Jump to content

ആൾമാറാട്ടം/അദ്ധ്യായം പതിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം പതിമൂന്ന്
[ 53 ]
13
ഈജയിനെ തുക്കിപ്പാനായിട്ടു
രാജാവിന്റെ എഴുന്നെള്ളത്തു

രാജാവു - നമുക്കു ഈ വൃദ്ധന്റെ പേരിൽ എത്രയും കരുണ തോന്നുകയാൽ ഈയാളെ വീണ്ടുകൊൾവാൻ വല്ലവരും ഉണ്ടോയെന്നു ഒരിക്കൽകൂടെ പ്രസിദ്ധപ്പെടുത്തുവിൻ. (എന്നു പറഞ്ഞ ഉടനെ അഡ്രിയാനാ ചെന്നു കാല്ക്കൽ വീണുകൊണ്ടു) പൊന്നു സ്വാമീ സങ്കടം തീർത്തു രക്ഷിപ്പാറാകണമേ - ഈ ആശ്രമത്തലവി എന്നോടു അന്യായം ചെയ്തിരിക്കുന്നു. (എന്നു നിലവിളിച്ചുപറഞ്ഞു)

രാജാവു - ആശ്രമത്തിലെ അഗ്രഗണ്യയായവരൊ? അവർ വളരെ സുകൃതവും മാനമര്യാദയും ഉള്ള ഒരു സ്ത്രീ ആകകൊണ്ടു അവർ ഒരുത്തരോടും അന്യായം ചെയ്യുന്നതല്ല.

അഡ്രി - പൊന്നു തിരുമേനി അവിടത്തേ കല്പനപ്രകാരം ഭർത്താവായി വരിച്ചിട്ടുള്ള അന്റിപ്പോലസ്സിനു അഞ്ചാറു ദിവസമായിട്ടു തലെക്കു നല്ല സ്ഥിരമല്ലാതെ ആയി. ഇന്നു അതു ഏറ്റവും കർശനം ആകകൊണ്ടു അയാളും അയാളെപ്പോലെതന്നെ പിച്ചനായ വേലക്കാരനുംകൂടെ കമ്പോളംതോറും നടന്നു പട്ടണവാസികളെ ഉപദ്രവിക്കയും അവരുടെ വീടുകളിൽ കേറി മോതിരം മുതലായ ആഭരണങ്ങൾ കൊള്ള ചെയ്കയും ചെയ്തപ്രകാരം കേട്ടു ഞാൻ ആളുവിളിച്ചു കൂട്ടിക്കൊണ്ടുചെന്നു. ഒരിക്കൽ അവരെ ഇരുപേരെയും ബന്ധിപ്പിച്ചു വീട്ടിലേക്കു കൊണ്ടുപോകുന്നതിനു പറഞ്ഞു വെച്ചു അവർ വരുത്തിയിരിക്കുന്ന അഴിമതികൾ നോക്കിക്കണ്ടു പ്രതികാരം ചെയ്യുന്നതിനു പുറപ്പെട്ടു. ഏതു വിധേനയോ അവർ കെട്ടുപൊട്ടിച്ചു വാൾ ഊരിപ്പിടിച്ചുങ്കൊണ്ടു പിന്നെയും ഞങ്ങളുടെ പുറകേ വന്നശേഷം രണ്ടാമതും ഞാൻ ആളുവിളിച്ചുകൂട്ടി അവരെ വീണ്ടും ബന്ധിപ്പിപ്പാൻ ഭാവിച്ചാറെ അവർ ഈ ആശ്രമത്തിൽ ഓടിക്കേറിക്കളഞ്ഞു. അവരെക്കെട്ടിച്ചു വീട്ടിൽ കൊണ്ടുപോയി ഇട്ടു ചികിത്സിപ്പിക്കുന്നതിനായിട്ടു ഞങ്ങൾ ചെന്നശേഷം അവിടെയിരിക്കുന്ന “പുണ്യസ്ത്രീ" അവരെ അകത്തിട്ടു വാതിൽ അടച്ചുംകൊണ്ടു ഞങ്ങളെ ആട്ടി ഓടിച്ചിരിക്കുന്നു. തിരുമനസ്സിലെ കൃപയുണ്ടായിട്ടു അവരെ അവിടെ നിന്നിറക്കിത്തരുവിപ്പാറാകെണം. [ 54 ] രാജാവു - നമ്മുടെ ആഗ്രഹപ്രകാരം നിങ്ങൾ അയാളെ ഭർത്താവായി കൈക്കൊണ്ടിട്ടുള്ളതുകൊണ്ടും അയാൾ വളരെ നാൾ നമ്മേ സേവിച്ചു. ഇവിടെയുണ്ടായിട്ടുള്ള യുദ്ധങ്ങളിൽ ഒക്കയും കൂടെച്ചേർന്നു നമ്മെപ്രതി വളരെ കഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ടും നമ്മാൽ കഴിയുന്ന സഹായങ്ങൾ ഒക്കയും നിങ്ങൾക്കു ചെയ്തുതരാതെയിരിക്കയില്ല. എടാ വല്ലവരും അങ്ങോട്ടു ചെന്നു ആ സ്ത്രീയെ ഇവിടെ വിളിച്ചു കൊണ്ടുവരുവിൻ. ഈ കാര്യം തീർന്നിട്ടു മാത്രമെ നാം ഇവിടെനിന്നു പൊകുവാൻ ഭാവിച്ചിട്ടുള്ളൂ.

