താൾ:Geography textbook 4th std tranvancore 1936.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം ൧൬.

പ്രധാന സ്ഥലങ്ങൾ.

ജനസംഖ്യകൊണ്ടോ കച്ചവടംകൊണ്ടോ മറ്റേതെങ്കിലും വിശേഷംകൊണ്ടോ കീർത്തിക്കു് അവകാശമുള്ള സ്ഥലങ്ങളെയാണു് പ്രധാന സ്ഥലങ്ങൾ എന്നു പറഞ്ഞുവരുന്നതു്. അയ്യായിരത്തിലധികം ആളുകൾ കുടിപാർപ്പുള്ള നഗരങ്ങളെ പട്ടണങ്ങൾ എന്നു വിളിക്കുന്നു.

മുഖ്യപട്ടണങ്ങൾ

൧. തിരുവനന്തപുരം:-ഇതു് ഇവിടത്തെ ഏറ്റവും വലിയ പട്ടണവും സംസ്ഥാനത്തിന്റെ തലസ്ഥാനവുമാകുന്നു.

ഇതിന്റെ കിടപ്പു് പടിഞ്ഞാറെതീരത്തുകൂടിയുള്ള ജലമാർഗ്ഗത്തിന്റെ തെക്കേ അറ്റത്താണു്. മഹാരാജാവുതിരുമനസ്സുകൊണ്ടു് ഇവിടെ കവടിയാർകുന്നുകൊട്ടാരത്തിൽ എഴുന്നള്ളിപ്പാർക്കുന്നു. റസിഡണ്ടുബംഗ്ലാവും, ഹജൂർകച്ചേരിയും, കാളേജുകളും, ജനറൽ ആശുപത്രിയും, കാഴ്ചബംഗ്ലാവും അവിടവിടെയായി സ്ഥിതിചെയ്യുന്നു. രാജ്യരക്ഷയ്ക്കായി ഒരു നായർപട്ടാളവും ഇവിടെ കിടപ്പുണ്ടു്. ഈ പട്ടണം അനേകം ചെറിയ കുന്നുകളാലും അവയുടെ മുകളിലുള്ള വിശേഷതരമായ പല ബംഗ്ലാവുകളാലും മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. പട്ടണത്തിന്റെ പ്രധാനഭാഗങ്ങൾ:-കോട്ടയ്ക്കകം, ചാല, കരമന, മണക്കാടു്, പെരുന്താന്നി, പേട്ട, പാളയം, വഞ്ചിയൂർ, തയ്ക്കാടു്, തമ്പാനൂർ. കോട്ടയ്ക്കകത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രവും പത്മതീർത്ഥവും കൊട്ടാരങ്ങളും സ്ഥിതിചെയ്യുന്നു. തമ്പാനൂരാണു് പ്രധാന റെയിൽവേസ്റ്റേഷൻ. ഇവിടത്തെ ഗംഭീരകെട്ടിടം പട്ടണത്തിനു് ഒരു അലങ്കാരമാണു്. ഇതാണു് തെക്കൻഇൻഡ്യൻ റെയിൽപാതയുടെ തെക്കേഅറ്റം. ചാലയും പാളയവുമാണു് മുഖ്യകച്ചവടസ്ഥലങ്ങൾ. കല്പാലക്കടവും ചാക്കയും രണ്ടു വള്ളക്കടവുകളാകുന്നു. പടിഞ്ഞാറുള്ള വലിയതുറ ഈ പട്ടണത്തിന്റെ തുറമുഖമാണു്. ഇവിടെ ഒരു കടൽപ്പാലം പണിതീർത്തിട്ടുണ്ടു്. തിരുവനന്തപുരത്തു വിദ്യുച്ഛക്തിവിളക്കു സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. കരമനയാറ്റിൽ അരുവിക്കരനിന്നു് കുഴൽ‌വെള്ളം കൊണ്ടുവന്നു പട്ടണത്തിൽ പരത്തുന്നുണ്ടു്. വൈസ്രായി വില്ലിംഗ്ടൻപ്രഭുവിന്റെ സന്ദർശന സ്മാരകമായി ഈ പദ്ധതിക്കു് വില്ലിംഗ്ടൻ‌വർക്സ് എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Geography_textbook_4th_std_tranvancore_1936.djvu/86&oldid=160147" എന്ന താളിൽനിന്ന് ശേഖരിച്ചത്