Jump to content

താൾ:Dharmaraja.djvu/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാറിനിന്ന് മറുപടി പറഞ്ഞു. ചന്ത്രക്കാറൻ ചിന്തകൾ തുടങ്ങി. തന്റെ ഭവനത്തിൽ യോഗീശ്വരപ്രവേശനം ഉണ്ടായന്നുമുതൽ തനിക്കു മാനക്ഷയവും കാര്യവിഘാതവും സ്വജനനഷ്ടവും സംഭവിച്ചു. സ്വഗൃഹവാസസൗഭാഗ്യം നഷ്ടമാവുകയും ചെയ്തു. ആ സഖ്യംഹേതുവാലാണ് തന്നെ രാജധാനിയിൽനിന്നു ബഹിഷ്കരിച്ചുള്ള കൽപന പുറപ്പെട്ടിരിക്കുന്നതും. രാജ്യമോ, വലിയ വൈതരണിയിൽ അകപ്പെട്ടിരിക്കുന്നു. തന്നെ കുട്ടിക്കുരങ്ങാക്കി ചുടുചോറുവാരിക്കാൻ നോക്കുന്ന യോഗീശ്വരന്റെ ബുദ്ധിയും വൈഭവവും ദുഷ്ടതയും തനിക്ക് അടുത്തുകൂടാത്തതായിരിക്കുകയും ചെയ്യുന്നു. പണ്ടത്തെ വിധത്തിലുള്ള ഭരണത്തിന് താൻ നിസ്സംശയം പോരുമായിരുന്നു. തൽക്കാലസ്ഥിതികൾക്കു തന്റെ ബുദ്ധികൊണ്ടു മതിയാകുമോ എന്നു ചിന്തിക്കണ്ടേതായിരിക്കുന്നു. എന്നുവരികിലും, നീട്ടിയ കാൽ മടക്കുകയോ? പാടില്ല! അതുകൊണ്ട്, ചിലമ്പിനകംഭവനത്തിന്റെ മേച്ചിൽ പഴയോലയടക്കവും കഴക്കൂട്ടത്തെ നിധിയും യോഗീശ്വരന്റെ പാദങ്ങളിൽ സമർപ്പിച്ച്, തന്നെ അവമാനിച്ച അധികാരത്തേയും മന്ത്രിജനങ്ങളേയും സംഹരിച്ച്, അവരുടെ രക്തംകൊണ്ട് ഒരു നവസമന്തപഞ്ചകതീർത്ഥത്തെ ഉണ്ടാക്കി സ്നാനംചെയ്ത്, ആത്മതുഷ്ടിവരുത്താതെ താൻ അടങ്ങുന്നതായാൽ—പിതൃവധപ്രതിക്രിയയായിട്ടല്ലേ കേരളസ്ഥാപകനായ പരശുരാമൻക്ഷത്രിയകുലനിഗ്രഹത്തെ അനുഷ്ഠിച്ചത്? അതുകൊണ്ട് ശേഷം കണ്ടുകൊണ്ടാട്ടേ! —ചിന്തകൾ അവസാനിച്ചു. “ഹെടാ! ഖൊണ്ടാ—ഹവനെ ഖൊണ്ടാ വീരമാർധാണ്ടൻ ഖെട്ടുഖെട്ടി വരിഞ്ഞിറുക്ക്വി, ഹാ ധേവീടെ ഛുടുകാട്ടിൽ ഖൊണ്ടാ—നോക്കിൻ—സാമി എഴുനെള്ളീരിക്കുണൂ— സൊഖാര്യം—ഹടിയന്തറം—കണ്ടേ ധീരൂ എന്നു പറവിൻ—ഹപ്പം വരുമവൻ—നമ്മുടെ ഘുരുപാഥരെച്ചതിപ്പാൻ ആ ഫടത്തലവൻ കൊലമാടനെ അവൻ ഫൂയിച്ചില്യോ?” എന്നായിരുന്നു ചന്ത്രക്കാറന്റെ ഉപദേശം, വിധി, കല്പന. യോഗീശ്വരന്റെ നാമപ്രയോഗം ഭൃത്യജനത്തിന്റെ വീര്യത്തിനു ചൂടുകൊള്ളിച്ചു.