അഡ്രിയാനായുടെ ഒരു വേലക്കാരൻ - കൊച്ചമ്മേ കൊച്ചമ്മേ വേഗം വല്ലിടവും ഓടിപ്പൊയ്ക്കൊള്ളുക! യജമാനനും ഡ്രോമിയൊയും കെട്ടു പൊട്ടിച്ചുംവെച്ചു അവിടെയുണ്ടായിരുന്ന വേലക്കാരികളെ ഒക്കയും ആളാംപ്രതി എടുത്തിട്ടുതല്ലി. വൈദ്യനെപ്പിടിച്ചുകെട്ടി അങ്ങെരുടെ മീശെക്കു തീവെച്ചു. അതു കെടുത്തുവാനായിട്ടു ചേറും മറ്റും വാരി മുഖത്തു എറിഞ്ഞു. അങ്ങേരെ ഇട്ടുങ്കൊണ്ടു പണിതീർക്കുന്നു. വേഗം വല്ലവരും സഹായത്തിന്നു ചെല്ലുന്നില്ലെങ്കിൽ താമസിയാതെ കൊലപാതകം ഉണ്ടായിപ്പോകും.

അഡ്രി - പോടാ വിഡ്ഢി. യജമാനനും ഡ്രോമിയൊയും ഇവിടെ ഇരിക്കുമ്പോൾ നീ പറഞ്ഞതു പരമാർത്ഥമായ്‌വരുന്നതെങ്ങിനെ?

വേലക്കാരൻ - ഞാൻ പറഞ്ഞിട്ടുള്ളതത്രയും പരമാർത്ഥം തന്നെ. വൈദ്യനെ തല്ലുന്നതിനു ഇടയിൽ കൊച്ചമ്മ എവിടെയെന്നു അന്വെഷിക്കയും കയ്യിൽ കിട്ടിയാൽ തീ കൊണ്ടു പൊള്ളിച്ചു മുഖം വിരൂപമാക്കേണമെന്നു പറകയും ചെയ്യുന്നതു കേട്ടു. അല്ലല്ല ആ വരുന്നതാരെന്നു നോക്കു! ഓടിക്കോ ഓടിക്കോ!

രാജാവു - നിങ്ങൾ ഒട്ടും ഭ്രമിക്കേണ്ട. പട്ടാളക്കാർ അവരുടെ ചുറ്റും വളഞ്ഞുനില്പിൻ.

അഡ്രി - ആ വരുന്നതു എന്റെ ഭർത്താവുതന്നെ. അവർ ഇരുപെരും ഇപ്പോൾ ഈ ആശ്രമത്തിലേക്കു ഓടിക്കേറുന്നതു നാം എല്ലാവരും കണ്ടില്ലയോ? ഇതിനിടയിൽ ഇവർ വീട്ടിൽ ചെന്നു ഈ ധ്യതിയൊക്കെയും ഉണ്ടാക്കിയുംവെച്ചു വരുന്നതെന്തൊരു വിസ്മയം എന്നറിഞ്ഞുകൂടാ.

