തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧൬
←അദ്ധ്യായം ൧൫. | തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്)) രചന: അദ്ധ്യായം ൧൬. |
തിരുവിതാംകൂർ ഭൂമിശാസ്ത്രം→ |
അദ്ധ്യായം ൧൬.
[തിരുത്തുക]പ്രധാന സ്ഥലങ്ങൾ.
[തിരുത്തുക]ജനസംഖ്യകൊണ്ടോ കച്ചവടംകൊണ്ടോ മറ്റേതെങ്കിലും വിശേഷംകൊണ്ടോ കീർത്തിക്കു് അവകാശമുള്ള സ്ഥലങ്ങളെയാണു് പ്രധാന സ്ഥലങ്ങൾ എന്നു പറഞ്ഞുവരുന്നതു്. അയ്യായിരത്തിലധികം ആളുകൾ കുടിപാർപ്പുള്ള നഗരങ്ങളെ പട്ടണങ്ങൾ എന്നു വിളിക്കുന്നു.
മുഖ്യപട്ടണങ്ങൾ
[തിരുത്തുക]൧. തിരുവനന്തപുരം:-ഇതു് ഇവിടത്തെ ഏറ്റവും വലിയ പട്ടണവും സംസ്ഥാനത്തിന്റെ തലസ്ഥാനവുമാകുന്നു.
ഇതിന്റെ കിടപ്പു് പടിഞ്ഞാറെതീരത്തുകൂടിയുള്ള ജലമാർഗ്ഗത്തിന്റെ തെക്കേ അറ്റത്താണു്. മഹാരാജാവുതിരുമനസ്സുകൊണ്ടു് ഇവിടെ കവടിയാർകുന്നുകൊട്ടാരത്തിൽ എഴുന്നള്ളിപ്പാർക്കുന്നു. റസിഡണ്ടുബംഗ്ലാവും, ഹജൂർകച്ചേരിയും, കാളേജുകളും, ജനറൽ ആശുപത്രിയും, കാഴ്ചബംഗ്ലാവും അവിടവിടെയായി സ്ഥിതിചെയ്യുന്നു. രാജ്യരക്ഷയ്ക്കായി ഒരു നായർപട്ടാളവും ഇവിടെ കിടപ്പുണ്ടു്. ഈ പട്ടണം അനേകം ചെറിയ കുന്നുകളാലും അവയുടെ മുകളിലുള്ള വിശേഷതരമായ പല ബംഗ്ലാവുകളാലും മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. പട്ടണത്തിന്റെ പ്രധാനഭാഗങ്ങൾ:-കോട്ടയ്ക്കകം, ചാല, കരമന, മണക്കാടു്, പെരുന്താന്നി, പേട്ട, പാളയം, വഞ്ചിയൂർ, തയ്ക്കാടു്, തമ്പാനൂർ. കോട്ടയ്ക്കകത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രവും പത്മതീർത്ഥവും കൊട്ടാരങ്ങളും സ്ഥിതിചെയ്യുന്നു. തമ്പാനൂരാണു് പ്രധാന റെയിൽവേസ്റ്റേഷൻ. ഇവിടത്തെ ഗംഭീരകെട്ടിടം പട്ടണത്തിനു് ഒരു അലങ്കാരമാണു്. ഇതാണു് തെക്കൻഇൻഡ്യൻ റെയിൽപാതയുടെ തെക്കേഅറ്റം. ചാലയും പാളയവുമാണു് മുഖ്യകച്ചവടസ്ഥലങ്ങൾ. കല്പാലക്കടവും ചാക്കയും രണ്ടു വള്ളക്കടവുകളാകുന്നു. പടിഞ്ഞാറുള്ള വലിയതുറ ഈ പട്ടണത്തിന്റെ തുറമുഖമാണു്. ഇവിടെ ഒരു കടൽപ്പാലം പണിതീർത്തിട്ടുണ്ടു്. തിരുവനന്തപുരത്തു വിദ്യുച്ഛക്തിവിളക്കു സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. കരമനയാറ്റിൽ അരുവിക്കരനിന്നു് കുഴൽവെള്ളം കൊണ്ടുവന്നു പട്ടണത്തിൽ പരത്തുന്നുണ്ടു്. വൈസ്രായി വില്ലിംഗ്ടൻപ്രഭുവിന്റെ സന്ദർശന സ്മാരകമായി ഈ പദ്ധതിക്കു് വില്ലിംഗ്ടൻവർക്സ് എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. [ 79 ] ൨. കൊല്ലം:-ഇതു കേരളത്തിലേക്കു വളരെ പുരാതനമായ ഒരു തുറമുഖവും പട്ടണവുമാണു്. അഷ്ടമുടിക്കായലിന്റെ തെക്കുവശത്തു കിടക്കുന്നു. ഇവിടത്തെ കച്ചവടം മുമ്പിനാലെതന്നെ പല അന്യരാജ്യക്കാരെയും ആകർഷിച്ചിട്ടുണ്ടു്. കുറച്ചുമുമ്പുവരെ ഇവിടെ ഒരു ബ്രിട്ടീഷുപട്ടാളംകിടന്നിരുന്നു. ഈ പട്ടണത്തിനെ മിക്കവാറും ചുറ്റിക്കിടക്കുന്ന കായലുകളും അവയുടെ കരകളിലുള്ള തേവള്ളിക്കൊട്ടാരം, ആശ്രാമത്തുറസിഡൻസി, കുരിവിപ്പുഴ ബംഗ്ലാവു മുതലായ കെട്ടിടങ്ങളും മനോഹരങ്ങളാണു്. ഇവിടെ നൂലുണ്ടാക്കുന്നതിനും ഓടുണ്ടാക്കുന്നതിനും എണ്ണയാട്ടുന്നതിനും ആവിയന്ത്രശാലകളും കച്ചവടത്തിനു വലിയ കമ്പോളങ്ങളും ഉണ്ടു്. റെയിൽപ്പാത നടപ്പിൽവന്നതോടുകൂടി കച്ചവടം അഭിവൃദ്ധികരമായിവരുന്നു. പട്ടണത്തിൽ ഇപ്പോൾ വിദ്യുച്ഛക്തിവിളക്കു സ്ഥാപിച്ചിട്ടുണ്ടു്.
൩. ആലപ്പുഴ:- ഇതു് സംസ്ഥാനത്തിന്റെ പ്രധാന തുറമുഖവും കച്ചവടത്തിന്റെ മുഖ്യ ഇരിപ്പിടവുമാകുന്നു. കിടപ്പു് വേമ്പനാട്ടുകയലിന്റെ തെക്കേ അറ്റത്താണു്. ഇതു സ്ഥാപിച്ചതു് 'രാജാകേശവദാസൻ' ആകുന്നു. ൯൩൭-ാമാണ്ടാണു് കച്ചവടം ആരംഭിച്ചതു്. കപ്പലുകൾക്കു മിക്കവാറും കാലങ്ങളിൽ ഇവിടെ സുഖമായി അടുത്തുകിടക്കാം. കപ്പലിൽനിന്നു് കരയ്ക്കും കരയിൽനിന്നു് കപ്പലിലേയ്ക്കും സാമാനങ്ങൾ കയറ്റി ഇറക്കുന്നതിനു സൌകര്യത്തിനായി ഒരു കടൽപ്പാലം പണികഴിച്ചിട്ടുണ്ടു്. മലഞ്ചരക്കുകൾ അധികം ശേഖരിക്കപ്പെടൂന്നതും കച്ചവടം ചെയ്യപ്പെടുന്നതും ഇവിടെയാണു്. കയറു പിരിക്കുന്നതിനും എണ്ണ ആട്ടി എടുക്കുന്നതിനും മറ്റും യന്ത്രശാലകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടു്. ഇവിടെയുള്ള ദീപസ്തംഭം കപ്പലോട്ടക്കാർക്കു് വളരെ ഉപകാരമുള്ളതാണു്. തെക്കു കൊല്ലവും വടക്കു കൊച്ചിയുമായി മോട്ടാർബോട്ടു സർവ്വീസു നടക്കുന്നു. കൊച്ചിയുമായി ടെലഫോണും ഉണ്ടു്.
