ദേവഗീത/സർഗ്ഗം അഞ്ച്-സാകാംക്ഷപുണ്ഡരീകാക്ഷം
←സ്നിഗ്ദ്ധമധുസൂദനം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം അഞ്ച് - സാകാംക്ഷപുണ്ഡരീകാക്ഷം |
സോൽക്കണ്ഠവൈകുണ്ഠം→ |
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
അഞ്ചാം സർഗ്ഗം
സാകാംക്ഷപുണ്ഡരീകാക്ഷം
[തിരുത്തുക]ഇവനിവിടെയിരുന്നിടുന്നു, നീ ചെ-
ന്നവളെ നയത്തിൽ മദുക്തിയാൽ മയക്കി,
ഇവിടെ വടിവൊടാനയിക്കുകെന്നാ-
യവിധ ലഭിച്ചവൾ രാധയോടു ചൊല്ലി:-
ഗീതം പത്ത്
[തിരുത്തുക] 1
രാധികേ, സഖീ, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ.
മന്മഥമദസ്ഫൂർത്തി ചേർന്നങ്ങനെ
മന്ദമാലേയമാരുതൻ വീശവേ;
ഹാ, വിയുക്തർതന്നുള്ളു പൊള്ളിക്കുവാൻ
പൂ വിരിഞ്ഞു ചിരിച്ചുല്ലസിക്കവേ;
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുതളരുന്നു മാധവൻ!
2
ചന്ദ്രരശ്മികളേൽക്കുന്ന വേളയിൽ
വെന്തുവെന്തു മരിക്കുന്നു സുന്ദരൻ.
കാമബാണങ്ങൾ മെയ്യിൽത്തറയ്ക്കവേ
കാതരമായ്ക്കരയുന്നു കോമളൻ.
എന്നുതന്നെയല്ലോരോ വികൃതിക-
ളൊന്നുമോർക്കാതെ ചെയ്വിതുന്മാദവാൻ.
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!
3
ഭൃംഗനാദം ശ്രവിക്കുന്നവേളയി-
ലംഗജോപമൻ പൊത്തുന്നു കാതുകൾ.
അല്ലിലല്ലിൽ വിരഹവിക്ഷുബ്ധമാ-
മല്ലലിലലതല്ലുന്നു തന്മനം.
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!
4
കോട്ടമറ്റ വസതിവിട്ടക്കൊടും-
കാട്ടിലങ്ങിങ്ങുഴറുന്നു കേശവൻ.
കേണുകേണു നിൻ പേരു, മണ്ണിൽ സ്വയം
വീണുരുണ്ടു, വിളിപ്പൂ വിശ്വംഭരൻ!
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!
5
ശ്രീജയദേവകീർത്തനപ്രീതനായ്
ഹേ, ജഗന്നാഥ, രാധാപതേ, വിഭോ,
തന്നു താവകദർശനം, ഹാ, ഭവാ-
നെന്നെയിന്നൊന്നനുഗഹിക്കേണമേ!
ഏതു ദേവന്റെ തൃച്ചേവടിയിലി-
ഗ്ഗീതമാം പുഷ്പമർച്ചിച്ചിടുന്നു ഞാൻ,
ആധിയുൾച്ചേർന്നുഴലുന്നു ജീവനാം
രാധയെപ്പിരിഞ്ഞാ മധുസൂദനൻ!
നീയൊത്തെങ്ങന്നൊരിക്കൽ പരമരതിരസം
മാധവൻ നേടി, യങ്ങാ-
ശ്രീയാളും കുഞ്ജകത്തിൽ, കുസുമശരവിഹാ-
രാപ്തതീർത്ഥാന്തരത്തിൽ,
നീയോതും പ്രേമസാന്ദ്രോക്തികളനവരതം
ഹാ, ജപിച്ചും തപിച്ചും,
മായാരൂപൻ ഭജിപ്പൂ, തവ കുചപരിരം-
ഭാമൃതത്തിന്നു, നിന്നെ!