(എന്നു പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ എഫേസൂസിലെ [ 55 ] അന്റിപ്പോലസ്സു വന്നു രാജസന്നിധിയിൽ സാഷ്ടാംഗം വീണുകൊണ്ടു)

പൊന്നുടയതെ അവിടത്തെ ജീവരക്ഷയ്ക്കായി ഞാൻ ഏറ്റിട്ടുള്ള മുറിവുകളെ ഓർത്തിട്ടു എന്റെ സങ്കടം കേൾപ്പാറാകെണം. (എന്നുണർത്തിച്ചു)

ഈജയിൻ - മരണഭീതികൾകൊണ്ടു ഇനിക്കു തോന്നിപ്പോക മാത്രമല്ലെങ്കിൽ ഞാൻ എന്റെ മകനായ അന്റിപ്പൊലസ്സിനേയും അവന്റെ വേലക്കാരനായ ഡ്രോമിയോയെയും കാണുന്നു.

എ.അന്റി - തിരുമനസ്സിലെ കല്പനപ്രകാരം ഞാൻ വിവാഹം ചെയ്തിട്ടുള്ള ഈ സ്ത്രീ ഇന്നു എന്നോടു ചെയ്തിരിക്കുന്ന ദോഷവും കാണിച്ചിരിക്കുന്ന നിന്ദയും ഇനിക്കു വരുത്തിയിരിക്കുന്ന അപമാനവും ഒക്കെ ഓർത്താൽ സഹിയാവതല്ലായ്കകൊണ്ടു എന്റെ സങ്കടത്തിന്നു ഒരു നിവാരണം വരുത്തിത്തരുമാറാകേണം.

രാജാവു - ആകട്ടെ കാര്യമെന്തെന്നു ഗ്രഹിച്ചാൽ പിന്നെ അതു തീർക്കുന്നതിലേക്കു നോം താല്പര്യപ്പെടാം.

എ.അന്റി - ഇവൾ ഇന്നേ ദിവസി ഇനിക്കു തീൻ തരാതെ എന്നെപ്പുറത്തിട്ടു വാതിലും അടച്ചുങ്കൊണ്ടു ജാരന്മാരോടുകൂടി ഉല്ലസിച്ചിരിക്കുന്നു.

രാജാവു - അപ്പറഞ്ഞതു സത്യമെങ്കിൽ മഹാ കഷ്ടം തന്നെ! അല്ലെയോ സ്ത്രീ നിന്റെ കെട്ടിയവൻ ബോധിപ്പിച്ചിട്ടുള്ളതു പരമാർത്ഥം തന്നെയൊ?

അഡ്രി - അയ്യോ മനസ്സാ വാചാ കർമ്മണാ അറിഞ്ഞിട്ടുള്ള ഒരു കാര്യമല്ലേ ഇപ്പറഞ്ഞുകൊള്ളുന്നതു. ഇന്നു ഉച്ചെക്കു ഞാനും ഇങ്ങേരും എന്റെ അനുജത്തിയും എല്ലാം ഒരുമിച്ചിരുന്നാണെ തീൻകഴിച്ചിട്ടുള്ളതു.

ലൂസി - ഇവർ തിരുമനസ്സറിയിച്ചിരിക്കുന്നതു പരാർത്ഥം അല്ലെന്നു വന്നാൽ ഇപ്പോൾതന്നെ തല വെട്ടിക്കൊള്ളുന്നതു സമ്മതം.

അൻജീലോ - അമ്പേ കള്ളികൾ. ഇവർ ഇപ്പറഞ്ഞതു കബന്ധമല്ലാകുന്നു. ഭ്രാന്തനെങ്കിലും ഇക്കാര്യത്തിൽ നേരു അയാളുടെ പക്കലാകുന്നുവല്ലൊ.

