ദേവഗീത/സർഗ്ഗം പന്ത്രണ്ട്-സാമോദദാമോദരം
←സാനന്ദഗോവിന്ദം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം പന്ത്രണ്ട് - സാമോദദാമോദരം |
ദേവഗീത→ |
(ജയദേവകൃതമായ ഗീതഗോവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
പന്ത്രണ്ടാം സർഗ്ഗം
സാമോദദാമോദരം
[തിരുത്തുക]ആളീവൃന്ദമൊഴിഞ്ഞവാ, റലർശര-
വ്യാധൂതയായ്, മന്ദിത-
വ്രീതാകോമളയായ്, രതിപ്രിയമയ-
സ്മേരാധരാർദ്രാസ്യയായ്,
നീളെപ്പല്ലവപുഷ്പതൽപമഴകിൽ-
പ്പേർത്തും സമീക്ഷിച്ചെഴും
നാളികാക്ഷിയെ നോക്കിനോക്കിയലസം
മല്ലാരി ചൊല്ലീടിനാൻ:
ഗീതം ഇരുപത്തിമൂന്ന്
[തിരുത്തുക] 1
തളിർനിരകൾചിന്നിയ കമനീയശയനീയ-
തലമതിൽ കാല്വെയ്ക്കുക-കാമിനി, നീ!
തവ പദപല്ലവവൈരിയായ് മിന്നുമി-
ത്തളിർമെത്തയിതിയലട്ടേ പാപഭാരം.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
2
വഴിയേറെ നടന്നയ്യോ, വന്നവളല്ലേ! നിൻ
കഴൽ ഞാൻ കരകമലത്താൽ തടവാമല്ലോ.
എന്നെപ്പോലനുഗമനശൂരമാം നൂപുരം
മിന്നുമതീ മെത്തതൻമീതെ വെയ്ക്കൂ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
3
അയി, നിൻ കുളുർവദനേന്ദുവിൽനിന്നും കനിഞ്ഞിട-
ട്ടനുകൂലവചനങ്ങളമൃതുപോലെ.
കളയുവൻ വിരഹമ്പോൽ ദൂരത്തു നിൻ കുച-
കലശങ്ങൾ മൂടുമീയംശുകം ഞാൻ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
4
അളവറുമാമാശ്ലേഷമാനന്ദം തന്നപോൽ-
പ്പുളകങ്ങൾപൊടിച്ചൊരിപ്പോർമുലകൾ;
മടിവിട്ടെൻ മാറോടു ചേർക്കൂ നീയോമനേ.
മദനാതപമേവം പരിഹരിക്കൂ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
5
തവ രൂപംധ്യാനിച്ചു വിരഹാനലസന്ദഗ്ദ്ധ-
തനുവാ, യവിലാസനായ്, മൃതസമനായ്;
അമരുമിദ്ദാസനെ, ജ്ജീവിപ്പിച്ചാലും, ത-
ന്നധരസുധാമധുരരസം ഭാമിനി, നീ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
6
മദഭരിതമധുമധുരമണിതരുതമൊപ്പിച്ചു
മതിമുഖി, നീ മണിമേഖല മുഖരമാക്കൂ!
പികനാദപീഡിതമെൻ ശ്രൂതിയാളുമവസാദ-
മകലുവാനിടയാക്കിടുകാവിധം നീ,
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
7
വിഫലമാം കോപത്താൽ വികലീകൃതനാമെന്നെ
വിരവിൽ നോക്കീടുവാൻ ലജ്ജ നീങ്ങി,
കലിതരസം വിടരട്ടേ തവ ലോചനമുകുളങ്ങൾ
കളയുകയേ, രതികദനം കളമൊഴി നീ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
8
നിരുപമമായനുപദം മധുരിപുത്രന്നാമോദം
നിഗദിതമായുള്ളൊരീ നിരഘഗീതം;
ജയദേവഭണിതമിദം രസികരിലനവരതം
സ്വയമുളവാക്കീടട്ടേ രതിവിനോദം.
ഏതു മഹാദേവൻതൻ മാനസോല്ലാസമീ-
ഗ്ഗീതത്തിൽത്തിങ്ങിത്തുളുമ്പി നിൽപ്പൂ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
രോമാഞ്ചമ്പുണരുന്നവേളയി, ലപാം-
ഗാമീലനം തീവ്രമാം
കാമോദ്ദീപകവീക്ഷണത്തി, ലധരം
ചുംബിക്കെ നർമ്മോക്തിയും;
ആ മാരാഹവവേളയിൽ പ്രതിപദം
പ്രത്യൂഹമായ്-ഭാവുക-
ശ്രീമത്താമവർതൻ നിസ്സർഗ്ഗലളിത-
ക്രീഡയ്ക്കു കൂടീ രസം!
ഓമൽക്കൈയിണ ബന്ധനം, കുചയുഗം
സമ്മർദ്ദനം, പാണിജ-
സ്തോമം ദാരുണദാരണം, രദനമ-
ത്താമ്രാധരത്തിൽ ക്ഷതം.