൪. നാഗർകോവിൽ:-ഇതു് ലണ്ടൻമിഷ്യൻ സംഘക്കാരുടെ പ്രധാനസ്ഥലമാകുന്നു. ആരുവാമൊഴിയിൽനിന്നു ഏകദേശം ൭-മൈൽ തെക്കുപടിഞ്ഞാറാണു് കിടപ്പു്. ഇവിടെ ലണ്ടൻമിഷ്യൻവക ഒരു കാളേജും, രക്ഷാസൈന്യക്കാരുടെ വക ഒരു പ്രസിദ്ധപ്പെട്ട ആശുപത്രിയും ഉണ്ടു്. മിഷ്യൻകാരുടെ പരിശ്രമമാണു് ഈ പട്ടണത്തിന്റെ അഭിവൃദ്ധിക്കു മുഖ്യകാരണം. ഇവിടത്തെ മണിമാളിക പട്ടണത്തിനു ഒരു അലങ്കാരമാകുന്നു. കോട്ടാർ, വടിവീശ്വരം, വടശ്ശേരി എന്നീ ജനബാഹുല്യമുള്ള ഗ്രാമങ്ങൾ നാഗർകോവിലിനെ ചുറ്റിക്കിടക്കുന്നു. നാഗർകോവിൽ കൊട്ടാ [ 80 ] രത്തിൽവെച്ചാണു് ലഹളക്കാരനായ കുഞ്ചുത്തമ്പി വധിക്കപ്പെട്ടതു്. ഇവിടെയും വിദ്യുച്ഛക്തി വിളക്കുണ്ടു്.
൫. കോട്ടയം:-ഇതു് വേമ്പനാട്ടുകായലിന്റെ തെക്കുകിഴക്കുവശത്താണു് കിടക്കുന്നതു്. ചർച്ചുമിഷ്യൻ സംഘക്കാരുടെ പ്രധാനസ്ഥലവും സുറിയാനിക്രിസ്ത്യാനികളുടെ മുഖ്യ ഇരിപ്പിടവും ഇതാകുന്നു. മലയാളരാജ്യത്തിലേക്കു് ഏറ്റവും പഴക്കമുള്ള ഒരു സുറിയാനിപ്പള്ളി ഇവിടെയുണ്ടു്. ചർച്ചുമിഷ്യൻവക ഒരു കാളേജും ഒരച്ചടിശാലയും ഉള്ളവ പരിഷ്കൃതസ്ഥിതിയിലിരിക്കുന്നു. പീരുമേടു മുതലായ കാപ്പിത്തോട്ടങ്ങളുമായി ഇവിടെ പ്രബലമായ കച്ചവടം നടക്കുന്നുണ്ടു്. വിദ്യുച്ഛക്തി വിളക്കു് ഇവിടെയും സ്ഥാപിച്ചിരിക്കുന്നു.
൬. കായംകുളം:-ഇതു് പണ്ടു് കായംകുളംരാജാവിന്റെ തലസ്ഥാനമായിരുന്നു. വടക്കു കൊച്ചിക്കും തെക്കു് കൊല്ലത്തിനും ഇടയ്ക്കുള്ള ജലമാർഗ്ഗത്തിൽ കായംകുളംകായലിന്റെ തെക്കുകിഴക്കേക്കോണിൽ കിടക്കുന്നു. സ്ഥനസൌകര്യംകൊണ്ടും ഇവിടെനിന്നും ചെങ്കോട്ടവഴി തിരുനെൽവേലിക്കു റോഡുള്ളതുകൊണ്ടും കച്ചവടത്തിനു വളരെ ഉതകുന്ന ഒരു പട്ടണമാണു്. ഇവിടെ ഒരു പഴയ ക്രിസ്ത്യാനിപ്പള്ളിയുണ്ടു്. ഇതിനു ചുറ്റും താമസിക്കുന്ന നായന്മാർ പണ്ടത്തെ പടവീരന്മാരുടെ സന്താനങ്ങൾ ആണു്. ആണ്ടുതോറും മിഥുനമാസത്തിൽ ഇതിനടുത്തുവച്ചു് നടത്തുന്ന ഓച്ചിറക്കളി പഴയ യുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്നു.
ചെങ്കോട്ട, തിരുവല്ലാ, ചങ്ങനാശ്ശേരി, ആലുവാ, പറവൂർ, കുളച്ചൽ, പത്മനാഭപുരം, കുഴിത്തുറ, നെയ്യാറ്റുങ്കര, ആറ്റുങ്ങൽ, ഹരിപ്പാടു്, മാവേലിക്കര, വൈക്കം ഇവയും പട്ടണങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ടു്.
