ആൾമാറാട്ടം/അദ്ധ്യായം പതിനാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം പതിനാല്
[ 59 ]
14
ആശ്രമവിചാരക്കാരത്തിയും സൈറാക്ക്യൂസിലെ
അന്റിപ്പൊലസ്സും ഡ്രൊമിയൊയും

ആശ്രമവിചാരക്കാരത്തി - പൊന്നു തിരുമേനി ഇതാ വളരെ കഷ്ടങ്ങൾ സഹിച്ച ഒരുത്തനെക്കണ്ടാലും.

അഡ്രി - അല്ലല്ല ഇതെന്തൊരു കൂത്തു! ഞാൻ രണ്ടു ഭർത്താക്കന്മാരെകാണുന്നതു സത്യമൊ? അതോ ഇനിക്കു അങ്ങിനെ തോന്നുന്നതെയുള്ളോ?

രാജാവു - ഇവരിൽ ഒരുത്തൻ സാക്ഷാലുള്ളവനും മറ്റേതു അവന്റെ പ്രതിബിംബവും ആകുന്നു. അങ്ങിനെ തന്നെ ഒരു ഡ്രോമിയോ സാക്ഷാലുള്ളവനും മറ്റേതു പ്രതിബിംബവും ആകുന്നു. എന്നാൽ സാക്ഷാലുള്ളവനേതു പ്രതിച്ഛായ ഏതു എന്നെങ്ങിനെ അറിഞ്ഞുകൊള്ളുന്നു.

സൈ.ഡ്രോമി - സാക്ഷാലുള്ള ഡ്രോമിയോ ഞാനാണെ. മറ്റവനെത്തല്ലിക്കളക.

എ.ഡ്രോമി - അങ്ങിനെയല്ല. സാക്ഷാലുള്ളവൻ ഞാനാണെ. എന്നെ നിർത്തിക്കൊള്ളുക.

സൈ. അന്റി - (ഈജയിനോടു) നിങ്ങളുടെ പേർ ഈജയിനെന്നല്ലയൊ?

സൈ ഡ്രോമി - അയ്യോ എന്റെ വല്യെജമാനനൊ? ഇങ്ങേരെപ്പിടിച്ചുകെട്ടി ഇവിടെക്കൊണ്ടുവന്നു നിറുത്തിയിരിക്കുന്നതാർ? [ 60 ] ആശ്രമവിചാരക്കാരത്തി - അതു ആരുതന്നെ ആയാലും ഞാൻ ഈ കെട്ടുകളെ അഴിച്ചു എന്റെ ഭർത്താവിനെ സ്വാതന്ത്ര്യപ്പെടുത്തി വിടും. സുന്ദരപുരുഷന്മാരായ രണ്ടു ആൺകുട്ടികളെ ഇരുപത്തേഴുവർഷം മുമ്പേ പ്രസവിച്ച എമീലിയ എന്നവളുടെ ഭർത്താവായ ഈജയിൻ നിങ്ങൾ തന്നെ അല്ലയോ?

ഈജയിൻ - ഞാൻ സ്വപ്നം കാണുന്നില്ലെങ്കിൽ നീ എമീലിയാ തന്നെയെന്നു തോന്നുന്നു. നീ അവൾ തന്നെയെങ്കിൽ നിന്നോടു കൂടെ ഉണ്ടായിരുന്ന മകന്നു എന്തുവന്നെന്നു പറക.

ആശ്രമത്തലവി - എന്നെയും അവനേയും ഡ്രോമിയോമാരിൽ ഒരുവനെയും എപ്പിഡാമ്‌നമിലുള്ളവർ പിടിച്ചുകേറ്റിയശേഷം കൊറിന്തിലേ മുക്കുവരിൽ ചിലർ വന്നു നമ്മുടെ മകനേയും ഡ്രോമിയോയേയും അവരുടെ കയ്യിൽനിന്നു ബലാല്ക്കാരത്തോടെ പിടിച്ചുപറിച്ചുകൊണ്ടു പൊയ്ക്കളഞ്ഞു. അതിൽപിന്നെ അവർക്കെന്തുഭവിച്ചോ അറിയുന്നില്ല. ഞാൻ കുറെ നാൾ എപ്പിഡാമ്‌നിൽതന്നെ താമസിച്ചു. പിന്നെ ഇവിടെവന്നു ഇക്കാണുന്ന സ്ഥിതിയിൽ ആയെന്നല്ലാതെ എന്തു പറവാനുള്ളു.

രാജാവു - ഓഹോ ഇപ്പോൾ നമുക്കു എല്ലാം മനസ്സിലായിരിക്കുന്നു. ഈജയിൻ മുമ്പേ പറഞ്ഞിട്ടുള്ളതൊക്കെയും ഓർത്താറെ തരം തിരിച്ചറിഞ്ഞുകൂടാത്തവണ്ണമുള്ള ഈ അന്റിപ്പൊലസ്സന്മാർ ഇരുപേരും ഈജയിന്റെ പുത്രന്മാരും ഈ എമീലിയാ അവരുടെ മാതാവും. അങ്ങിനെതന്നെ ഡ്രോമിയോമാർ ഇരുപേരും ആന്റിപ്പോലസ്സന്മാരുടെ ഭ്യത്യന്മാരും ആകുന്നു. അന്റിപ്പോലെസ്സെ നീയല്ലയോ കോറന്തിൽനിന്നു വന്നവൻ.

സൈ. അന്റി - അല്ല തിരുമേനി. ഞാൻ സൈറാക്ക്യൂസിൽനിന്നാണെ വന്നതു.

രാജാവു - നില്ലു നീയങ്ങോട്ടു മാറിനില്ക്കൂ. നിങ്ങളെ ഇരുപെരെയും തമ്മിൽ തിരിച്ചറിഞ്ഞുകൊൾവാൻ വഹിയായല്ലൊ.

എ. അന്റി- ഞാൻ ആകുന്നു കോറന്തിൽനിന്നു വന്നതു.

എ.ഡ്രോമി - ഞാനും യജമാനനോടുകൂടെ കോറന്തിൽ വന്നവനാകുന്നു.

എ. അന്റി - നിങ്ങളുടെ അമ്മാവനായ മെനഫൻ രാജാവായിരു [ 61 ] ന്നുവല്ലോ ഞങ്ങളെ ഇവിടെ കൊണ്ടുവന്നതു.

അഡ്രി - നിങ്ങൾ ഇരുപെരിൽ ആരായിരുന്നു ഇന്നു എന്നോടു കൂടെ തീൻ കഴിച്ചതു?

സൈ. അന്റി - അതു ഞാൻ തന്നെ ആയിരുന്നു.

അഡ്രി - (എപ്പേസൂസിലെ അന്റിപ്പോലസ്സിനോടു) അങ്ങിനെ വരട്ടെ - താൻ ആകുന്നു എന്റെ ഭർത്താവു അല്ലയോ?

എ.അന്റി - അല്ലല്ല. ഇനിക്കു നിന്നോടു യാതൊരു സംബന്ധവുമില്ല.

സൈ. അന്റി - ഞാൻ അല്ല എന്നു അപ്പോൾ പറഞ്ഞപോലെ ഇപ്പോഴും പറയുന്നു. എന്നാൽ നിങ്ങൾ എന്നെ ഭർത്താവെന്നും നിങ്ങളുടെ അനുജത്തി എന്നെ ജ്യേഷ്ഠനെന്നും വിളിക്കയുണ്ടായി. ഞാൻ ഇപ്പോൾ കാൺകയും കേൾക്കയും ചെയ്യുന്നതു ഒരു സ്വപ്നമെന്നു വരാതിരുന്നാൽ അപ്പോൾ നിങ്ങളുടെ അനുജത്തിയോടു പറഞ്ഞതു ഇപ്പോൾ നിവൃത്തിക്കാം.

അൻജീലോ - ഇതെല്ലാകുന്നു എന്നോടു വാങ്ങിയ മാല.

സൈ. അന്റി - അതേ അങ്ങനെതന്നെ ആയിരിക്കും. ഞാൻ ഇതുവരെയും അതിന്നു വിരോധം പറഞ്ഞിട്ടില്ലല്ലോ.

