ഷേമസ്ഥിതികളെക്കുറിച്ച് അന്വേഷിക്കുന്നതു സമുചിതമായിരിക്കുമല്ലോ. പതിമൂന്നുവർഷവും നാലിലധികം സൂര്യസംക്രമവും കഴിഞ്ഞിട്ടും ആ ഭവനം ബാലശാപംകൊണ്ടു ക്ഷയത്തെ പ്രാപിക്കാതെ, നേരെമറിച്ച് പുരാതന കാലത്തെ ദേശാധിപത്യപ്രാമാണ്യത്തേയും

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/186&oldid=158456" എന്ന താളിൽനിന്ന് ശേഖരിച്ചത്