ചന്തകളും കച്ചവടസ്ഥലങ്ങളും.
[തിരുത്തുക]മേൽവിവരിച്ച വലിയ പട്ടണങ്ങളിൽ എല്ലാം കച്ചവടങ്ങൾ ഏറക്കുറെ പ്രബലമായ രീതിയിൽ നടക്കുന്നുണ്ടു്. ആലപ്പുഴയും, കൊല്ലവും, കോട്ടാറും പ്രത്യേകം പ്രസിദ്ധിക്കു് അർഹതയുള്ളവയാണു്. ചന്തകളിൽവച്ചു് ഒന്നാമത്തെ സ്ഥാനത്തിനു അവകാശമുള്ളതു് ചങ്ങനാശ്ശേരി ചന്തയ്ക്കാകുന്നു. ഇവിടെ ബുധനാഴ്ചയും ശനിയാഴ്ചയുമാണു് ചന്ത കൂടാറുള്ളതു്. തിരുവാതിരച്ചന്തയ്ക്കും ഓണചന്തയ്ക്കും ഉള്ള ബഹളം കണ്ടനുഭവിക്കേണ്ടതാണു്. കൊച്ചി, ആലപ്പുഴ, കായംകുളം മുതലായ സ്ഥലങ്ങളിൽനിന്നും ചന്തതോറും അനവധി ആളുകൾ ഇവിടെ എത്തുന്നു. മറ്റു ചന്തകളിൽ [ 81 ] പ്രധാനം നാഗർകോവിലിനടുത്തുള്ള കറിക്കോപ്പുകൾക്കു പ്രസിദ്ധപ്പെട്ട കനകമൂലച്ചന്തയും, കന്നുകാലികൾക്കു പ്രസിദ്ധപ്പെട്ട ഇരണിയലിനു സമീപമുള്ള തിങ്കളാഴ്ചച്ചന്തയും, കിഴങ്ങുവർഗ്ഗങ്ങൾ ധാരാളം കച്ചവടം ചെയ്തുവരുന്ന കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ടച്ചന്തയും, പറക്കോട്ടുചന്തയും ആകുന്നു. ഇവ കൂടാതെ പത്തനംതിട്ടയിലെ ഓമല്ലൂരും കൊട്ടാരക്കരയിലെ വെളിനല്ലൂരും ആണ്ടിലൊരിക്കലുള്ള ചന്തകൾക്കു പ്രത്യേകംകീർത്തിപ്പെട്ടവയാണു്.
ദേവാലയങ്ങൾ.
[തിരുത്തുക]ഈ സംസ്ഥാനത്തിൽ പ്രസിദ്ധി ധാരാളമുള്ളവയായി അനേകം വലിയ ക്ഷേത്രങ്ങൾ ഉണ്ടു്. അവയിൽ പ്രാധാന്യം കൂടിയവ കന്യാകുമാരിയിലെ ഭഗവതിക്ഷേത്രവും, ശുചീന്ദ്രത്തെ സ്ഥാണുമാലയപ്പെരുമാൾക്ഷേത്രവും, തിരുവനന്തപുരത്തെ (അനന്തശയനം) ശ്രീപത്മനാഭസ്വാമിക്ഷേത്രവും അമ്പലപ്പുഴ കൃഷ്ണസ്വാമിക്ഷേത്രവും, ആറൻമുള പാർത്ഥസാരഥിക്ഷേത്രവും, വൈക്കത്തെ ശിവക്ഷേത്രവും, ആകുന്നു. കന്യാകുമാരിഭജനം, ശുചീന്ദ്രത്തെ തേരോട്ടം, തിരുവനന്തപുരത്തു ലക്ഷദീപം, അമ്പലപ്പുഴ ഉത്സവം, ആറൻമുള വള്ളംകളി, വൈക്കത്തഷ്ടമി ഇവയെപറ്റി കേൾക്കാത്തവർ ഉണ്ടോ എന്നു സംശയമാണു്. തിരുവനന്തപുരത്തിനടുത്തുള്ള തിരുവല്ലം ശ്രാദ്ധാദികൾക്കു വിശേഷിച്ചും യോഗ്യതയുള്ളതാണു്. മലവാരത്തുള്ള വീരണകാവു്, കുളത്തൂപ്പുഴ, ആര്യങ്കാവു്, ശബരിമല ഇവ ശാസ്താക്കളുടെ പ്രതിഷ്ഠാസ്ഥലങ്ങളും പുണ്യഭൂമികളും ആകുന്നു. കൽക്കുളം താലൂക്കിൽ കുളച്ചലിനടുത്തുള്ള "മണ്ടയ്ക്കാട്ടു" ഭഗവതിക്ഷേത്രം വളരെ പ്രസിദ്ധിയുള്ളതാണു്. കുംഭമാസത്തിലെ മണ്ടയ്ക്കാട്ടുകുടയ്ക്കു് ഇവിടെ വളരെ ആളുകൾ കൂടുന്നു.