അപഹൃതസാന്നിദ്ധ്യയായ ചാമുണ്ഡീദേവിയുടെക്ഷത്രമിരുന്നിരുന്ന സങ്കേതസ്ഥലം അന്ന് അർദ്ധരാത്രി കഴിഞ്ഞപ്പോൾ വിറകൊണ്ടു, തുള്ളി, കീഴ്മേൽമറിയുന്നു. ചിലമ്പിനേത്തെ വൃദ്ധനായ ശ്വാനനും പഥികനായ വനമാർജ്ജാരനും തരുവാസികളായ കൂമനിവഹവും തങ്ങളുടെ ആക്രന്ദനപ്പണികളെ വായുഭഗവാങ്കൽ സമർപ്പിച്ചിരിക്കുന്നു. ചന്ത്രക്കാറന്റെ ആസുരകഠോരമായ ആരംഭത്തെക്കണ്ട് ആ ഭഗവാൻതന്നെ, നിവേദ്യാന്നശൂന്യനായി ക്ഷീണനിദ്രയിൽ ലീനമായുള്ള ഭഗവതിയെ പള്ളിയുണർത്തുന്നതിന് പാഞ്ചജന്യഘോരാരവത്തിൽ ശംഖനാദംചെയ്യുന്നു. ആ അഭൂതപൂർവ്വനായ സമഗ്രദുഷ്ടനെ സഹകരിക്കുന്നതിനായി സഞ്ചയിക്കുന്ന മേഘതിമിരങ്ങളെ പലായനംചെയ്യിക്കുന്നതിന് വൃക്ഷങ്ങളെ ഉമൂനനം ചെയ്യുന്നു. പ്രകൃതിദേവാംശജരായ ആ ഖലകൃത്യസഹായികളെ പ്രളയസമുദ്രാരവത്തോടുകൂടി അദ്ദേഹം കോപാട്ടഹാസംചെയ്ത് അപഹസിക്കുന്നു. ചാമുണ്ഡീക്ഷേത്രസാന്നിദ്ധ്യത്തിൽ ശേഷിച്ചിട്ടുള്ള അണുമാത്രത്തേയും നാരകീകരിപ്പാൻ പരമോദ്ധതനായി നിൽക്കുന്ന ചന്ത്രക്കാറന്റെ സമീപവർത്തികളായ തരുജാലങ്ങൾ അവരുടെ ശിരസ്സുകളെ നിലത്തറഞ്ഞ് അദ്ദേഹത്തിന്റെ സാഹസോദ്യമത്തിൽനിന്നു വിരമിക്കുന്നതിനു യാചിക്കുന്നു. കരയും കടലും കായലും ഇളകി, ആശാമുഖസകലത്തിൽകൂടിയും ‘മഹാപാതകം’ എന്ന് ഐകകണ്ഠ്യേന നിരോധനപ്രാർത്ഥനചെയ്യുന്നതും ചന്ത്രക്കാറനെ വർദ്ധിതശൗര്യനാക്കുന്നതേയുള്ളു. തന്റെ കിങ്കരന്മാർ വരാൻ താമസിച്ചതുകൊണ്ട്, അംബികാവിഗ്രഹതെത്തന്നെ സിംഹാസനമാക്കി, അതിന്മേൽ ആ ലോകഡിംഭനിസുംഭൻ ഇരുന്ന്, അന്തകച്ചാഞ്ചാട്ടം ആടുന്നു. ഈ പരമദൗഷ്ട്യത്തെക്കണ്ടപ്പോൾ തനിക്കുപോലും ശ്വാസോച്ഛ്വാസവൃത്തിക്കു സഹകാരിയാകാതെ വായുഭഗവാനും സ്തംഭിച്ചു. വർഷിപ്പാൻ തുടങ്ങിയ മേഘങ്ങളും ആ സന്ദർഭത്തിൽ ആർദ്രവൃത്തികൾ അനുചിതമെന്നു ചിന്തിച്ച്, അടങ്ങി. പവനശാസനകൾകൊണ്ട് സ്തബ്ധരാക്കപ്പെട്ട അന്ധകാരപടലങ്ങളും ചന്ത്രക്കാറനെക്കണ്ട്, സഹജദർശനഭ്രമം ഉദിക്കുകയാൽ, തങ്ങളുടെ മാതാവായ ഛായാദേവിയുടെ പരിസരത്തിലേക്കു മണ്ടി. മൃതശരീരമെന്നപോലെ കുപ്പശ്ശാർ കെട്ടിയെടുത്തു കൊണ്ടുവരപ്പെട്ടു. യോഗീശ്വരന്റെ നാമമന്ത്രത്തെക്കേട്ട് വശീകൃതനായ ആ ശുദ്ധൻ, യമഭടതുല്യന്മാരായ സാഹസികളാൽ ഇതാ ചന്ത്രക്കാറന്റെ പാദങ്ങളിൽ ശയിക്ക

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/179&oldid=158448" എന്ന താളിൽനിന്ന് ശേഖരിച്ചത്