വ്യാമർദ്ദം ജഘനം; കുചഗഹണമാ
ഹസ്തം, സുധാർദ്രാധരം
വ്യാമോഹം, പ്രിയനേകി;-കാമഗതി, ഹാ,
വാമം-സുഖിച്ചൂ ഹരി!
കാമന്തൻ കൊടി പാറിടും രതിരണ-
ത്തിങ്കൽ, സ്വയം കാന്തനെ-
സ്സാമർത്ഥ്യത്തൊടു കീഴിലാക്കി, വിജയം
നേടാൻ പണിപ്പെട്ടഹോ,
ഓമൽശ്രോണിയനങ്ങിടാ, തയവില-
ക്കൈയൂർന്നു മാർത്തട്ടുല-
ഞ്ഞാ മൈക്കൺകളടഞ്ഞുപോയി!-കമനിമാർ-
ക്കൊക്കുന്നതോ വിക്രമം?
മാറിൽച്ചേർന്ന നഖക്ഷതം, കലുഷമാം
നേത്രാന്തരം, ചെന്നിറം
വേറിട്ടോരധരം, വികർഷിതസുമ-
വ്യാകീർണ്ണവേണീഭരം;
വേറാം മട്ടയവാർന്ന കാഞ്ചിയിവയാൽ-
ക്കാമാസ്ത്രമേറെത്തറ-
ഞ്ഞേറിക്കണ്ണിലുഷസ്സി, ലദ്ഭുതമഹോ,
കാമാർത്തനായച്യുതൻ!
അൽപാമീലിതലോചനാകലിതയായ്,
ശീൽക്കാര്യശല്യത്തിനാ-
ലസ്പഷ്ടോദിതകാകുവായ്, രദമയൂ-
ഖാർദ്രാധരസ്മേരയായ്;
ഉൽപന്നോന്മദവേപതാന്തതനുവായ്
മേവിടുമേണാക്ഷിത-
ന്നുൽഫുല്ലത്രസിതസ്തനോപരി ശയി-
ച്ചാസ്യം സ്വദിപ്പൂ വരൻ.
അലങ്കാരേച്ഛയാൽ, പിന്നീ-
ടേവം, സ്വാധീനഭർത്തൃക
മതിശ്രാന്തൻ കാന്തനോടു
മുഗ്ദ്ധ ചൊന്നിതു രാധിക:
ഗീതം ഇരുപത്തിനാല്
[തിരുത്തുക] 1
ചന്ദനശിശിരമാം സുന്ദരകരങ്ങളാൽ
നന്ദനന്ദന, നീയെൻ മാറിടത്തിൽ,
അംഗജമണിമയമംഗളകലശംപോൽ
ഭംഗിതുളുമ്പിടുമിക്കുളിർമുലകൾ,
ചിത്രമായ്, സുരഭിലകസ്തൂരീകർദ്ദമത്താൽ
പത്രകമാരചിച്ചൊന്നണിഞ്ഞൊരുക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
2
അംഗജശരശതദാരിതരതിരണ-
രംഗത്തിൽ, ത്തവാധരചുംബനങ്ങൾ,
കുഞ്ജളമയമാക്കിത്തീർത്തൊരീയളികുല-
ഭഞ്ജനമഞ്ജുളങ്ങളെന്മിഴികളിൽ വീണ്ടു-
മുജ്ജ്വലിപ്പിക്കുകൊന്നെൻ ജീവനാഥ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
3
മല്ലികാമലർശരപാശനീകാശതയാ-
ലുല്ലസദ്ദ്യുതിസാരപ്രസരം വീശി;
ലോചനശാബലീലാബന്ധകമായ് ലസിക്കും
ലോലമാകുമീശ്രുതിമണ്ഡലത്തിൽ,
പ്രാണനായക, ഭവാനൊന്നെടുത്തണിയിക്കൂ
ചേണഞ്ചും മണിമയകുണ്ഡലങ്ങൾ.
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
4
താമസരേഖയൊരു ലേശവും താവിടാത്ത
താമരത്താരെതിരാമെൻ മുഖത്തിൽ,
നർമ്മകരമാം മട്ടിൽ ഭൃംഗജാലോജ്ജ്വലമി-
ക്കമ്രാളകങ്ങൾ മാടിയൊതുക്കിവെയ്ക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
5
മാനദ, നവനീലനീരദരുചിരമായ്
മാന്മഥജയദ്ധ്വജചാമരമായ്;
മായൂരമനോഹരപിഞ്ഛികാവിസ്തൃതമായ്
മാരമാസ്മരലീലാവിശ്ലഥമായ്;
ലാലസിക്കുമെൻ കുളുർകൂന്തൽ നീ ചീകിക്കെട്ടി-
ച്ചേലെഴും പൂക്കൾ ചൂടിച്ചലങ്കരിക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
6
അംഗജഗജവരസുന്ദരകന്ദരമായ്
സംഗതമാമെൻ ഘനജഘനരംഗം;
കോമളമണിമയഭൂഷണമേഖലകൾ,
പൂമൃദുവസനങ്ങളെന്നിവയാൽ,
ഹാ, രതിരസിക, മജ്ജീവനായക, ശുഭ-
സാരദായക, നീയൊന്നലങ്കരിക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
7
സജ്ജനമണ്ഡനമായ്, സ്സർവ്വേശപാദസ്മൃതി-
സജ്ജമായ്, ക്കലിജ്ജ്വരഖണ്ഡനമായ്;
ആരചിച്ചിയലുമിശ്രീജയദേവഗീതം
സാരജ്ഞർ നുകർന്നിടട്ടാത്തമോദം!
