Jump to content

താൾ:Dharmaraja.djvu/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സരളലീലാസന്ദർശനത്തിൽ, ആ സഭാംഗമായിരുന്ന ഛായാസംഭവൻ ആനന്ദഭരിതനായി, സ്വകൃത്യത്തിന്റെ അനിവാര്യതയെ സ്മരിച്ച്, പ്രപഞ്ചത്തിൽ തന്നോളം ദുർഭഗനായുള്ള ഒരു സൃഷ്ടി ഇല്ലെന്നു പരിതപിച്ചു. കുപ്പശ്ശാർക്ക് ഏറ്റ കുലുക്കിനിടയിൽ അയാൾ മുറുക്കി വായിൽ ഒതുക്കിയിരുന്ന താംബൂലം നാസികാരന്ധ്രങ്ങളിൽ കടന്ന് അയാളെ വളരെ പീഡിപ്പിച്ചു. അയാളുടെ ചുമകൊണ്ടുള്ള കണ്ഠക്ഷോഭത്തിനും, നാസികാദ്വാരങ്ങളിൽകൂടി ഉണ്ടായ താംബൂലശകലവിസർജ്ജനത്തിനും ഇടയിൽ മീനാക്ഷി ‘കണക്കാക്കിപ്പോയി’ എന്ന് ആക്ഷേപിച്ചു. എങ്കിലും അയാളുടെ നാസാസ്രവഫലമായി ചില രക്തത്തുള്ളികൾകൂടി പുറപ്പെടുന്നതു കണ്ട്, അയാളുടെ ശിരസ്സിലും മാറത്തും തടവി ആശ്വാസശുശ്രൂഷകൾചെയ്തു. നിഷ്കളങ്കസ്നേഹഭാരത്തിന്റെ പ്രവർത്തനമായ ആ ശുശ്രൂഷയാൽ കുപ്പശ്ശാർ ആനന്ദതുന്ദിലനാക്കപ്പെട്ട്, തന്നെ സ്പർശിച്ച ഹസ്തങ്ങളെ പിടിച്ച്, തന്റെ ഏകനേത്രത്തിൽ ചേർത്ത് സ്നേഹധർമ്മപൂർണ്ണയായ ആ കന്യകയ്ക്ക് ജീവാവസാനപര്യന്തം ദുസ്സഹമായുള്ള ഒരു സ്മൃതിയെഉണ്ടാക്കുമാറ്, ആനന്ദാശ്രുക്കൾകൊണ്ടു കുലപരമ്പരാസ്പന്ദിതമായുള്ള ദുരിതലാഞ്ഛനങ്ങളെ കലശകർമ്മത്താലെന്നപോലെ ശുദ്ധിചെയ്തു. ഗൽഗദബഹളത്തോടുകൂടി അയാൾ ആ വത്സയ്ക്ക് ആശിസ്സുകൾ നല്കി തന്റെ അപ്പോഴത്തെ ഭാഗ്യാനുഭൂതിക്ക്, അയാളുടെ സേവനാഭ്യസനത്തിൽ വശ്യമായിട്ടുള്ള ഏകാഗ്രതയോടുകൂടി, തന്റെ ഭക്തിസർവ്വസ്വത്തേയും ജഗച്ഛക്തിസമക്ഷത്തിൽ സമർപ്പണംചെയ്തു. പെട്ടെന്നു വിളക്കണഞ്ഞു. സദസ്യർ നിശ്ശബ്ദരും നിശ്ചേഷ്ടരുമായി. മീനാക്ഷിയുടെ മനസ്സ് വേദനയോടുകൂടി തന്റെ കമിതാവിന്റെ ആവാസദേശത്തെ ആരാഞ്ഞ് വൃദ്ധയുടെകരങ്ങൾ ദൗഹിത്രിയുടെ മൃദുശരീരത്തെ ആവരണം ചെയ്തു. കുപ്പശ്ശാരുടെ ആത്മേന്ദ്രിയങ്ങൾതന്നെ ക്രോധവശനായി അധിക്ഷപേശാസനംചെയ്ത ഉഗ്രകേസരിയുടെ പരിസരത്തെ പ്രാപിച്ചു. വൃദ്ധ, ദീർഘനിശ്വാസത്തോടുകൂടി “എന്റെ ചാമുണ്ഡി—രക്ഷിക്കണേ മായാമയേ!” എന്നു പ്രാർത്ഥിച്ചു. കുപ്പശ്ശാരുടെ മനസ്സ് തരുപ്രായമായി. മീനാക്ഷി മാതാമഹിയെ തലോടി.

