Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഇഷ്ടദേവതാവന്ദനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഇഷ്ടദേവതാവന്ദനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ
കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്‌കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ
വാരിജോത്ഭവമുഖവാരിജവാസേ! ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ‌്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ
വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ.
നാന്മറനേരായ രാമായണം ചമയ്‌ക്കയാൽ
നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി-
താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ,
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭൻ മഹേശ്വരൻ
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ
മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ.
വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും മമ
വാരിജമകളായ ദേവിയും തുണയ്‌ക്കേണം.
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
ആധാരം നാനാജഗന്മയനാം ഭഗവാനും
വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു
ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം,
വേദജ്ഞോത്തമന്മാർമാഹാത്മ്യങ്ങളാർക്കു ചൊല്ലാം?
പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ
വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്‌ക്കേണം.
സുരസംഹതിപതി തദനു സ്വാഹാപതി
വരദൻ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയൻ ഗണപതി
സുരവാഹിനീപതി പ്രമഥഭൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
ജഗതി ചരാചരജാതികളായുളേളാരും
അഗതിയായോരടിയന്നനുഗ്രഹിക്കേണ-
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ.
അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ
മൽഗുരുനാഥനനേകാന്തേവാസികളോടും
ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമരാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും.
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ.
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളൻ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ
വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ
നാണമാകുന്നൂതാനുമതിനെന്താവതിപ്പോൾ?
വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു
ചേതസ്സി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ
അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ധമിജ്ജന്മം കൊണ്ടേ
ഭക്തികൈക്കൊണ്ടു കേട്ടുകൊള്ളുവിൻ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാൻ രാമമാഹാന്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ
ബദ്ധരാകിലുമുടൻ മുക്തരായി വന്നു കൂടും.
ധാത്രീഭാരത്തെ തീർപ്പാൻ ബ്രഹ്മാദിദേവഗണം
പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രം ചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേൽ യോഗനിന്ദ്ര ചെയ്തിടും നാരായണൻ
ധാത്രീമണ്ഡലം തന്നിൽ മാർത്താണ്ഡകുലത്തിങ്കൽ
ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്
രാത്രീചാരികളായ രാവണാദികൾ തന്നെ
മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരു ശേഷം
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേൻ.