താൾ:Dharmaraja.djvu/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കവിഞ്ഞുള്ള രാജപുത്രപ്രഭുത്വത്തിന്റെ വിക്രമയശഃസ്തംഭത്തെ നാട്ടിയിരിക്കുന്നു. ഹരിപഞ്ചാനനയോഗിരാജസന്ദർശനം കഴിഞ്ഞ് കുഞ്ചുത്തമ്പി മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തെ ദൃഷ്ടിദോഷം, നാവിൻദോഷം എന്നിവകളെ പരിഹരിച്ച് കോട്ടയകം പൂകിപ്പാൻ വട്ടകയിൽ അരത്തവെള്ളവും (കുരുതിയും) ദീപവുംകൊണ്ട് അരത്തമപ്പിള്ളത്തങ്കച്ചിയുടെ മുമ്പിലായി പുറപ്പെട്ട തോഴി, പാണ്ഡവാരാധകരായ വേലർ വർഗ്ഗത്താൽ ഉപാസ്യയായ ഒരു വനയക്ഷിതന്നെ ആയിരുന്നു. അതിന്റെ വിതർത്തുള്ള കാപ്പിരിമുടിയും, കർണ്ണങ്ങളിൽ ഊഞ്ഞോലാടുന്ന രുദ്രാക്ഷദ്വന്ദ്വവും, ഭൗതികമായുള്ള ഭയങ്ങൾക്കു രക്ഷാസൂത്രമായണിഞ്ഞുള്ള കരിമ്പടനൂൽ കണ്ഠഹാരവും, ജ്വരസംഹാരിയായുള്ള ആനവാൽകങ്കണങ്ങളും, കൈവിരലുകളെ അലങ്കരിക്കുന്ന ശംഖതാമ്രമോതിരങ്ങളും, പാദാഭരണങ്ങളായ ഇരുമ്പുവലയങ്ങളും, നെറ്റിയിലും കണ്ണുകളെ വലയംചെയ്തും തെളിയുന്ന ഭസ്മപ്പരിക്കുകളും, എങ്ങും നടപ്പില്ലാത്ത സമ്പ്രദായത്തിൽ ശരീരത്തെ ആവരണംചെയ്യുന്ന കാവിവസ്ത്രങ്ങളും, എല്ലാത്തിനും വിശേഷമായി നാസികാഭരണസ്ഥാനത്ത് മാന്ത്രികധ്വജമായി പൊങ്ങിനില്ക്കുന്ന ഈർക്കിൽമൂക്കുത്തിയും കണ്ടപ്പോൾ, ഹരിപഞ്ചാനനനോടുള്ള പ്രത്യയാനുഗ്രഹമായി തനിക്ക് ഒരു കരിംകൃത്യാങ്കരിയെ കിട്ടിയിരിക്കുന്നു എന്നു തമ്പി സന്തോഷിച്ചു. ഭഗവതിയമ്മയുടെ മനം തമ്പിയുടെ ദർശനത്തിൽ അമ്മയെക്കാണാൻ ഉഴറാഞ്ഞത് അവരുടെ മന്ത്രശക്തിയുടെ മാഹാത്മ്യം കൊണ്ടുതന്നെ ആയിരുന്നു. തമ്പിയേക്കാൾ പത്തു പതിനഞ്ചു നാഴികയ്ക്കു മുമ്പിൽ തിരുവനന്തപുരത്തുനിന്നും ശരവും പക്ഷിയും ചന്ദ്രനും രാഹുവും ഗുളികനും പിന്നെ പത്തുപന്ത്രണ്ടു ‘നവദോഷങ്ങളും’ നോക്കി, പടത്തലവരുടെ നിർദേശപ്രകാരം ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു പുറപ്പെട്ടു. കദളീവനത്തിൽ കേട്ടിരുന്നുവെങ്കിൽ, വൈയാകരണപടുവായ ശ്രീഹനുമാന്റെ സമാധിബന്ധലംഘനം ചെയ്യിക്കുമായിരുന്ന പദവ്യതിരേകങ്ങളോടുകൂടി ആ വിഷ്ണുഭക്തന്റെ നാമദശകത്തേയും ജപിച്ചുകൊണ്ടാണ് നമ്മുടെ ദൂതിനടന്നുതുടങ്ങിയത്. പ്രാർത്ഥനകളിൽ ശബ്ദമല്ലാ, ധ്യാനമാണ് പ്രധാനമെന്നു തെളിയിക്കുമാറ്, ഭഗവതിയമ്മയുടെ ‘അങ്ങനാസൂനു’വായുള്ള ‘വാശുപുത്ര’നാമമന്ത്രത്തിന്റെ പ്രേഷകശക്തികൊണ്ട് ആ സ്ത്രീ തമ്പിയെ മുന്നിട്ട് കളപ്രാക്കോട്ടയിൽ അടുത്ത്, തമ്പിപ്രഭു എത്തുന്നതിനുമുമ്പിൽ ആ ഭവനത്തിലെ നായികയേയും അടുക്കളയേയും തന്റെ ചൊൽക്കീഴാക്കി. തമ്പിയുടെ പ്രത്യാഗമനാഘോഷമായി പരിപ്പും നെയ്യും കൂട്ടിയുള്ള ഊണിനിരുന്നപ്പോൾ, മനോരമ്യമായുള്ള പാചകചിന്താമണിപ്രയോഗങ്ങളെ തങ്കച്ചി തളികകളിൽ പകർന്നു. ഭഗവതിയമ്മയുടെ കൈപ്പുണ്യസാക്ഷ്യങ്ങളായ സദ്യവിഭവങ്ങളെക്കാളും തമ്പിക്കു രുചിച്ചത്, തോഴിയുടെ ഉപദേശപ്രകാരമുള്ള തങ്കച്ചിയുടെ ‘തലചൊരുക്’ മുതലായുള്ള ഒരുക്കങ്ങളായിരുന്നു. തമ്പി ഭാഗ്യഹിമവാന്റെ അഗ്രസാനുവിൽ കയറി കണ്ണരണ്ടു. ഭക്ഷണാനന്തരം ഭാര്യയേയും ഊട്ടി, വിശ്രമക്കെട്ടിൽ ആനന്ദാന്ദോളമഞ്ചത്തിൽ, ‘സർവവിഘ്നകരന്ദേവ’നായി കുശാൽകൊണ്ട് ഇരിപ്പായി. നവവേഷം ധരിച്ചതുകൊണ്ട് വ്രീളാവതിയായിരിക്കുന്ന തങ്കച്ചി താംബൂലദാനംചെയ്തതും ഒരു നവസമ്പ്രദായത്തിലായിരുന്നു. ഒടിച്ചുമടക്കി, കശക്കിയല്ലാതെ, ഞരമ്പറുത്തു സുന്നം തടവിനിരപ്പാക്കി, തിറുത്ത്, അഗ്രത്തെ സുന്നശകലംകൊണ്ട് ഒട്ടിച്ച്, നെടുഗുളികയായി നിൽകിയ വെറ്റിലച്ചുരുൾ കണ്ട്, തമ്പി സ്വപത്നിയേയും നവഗുണോപദേശകർത്രിയേയും ഒന്നുപോലെ അഭിനന്ദിച്ച് കരിമ്പുതോട്ടം തകർക്കാനൊരുങ്ങുന്ന ഗജത്തെപ്പോലെ രസമദംകൊണ്ടു കുണുങ്ങി. അദ്ദേഹം യോഗിരാജന്റെ രാജസ‘പ്പുകിലും’ രാജധാനിയിലെ ‘അലവലാദി’ത്വവും ഭാര്യയെ കേൾപ്പിച്ചു. “കേട്ടില്ലയോ തങ്കച്ചി, തമ്പുരാന്റെ സേവൻ, ഒരു കേശവൻ, ബ്രഹ്മഹസ്തി ചെയ്തത്? അവടങ്ങളൊക്കെ കുടിപൊറുതി കെട്ടുപെയ്! സാമി തന്നെ അവിടങ്ങക്കൊക്കെ ഇപ്പോത്തമ്പുരാനും പത്മനാസ്സാമിയും.” ഭർത്താവു പറഞ്ഞതും അതിൽ കൂടുതലായ രാജ്യവൃത്താന്തങ്ങളും ഭാര്യ അറിഞ്ഞിരുന്നു. “കേശവന്മാരെ പേരുവാഴ്ക്കയേ പൊല്ലാത്തത്!” (തന്റെ അഭിപ്രായം പ്രസംഗവിഷയത്തെ ആസ്പദമാക്കി മാത്രം പുറപ്പെട്ടതെന്നു സ്ഥാപിപ്പാൻ) “അച്ചനിയനാരവൻ? പിന്നെ— ഒരു മാടമ്പിള്ളയോ, എന്തൊരുവനോ—അയ്യാണ്ടെ കൊച്ചിനെ എന്തരാണ്ടോ ചെയ്തൂട്ടാര്!” എന്ന് ആ മഹതിക്കുള്ള അറിവിനെ ഭർത്താവിനെ ധരിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/187&oldid=158457" എന്ന താളിൽനിന്ന് ശേഖരിച്ചത്