ക്രിസ്ത്യാനികളുടെ പള്ളികളിൽവെച്ചു പ്രാധാന്യം കൂടിയവ കോട്ടാറിനരികിലുള്ള ശബരിയാർകോവിലും, കായംകുളത്തും നിരണത്തും ചങ്ങനാശ്ശേരിയിലും കോട്ടയത്തും പുതുപ്പള്ളിയിലും മലയാറ്റൂരും ഇടത്വായിലും ഉള്ള പള്ളികളും ആകുന്നു. ഏറ്റവും പുരാതനമായ നിരണത്തു സുറിയാനിപ്പള്ളി പുതുക്കി ഭംഗിയായി പണികഴിപ്പിച്ചിട്ടുണ്ടു്. മഹമ്മദീയരുടെ പള്ളികളിൽ പഴക്കവും പ്രാധാന്യവും കൂടിയതു തിരുവിതാംകോട്ടെ പള്ളിയാകുന്നു.
സുഖവാസസ്ഥലങ്ങൾ.
[തിരുത്തുക]മലമുകളിലുള്ള ദേവികുളം പീരുമേടു് പൊൻമുടി മുത്തുക്കുഴി ഇവ വേനൽക്കാലത്തു യൂറോപ്യന്മാരുടേയും ആലുവാ, [ 82 ] ആറൻമുള, ശാസ്താംകോട്ട, വർക്കല, കന്യാകുമാരി ഇവ നാട്ടുകാരുടേയും സുഖവാസസ്ഥലങ്ങൾ ആകുന്നു. തിരുവനന്തപുരത്തിനടുത്തുള്ള കോവളം, പട്ടണവാസികൾ വിശ്രമത്തിനായി ഉപയോഗിച്ചുവരുന്നു. വർക്കലയും അതിനു് ഉചിതമായിട്ടുള്ളതാണു്. ഗോസായികൾ ഈ സ്ഥലത്തിനെ "ജനാർദ്ദനം" എന്നു വിളിക്കുന്നു. ഇവിടത്തെ ചൂരൽവേലകൾ പ്രസിദ്ധപ്പെട്ടവയാണു്. സകലരാലും ആദരണീയമായ കുറ്റാലം ചെങ്കോട്ടയ്ക്കരുകിൽ ബ്രിട്ടീഷുരാജ്യത്തിൽ കിടക്കുന്നു.
മറ്റു വിശേഷസ്ഥലങ്ങൾ.
[തിരുത്തുക]ആരുവാമൊഴി:-ഇതു തിരുനെൽവേലിയിലേക്കു കടക്കുന്ന അതിർത്തിവാതിൽ എന്നു പറയപ്പെടുന്നു. ഇവിടെ ഒരു ചവുക്കയുണ്ടു്. അതിർത്തിരക്ഷയ്ക്കുണ്ടായിരുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഉണ്ടു്.
അഴകിയപാണ്ടിപുരം:- തോവാളത്താലൂക്കിൽ നാഞ്ചിക്കുറവന്മാരാൽ ഭരിക്കപ്പെട്ടുവന്നിരുന്ന നാഞ്ചനാടിന്റെ തലസ്ഥാനമായിരുന്നു.
കന്യാകുമാരി:-ഇതു് തിരുവിതാംകൂറിലെ എന്നല്ല ഇൻഡ്യാരാജ്യത്തിലെ ഏറ്റവും തെക്കേ അറ്റത്തെ കോടിയാകുന്നു. കോടിയുടെ അറ്റത്താണു് പ്രസിദ്ധപ്പെട്ട ഭഗവതിക്ഷേത്രം. ഇവിടെ സമുദ്രത്തിൽ തീർത്ഥസ്നാനം ചെയ്യുന്നതിനു് വിശേഷമാതിരിയിൽ കടവുകൾ തീർത്തിട്ടുണ്ടു്.
തിരുവിതാംകോടു്:-കൽക്കുളം താലൂക്കിലുള്ള ഈ പഴയ പട്ടണമാണു് സംസ്ഥാനത്തിന്റെ പേരിനു കാരണമായതു്. ഇവിടെ മുൻപു് ഒരു രാജധാനിയുണ്ടായിരുന്നു. ഇവിടത്തെ മഹമ്മദീയപള്ളി ഒരു പുണ്യസ്ഥലമായി ഗണിക്കപ്പെട്ടിരിക്കുന്നു. ഇതിനടുത്തു് ഒരു കരിങ്കൽസ്തംഭം കാണുന്നുണ്ടു്. ഇതിൽ പണ്ടത്തെ "പുലപ്പേടി" "മണ്ണാപ്പേടി" ഇവയെ നിറുത്തിയിരിക്കുന്നുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
നെയ്യാറ്റുങ്കര :- നായന്മാരുടെ വീടുകൾ അധികമുള്ള ഒരു നല്ല ചെറിയ പട്ടണം. ഇവിടത്തെ കൃഷ്ണസ്വാമിക്ഷേത്രവും വരിക്കപ്ലാവും ചരിത്രപ്രസിദ്ധങ്ങളാണു്. ക്ഷേത്രത്തിലെ കൃഷ്ണസ്വാമിവിഗ്രഹം കമനീയമായിട്ടുള്ളതാകുന്നു.
ആറ്റുങ്ങൽ:-ഇതു പണ്ടു് ഒരു രാജ്ഞിയാൽ തിരുവിതാംകൂറിലേക്കു കൊടുക്കപ്പെട്ടതാണു്. നമ്മുടെ തമ്പുരാട്ടിമാരുടെ പൊ [ 83 ] തുകുടുംബമായി ഇപ്പോൾ വിചാരിക്കപ്പെട്ടുവരുന്നുണ്ടു്. അതുകൊണ്ടാണു് ആറ്റുങ്ങൽ മൂത്തതമ്പുരാൻ, ഇളയതമ്പുരാൻ എന്നു വിളിക്കപ്പെടുന്നതു്. ആറ്റുങ്ങലും അതിനെ തൊട്ടുകിടക്കുന്ന ൬ പകുതികളും ശ്രീപാദം വകയാണു്. ആറ്റിങ്ങലിനു വടക്കുകിഴക്കു കിടക്കുന്ന കിളിമാനൂർ പകുതി കിളിമാനൂർ കോയിത്തമ്പുരാന്മാർക്കു വിട്ടുകൊടുത്തിരിക്കുന്നു. പ്രസിദ്ധപ്പെട്ട ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാൻ ആ വംശത്തിലെ അംഗമായിരുന്നു.
അഞ്ചുതെങ്ങു്:- ഇവിടെയാണു് ഉദ്ദേശം ൨൫൦ കൊല്ലത്തിനുമുമ്പിൽ ഇംഗ്ലീഷുകാരുടെ ആദ്യപണ്ടകശാല സ്ഥാപിച്ചതു്. റാബർട്ടു ആറംസ് എന്ന പ്രസിദ്ധ ചരിത്രകാരൻ ജനിച്ചതും ഇവിടെയാണു്. ഇവിടത്തെ കോട്ടയും ശവകുടീരങ്ങളും ഓർമ്മസ്ഥാപനങ്ങളും യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കുന്നുണ്ടു്.