എ.അന്റി - പൊന്നു തിരുമേനി ഞാൻ കുടിച്ചു മത്തു പിടിച്ചിട്ടു [ 56 ] ണ്ടെങ്കിലും എന്റെ ബുദ്ധിക്കു ഭ്രമം പിടിച്ചിട്ടെങ്കിലും പറയുന്നു എന്നു ഓർത്തുപോകരുതെ. ഞാൻ ഇന്നു സഹിച്ചിട്ടുള്ള ദണ്ഡങ്ങളൊക്കെയും ഏതൊരു ബുദ്ധിമാനെയും ഭ്രമിപ്പിക്കത്തവയാകുന്നു. ഇവൾ ഇന്നു ഇനിക്കു ഭക്ഷണം തരാതെ എന്നെപ്പുറത്തിട്ടു കതകു അടച്ചുകളകയാൽ ഞാനും ബൽതാസ്സേറുംകൂടെ വേറൊരു അഗാരത്തിൽ ചെന്നു ഊണു കഴിച്ചെന്നുള്ളതിന്നു ആ നില്ക്കുന്ന സ്ത്രീയും ഈ തട്ടാനും സാക്ഷിയുണ്ടു. ഈ തട്ടാനൊടു മാല തീർത്തു പോർക്ക്യൂപ്പൈനിൽ കൊണ്ടുവരത്തക്കവണ്ണം പറഞ്ഞിരുന്നാറെ കാണായ്കയാൽ തിരക്കി ഇറങ്ങി കമ്പോളത്തിൽ വന്നപ്പോൾ ഇവനും ആ നില്ക്കുന്ന വ്യാപാരിയുംകൂടെ ഒരു പോലീസ്സുനായ്ക്കനെകൂട്ടിക്കൊണ്ടുവന്നു. ഞാൻ മാല വാങ്ങീട്ടു വില കൊടുക്കാത്തതെന്തുകൊണ്ടെന്നും പറഞ്ഞു. വെറുതെ തീരുമാനം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കാര്യത്തിന്നുവേണ്ടി എന്നെപ്പടിപ്പിച്ചു. വല്ലവിധേനയും അവരുടെ കയ്യിൽനിന്നു രക്ഷപെടുവാനായിട്ടു ഏതാനും പണം കൊണ്ടുവരുവാൻ ഇവനെ വീട്ടിലേക്കു അയച്ചാറെ വെറുങ്കയ്യായി മടങ്ങിവരികകൊണ്ടു ആ ശിപായിയോടു ഇണങ്ങിക്കൂടി നല്ലവാക്കു പറഞ്ഞു അയാളെ വീട്ടിലോളം കൊണ്ടുപോകുവാൻ ഭാവിച്ചു. ഒട്ടുവഴി ചെല്ലുമ്പോൾ ഇവളും അനുജത്തിയും കൂടെയൊട്ടുവളരെ പുരുഷാരവും വരുന്നതു കണ്ടു. അക്കൂട്ടത്തിൽ പിഞ്ചെന്നു പേരായിട്ടൊരു മന്ത്രവാദിയും ഉണ്ടായിരുന്നു. അവൻ വന്നോണെ വന്നു എന്റെ കൈനാഡി പിടിച്ചുനോക്കി എന്നെപ്പിശാചു ബാധിച്ചിട്ടുണ്ടെന്നു പറഞ്ഞുങ്കൊണ്ടു എന്നെയും വേലക്കാരനെയും ബന്ധിച്ചു ഒരു ഇരുട്ടുമുറിയിൽ കൊണ്ടുപോയി ഇട്ടു വളരെ ദുഃഖിപ്പിച്ചു. ഒടുക്കം ഞങ്ങൾ ഒരു പ്രകാരത്തിൽ ആ കെട്ടുകളൊക്കെയും കടിച്ചു പൊട്ടിച്ചുവച്ചു ഞങ്ങളുടെ സങ്കടം ബോധിപ്പിപ്പാനായി ഇവിടേക്കു വന്നിരിക്കുന്നു.

അൻജീലൊ - ഇങ്ങേർ ഇന്നുച്ചക്കു വീട്ടിൽ ചെന്നപ്പോൾ വാതിൽ അടച്ചിരിക്കുന്നതുകണ്ടു. ഏറിയനേരം മുട്ടി വിളിച്ചാറെ അതും ഇതും നിന്ദ്യമായ വാക്കുകൾ പറഞ്ഞതല്ലാതെ ആരും വന്നു കതകു തുറക്കായ്കയാൽ മറ്റെങ്ങാണ്ടോ പോയി തീൻ കഴിച്ചതു പരമാർത്ഥം തന്നെ.

