താൾ:Geography textbook 4th std tranvancore 1936.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാവേലിക്കര:-ഇതു് മുൻപു ടിപ്പുവിനെ പേടിച്ചു മലബാറിൽനിന്നു് ഓടിപ്പോന്ന രാജാക്കന്മാരുടെ അഭയസ്ഥാനമായിരിക്കുന്നു. ഇപ്പോൾ ഇവിടെ ഒരു രാജവംശം താമസമുണ്ടു്. ഇതിനടുത്തുള്ള ചെട്ടികുളങ്ങരക്ഷേത്രത്തിലെ കെട്ടുകാഴ്ച പ്രസിദ്ധിയുള്ളതാണു്.

ആര്യാടു്:-ആലപ്പുഴയ്ക്കു അല്പം വടക്കുള്ള ഈ സ്ഥലത്തു "മൺട്രോ" സായ്പിന്റെ ഓർമ്മയ്ക്കായി ഒരു ദീപസ്തംഭം പണിയിച്ചിട്ടുണ്ടു്.

പൂഞ്ഞാർ:-മീനച്ചൽത്താലൂക്കിൽ ചേർന്ന പൂഞ്ഞാറു് ഒരു ഇടപ്രഭുവിന്റെ വകയാണു്. ഭൂമി പലവിധ കൃഷികൾക്കു വളരെ ഉപയോഗപ്പെടുന്നു. ഇവിടത്തെ ഒരു ഇളയരാജാവാണു് ആറ്റുങ്ങൽ കൊച്ചുതമ്പുരാൻ കാർത്തികതിരുനാൾ തിരുമനസ്സിലെ പള്ളിക്കെട്ടു കഴിച്ചിരിക്കുന്നതു്.

അരൂക്കുറ്റി :-ഇതു് വേമ്പനാട്ടുകായലിന്റെ വടക്കെ അറ്റത്തു് കൊച്ചിയിലതിർത്തിയിൽ കിടക്കുന്നു. കായൽവഴി കൊണ്ടുവരപ്പെടുന്ന ചരക്കുകൾക്കുള്ള വടക്കേ അതിർത്തിയിലെ ചുങ്കസ്ഥലമാണു്. മുമ്പു ഇവിടെ ഒരു ഒന്നാംക്ലാസു് മജിസ്ത്രേട്ടുകോടതി ഉണ്ടായിരുന്നു. തെക്കേ അതിർത്തിയിലെ ചുങ്കസ്ഥലം ആരുവാമൊഴി ആകുന്നു.

ആലുവാ :-പെരിയാറ്റിന്റെ തീരത്തുള്ള ഈ സുഖവാസസ്ഥലം വേനൽക്കാലത്തു കേരളത്തിലെ നാനാഭാഗങ്ങളിൽനിന്നും ജനങ്ങളെ ആകർഷിക്കുന്നു. ഇവിടത്തെ റെയിൽപ്പാതയും സ്റ്റേഷനും തീർന്നതോടുകൂടി നാൾക്കുനാൾ ഇതു് അഭിവൃദ്ധിയെ പ്രാപിച്ചുവരുന്നു. കുംഭമാസത്തിലെ ശിവരാത്രി ഇവിടത്തെ ഒരു പ്രധാന ഉത്സവദിവസമാണു്. അനവധി ആളുകൾ അന്നു മണൽപ്പുറത്തു കൂടും. കച്ചവടവും പ്രബലമായി നടക്കുന്നു. ഇതിനു അല്പം മുകളിൽനിന്നു് പെരിയാറ്റിലെ വെള്ളം കുഴൽവഴി കൊച്ചീസംസ്ഥാനത്തിലെ തലസ്ഥാനമായ എറണാകുളത്തേക്കു കൊണ്ടുപോകുന്നു. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയും പുണ്യസ്ഥലവുമായ കാലടി ഇതിന്റെ കിഴക്കുമാറി ആറ്റരികിൽ കിടക്കുന്നു. ഈയിടെ ആലുവാപ്പുഴയ്ക്കു വടക്കായി ക്രിസ്ത്യൻ സംഘക്കാർ ഒരു ഒന്നാംഗ്രേഡ് കാളേജു് സ്ഥാപിച്ചിട്ടുണ്ടു്. ആലുവായ്ക്കു അല്പം തെക്കു് ആറ്റരുകിൽ "മൂടിക്കൽ" എന്ന സ്ഥലത്തു ഒരു തീപ്പെട്ടി വ്യവസായശാല പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/92&oldid=160154" എന്ന താളിൽനിന്ന് ശേഖരിച്ചത്