ചെറുതായ ഒരു മേഘശലാക പ്രാചീനാദ്രിശിരസ്സിൽ ഉദയം ചെയ്തു. സഹ്യപർവ്വതനിരതന്നെ ധൂമീകൃതമായതുപോലെ, കാർമേഘം പൊങ്ങി ആകാശമെങ്ങും പരന്നു. മന്ദവീജനം ചെയ്തുകൊണ്ടിരുന്ന ജഗൽപ്രാണനും ഹതപ്രാണനായി. ചിലമ്പിനേത്തു ഗൃഹരക്ഷകനായ ഒരു വൃദ്ധശ്വാനൻ, ബുധന്മാർക്കും അന്തകദർശനത്തെ സൂചിപ്പിക്കുമാറുള്ള ഒരു ദീനസ്വരത്തിൽ ദീർഘമായും ഉച്ചത്തിലും മോങ്ങിത്തുടങ്ങി. ഭയങ്കരിയായ മഹാകാളിയുടെ കോപാരംഭമായ ആ മുഹൂർത്തത്തിൽ സ്വൈരസഞ്ചാരത്തിന് ഏകാകിനിയായി പുറപ്പെട്ട സ്വപത്നിയെ അന്വേഷണംചെയ്ത്, കിഴക്കുള്ള ഇടവഴിയിൽക്കൂടി പുറപ്പാടു തുടങ്ങിയ ഒരു കാട്ടുമാർജ്ജാരവിരഹി അതിനിഷ്കൃപമായി ചണ്ഡരോദനം ചെയ്തു. അന്ധകാരത്തിന്റേയും നിശ്ശബ്ദതയുടേയും പ്രവർദ്ധനത്തിനിടയിൽ ഉണർന്നു ചിറകിളക്കി ഉന്മേഷംകൊണ്ട കൂമസഞ്ചയങ്ങൾ, ദൗഷ്ട്യസഹകാരികളായി സ്വസംബോധനകൾകൊണ്ട് ഖലകർമ്മത്തെ അനുവദിച്ചു. അണഞ്ഞ ദീപത്തെ വീണ്ടും കത്തിക്കാതെ മന്ത്രക്കൂടത്തിലെ പാർപ്പുകാർ നിദ്രയ്ക്കും, നാലാമവൻ അലംഘനീയബ്രഹ്മാജ്ഞയെ നിവർത്തിപ്പാനും ആരംഭിച്ചു. വൃദ്ധയും ദൗഹിത്രിയും നാലുകെട്ടിനകത്തു ദുശ്ശകുനശങ്കയാൽ ആതുരമനസ്വിനികളായും, നിർഭയനായ കുപ്പശ്ശാർ നിയമപ്രകാരം പുറവരാന്തയിൽ കിടന്ന്, കുട്ടിക്കോന്തിശ്ശനെ സ്വപ്നംകണ്ടും, നിദ്രതുടങ്ങി.

ചന്ത്രക്കാറൻ തിരുവനന്തപുരത്തുനിന്നും ചിലമ്പിനേത്തെത്തിയതും അത്താഴം കഴിച്ചതും സുബോധത്തോടുകൂടി അല്ലായിരുന്നു. തന്റെ വിശ്രുതമായുള്ള പനയോലസുധർമ്മയിൽ മഹിഷാസുരപ്രഭാവത്തോടിരുന്ന്, ഭൃത്യരെ വരുത്തി ഒരു ദേശകാര്യവിചാരം തുടങ്ങി. “യേവനെടാ, ചന്ത്രക്കാറനറിയാണ്ട് കഴക്കൂട്ടം തീണ്ടിത്തൊടക്കിയ നീശൻ ആരെടാ?” “ഉഗ്രൻ യജമാനന്റെ മകളുടെ ഭർത്താവ്” എന്നു മറുപടി നൽകിയ ഭൃത്യന്റെ തലയിൽ ചന്ത്രക്കാറന്റെ ‘മൊങ്കാൻ കൊമ’ തന്നെ ഒന്നു പതിച്ചു. “ഹെല്ലാം മുടിച്ചു, മൂടും മുടിപ്പാൻ വന്ന ആ കാലനെ വീട്ടിക്കേറ്റിയ, ചെവിത്തേം ചെമ്മണ്ടേം കെട്ടപേയനാരവൻ? അതു പറവിൻ!” എന്നു രണ്ടാമതുണ്ടായ ചോദ്യത്തിന് “ഇവിടം ആരും കേറ്റീല്ല—അങ്ങേതിലെ അയാള്—കുപ്പച്ചാരാണു പെഴച്ചതെല്ലാം” എന്ന് മറ്റൊരു ഭൃത്യൻ പ്രഹരമേൽക്കാതെ സൂക്ഷിച്ച് ദൂരത്തു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/178&oldid=158447" എന്ന താളിൽനിന്ന് ശേഖരിച്ചത്