വർക്കല:-ക്ഷേത്രത്തിനും പുണ്യതീർത്ഥത്തിനുമുള്ള പ്രസിദ്ധിക്കു പുറമേ, ഭൂഗർഭശാസ്ത്രജ്ഞന്മാരുടെ അന്വേഷണങ്ങൾക്കു രസകരമായ ഒരു സ്ഥലമാണു് ഇതു്. ഇവിടെയുള്ള രണ്ടു കുന്നുകളിൽ തുരങ്കങ്ങൾ ഉണ്ടാക്കി വടക്കും തെക്കുമുള്ള തോടുകളെ യോജിപ്പിച്ചിരിക്കുന്നു. ഇതിനു സമീപത്താണു് ശ്രീനാരായണഗുരുവിനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവഗിരിക്ഷേത്രം.
ചെങ്ങന്നൂർ:-ഇതു് മലയാളബ്രാഹ്മണർ അധികമുള്ള സ്ഥലമാണു്. ഇവരിൽ പ്രധാനി വഞ്ഞിപ്പുഴത്തമ്പുരാനാകുന്നു. ഇവിടത്തെ ക്ഷേത്രത്തിലെ ൨൮ ദിവസത്തെ ഉത്സവവും തൃപ്പൂത്താറാട്ടും പ്രത്യേകം പ്രസിദ്ധിയുള്ളവയാണു്.
അമ്പലപ്പുഴ:-ഇതു് കുട്ടനാട്ടിലെ പഴയ പട്ടണമാണു്. ചെമ്പകശ്ശേരിരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ചെമ്പകശ്ശേരിരാജാവും കായംകുളം രാജാവും തമ്മിൽ യുദ്ധമുണ്ടായ ഒരു സ്ഥലമാണു് കായംകുളത്തിനടുത്തുള്ള ഓച്ചിറ പടനിലം. എല്ലാ മിഥുനമാസത്തിലും ഒന്നും രണ്ടും തിയതികളിൽ ഈ യുദ്ധത്തിന്റെ ഓർമ്മയെ നിലനിർത്തുന്നതിനായി ഒരു പോർക്കളി നടത്തുന്നുണ്ടു്. അപ്പോൾ വലിയ കച്ചവടമുണ്ടായിരിക്കും.
കല്ലൂപ്പാറ, തൃക്കുന്നപ്പുഴ:-തിരുവല്ലാത്താലൂക്കിൽ ചേർന്ന കല്ലൂപ്പാറയും എഴുമറ്റൂരും, കാർത്തികപ്പള്ളിയിലുൾപ്പെട്ട തൃക്കുന്നപ്പുഴയും ഇടപ്പള്ളിത്തമ്പുരാന്റെ വകയാണു്. രണ്ടും തെങ്ങിനു പ്രസിദ്ധപ്പെട്ടിരിക്കുന്നു. [ 84 ] മാവേലിക്കര:-ഇതു് മുൻപു ടിപ്പുവിനെ പേടിച്ചു മലബാറിൽനിന്നു് ഓടിപ്പോന്ന രാജാക്കന്മാരുടെ അഭയസ്ഥാനമായിരിക്കുന്നു. ഇപ്പോൾ ഇവിടെ ഒരു രാജവംശം താമസമുണ്ടു്. ഇതിനടുത്തുള്ള ചെട്ടികുളങ്ങരക്ഷേത്രത്തിലെ കെട്ടുകാഴ്ച പ്രസിദ്ധിയുള്ളതാണു്.
ആര്യാടു്:-ആലപ്പുഴയ്ക്കു അല്പം വടക്കുള്ള ഈ സ്ഥലത്തു "മൺട്രോ" സായ്പിന്റെ ഓർമ്മയ്ക്കായി ഒരു ദീപസ്തംഭം പണിയിച്ചിട്ടുണ്ടു്.
പൂഞ്ഞാർ:-മീനച്ചൽത്താലൂക്കിൽ ചേർന്ന പൂഞ്ഞാറു് ഒരു ഇടപ്രഭുവിന്റെ വകയാണു്. ഭൂമി പലവിധ കൃഷികൾക്കു വളരെ ഉപയോഗപ്പെടുന്നു. ഇവിടത്തെ ഒരു ഇളയരാജാവാണു് ആറ്റുങ്ങൽ കൊച്ചുതമ്പുരാൻ കാർത്തികതിരുനാൾ തിരുമനസ്സിലെ പള്ളിക്കെട്ടു കഴിച്ചിരിക്കുന്നതു്.