എ. അന്റി - കണ്ടോ ഈ മാലെക്കു വേണ്ടിയല്ലയോ നീ എന്നെ ഇപ്രകാരമൊക്കെയും അപമാനിച്ചതു.

അൻജീലോ - ഉവ്വു എന്നാൽ അതു അറിയാതെ വന്നുപോയിട്ടുള്ളതാകകൊണ്ടു എന്നോടു ക്ഷമിച്ചുകൊള്ളണം.

അഡ്രി - നിങ്ങൾ പറഞ്ഞയച്ചിട്ടു ഡ്രോമിയോ വന്നു പണം വാങ്ങിക്കൊണ്ടു പോന്നുവല്ലൊ.

സൈ. അന്റി - എന്നാൽ അപ്പണം എന്റെ പക്കലാണെ വന്നുചേർന്നതു. ഇത്തപ്പിതങ്ങളൊക്കെയും ഉണ്ടായതു ആൾമാറാട്ടം വന്നു പോകകൊണ്ടത്രെ. എന്റെ വേലക്കാരനെക്കണ്ടു ഇങ്ങേരുടെ വേലക്കാരനെന്നും ഇയ്യാളുടെ വേലക്കാരനെക്കണ്ടു എന്റെ വേലക്കാരനെന്നും അങ്ങിനെതന്നെ എന്നെ ഇയ്യാളെന്നും ഇയ്യാളെ ഞാനെന്നും എല്ലാവരും കരുതിപ്പോയി.

എ.അന്റി - എന്നാൽ അപ്പണം എന്റെ അപ്പനെ വിടുവിക്കുന്ന [ 62 ] വകക്കിരിക്കട്ടെ.

രാജാവു - അതു വേണമെന്നില്ല. നിങ്ങളുടെ അച്ഛന്നു നാം മാപ്പുകൊടുത്തിരിക്കുന്നു.

വേശ്യ - എന്റെ മോതിരമൊ?

ആശ്രമത്തിലവി - പൊന്നുതിരുമേനി കൃപയുണ്ടായിട്ടു ഇവിടെ കൂടിയിരിക്കുന്ന ഈ ആളുകളോടെല്ലാവരൊടും കൂടെ ഈ ആശ്രമത്തിൽ എഴുന്നെള്ളിയിരുന്നു ഞങ്ങളുടെ വൃത്താന്തം മുഴുവനും വിവരംപോലെ കേട്ടെങ്കിൽ കൊള്ളായിരുന്നു. ഈ ഒരു ദിവസംകൊണ്ടു ഉണ്ടായ സഹതാപയോഗ്യമായ തപ്പുതലിനാൽ എന്തെല്ലാം ഖേദങ്ങൾ ആർക്കെല്ലാം ഉണ്ടായിരിക്കുന്നുവോ അവരൊക്കയും ഞങ്ങളോടുകൂടെപ്പോന്നാൽ തക്കതായ പ്രതികാരം ചെയ്യാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു. “എൻ പ്രിയ മക്കളെ നിങ്ങളെച്ചൊല്ലി ഇരുപത്തഞ്ചു സംവത്സരമായി ഇനിക്കുണ്ടായിരുന്ന സന്താപോല്ക്കാരം ഇപ്പോൾ ഈ നാഴികയിൽ മാത്രമേ തീരുന്നുള്ളൂ.” ഏറിയ ദുഃഖത്തിന്റെ ശേഷം ഉണ്ടായിരിക്കുന്ന സന്തോഷത്തെപ്പുണർത്തി വരുത്തുവാനായിട്ടു ഒരു വിരുന്നു കഴിപ്പാൻ ഞാൻ ഭാവിച്ചിരിക്കുന്നു. അതിൽ എന്റെ ഭർത്താവും മക്കൾ ഇരുപേരും അവരുടെ പരിചാരകന്മാരായ ഡ്രോമിയോമാരും ഓഹരിക്കാരാകുന്നതുകൂടാതെ തിരുമനസ്സുകൊണ്ടും കൂടെ ഉൾപ്പെടേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