ഏതു ദേവേശപാദപങ്കജപൂജയായി-
പ്പൂതഗീതകസാരം, പരിലസിപ്പൂ?
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
8
പത്തിക്കീറ്റെഴുതീടുകെൻ മുലകളിൽ,
ചിത്രം കവിൾത്തട്ടിലും,
പുത്തൻ കാഞ്ചനകാഞ്ചിയെന്നരയിലും,
പൂമാലകേശത്തിലും,
മുത്താളും കടകങ്ങൾ കൈകളിലു, മാ
മഞ്ജീരകം കാലിലും,
മുത്താർന്നൊന്നണിയിക്കു!-സർവ്വവുമുടൻ
സാധിച്ചു പീതാംബരൻ!
പാലാഴിക്കരയിൽ, സ്വയംവരരസം
പൂണ്ടന്നു നീ നിൽക്കവേ
ബാലേ, നിന്നെ ലഭിച്ചിടാഞ്ഞു ഗിരിജാ-
നാഥൻ കുടിച്ചു വിഷം
ചേലിൽപ്പൂർവ്വകഥാപ്രസംഗമിതിനാ-
ലന്യാപ്തഹൃത്തായ്, ക്കര-
ത്താലേ രാധികതൻ കുചങ്ങൾ തഴുകും
ദേവൻ തുണച്ചീടണം!
പാദത്തിൽപ്പരിചര്യചെയ്തു വിലസും
പൂമങ്കതൻ സൗഭഗം
മോദത്തോടു നുകർന്നിടാൻ ശതശതം
നേത്രങ്ങളാർജ്ജിച്ചപോൽ,
ഭേദംവിട്ടണിശയ്യയാമഹിവരൻ
തൻ ശീർഷരത്നങ്ങളാ-
ലാദത്തപ്രതിബിംബകോടിയുതനാം
ദേവൻ തരട്ടേ ശുഭം!
യാതാണുത്തമകൗശലം കലകളിൽ,
ശ്രീവൈഷ്ണവം ചിന്തനം
യാതോ, ന്നേതു രതിപ്രധാനരസത-
ത്ത്വാംശം സകാവ്യങ്ങളിൽ
യാതൊന്നാത്മവിലാസ, മായവ സമ-
സ്താംശങ്ങളും ദിവ്യമി
ശ്രീതാവും ജയദേവഗീതയിൽ മുദാ-
കാണാവു വിദ്വജ്ജനം!
നാനാതത്ത്വപ്രകാണ്ഡപ്രകൃതനിപുണരാം
ബ്രഹ്മരുദ്രാദികൾക്കും
നൂനം, തിട്ടപ്പെടുത്താനൊരു കഴിവിയലാ-
തിപ്പൊഴും നിൽപതേതോ;
ആ നിത്യബ്രഹ്മ, മെല്ലാറ്റിനുമൊരു ചരടാ-
മാദിമൂലം, തെളിഞ്ഞി-
ഗ്ഗാനത്തിൽക്കണ്ടിതാവൂ വിബുധ, രതു രസ-
ജ്ഞർക്കു നൽകാവു മോദം!
തേനേ, നിൻ ചിന്ത തെറ്റാണറിക, പടുശിലാ-
ഖണ്ഡമെൻ ശർക്കരേ നീ,
ഹാ, നിന്നെത്തിന്നുവാനായ് മുതിരുവതിനിയാ-
രാണയേ, മുന്തിരിങ്ങേ?
നൂനം നിർജ്ജീവമായ് നീയറിയുകമൃതമേ,
നീരമെൻക്ഷീരമേ നീ,
മാനമ്പോയീ മരിക്കൂ മധുമയഫലമേ,
മോചമേ, സത്വരം നീ!
പ്രാണപ്രേയസികൾക്കെഴും ചൊടികളേ,
പോരും, മദം, ചെന്നിനി-
ത്താണാലും കുഹരത്തി, ലാരുമിനിമേൽ
മാനിച്ചിടാ നിങ്ങളെ!
ചേണാളും ജയദേവഭാരതി ലസി-
ച്ചീടുന്നിതാകൽപമ-
ക്ഷീണം, ഭക്തജനത്തിനേകി വിജയം,
ചിത്തപ്രസാദം, ശുഭം!