ദേവഗീത/സർഗ്ഗം ഏഴ്-നാഗരികനാരായണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം ഏഴ് - നാഗരീകനാരായണം
(ജയദേവകൃതമായ ഗീതഗോവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

ഏഴാം സർഗ്ഗം
നാഗരികനാരായണം
[തിരുത്തുക]

കുലടകളുടെ മാർഗ്ഗം രോധനം ചെയ്തു പാപ-
പ്പൊലിമ തടവിടുമ്പോൾ സ്പഷ്ടമാം പങ്കമേന്തി,
വിലസിലളിതയായോരൈന്ദ്രിതൻ ചന്ദനശ്രീ-
തിലകരുചിയിണങ്ങിപ്പൊങ്ങിയേണാങ്കനപ്പോൾ.

വൃന്ദാവനം ചന്ദ്രികയിൽ കുളിക്കെ
നന്ദാത്മജാഭാവമസഹ്യമാകെ,
മന്ദേതരക്ലാന്തി മനസ്സിലേന്തി
ക്രന്ദിച്ചിതാ രാധിക ദീനദീനം.


ഗീതം പതിമൂന്ന്[തിരുത്തുക]

         1

സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
സമയമൊക്കെക്കഴിഞ്ഞു, പറഞ്ഞപോൽ
സരസിജാക്ഷനിങ്ങെത്തിയില്ലിന്നിയും.
അമലരൂപമാമീ മമ യൗവന-
മഹഹ! നിഷ്ഫലം, നിഷ്ഫലം കേവലം.

         2

ഏതുദേവനെത്തേടിയീരാത്രിയി-
ലേതുമോർക്കാതിറങ്ങിത്തിരിച്ചു ഞാൻ.
ആ മമ പ്രിയൻ ഭേദിപ്പു നിർദ്ദയൻ
കാമബാണശരങ്ങളാലെന്മനം.
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!

         3

മരണമാണെനിക്കുത്തമ, മെന്തിനീ
വിരഹവഹ്നിതൻ ജ്വാലോൽക്കരങ്ങളിൽ
വിതഥകേതനയായിന്നിതുവിധം
വിഗതചേതനം വീണു ദഹിപ്പു ഞാൻ!
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!

         4

മാധവവിരഹാനലജ്ജ്വാലകൾ
മാനസത്തിൽ വഹിച്ചു ഞാൻ നിൽക്കവേ,
ഭൂഷണങ്ങളാണോർക്കുകി, ലീ മണി-
ഭൂഷണങ്ങളഖിലവുമിന്നു മേ!
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!

         5

വിധുരതയെനിക്കേകുന്നിതിങ്ങിതാ
മധുരദർശനിയീ മധുയാമിനി.
സുമശരോപമനൊത്തു രമിക്കുവാൻ
സുകൃതിനികൾക്കു മാത്രമേ പറ്റിടൂ.
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!

         6

മാരനെൻനേർക്കിടവിടാതെയ്യുമീ
മാരകോഗശരാളിതൻ പീഡയാൽ,
പൂതൊഴും മേനിയാകുമെൻ മാനസം
ഭേദനംചെയ്വിതീ മലർ മാലയും!
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!

         7

അവഗണിച്ചഴ, ലീയാറ്റുവഞ്ഞികൾ-
ക്കടിയിൽ, ഞാനേവമാവസിച്ചീടിലും,
മനസിയെന്നെ സ്മരിപ്പതുംകൂടിയി-
ല്ലനുപമാംഗനിന്നാമധുസൂദനൻ.
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!

         8

കോമളകലാലോലയായുള്ളൊരീ
ശ്രീമയജയദേവജഭാരതി,
ചേണിയലും രസികചിത്തങ്ങളിൽ
വാണിടട്ടൊരു മോഹിനിയെന്നപോൽ!
ഏതുദേവന്റെ തൃപ്പാദപൂജയി-
ഗ്ഗീത, മാ മധുസൂദനൻ, മാധവൻ,
വന്നിടായ്കയാലാലംബഹീനയായ്
കണ്ണുനീർപെയ്തു വാഴുന്നു രാധിക.
അന്തർമ്മോദമൊടന്യഗാപികളുമായ്
ക്രീഡിപിതോ, സദ്രസം
ചിന്തും നൃത്തകലാദിയിൽ സഖികളാ-
ലാബദ്ധനായ്ത്തീർന്നിതോ?
അന്തം വിട്ടു വനത്തിലല്ലിലുഴറീ-
ടന്നോ, മന:ക്ലാന്തിയ-
ത്യന്തം ചേർന്നു തളർന്നു വാണീടുകയോ?-
കാണ്മീലഹോ കാന്തനെ!