രാജാവു - നിങ്ങളുടെ വിരുന്നിൽ കൂടുന്നതിന്നു നമുക്കു വളരെ സന്തോഷം. (എന്നു കല്പിച്ചശേഷം എല്ലാവരും കൂടെ ആശ്രമത്തിലേക്കു പുറപ്പെട്ടു)

സൈ. ഡ്രോമി - യജമാനനെ ഞാൻ ചെന്നു നമ്മുടെ സാമാനങ്ങൾ കപ്പലിൽനിന്നു തിരികെ ഇറക്കിക്കൊണ്ടു വരട്ടേ?

എ. അന്റി - നിന്നോടു ആരുപറഞ്ഞു എന്റെ സാമാനങ്ങൾ കൊണ്ടുപോയി കപ്പലിൽ കേറ്റുവാൻ?

സൈ.അന്റി - സഹോദരാ അവൻ എന്നോടാ പറയുന്നതു. എടാ ഞാനാടാ നിന്റെ യജമാനൻ. അതു പൊയ്ക്കൊള്ളട്ടെ നീയിങ്ങു പോരെ. നിന്റെ സഹോദരനെച്ചുംബിച്ചു അവനോടുകൂടെ സന്തോഷിച്ചുകൊൾക. നാം അന്വേഷിച്ചിറങ്ങിയ കാര്യം സാധിച്ചിരിക്കുന്നു. [ 63 ] (എന്നു പറഞ്ഞുംവെച്ചു അവർ മുമ്പും ഇവർ പുറകും ആയി നടന്നു)

സൈ. ഡ്രോമി - സഹോദരാ നിങ്ങളുടെ വീട്ടിൽ ഒരു തടിച്ച ചങ്ങാതിയുണ്ടു. അവൾ എന്നെ ഭർത്താവെന്നു വിളിച്ചുങ്കൊണ്ടു പുറകെ വന്നു. അതെന്റെ സഹോദരി ആയിരിക്കും ഇല്ലയോ?

സൈ. ഡ്രോമി - എന്റെ പ്രിയ ജ്യേഷ്ഠാ താൻ എന്റെ പ്രതിഛായയല്ലാതാകുന്നു. വന്നാട്ടെ നമുക്കു അവരുടെ സന്തോഷത്തിൽ കൂടെച്ചെന്നുകൂടാം.

സൈ. ഡ്രോമി - ഞാനല്ല താനായിരിക്കും മൂത്തതു?

എ.ഡ്രോമി - അത്തർക്കമിപ്പോൾ തീർപ്പാൻ തെല്ലു വിഷമം പോലിരിക്കുന്നുവല്ലൊ.

സൈ. ഡ്രോമി - അതിനൊരു കാര്യം ചെയ്യാം. മൂത്തതാരെന്നു അറിഞ്ഞാൽ ആ ആളിന്നൊരു അടയാളം വെക്കാം. അതുവരെ താൻതന്നെ ജ്യേഷ്ഠനായി നടന്നുകൊള്ളു.

എ.ഡ്രോമി - സഹോദരാ അതിനെക്കാൾ നല്ല ഒരു കൗശലം ഞാൻ പറയാം. നാം ഇരുപെരും മൂപ്പുചായിപ്പു കൂടാതെ ഒരുമിച്ചെന്നപോലയല്ലയോ ഈ ലോകത്തിലേക്കു വന്നതു. മുമ്പെന്നും പുറകെന്നു ഉള്ള വ്യത്യാസമേല്ലുള്ളു. അതുകൊണ്ടു ഞാൻ വലിയവൻ നീ വലിയവൻ എന്നുള്ള ഭാവംകൂടാതെ നമുക്കു സമന്മാരായി നമ്മുടെ ആയുസ്സുകാലം കവിച്ചുകൊള്ളാമെന്നു പറഞ്ഞുംകൊണ്ടു അവരുടെ യജമാനന്മാരോടുകൂടെ ആശ്രമത്തിലേക്കു പ്രവേശിച്ചു.

അവസാനം