ദേവഗീത/സർഗ്ഗം പത്ത്-ചതുരചതുർഭുജം
←അമന്ദഗോവിന്ദം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം പത്ത് - ചതുരചതുർഭുജം |
സാനന്ദഗോവിന്ദം→ |
(ജയദേവകൃതമായ ഗീതഗോവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
പത്താം സർഗ്ഗം
ചതുരചതുർഭുജം
[തിരുത്തുക]
മാലുൾത്തിങ്ങി, ക്കൊടിയ നെടുവീ-
ർപ്പാൽ മുഖംവാടി, മന്ദാ-
ക്ഷാലസ്യത്താൽ കടമിഴികളാ-
ലാളിതൻ നേരെ നോക്കി,
ചേലിൽ, ക്കോപപ്രചുരിമ ശമി,-
ച്ചാർദ്രയായുല്ലസിക്കും
നീലാപാംഗിക്കരികി, ലലിവാ-
ർന്നച്യുതൻ ചെന്നിതോതി:
ഗീതം പത്തൊൻപത്
[തിരുത്തുക]
1
വല്ലതും കനിഞ്ഞൽപം ചൊല്ലുക നീയിന്നൊന്നു
വല്ലഭേ, നിൻ ദന്തത്തിൻ ചില്ലൊളിനിലാവിനാൽ;
ചേതസ്സിലെനിക്കതിഘോരമായ് മുറ്റിച്ചേരും
ഭീതിയാമിരുട്ടിനിയൽപമൊന്നകലട്ടെ!
നിന്മുഖവിധുബിംബം കമ്രാധരത്തിൽത്തഞ്ചും
രമ്യമാ, മാ മൈരേയമദിരാപാനത്തിന്നായ്;
മദ്വിലോചനങ്ങളാമുദ്വിഗ്നചകോരങ്ങൾ-
ക്കുദ്രസമിടയാക്കാനത്രമേൽക്കൊതിപ്പൂ ഞാൻ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
2
അത്യന്തം സുദതി നീ കോപിപ്പിതെന്നി, ലതു
സത്യമാണെങ്കി, ലെന്നെശ്ശിക്ഷിക്കൂ യഥേച്ഛം നീ!
ചടുലാപാംഗാസ്ത്രങ്ങൾ മേൽക്കുമേലെയ്തെയ്തിന്നെ-
ന്നുടലും മനസ്സും നീ നിർദ്ദയം ഭേദിച്ചോളൂ!
ബന്ധനം ചെയ്യൂ ഭുജദ്വന്ദ്വത്താൽ, ദന്തങ്ങളാൽ
സന്ധിബന്ധങ്ങൾ മമ ഖണ്ഡനം ചെയ്യൂ, നാഥേ!
എന്തെല്ലാമെന്നെച്ചെയ്താൽ സന്തോഷം ലഭിക്കും നി-
ന്നന്തരംഗത്തി, നവ സർവ്വവുമെന്നെച്ചെയ്യൂ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
3
നീ മമ മനോഹരഭൂഷണം, മജ്ജീവനം,
മാമകഭവോദധിരത്നം നീ, മമ നാഥേ!
മന്നിൽ നീയെനിക്കനുകൂലയായ് വർത്തിക്കുവാൻ
മന്മനമാത്മാർത്ഥമായ് സതതം പ്രാർത്ഥിക്കുന്നു.
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
4
തന്വി, നിൻ നേത്രം കരിങ്കൂവളപ്പൂപോലെയാ-
ണെന്നാലും രക്തോൽപലശോഭയിന്നുൾക്കൊള്ളുന്നു.
രഞ്ജിപ്പിക്കുവാനാണിക്കൃഷ്ണനെയെന്നാ, ലത-
ക്കഞ്ജബാണാസ്ത്രങ്ങളാലാരക്തമാക്കൂ, കൊള്ളാം!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
5
മഞ്ജുളമാം നിൻ കുചകുംഭത്തിൻമേലേ, മണി-
മഞ്ജരി മിന്നിച്ചേർന്നാ മാറിടം ശോഭിക്കട്ടേ!
മന്മഥനിദേശം, ഹാ, ഘോഷിച്ചാ ജഘനശ്രീ-
മണ്ഡലം രശനയാലങ്കിതമായീടട്ടേ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
6
ഉജ്ജ്വലസ്ഥലപത്മകാന്തിഭഞ്ജകമായി-
ട്ടുത്തമേ, മമ മനോരംഗരഞ്ജകമായി;
ഉൽപ്പന്നരതിരംഗപരഭാഗശ്രീയോലും
ത്വൽപദങ്ങളിൽച്ചേലാർന്നീയലക്തകദ്രവം;
സരസം സമ്മോഹനമായ്, സ്വയമണിയിക്കാൻ
സദയമെനിക്കു നീ സമ്മതം തരൂ, ദേവി!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
7
കാമകാകോളം നശിപ്പിച്ചിച്ചിടുമുദാരമാം
കാലടിത്തളിരുകള്മന്ദമെൻ ശിരസ്സിങ്കൽ;
വിന്യസിച്ചലങ്കരിച്ചീടുക, മാരവ്യഥാ-
വഹ്നി മേന്മേലിന്നെന്നിലെരിയുന്നല്ലോ, നാഥേ!