ഗീതം പതിനൊന്ന്
[തിരുത്തുക] 1
ഗാപികമാരുടെ തടമുല തഴുകും
പാണിതലോല്ലസിതൻ
ഗാപാലൻ വനമാലാകലിത-
നുദാരനതിപ്രിയദൻ;
മദനകുതൂഹലമരുളും സുലളിത
യമുനാതീരത്തിൽ
മദഭരിതാംഗികളഭിസരണത്തി-
ന്നണയും രംഗത്തിൽ,
മലയാനിലനലയിളകിയൊലിക്കു,
ഹരിതവനാന്തരത്തിൽ
മലരുകൾ ചിതറിപ്പരിമളമിളകും
വിജനനികുഞ്ജത്തിൽ,
മദനമനോഹരവിഗഹനായി
സ്മരവിവശൻ, കണ്ണൻ,
മരുവീടുന്നൂ തവ ഹൃദയേശൻ,
മരതകമണിവർണ്ണൻ!
2
ഗതിജിതമദഗജമത്തമരാള-
വിലാസനിത്മ്ബിനി, നീ
ഗമനവിളംബനമരുതിനി, മമ സഖി,
പോവുക, പോവുക, നീ!
നാമസമേതം, പൂരിതമോദം,
സൂചിതസങ്കേതം,
നാളീകാക്ഷൻ പൊഴിവൂ മുരളിയിൽ
നിരുപമസംഗീതം.
തവ തനുലതയെത്തഴുകും തെന്നലി-
ലഴകിലുലാവീടും
തരളിതമലയജരേണുവുമായ്, നിജ
ബഹുമതി നേടീടും.
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
3
പറവകളിളകിപ്പരിചിനൊടുതിരും
ചിറകടികേൾക്കുമ്പോൾ
പരിസരപരീധൃതവനമേഖലയിൽ
പച്ചിലയിളകുമ്പോൾ,
നവസുമതൽപ നീ വരവായെ-
ന്നോർത്തു വിരിച്ചീടും,
നയനം ചകിതം നീ വരുമാ വഴി
നീളെയയച്ചീടും.
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
4
ഉപസദകേളികളിൽ പരിലോല-
മധീര,മഹോ, മുഖരം,
രിപുവിനു സമമയി വെടിയുക മമ സഖി,
മണിമയമഞ്ജീരം!
തിമിരാവരണാകലിതനികുഞ്ജം
പൂകുക നീ ചാലേ.
തിറമൊടു നീലനിചോളമണിഞ്ഞു
തിരിക്കുക നീ ബാലേ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
5
തരളവലാകാവിലസിതമേചക-
മേഘത്തിൻ മേലേ
തരമൊടു മിന്നിയിണങ്ങിച്ചേർന്ന ത-
ടിൽക്കൊടിയെപ്പോലേ,
ഉപഹിതഹാരമനോഹരമാകും
മുരരിപുതൻ മാറിൽ
ഉപരിനിവേശിത സുരതവിലാസിനി
വിലസും നീ ചേലിൽ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
6
തളിരുടയാടയഴിഞ്ഞുകിഴിഞ്ഞാ-
പ്പേശലമാം രശനം
തമസാ ഹൃതമായ് നഗ്നോജ്ജ്വലരുചി-
ചിന്നിടുമാ ജഘനം,
പങ്കജനയനേ, ചേർക്കുക നീയാ-
ക്കിസലയശയനത്തിൽ
തങ്കത്തിൻ നിധികുംഭമ്പോൽമുദ-
മരുളട്ടേ ഹൃത്തിൽ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
7
ഹരിയഭിമാനി, കരുതിടുകതു നീ,
കാലമിതോ രജനി
പിരിയും യാമിനിയുടെ, നയി മമ സഖി,
പോവുക, പോവിക, നീ!
