ആശ്രമവിചാരക്കാരത്തി - അതു ആരുതന്നെ ആയാലും ഞാൻ ഈ കെട്ടുകളെ അഴിച്ചു എന്റെ ഭർത്താവിനെ സ്വാതന്ത്ര്യപ്പെടുത്തി വിടും. സുന്ദരപുരുഷന്മാരായ രണ്ടു ആൺകുട്ടികളെ ഇരുപത്തേഴുവർഷം മുമ്പേ പ്രസവിച്ച എമീലിയ എന്നവളുടെ ഭർത്താവായ ഈജയിൻ നിങ്ങൾ തന്നെ അല്ലയോ?
ഈജയിൻ - ഞാൻ സ്വപ്നം കാണുന്നില്ലെങ്കിൽ നീ എമീലിയാ തന്നെയെന്നു തോന്നുന്നു. നീ അവൾ തന്നെയെങ്കിൽ നിന്നോടു കൂടെ ഉണ്ടായിരുന്ന മകന്നു എന്തുവന്നെന്നു പറക.
ആശ്രമത്തലവി - എന്നെയും അവനേയും ഡ്രോമിയോമാരിൽ ഒരുവനെയും എപ്പിഡാമ്‌നമിലുള്ളവർ പിടിച്ചുകേറ്റിയശേഷം കൊറിന്തിലേ മുക്കുവരിൽ ചിലർ വന്നു നമ്മുടെ മകനേയും ഡ്രോമിയോയേയും അവരുടെ കയ്യിൽനിന്നു ബലാല്ക്കാരത്തോടെ പിടിച്ചുപറിച്ചുകൊണ്ടു പൊയ്ക്കളഞ്ഞു. അതിൽപിന്നെ അവർക്കെന്തുഭവിച്ചോ അറിയുന്നില്ല. ഞാൻ കുറെ നാൾ എപ്പിഡാമ്‌നിൽതന്നെ താമസിച്ചു. പിന്നെ ഇവിടെവന്നു ഇക്കാണുന്ന സ്ഥിതിയിൽ ആയെന്നല്ലാതെ എന്തു പറവാനുള്ളു.
രാജാവു - ഓഹോ ഇപ്പോൾ നമുക്കു എല്ലാം മനസ്സിലായിരിക്കുന്നു. ഈജയിൻ മുമ്പേ പറഞ്ഞിട്ടുള്ളതൊക്കെയും ഓർത്താറെ തരം തിരിച്ചറിഞ്ഞുകൂടാത്തവണ്ണമുള്ള ഈ അന്റിപ്പൊലസ്സന്മാർ ഇരുപേരും ഈജയിന്റെ പുത്രന്മാരും ഈ എമീലിയാ അവരുടെ മാതാവും. അങ്ങിനെതന്നെ ഡ്രോമിയോമാർ ഇരുപേരും ആന്റിപ്പോലസ്സന്മാരുടെ ഭ്യത്യന്മാരും ആകുന്നു. അന്റിപ്പോലെസ്സെ നീയല്ലയോ കോറന്തിൽനിന്നു വന്നവൻ.
സൈ. അന്റി - അല്ല തിരുമേനി. ഞാൻ സൈറാക്ക്യൂസിൽനിന്നാണെ വന്നതു.
രാജാവു - നില്ലു നീയങ്ങോട്ടു മാറിനില്ക്കൂ. നിങ്ങളെ ഇരുപെരെയും തമ്മിൽ തിരിച്ചറിഞ്ഞുകൊൾവാൻ വഹിയായല്ലൊ.
എ. അന്റി- ഞാൻ ആകുന്നു കോറന്തിൽനിന്നു വന്നതു.
എ.ഡ്രോമി - ഞാനും യജമാനനോടുകൂടെ കോറന്തിൽ വന്നവനാകുന്നു.
എ. അന്റി - നിങ്ങളുടെ അമ്മാവനായ മെനഫൻ രാജാവായിരു