അരൂക്കുറ്റി :-ഇതു് വേമ്പനാട്ടുകായലിന്റെ വടക്കെ അറ്റത്തു് കൊച്ചിയിലതിർത്തിയിൽ കിടക്കുന്നു. കായൽവഴി കൊണ്ടുവരപ്പെടുന്ന ചരക്കുകൾക്കുള്ള വടക്കേ അതിർത്തിയിലെ ചുങ്കസ്ഥലമാണു്. മുമ്പു ഇവിടെ ഒരു ഒന്നാംക്ലാസു് മജിസ്ത്രേട്ടുകോടതി ഉണ്ടായിരുന്നു. തെക്കേ അതിർത്തിയിലെ ചുങ്കസ്ഥലം ആരുവാമൊഴി ആകുന്നു.
ആലുവാ :-പെരിയാറ്റിന്റെ തീരത്തുള്ള ഈ സുഖവാസസ്ഥലം വേനൽക്കാലത്തു കേരളത്തിലെ നാനാഭാഗങ്ങളിൽനിന്നും ജനങ്ങളെ ആകർഷിക്കുന്നു. ഇവിടത്തെ റെയിൽപ്പാതയും സ്റ്റേഷനും തീർന്നതോടുകൂടി നാൾക്കുനാൾ ഇതു് അഭിവൃദ്ധിയെ പ്രാപിച്ചുവരുന്നു. കുംഭമാസത്തിലെ ശിവരാത്രി ഇവിടത്തെ ഒരു പ്രധാന ഉത്സവദിവസമാണു്. അനവധി ആളുകൾ അന്നു മണൽപ്പുറത്തു കൂടും. കച്ചവടവും പ്രബലമായി നടക്കുന്നു. ഇതിനു അല്പം മുകളിൽനിന്നു് പെരിയാറ്റിലെ വെള്ളം കുഴൽവഴി കൊച്ചീസംസ്ഥാനത്തിലെ തലസ്ഥാനമായ എറണാകുളത്തേക്കു കൊണ്ടുപോകുന്നു. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയും പുണ്യസ്ഥലവുമായ കാലടി ഇതിന്റെ കിഴക്കുമാറി ആറ്റരികിൽ കിടക്കുന്നു. ഈയിടെ ആലുവാപ്പുഴയ്ക്കു വടക്കായി ക്രിസ്ത്യൻ സംഘക്കാർ ഒരു ഒന്നാംഗ്രേഡ് കാളേജു് സ്ഥാപിച്ചിട്ടുണ്ടു്. ആലുവായ്ക്കു അല്പം തെക്കു് ആറ്റരുകിൽ "മൂടിക്കൽ" എന്ന സ്ഥലത്തു ഒരു തീപ്പെട്ടി വ്യവസായശാല പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. [ 85 ] പറവൂർ:-ഇതു് പറവൂർ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. പണ്ടു അതിര്തിരക്ഷയ്ക്കു് ഒരു പട്ടാളം കിടന്നിരുന്നു. ഇപ്പോൾ ഒരു ജില്ലാക്കോടതിയും ഒരു വലിയ ഇംഗ്ലീഷ്‌പള്ളിക്കൂടവുമുണ്ടു്. ജനങ്ങൾ പരിശ്രമാശീലന്മാരും ഉത്സാഹികളുമാകുന്നു.
പള്ളിവാസൽ:-ഇതു് ദേവികുളം താലൂക്കിന്റെ തെക്ക് പടിഞ്ഞാറേ ഭാഗത്തു കിടക്കുന്നു. ഇവിടെ പെരിയാറ്റിന്റെപൊഷകനദിയായ മുതിരപ്പുഴയാറ്റിലുള്ള ഒരു വലിയ വെള്ളച്ചാട്ടത്തെ ആധാരമാക്കി മഹത്തരമായ വിദ്യുച്ഛക്തി വേലകൾ നടത്തുന്നതിനു പണികൾ നടന്നുവരുന്നു. ഇവ പൂർത്തിയായാൽ വടക്കു ആലുവാ മുതൽ തെക്കു തിരുവല്ലാവരെ വിദ്യുച്ഛക്തിപ്രവാഹം ഉണ്ടായിരിക്കുന്നതാണു്.