രാജാവു - അതു കിടക്കട്ടെ. നീ ഇവന്റെ പക്കൽ മാല കൊടുത്തെന്നു പറയുന്നതു സത്യമൊ?

അൻജീലൊ - കൊടുത്തെന്നു പറയുന്നതു സത്യമെന്നൊ? [ 57 ] കല്ലൂർ ഉമ്മൻ പീലിപ്പോസ്

അല്പംമുമ്പെ ഇങ്ങേരുടെ കഴുത്തിൽ ആ മാല കിടക്കുന്നതു ഇവരൊക്കെയും കണ്ടിട്ടുണ്ടു.

വ്യാപാരി - ഇയാൾ ആദ്യം കമ്പോളത്തിൽവച്ചു മാല വാങ്ങിയിട്ടില്ലെന്നു പറകയും പിന്നീടു കഴുത്തിൽ കിടക്കുന്നതു കണ്ടുങ്കൊണ്ടു ചോദിച്ചപ്പോൾ സമ്മതിക്കയും ചെയ്കയാൽ ഞങ്ങൾ തമ്മിൽ ഒരു വാഗ്വാദം ഉണ്ടായി. ഞാൻ വാൾ ഊരിയപ്പോൾ ആ ആശ്രമത്തിലോട്ടു ഓടിക്കേറിയെന്നുള്ളതിന്നു ഞാൻ ഒരു സാക്ഷിയാണെ. എന്നാൽ അവിടെ നിന്നു ഏതു വിധത്തിൽ പുറത്തിറങ്ങിയിട്ടിപ്പോൾ മറ്റേടത്തു നിന്നു വരുന്നെന്നു ഓർത്തിട്ടു വളരെ അത്ഭുതവും തോന്നുന്നു.

എ.അന്റി - ഞാൻ ആ മാല കാൺകയൊ ഈയാൾ എന്റെ നേരെ വാൾ ഓങ്ങുകയൊ ഞാൻ ആശ്രമത്തിൽ ഓടിക്കേറുകയൊ ഒന്നുംതന്നെ ഉണ്ടായിട്ടുള്ളതല്ലെന്നുള്ളതിന്നു സർവ്വേശ്വരൻതന്നെ സാക്ഷി.

രാജാവു - ഇതെന്തൊരു കൊനഷ്ടാണെ. നിങ്ങൾ എല്ലാവരും കേവലം കുടിച്ചിരിക്കുന്നെന്നു തോന്നുന്നു. ഇവനെ വീട്ടിൽ ഇട്ടു അടച്ചിരുന്നെങ്കിൽ അവിടെത്തന്നെ കിടക്കുമായിരുന്നു. ഭ്രാന്തുണ്ടെങ്കിൽ ഇത്ര വിവരംവഴി കാര്യങ്ങളൊന്നും ബോധിപ്പിക്കയില്ലാഞ്ഞേനെ. ഉച്ചെക്കു വീട്ടിൽ വച്ചു ഭക്ഷണം കഴിച്ചു എന്നു നിങ്ങളും തട്ടാൻ അതിനെ നിഷേധിച്ചും പറയുന്നു. ഇനിയും നിന്റെ വായ്മൊഴി ഒന്നു കേൾക്കെട്ടടാ ഡ്രോമിയോ.

എ. ഡ്രോമി - യജമാനൻ ഇന്നു ആ നില്ക്കുന്ന സ്ത്രീയുടെ വീട്ടിൽ ചെന്നാണെ തീൻ കഴിച്ചതു.

വേശ്യ - ഉവ്വു. അപ്പോഴത്രെ എന്റെ മോതിരം തട്ടിയെടുത്തതു.

എ.അന്റി - ഈ മോതിരം അവളുടേതുതന്നെ.

രാജാവു - ഈയാൾ ആശ്രമത്തിലോട്ടു ഓടിക്കേറുന്നതു നീ കണ്ടുവോ?

വേശ്യ - ഉവ്വു കണ്ടു.