വിധുരത കളയൂ, വിധുമുഖി, ചെയ്യൂ
ഞാനരുളുമ്പോൽ നീ
മധുരുപുകാമം പൂരിതമാക്കുക
മധുമയ ഭാഷിണി, നീ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
8
ഭുവി ജയദേവൻ, ഹരിപദസേവൻ
പൊഴിയുവൊരീ ഗീതം
ഭവഭയരഹിതം, ഭാവുകഭരിതം,
ഭക്തിരസാകലിതം,
സുകൃതജനാവനലോലൻ, ഗാകുല-
പാലൻ, മുരമഥനൻ,
സുഖമൊടുകേട്ടു സുമംഗളമേകുക
മദനമഹാമദനൻ.
വരിക, ഭജിക്കുക, ഹരിപദകമലം,
കളയുക കലുഷഭരം,
വരഗുണവസതികളേ, വഴി തേടുക
പരമഗതിക്കു ചിരം.
ആരുടെ പദതലസരസിജയുഗമതി-
ലർപ്പിതമിഗ്ഗീതം
നാരായണനാ നരകവിനാശന-
നേകട്ടേ മോദം!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
മാരോദ്വേഗമിയന്നിടയ്ക്കു 'നെടുതായ്
വീർക്കും, സമുൽക്കണ്ഠയോ-
ടാരോപിച്ചിടുമക്ഷി നിൻ സരണിയിൽ,
പൂകും ലതാമന്ദിരം;
ഓരോ പിച്ചുപുലമ്പു, മാത്തകൗതുകം
പൂമെത്തതീർക്കും, ഭ്രമി-
ചോരോന്നിങ്ങനെ പേർത്തുപേർത്തു തുടരും
മുഗ്ദ്ധാനനേ, നിൻ പ്രിയൻ!
സൂരൻ പോയസ്തമിച്ചൂ സുദതി, സപദി നിൻ-
ഭാഗ്യദോഷത്തൊടൊപ്പം,
പാരാകെക്കൂരിരുട്ടാ യദുവരരതിമോ-
ഹത്തൊടൊത്താഗമിച്ചു
നേരം വൈകുന്നു, കോകാവലിയുടെ നെടുതാം
ക്രന്ദനം, പോലെയായി-
ത്തീരുന്നൂ കഷ്ട, മെന്നർത്ഥന, സഖി, യഭിസാ-
രാർഹമിസ്സന്മുഹൂർത്തം!
മറ്റെന്തിന്നോ ഗമിക്കെ, ഭ്രമപഥവിരിയാൽ-
ക്കൂട്ടിമുട്ടിത്തമസ്സിൽ-
ത്തെറ്റേൽക്കാതാളുചോദിച്ചറികെയിരുവരും
തമ്മിൽമെയ്ചേർത്തുപുൽകി;
പറ്റിച്ചേർന്നുമ്മവെച്ചും, നഖരുജയനുര-
ഞ്ജിച്ചു, മമ്മട്ടു കാമം
മുറ്റിക്കൈമെയ്മറക്കുന്നവരുടെ രതീധാ-
കല്യമെന്തെന്തു മുഗ്ദ്ധേ?
പേടിപ്പാടിലരണ്ട കണ്ണുകൾ, വഴി-
ചാൽ മുന്നിരുട്ടിൽ സ്വയം
തേടിത്തേടിയിരുന്നിരുന്നു തരുമൂ-
ലന്തോറുമുദ്വിഗ്നയായ്,
ചേടോരോന്നു പതുക്കെ വെച്ചൊരുവിധം
സങ്കേതസമ്പ്രാപ്തയായ്-
ക്കൂടും നിൻ മദനാകുലാംഗരുചി ക-
ണ്ടുൾപ്രീതനാകും പ്രിയൻ!
ഹാ, മാധാമുഖപങ്കജഭ്രമരമായ്,
ത്രൈലോക്യശീർഷോല്ലസൽ-
ഗ്ഗാരുത്മോജ്ജ്വലരത്നമായ്, ഭുവനഭാ-
രാന്ത്യത്തിനാധാരമായ്;
ആരമ്യാംഗികൾ ഗാപികാംഗനകൾത-
ന്നാനന്ദസങ്കേതമായ്,
ക്രൂരൻ കംസനു കാലനായ ഭഗവാൻ
കാത്തിടേണം നിങ്ങളെ!