ദേവഗീത/സർഗ്ഗം നാല്-സ്നിഗ്ദ്ധമധുസൂദനം
←മുഗ്ദ്ധമധുസൂദനം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം നാല്- സ്നിഗ്ദ്ധമധുസൂദനം |
സാകാംക്ഷപുണ്ഡരീകാക്ഷം→ |
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
നാലാം സർഗ്ഗം
സ്നിഗ്ദ്ധമധുസൂദനം
[തിരുത്തുക]വാരാളും യമുനാതീരേ
വരവാനീരകുഞ്ജകേ,
വാടിവാഴും കൃഷ്ണനോടു
വദിച്ചൂ രാധികാസഖി:
ഗീതം എട്ട്
[തിരുത്തുക] 1
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
ചന്ദനച്ചാറവൾ നിന്ദിച്ചധീരയായ്
ചന്ദ്രികനോക്കിത്തപിപ്പൂ.
കാളസർപ്പാശ്ലിഷ്ടമാലേയമാരുതൻ
കാകോളമെന്നുതാനോർപ്പൂ.
2
തന്മലർമെയ്യിലിടവിടാതേൽക്കുമാ
മന്മഥാസ്ത്രങ്ങളിൽനിന്നും,
ഉദ്രസമങ്ങയെപ്പാലനംചെയ്യുവാ-
നുദ്യമിക്കുന്നതുപോലേ,
അർപ്പിതശീകരപൂരശിശിരമാ-
മബ്ജദളാവലിയാലേ.
വിശ്ശിഷ്ടകഞ്ചുകമാക്കുകയാണവൾ
വിസ്തൃതോരസ്ഥലം ചാലേ!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
3
വിഭ്രമശിൽപവിലാസോജ്ജ്വലസുമ-
വിദ്രുമതൽപമൊരുക്കി,
ഹാ, ചിരം താവകാശ്ലേഷപ്രമോദാർത്ഥ-
മാചരിക്കും വ്രതമ്പോലേ,
തയ്യലതിലിന്നു പഞ്ചശരശര-
ശയ്യാശയനം വഹിപ്പൂ.
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
4
ഘോരനാം രാഹുവിൻ ദംശനമേൽപിക്കു-
മോരോ വടുക്കളിൽനിന്നും,
വീതവിരാമം സുധാകണമിറ്റിറ്റു-
വീഴും വിധുവിനെപ്പോലെ,
ആരമ്യദർശനമാണശ്രുപൂർണ്ണമാ-
മാരോമലിൻ വദനാബ്ജം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
5
അന്മഥമന്മഥനായീടുമങ്ങതൻ
മംഗളമഞ്ജുളരൂപം,
ഹാ, രഹസ്സിങ്കൽ, മൃഗമദച്ചാറെടു-
ത്താരചിച്ചീടിനശേഷം,
ചേലിൽമകരമത്സ്യത്തിനെക്കീഴിലാ-
യാലേഖനം, ചെയ്തൊടുവിൽ,
സാദരമർപ്പിപ്പുപാണിയിത്സസ്മിതം
സായകമാ, നവചൂതം;
എന്നിട്ടു,കൈകൂപ്പിനിന്നവൾ താവക-
മുന്നിൽപ്രണമിപ്പു പാവം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
6
"ദണ്ഡനമസ്കൃതി, മാധവ, ത്വൽപദ-
പുണ്ഡരീകത്തിൽ ഞാൻ ചെയ്വൂ.
ഇങ്ങെന്നിലയ്യോ, പരാങ്മുഖനായേവ-
മങ്ങിരിക്കുന്നതുമൂലം.
എൻ തനു മുറ്റും ദഹിപ്പിപ്പു പീയൂഷം
ചിന്തുമച്ചന്ദ്രാദിയെല്ലാം."
ഓതുകയാണവൾ സാതപമങ്ങയോ-
ടോരോനിമേഷവുമേവം.
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
7
ധ്യാനലയത്താൽ, ദുരാപനാമങ്ങയെ
മാനസദൃഷ്ടിതൻ മുന്നിൽ
കൽപിച്ചുകേഴുന്നു, പൊട്ടിച്ചിരിക്കുന്നു
കഷ്ടം, തപിക്കുന്നു പാരം.
രോദനംചെയ്യുന്നു, പെട്ടെന്നടങ്ങുന്നു
ഖേദം ത്യജിക്കുന്നു, പാവം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
8
മാധവദർശനമാശിച്ചു കേഴുന്ന
രാധതൻ, ധന്യയാം തോഴി
ഓതിയതേവം ജയദേവനാം കവി
ഗീതമാക്കീടുമീ വാക്യം-
ആടിനടിക്കാനുമുണ്ടിതിൽ വൈശിഷ്യം
പാടിപ്പഠിക്കാനും പാരം.
ഏതേതുദേവന്റെ തൃച്ചേവടികളിൽ
ഗീതമിതഞ്ജലിചെയ്വൂ.
രാധയാമാധവദ്ധ്യാനനിമഗ്നയാ-
യാധിയുൾച്ചേർന്നാവസിപ്പൂ!
ആവാസം വിപിനം, സഖീകുലമഹോ,
ജാലം, സനിശ്വാസമുൾ-
ത്താവും താപമവൾക്കു ദാവദഹന-
ജ്വാലാകലാപോപമം.
പാവം മത്സഖിപേടമാന്വടിവിലാ-
ണാഹന്ത, കന്ദർപ്പനോ
ഭാവിച്ചന്തകതുല്യ, മാർന്നിടുകയാം
ശാർദ്ദൂലവിക്രീഡിതം!