അന്നേരം തന്നനുകനിയലാ-
തേകയായ് ചാരെ വീണ്ടും
വന്നെത്തീടും സഖിയെ രുജയാൽ
സ്തബ്ധയായുറ്റുനോക്കി,
അന്യസ്ത്രീയൊത്തമിതരസമോ-
ടച്യുതൻ ക്രീഡയാടു-
ന്നെന്നായ് ശങ്കി, ച്ചതു മിഴിയിലാ-
പ്പെട്ടപോലോമലോതി:


ഗീതം പതിന്നാല്[തിരുത്തുക]

         1

മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
സ്മരസമരോചിതചിത്തരമ്യ-
വിരചിതവേഷമിയന്നിണങ്ങി,
വിലുളിതവേണിയിലങ്ങുമിങ്ങും
വിഗളിതരമ്യപുഷ്പങ്ങൾ തങ്ങി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

         2

ഹരികരാശ്ലേഷതരംഗമാലാ-
ഭരിതവികാരവിലാസിനിയായ്,
തടമുലതുള്ളിത്തുളുമ്പി, മേലേ
തരളിതഹാരാവലികളുമായ്,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

         3

അളകങ്ങളങ്ങിങ്ങുതിർന്നു ചിന്നി
ലളിതാനനേന്ദു തെളിഞ്ഞുമിന്നി,
മധുസൂദനന്തൻ മധുരമാകു-
മധരാമൃതം, ഹാ, നുകർന്നു വെമ്പി;
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

         4

ഇളകും മണിമയ കുണ്ഡലങ്ങ-
ളൊളികപോലങ്ങളിൽ വീശിവീശി,
മുഖരിതസദ്രശനാകലിത-
ജഘനഗമനവിലോലയായി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

         5

ദയിതവിലോകിതലജ്ജിതയായ്,
ദരസമുന്മീലിതസുസ്മിതയായ്,
സുലളിതകൂജിതമേളിതയായ്,
സുഖദരതിരസലോലുപയായ്,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

         6

വിപുലപുളകവിലാസിനിയായ്,
വികസിതവേപവിവശിതയായ്,
ശ്വസിതനിമീലിതോൽഫുല്ലനായോ-
രസമാസ്ത്രനത്രയ്ക്കധീനയായി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

         7

ശ്രമജലബിന്ദുക്കൾ ചേർന്നിണങ്ങി-
ക്കമനീയമാം മെയ്യിൽ കാന്തിതിങ്ങി,
രതിരണധീരപരാക്രമത്താൽ
പതിതന്നുരസിൽ പതിച്ചൊതുങ്ങി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

         8

നിയതമിഗ്ഗീതം ഹരിരമിതം
ജയദേവവർണ്ണിതം രാഗപൂതം
പരിശമിപ്പിച്ചിടട്ടെന്നുമെന്നും
പരിധിയറ്റാളും കലികലുഷം.
പരിചിലിഗ്ഗീതമർപ്പിപ്പതാർതൻ
പദതാരിൽ ഞാ, നക്കൃപാലുവാകും,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!

മല്ലാരിതൻ വിരഹപാണ്ഡുമുഖാംബുജശ്രീ
തെല്ലേന്തുമീ വിധു ഹനിപ്പു മദീയതാപം
ഉല്ലോലമാന്മഥമദാർത്തിയണപ്പു പക്ഷേ,
മല്ലീശരന്റെ സചിവത്വമെഴുന്നമൂലം!


ഗീതം പതിനഞ്ച്[തിരുത്തുക]

         1

വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
സമുദിതാനംഗതരളിതാധര-
രമണീയാംഗനാ വദനത്തിൽ,
വികസിതോജ്ജ്വലവിധുബിംബത്തിങ്കൽ
വിലസുമഞ്ജനഹരിണം പോൽ,
പുളകം മേളിക്കെ, ക്കുളിർകസ്തൂരികാ-
തിലകം ചാർത്തിപ്പൂ മുകില്വർണ്ണൻ!
പുളകം മേളിക്കെ, ക്കുളിർകസ്തൂരികാ-
തിലകം ചാർത്തിപ്പൂ മുകിൽവർണ്ണൻ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

         2

നവജലധരനികരരമ്യമായ്
യുവജനമനോഹരമായി,
മദനസാരംഗവനമായ് മിന്നുമാ
മൃദുലനിർഭരകബരിയിൻ
കുളിർമിന്നൽപ്പിണരൊളിയിളകുന്ന
കുരവകോജ്ജ്വലകുസുമങ്ങൾ,
അണിയണിയായിട്ടഴകൊഴുകുമാ-
റണിയിച്ചീടുന്നൂ മണിവർണ്ണൻ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