രാജാവു - ഇതു മഹാവിസ്മയംതന്നെ! എടാ വല്ലവരും ചെന്നു ആ ആശ്രമവിചാരക്കാരത്തിയെ ഇവിടെ വിളിച്ചുകൊണ്ടുവരിക. ഇവർക്കാർക്കും തലെക്കു നല്ല സ്ഥിരം ഉണ്ടെന്നു തോന്നുന്നില്ല. [ 58 ] ഈജയിൻ - ഞാൻ ഒരു വാക്കുകൂടെ പറഞ്ഞുകൊള്ളട്ടെ. ഭാഗ്യംപോലെ എന്റെ ജീവനെ രക്ഷിപ്പാൻ വേണ്ടും പണം തന്നു എന്നെ വിടുവിക്കുന്നതിന്നു ഒരു ആൾ ഉണ്ടായിരിക്കുന്നു. ഡ്രോമിയോ നിങ്ങൾ എന്നെ ഓർക്കുന്നില്ലയോ?

എ.ഡ്രോമി - ഉവ്വു ഓർക്കുന്നുണ്ടു. കുറെ മുമ്പു ഞങ്ങളും തന്നെപ്പോലെ ബന്ധിക്കപ്പെട്ടവരായിരുന്നു. താനും പിഞ്ചെന്ന വൈദ്യന്റെ അധീനതയിൽ അകപ്പെട്ടുവോ അതില്ല.

ഈജയിൻ - അന്റിപ്പോലസ്സെ നീയെന്താ ഒരുനാളും കണ്ടിട്ടില്ലാത്ത ഭാവം നടിച്ചുകളയുന്നതു? നീ എന്നെ നല്ലപോലെ അറിവാൻ ഇടയുണ്ടല്ലൊ.

എ.ആന്റി - എന്റെ മൂപ്പീന്നേ ഞാൻ എന്റെ ഈ ആയുസ്സോടു ഇടയിൽ ഇന്നു മാത്രമല്ലാതെ തന്നെ ഒരിക്കലും കണ്ടിട്ടില്ല.

ഈജയിൻ - ദുഃഖംകൊണ്ടും മറ്റും എന്റെ മുഖഭാവം മാറിപ്പോയെന്നിരുന്നാലും എന്റെ ശബ്ദം ഓർക്കേണമെല്ലൊ.

എ.അന്റി - ഞാൻ ഒട്ടു ശബ്ദവും ഓർക്കുന്നില്ല.

ഈജയിൻ - നീയോടി ഡ്രോമിയോ?

എ. ഡ്രോമി - എന്നോടൊ ചോദിക്കയും വേണ്ടായെല്ലൊ

ഈജയിൻ - എടാ അറിയുമെന്നു പറയുന്നതിൽവെച്ചു നിനക്കൊരു മാനഹാനിയും വന്നുപോകയില്ലെ. എന്നാൽ എന്റെ മകനായ അന്റിപ്പോലസ്സേ ഈ ഏഴുവർഷത്തോടിടയിൽ നീ എന്നെ അശേഷം മറന്നുപോയതോർത്താറെ വളരെ അത്ഭുതം തോന്നുന്നു.

എ. അന്റി - ഇനിക്കു ഓർമ്മയായതിൽപിന്നെ ഒരിക്കലും എന്റെ അപ്പനെക്കണ്ടിട്ടില്ല.

ഈജയിൻ - എടാ കുഞ്ഞെ ഏഴു വർഷത്തിന്നുമുമ്പേ സൈറാക്ക്യൂസിൽവെച്ചു നാം തമ്മിൽ വേർപിരിഞ്ഞതു നീ ഓർക്കുന്നില്ലയോ? പക്ഷേ ഇപ്പടുതിയിൽ നില്ക്കുന്ന എന്നെ അപ്പനെന്നു വിളിക്കുന്നതു അസാരം മദ്ധ്യമമെന്നു കരുതീട്ടായിരിക്കും ഇപ്രകാരം പറഞ്ഞുകൊള്ളുന്നതു.

എ.അന്റി - അതു അങ്ങനെയല്ല എന്നുള്ളതിന്നു തിരുമനസ്സുകൊണ്ടു സാക്ഷിപറയും. സൈറാക്ക്യൂസെന്ന ദേശം ഞാൻ ഒരിക്കലും കണ്ടിട്ടില്ല.