ഗീതം ഒൻപത്
[തിരുത്തുക] 1
ഹാ, കേശവ്, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
മാലേറ്റമുൾലിൽ ജ്വലിച്ചു-കഷ്ടം
ലോലാംഗിതീരെച്ചടച്ചു.
മാറണിമഞ്ജുളഹാരം-പോലും
മാനിനിക്കിന്നുഗഭാരം.
2
നല്ല പനിനീരിൽമുക്കി-ത്തൂമെയ്-
വല്ലിയിങ്കൽ, സ്നിഗ്ദ്ധമാക്കി,
പൂശുന്ന മാലേയപങ്കം-വിഷാ-
വേശമെന്നോർപ്പൂ സശങ്കം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
3
കഷ്ട,മസഹ്യമായ് പാരം-മനം
ചുട്ടെഴും നിശ്വാസപൂരം,
ഉദ്വഹിപ്പൂ മനസ്സാലേ-തന്വി-
യുഗകാമാഗ്നിയെപ്പോലേ.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
4
ജാതജലകണജാലം-സ്വയം
വീതനാളം ദൃക്കമലം,
ക്ഷേപണംചെയ്വൂ സതതം-ചുറ്റും
വേപവിക്ഷോഭസമേതം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
5
തത്ത്വവിവേകപ്രഭാവം-ഹൃത്തി-
ലസ്തമിക്കായ്കിലും, പാവം,
ചിന്തിപ്പൂ പല്ലവതൽപം-കനൽ
ചിന്തുമുഗാനലകൽപം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
6
അമ്പിളിത്തെല്ലിനെച്ചാലേ-മിന്നു-
മന്തിമസന്ധ്യയെപ്പോലേ,
ഹസ്തവിന്യസ്തമലോലം-സാധ്വി
വിത്യജിപ്പീലക്കപോലം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
7
തപ്തവിരഹത്തിനാലേ-കഷ്ടം
മൃത്യു സമീപിച്ചപോലേ,
ഉത്തേജിതോൽക്കടകാമം-അവ-
ളുച്ചരിപ്പൂ ഹരിനാമം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
8
ദേവേശപാദോപനീതം-ജയ-
ദേവഭണിതമീ ഗീതം;
ശോകഹരം, പരിപൂതം-നിങ്ങൾ-
ക്കേകട്ടെ നിത്യമാമോദം!
യാതൊരു ദേവേശപാദം-പുൽകി-
പ്പൂതമാകുന്നിതിഗ്ഗീതം,
അക്കേശവൻതൻ വിയോഗം രാധ-
യ്ക്കർപ്പിപ്പു ശോകജോദ്വേഗം!
ത്വദംഗസംഗാമൃതമൊന്നിനാല
സ്മരാർത്തയാം രാധയെ വീണ്ടെടുക്കാൻ,
അമർത്ത്യവൈദ്യാദൃത, നോക്കിടുന്നി-
ല്ലുപേന്ദ്രവജ്രാധികരൂക്ഷനാം നീ.
സീൽക്കാരം, രോമഹർഷം, നിലവിളി, വിറ, യാ-
ലസ്യ, മെന്തോ, കുറച്ചൊ-
ന്നോർക്കും ഭാവം, പ്രയാനം, നയനമുകുളനം,
മോഹ, മുത്ഥാന, മേവം,
വായ്ക്കും ചേഷ്ടാവികാരോൽബണതയൊടതനു-
ഭ്രാന്തി കേന്ദ്രീകരിച്ചി-
ന്നാർക്കും ദൈന്യംജനിക്കുംവടിവിലിവൾ വിയോ-
ഗത്തിലയ്യോ, ദഹിപ്പൂ!
സ്വർവൈദ്യപ്രതിമ, ഭവദ്രസൗഷധത്താൽ
നിർവ്വാദം വധുവിനു ജീവനം ലഭിക്കും.
ഗർവ്വാലിന്നതിനു ഭവാനുപേക്ഷചെയ്താൽ
ദുർവ്വാരം-പരമിനിയെന്തു ഞാൻ കഥിപ്പൂ!
സൂനാസ്ത്രഭ്രാന്തിമൂലം മലയജരസമോ,
ചന്ദ്രനോ, സത്സരസ്സോ,
താനിപ്പോൾ തേടിടേണ്ടൂ മനസിയൊരു സമാ-
ശ്വാസസിദ്ധിക്കിവണ്ണം
താനേചിന്തിച്ചൊടുക്കം തരളഹൃദയയാ-
യോമലാൾ താന്തയായി-
ദ്ധ്യാനിപ്പൂ, ഹാ, രഹസ്സിൽ ശിശിരശിശിരമാം
താവകം മൂർത്തിമാത്രം!
ശിവശിവ, മിഴിചിമ്മുമൽപനേരം
തവ വിരഹാർത്തി സഹിച്ചിടാതിരുന്നോൾ,
അവൾ വിരഹിണി പുഷ്പിതാഗചൂത-
ച്ഛവിയിതിലെങ്ങനെ ജീവനോടിരിക്കും?
പാലിക്കാൻ ഗാകുലത്തെ,പ്പെരുമഴപൊഴികെ,
പ്രീതിയോ, ടുന്നതശ്രീ-
കോലും ഗാവർദ്ധനത്തെപ്പിഴുതു, കുടപിടി-
ച്ചേതുകൈലാലസിച്ചോ,
ചേലിൽ ഗാപീസഹസ്രാധരവിനിഹിതസി-
ന്ദൂര, മന്തസ്ഥദർപ്പം
മേലേലും പോലുലാവും ഹരികര, മതു, നി-
ങ്ങൾക്കു നൽകട്ടെ മോദം!