         3

സുഘനമായ് മൃഗമദരുചി തിങ്ങി
നഖപദശശികല തങ്ങി,
ലളിതദീപ്തിയിൽ വിലസിടുന്നൊരാ-
ക്കുളിർകുചയുഗഗനത്തിൽ,
സ്ഫുടമണിസരവിമലതാരക-
പടലം കേശവനണിയിപ്പൂ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

         4

കരതലപത്മദളവിലസിത-
കമലകോമളവലയമ്പോൽ,
ഹിമശിശിരമായ് പരിലസിക്കുമ-
ക്കമനീയഭുജയുഗളത്തിൽ,
മധുകരോൽക്കരം വിതരണം ചെയ്വൂ
മരതകമണിവളകളാൽ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

         5

മദനമോഹനകനകപീഠമായ്
മൃദുലസൗരഭമസൃണമായ്,
അതിവിപുലമാമപഘനമാകും,
രതിനികേതനജഘനത്തിൽ,
മണിമയസരരശനാതോരണ-
മണിയിച്ചീടുന്നു മധുവൈരി
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

         6

മലർമാതിൻ മഞ്ജുനിലയമായ് നഖ-
മണിഗണാർച്ചനാമഹിതമായ്,
പരിലസിച്ചീടും പരമസുന്ദര-
ചരണപല്ലവയുഗളത്തെ,
ഉരസി ചേർത്തുവെച്ചമലയാവക
ഭരണാച്ഛാദനം വിരചിപ്പൂ.
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

         7

ഖലഹലധരസഹജനേവ, മൊ-
രലസാപാംഗിതൻ സവിധത്തിൽ,
നിജസപര്യയിൽ പ്രണയപൂർവ്വകം
ഭജനലോലനായമരുമ്പോൾ,
അവശചിത്തയായിതുവരേത്തഉമീ-
യലരണിവല്ലിക്കുടിലിതിൽ,
പറയൂ, തോഴി, നീ പറയു, കെന്തിനായ്
പഴുതേ കാത്തയ്യോ മരുവി ഞാൻ?
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

         8

രസഭരിതമായ് ഹരിപദപത്മ-
പ്രസഭചൈതന്യമിളിതമായ്,
വിലസുമീഗീതം വിഗതഭൂഷിതം
വിരചിച്ചീടുന്ന കവിരാജൻ
കലിയുഗകൃതദുരിതമേൽക്കാതെ
കഴിയാറാകാവൂ ജയദേവൻ.
മഹിയിലിന്നാർതൻ ചരണപൂജയി
മഹിതഗീത, മാ ജഗദീശൻ-
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!

നീയെന്തിന്നയി ദൂതി, മത്സഖി, വൃഥാ
ദു:ഖിപ്പു, വന്നീലയ-
മ്മായാഗാപകനെങ്കി, ലന്യകളുമൊ-
ത്തേവം രമിച്ചീടുകിൽ?
നീയെന്തിനു പിഴച്ചു?-തദ്ഗുണഗണ-
ത്താലേറ്റമാകൃഷ്ടമായ്
പ്രേയാനോടു രമിക്കുവാനുഴറിടു-
ന്നെന്നെപ്പിരിഞ്ഞെൻമനം!


ഗീതം പതിനാറ്[തിരുത്തുക]

         1

വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി:
കുളിർതെന്നലിലിളകുന്നൊരു കുവലയമെന്നപോ-
ലോളിചിന്നും മിഴികളൊത്തഴകിൽ മുങ്ങി,
വിലസീടും സുമശരസദൃശനുമൊന്നിച്ചു
വിഹരിക്കും മോഹിനിയേതൊരുത്തി;
അനുപമശിശിരിതകിസലശയനത്താ-
ലനുഭവിപ്പീലവൾ താപലേശം!

         2

വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
വികസിതസരസിജലളിതാനനനൊന്നിച്ചു
വിഹരിക്കും സുന്ദരിയേതൊരുത്തി;
അസമശരശരനികരവിദലിതഹൃദയയാ-
യനുഭവിപ്പീലവൾ താപലേശം!

         3

വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
അമൃതമയമധുരമൃദുവചനഓടൊന്നിച്ചി-
ന്നമിതരസം ക്രീഡിപതേതൊരുത്തി;
എരിപൊരിക്കൊൾവതില്ലവളണുവെങ്കിലും
സുരഭിലമലയജരചനമൂലം!

