ദേവഗീത/സർഗ്ഗം എട്ട്-സാകാംക്ഷപുണ്ഡരീകാക്ഷം
←നാഗരികനാരായണം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം എട്ട് - സാകാംക്ഷപുണ്ഡരീകാക്ഷം |
അമന്ദഗോവിന്ദം→ |
(ജയദേവകൃതമായ ഗീതഗോവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
എട്ടാം സർഗ്ഗം
സാകാംക്ഷപുണ്ഡരീകാക്ഷം
[തിരുത്തുക]
പൂവമ്പനെയ്ത ശരമേറ്റതിദീനയായി
രാവുന്തിനീക്കിയൊരുമട്ടുകഴി, പ്പുഷസ്സിൽ,
ആവിർഭവിച്ചു നയമൊടു നമിച്ചുനിൽക്കും
ജീവേശനോടിദമസൂയയോടോതി രാധ:
ഗീതം പതിനേഴ്
[തിരുത്തുക]
1
രാവിലശേഷമുറങ്ങാത്തകാരണം
ഭാവമാന്ദ്യത്താലടഞ്ഞും, കലങ്ങിയും,
കാമോത്സവാസക്തി തിങ്ങിത്തുളുമ്പിയും
കാണുന്നൊരിത്തവ ലോലനേത്രദ്വയം,
വ്യക്താനുരാഗമെന്നോണം ലസിപ്പിതാ-
രക്തമായ്-കൊള്ളാമറിഞ്ഞു ഞാൻ സർവ്വവും!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
2
അഞ്ജനലേപനരഞ്ജിതചഞ്ചല-
മഞ്ജുളലോപനചുംബനം കാരണം,
താവിയ നീലിമ മായാതെ മിന്നുമി-
ത്താവകശോണോജ്ജ്വലാധരപല്ലവം,
നൂനം ഹരേ, കൃഷ്ണ, സുന്ദരമാം തവ
മേനിക്കനുരൂപമായിരിപ്പൂ തുലോം!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
3
മാരാഹവത്തിൽ ഖരനഖാഗങ്ങളാ-
ലാരക്തമായ് മെയ്യിലേറ്റൊരീ രേഖകൾ;
ചാരുമരതകരത്നഫലകത്തി-
ലാരചിക്കപ്പെട്ട ഹേമലിപികളിൽ,
എൻനേർക്കയച്ച രതിജയലേഖന-
മെന്നപോലിങ്ങിതാ കാണ്മിതെൻ മുന്നിൽ ഞാൻ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
4
പാടലപാദാബ്ജലാക്ഷാരസത്തിന്റെ
പാടുകൾ മാറിൽത്തെളിഞ്ഞിയന്നങ്ങനെ,
അന്തസ്ഥമാകും മദനദ്രുമത്തിന്റെ
ചെന്തളിർച്ചാർത്തുപോൽ കാണ്മൂ വെളിക്കു ഞാൻ.
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
5
നൊന്തിടുന്നല്ലോ തവാധരത്തിങ്കലീ
ദന്തക്ഷതങ്ങളെക്കാണുമ്പൊളെന്മനം!
ഇന്നുവരേക്കുമഭേദ്യമായ് വർത്തിച്ചി-
തെന്നോടുകൂടിയിപ്പൂവൽക്കളേബരം.
അമ്മട്ടിലല്ലിപ്പൊ, ഴാണെന്നു ചൊല്ലുന്ന-
തെമ്മട്ടിലയ്യോ, ഹതഭാഗ്യതന്നെ ഞാൻ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
6
ചിദ്രൂപ, ഹേ കൃഷ്ണ, മെയ്യിനെപ്പോൽത്തവ
ചിത്തവും ശ്യാമമായ്ത്തീർന്നിരിക്കും ദൃഢം.
മല്ലീശരാർത്തയാം വല്ലഭയെപ്പോലു-
മല്ലെങ്കിലെമ്മട്ടു വഞ്ചിപ്പു ഹാ, ഭവാൻ?
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
7
കില്ലില്ലെനി, ക്കഹോ, മല്ലാക്ഷിമാർകളെ-
ക്കൊല്ലുവാനാണീ വനത്തിൽ ചരിപ്പു നീ.
അൽപമൊന്നോർത്താലതിങ്കലശേഷമി-
ന്നദ്ഭുതമില്ല, വധൂവധനിർദ്ദയ!
ഈലോകമൊട്ടുക്കു പൂതനോദന്തമ-
ബ്ബാലചരിത്രം പ്രകീർത്തിപ്പതില്ലയോ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
8
ഹാ, രതിവഞ്ചിതഖണ്ഡിതതന്വിതൻ
ദാരുണരോദനധാരാഭരിതമായ്,
ശ്രീജയദേവഭണിതമായ്, ദുഷ്പ്രാപ-
തേജോമയമായ്, സുധാമധുരാഢ്യമായ്,
ദിവ്യമായുൾലൊരിഗ്ഗീതം ശ്രവിക്കുവിൻ
ഭവ്യമുൾച്ചേരും, വദിപ്പിന്വിബുധരേ!
ഏതുദേവന്റെ തൃപ്പാദാബ്ജപൂജയി-
ഗ്ഗീത, മാ നന്ദാത്മജൻ, മധുസൂദനൻ,
വിദ്വജ്ജനങ്ങളേ, നിങ്ങൾക്കു സൗഭാഗ്യ-
വിസ്ഫൂർത്തിയേകട്ടെ, വിശ്വാധിനായകൻ!
അന്യസ്ത്രീപാദലാക്ഷാരുണരുചി വെളിവാം
ചിജ്രാഗത്തിനൊപ്പം
മിന്നും വക്ഷസ്സിതേവം മമ മിഴിയിണതൻ
മുന്നിലാലക്ഷ്യമാകെ,
എന്നാത്മപ്രേമഭംഗസ്മൃതിയിലുണരുമി-
ക്ഷുബ്ധലജ്ജാഭരത്താ-
ലിന്നയ്യോ, നിൻ വിയോഗവ്യഥയിലധികമി-
ദ്ദർശനം ദുസ്സഹം മേ!
വിണ്ണിൽദ്ദേവർഷിവൃന്ദം ലയമൊടു തലയാ-
ട്ടീടവേ, കൽപപുഷ്പം
ചിന്നി, സ്വർവ്വാരനാരീകുലമലസതയ-
റ്റാഗമിച്ചാസ്വദിക്കേ;
വിണ്ണോർക്കദ്ദൈത്യപീഡാതപമകതളിരിൽ-
പ്പൂർണ്ണമായ് ക്കെട്ടടങ്ങും
വണ്ണം കംസാരി തൂകും മധുരമുരളികാ-
ഗീതി ഭാഗ്യം തരട്ടേ!