ദേവഗീത/സർഗ്ഗം ആറ്-സോൽക്കണ്ഠവൈകുണ്ഠം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം ആറ് - സോൽക്കണ്ഠവൈകുണ്ഠം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

ആറാം സർഗ്ഗം
സോൽക്കണ്ഠവൈകുണ്ഠം
[തിരുത്തുക]

അനന്തരം, കാൽച്ചുവടൊന്നുവെയ്ക്കാ-
നശക്തനായി, പ്രണയാർത്തയായി,
അമർന്നിടും രാധികയെക്കുറിച്ച-
ങ്ങണഞ്ഞു ഗാവിന്ദനോടോതി തോഴി.

ഗീതം പന്ത്രണ്ട്[തിരുത്തുക]

         1

വല്ലാതെ വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിരിപ്പു രാധ!
കാണുകയാണു നിൻ കാന്തികോലു-
മാനന, മെങ്ങവൾ നോക്കിയാലും.
അന്യഗാപാംഗനമാരുമായി
അന്യൂനസല്ലാപലോലനായി,
രമ്യാധരാമൃതമാസ്വദിക്കും
നിന്മുഖമിന്നവൾ കാണ്മിതെങ്ങും!

         2

നിന്നഭിസാരത്തിനായി വേഗം
സന്നദ്ധയാ, യവളാത്തരാഗം;
മുറ്റുമിരുട്ടിനാൽ, സംഭ്രമത്താൽ
തെറ്റിപ്പോയെന്നാലവൾക്കു മാർഗ്ഗം.
ഞാനവളെ സ്വയം നേർവഴിയി-
ലാനയിച്ചെങ്കിലും ക്ഷീണിതയായ്,
ദേഹം തളർന്നു തളർന്നു പാവം
മോഹിച്ചു താഴത്തു വീണുപോയി.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!

         3

തൂവെള്ളത്താമരത്തണ്ടുകളാൽ
തൂമതാവും തളിർച്ചെണ്ടുകളാൽ,
നിർമ്മിച്ച നാനാവിഭൂഷണങ്ങൾ
നിർമ്മലമാം കുളിർമെയ്യിൽച്ചാർത്തി,
സന്തതം താവക ക്രീഡകൾതൻ
ചിന്തയിൽ ജീവിപ്പൂ സുന്ദരാംഗി.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!

         4

തന്നംശുകവിഭൂഷാദികളെ-
പ്പിന്നെയും പിന്നെയും നോക്കി നോക്കി;
'ഞാനഹോ, മാധവന്തന്നെ'-യേവം
ധ്യാനത്തിൽപ്പിന്നെയും മഗ്നയായി,
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!

         5

'വേഗത്തിലിങ്ങഭിസാരണാർത്ഥ-
മാഗമിക്കാത്തതെന്താത്മനാഥൻ?'-
ഖിന്നയായേവമനുനിമേഷ-
മെന്നോടു ചോദിച്ചുകിണ്ടു, കഷ്ടം,
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!

         6

നീരദശ്രീയാർന്നനൽപമായി
നീളെ നിറഞ്ഞിരുളാഗമിക്കെ;
'എൻ പ്രിയനെത്തി'-യെന്നുൾഭ്രമത്താൽ
ചുംബിപ്പൂ, വെമ്പലോടാശ്ലേഷിപ്പൂ.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!

         7

കാമുകൻ, ഹാ, ഭവാൻ വന്നണയാൻ
കാലവിളംബനം സംഭവിക്കെ,
വാവിട്ടുകേഴുന്നു ലജ്ജവിട്ടാ
വാസകസജ്ജിക ദീനയായി.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!

         8

ഹാ, ജഗന്നാഥപ്രസാദപൂതം
ശ്രീജയദേവരചിതഗീതം,
ഭക്തരസികർക്കിതെന്നുമെന്നും
മുക്തിപ്രദമായ് ഭവിച്ചിടാവൂ!
ഏതുദേവന്റെ തൃച്ചേവടിയിൽ
ഗീതമിതഞ്ജലിചെയ്വിതോ ഞാൻ,
ആ മാധവനെക്കുറിച്ചു ചിന്തി-
ച്ചാമയാവിഷ്ടഹൃദന്തയായി,
വല്ലാതെ, വാടിത്തളർന്നു, കഷ്ടം,
വല്ലിക്കുടിലിലിരിപ്പു രാധ!

മാരാഗ്നിജ്വാല കെട്ടാറിയ കിതവ, ഭവൽ-
ധ്യാനസംലഗ്നയായി-
സ്സാരസ്യംചേർന്നിയങ്ങും രസജലധിയിലാ-
നാസമാമഗ്നയായി,
ഓരോന്നുദ്വേഗമുൾച്ചേർന്നരുളി, വിപുലരോ-
മാഞ്ചസീൽക്കാരഘർമ്മം
പൂരി, ച്ചന്തർജ്ജഡത്വത്തൊടു, തവനിനവിൽ-
ത്തന്നെയേണാക്ഷി വാഴ്വൂ!

ചേലിൽച്ചാർത്തുന്നു പേർത്തും വരതനു ലളിതാം-
ഗങ്ങളിൽ കമ്രഭൂഷാ-
ജാലം, പത്രം ചലിക്കുമ്പൊഴുതു തവ പദ-
ന്യാസമെന്നായ് ഭ്രമിപ്പൂ
ലീലാതൽപം രചിപ്പൂ, മദപരവശയായ്-
ധ്യാനമുൾച്ചേർന്നിരിപ്പൂ
ലോലാക്ഷിക്കുന്തിനീക്കാനരുതു നിശയിത-
ങ്ങന്തികത്തില്ലയെങ്കിൽ!

"പേരാൽച്ചോടിതു കൃഷ്ണഭോഗിഭവനം,
വേണ്ടിങ്ങിരിക്കേ, ണ്ടതാ
നേരേ മൽസഖ, പാന്ഥ, നന്ദനിലയം
കാൺമ്മൂ സദാനന്ദദം!"
ഹാ, രാധോക്തി, യിതെത്തി നന്ദസവിധേ
പാന്ഥൻ കഥിക്കെ, സ്വയം,
സാരം ഗുഹിതമാക്കുമച്യുതശുഭാ-
ശംസോക്തി വെൽവൂ ചിരം!