         4

വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
സ്ഥലജലജരുചിരകരചരണനോടൊന്നിച്ചു
നലമൊടലം ക്രീഡിപ്പതേതൊരുത്തി;
തറയിൽക്കിടന്നവളുരുളുന്നീലണുപോലും
തരളഹിമകരകിരണം തനുവിലേൽക്കേ!

         5

വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
സജലജലധരനി കരരുചിരാംഗനൊന്നിച്ചു
സരസം രമിപ്പവളേതൊരുത്തി;
വിദലിതമായ്ത്തീരുന്നതില്ലവൾക്കൽപവും
വിരഹരുജകാരണം മുഗ്ദ്ധചിത്തം!

         6

വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
കനകമയകമനീയവസനനോടൊന്നിച്ചു
കലിതരസം ക്രീഡിപ്പതേതൊരുത്തി;
പരിതപ്തനിശ്വാസമിയലുന്നീലവളൊട്ടും
പരിജനപരിഹാസപരവശയായ്!

         7

വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
അഖിലധരണീജനവരതരുണനൊന്നിച്ച-
ങ്ങഴകിലലം ക്രീഡിപ്പതേതൊരുത്തി;
കരുണാകരപരിലാളിതയാമവൾക്കേൽപീലാ
കരളിലൊരിക്കലും കദനലേശം!

         8

ജലജാക്ഷികൾതൻ ചിത്തകുതൂകപ്രകീർത്തിതം
ജയദേവഭണീതമീ മധുരഗീതം,
ശ്രവണംചെയ്തീടുവോർതൻ ഹൃദയങ്ങളിൽ
സവിലാസം വാണാവൂ വാസുദേവൻ,
സരസമിതിന്നാരുടെ ചരണകമലങ്ങളിൽ
പരിചിൽ ഞാനർപ്പിപ്പൂ ഭക്തിപൂർവം;
ഭുവനതലനാഥനാ ഗാപാലനൊന്നിച്ചു
സവിഹാരം ക്രീഡിപ്പതേതൊരുത്തി;
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
അസമശരശരനികരവിദലിതഹൃദയയാ-
യനുഭവിപ്പീലവൾ വിരഹതാപം!

കാമോദ്ദീപക, ചന്ദനാനില, ഭവാ-
നെന്നിൽ പ്രസാദിക്കണേ,
വാമത്വം ഹൃദി ദക്ഷിണോത്തമ, ഭവാൻ
ദൂരെ ത്യജിക്കേണമേ!
പ്രേമത്തോടൊരുനോക്കു മാധവമുഖം
കാണ്മാൻ കൊതിക്കുന്നു ഞാൻ
ഹാ! മൽപ്രാണനെടുത്തിടായ്കതിനുമുൻ-
പയ്യോ, ജഗൽപ്രാണ, നീ!

ആർതൻ വേർപാടിലാളീപരിചരണമഹോ,
ദുസ്സഹം, ശീതവാതം
ചേതസ്സിന്നഗ്നിതുല്യം, വരശിശിരകരൻ
കാളകാകോളകൽപൻ;
ഏതും കാരുണ്യമില്ലാതമരുമവനിലെൻ-
ഹൃത്തുതാനേ ചരിപ്പൂ
ചേതോദുർവൃത്തിനോക്കൂ, സഖി, തരുണികൾതൻ
വാമകാമം സ്വതന്ത്രം!

മലയാനില, മടിയെന്തലമഴലേകിടുകയി, മേ
മലർനായക, മരണം മമ തരസാ തരികിനി നീ
നിലയമ്പ്രതി കുതുകം പ്രതിഗമനത്തിനു നഹി മേ
നിലയറ്റെഴുമഴലുറ്റവളടിയട്ടിവൾ മൃതിയിൽ!

യമസോദരി, കഷ്ടം, നിൻ-
ക്ഷമയാലെന്തയേ ഫലം?
മമ മേനി, യതിൻ ദാഹ-
ശമനാർത്ഥം നനയ്ക്കു നീ!

നീലപ്പട്ടു ശിരസ്സിലും, ലളിതമാം
പീതാംബരം മാറിലും,
ചേലിൽച്ചേർന്നുലസിപ്പതാത്മസഖിമാർ
നോക്കി സ്മിതംതൂകവേ;
കാലത്തൻപൊടു രാധയെ ത്രപവഴി-
ഞ്ഞീടുന്ന കൺകോണിനാൽ-
ത്താലോലിച്ചകലെച്ചിരിച്ചു വിലസും
നന്ദാത്മജൻ കാക്കണം!