ഉഗമായ്പ്പേർത്തും പേർത്തുമുയരും തജ്ജ്വാലക-
ളുദ്രസം തവ പാദപല്ലവം കെടുത്തട്ടേ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
8
രാധയോ, ടതിപ്രിയകരമായ്, സരസമായ്,
മാധവൻ മൊഴിഞ്ഞൊരാച്ചാരുവാം ചാടൂക്തികൾ;
ജയിപ്പൂ, പത്മാവതീകാന്തനായ് ലസിക്കുന്ന
ജയദേവനിൽനിന്നു ഗീതികാരൂപം നേടി!
ഏതുദേവന്തൻ പാദപത്മപൂജയിദ്ദേവ-
ഗീത, യാ മുരവൈരി രാധയോടർത്ഥിക്കുന്നു:
"മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!"
പീനശ്രീജഘനസ്തനാകലിത നീ-
യെൻ തപ്തഹൃത്തിൽ, സദാ
സാനന്ദം കുടികൊൾകയാലതനുവ-
ല്ലാതന്യരിന്നാരുമേ,
നൂനം, വന്നണവീ, ലതിങ്കലിടമി-
ല്ലാർക്കും, വൃഥാ ശങ്കിയായ്-
കൂനം വിട്ടനുവാദമേകുകയി, നിൻ
വാർകൊങ്ക പുൽകീടുവാൻ!
കളമൊഴി, വൃഥാ മൗനമ്മൂലം
തപിപ്പിതു മന്മനം
മിളിതമധുരാലാപം താപം
ഹരിക്കൂ മിഴികളാൽ;
കളക വിധുരീഭാവം, കോപാൽ
ത്യജിക്കരുതെന്നെ നീ
തെളിവൊടനുരക്തൻ ഞാൻ മുഗ്ദ്ധേ,
നമിപ്പൂ തവ പദം!
ദന്തോഗക്ഷതമേകി, ദോർലതകളാൽ
ബന്ധി, ച്ചയേ, കോപനേ,
പന്തോടേറ്റിടതൂർന്ന പോർമുലകളാൽ
മർദ്ദിച്ചുകൊൾകെന്നെ നീ;
സന്തോഷിച്ചീടുകേവ, മില്ലതിലെനി-
ക്കപ്രീതി;-ചണ്ഡാളന-
ച്ചെന്താരമ്പനു, ചെമ്പകാംഗി, യിരയായ്-
ത്തീരാതിരിക്കട്ടെ ഞാൻ!
ചേലഞ്ചും ചെമ്പരത്തിക്കുളിർമലരൊളിയാ-
ളുന്ന ചുണ്ടു, ൽപലശ്രീ-
കോലും കണ്ണാ, മധൂകച്ഛവി കലിതരസം
കാന്തിചിന്തും കപോലം;
ലോലത്വം ചേർന്നൊരോമൽത്തിലസുമസരമാം
നാസ, നിന്നാസ്യദാസ്യ-
ത്താലേവം വെൽവു, കന്ദോജ്ജ്വലസുദതിമണേ,
വിശ്വമപ്പുഷ്പബാണൻ!
മദാലസവിലോചനം, വദനമിന്ദുമത്യന്വിതം,
മനോരമഗതിക്രമം, വിജിതരംഭമൂരുദ്വയം;
മനോരതികലാവതീ, ഭ്രുകുടിചിത്രലേഖാ, ശുഭേ,
മഹദ്വീബുധയൗവനം ഭവതി പൂണ്മു, പൃത്ഥീഗതേ!
തവ കടുചടുലഭ്രൂ, താരകേശോജ്ജ്വലാസ്യേ,
തരുണഹൃദി വിമോഹം ചേർത്തിടും കാളസർപ്പം;
തദുദിതഗരളത്തിന്നൗഷധം, ചുണ്ടിലേവം
തടവുമമൃതമൊന്നേ മന്നിതിൽ ഭാഗ്യഭോഗ്യം!
ആ രാധാകുചചിന്തയാലുടൻ വിയ-
ർത്തേകക്ഷണം കണ്ണട-
ച്ചാരാൽത്തെല്ലിട മേവുമാറിയലുമ-
ത്യുത്തുംഗകുംഭത്തൊടേ,
നേരിട്ടീടിനൊരാ മഹാ 'കുവലയാ-
പീഡ'ത്തെ, മർദ്ദിച്ചുകൊ-
ന്നോരക്കംസബലാന്തകൻ, ഹരി, സദാ
നിങ്ങൾക്കു ലൽകും ശുഭം!