കല്ലൂർ ഉമ്മൻ പീലിപ്പോസ്
അല്പംമുമ്പെ ഇങ്ങേരുടെ കഴുത്തിൽ ആ മാല കിടക്കുന്നതു ഇവരൊക്കെയും കണ്ടിട്ടുണ്ടു.
വ്യാപാരി - ഇയാൾ ആദ്യം കമ്പോളത്തിൽവച്ചു മാല വാങ്ങിയിട്ടില്ലെന്നു പറകയും പിന്നീടു കഴുത്തിൽ കിടക്കുന്നതു കണ്ടുങ്കൊണ്ടു ചോദിച്ചപ്പോൾ സമ്മതിക്കയും ചെയ്കയാൽ ഞങ്ങൾ തമ്മിൽ ഒരു വാഗ്വാദം ഉണ്ടായി. ഞാൻ വാൾ ഊരിയപ്പോൾ ആ ആശ്രമത്തിലോട്ടു ഓടിക്കേറിയെന്നുള്ളതിന്നു ഞാൻ ഒരു സാക്ഷിയാണെ. എന്നാൽ അവിടെ നിന്നു ഏതു വിധത്തിൽ പുറത്തിറങ്ങിയിട്ടിപ്പോൾ മറ്റേടത്തു നിന്നു വരുന്നെന്നു ഓർത്തിട്ടു വളരെ അത്ഭുതവും തോന്നുന്നു.
എ.അന്റി - ഞാൻ ആ മാല കാൺകയൊ ഈയാൾ എന്റെ നേരെ വാൾ ഓങ്ങുകയൊ ഞാൻ ആശ്രമത്തിൽ ഓടിക്കേറുകയൊ ഒന്നുംതന്നെ ഉണ്ടായിട്ടുള്ളതല്ലെന്നുള്ളതിന്നു സർവ്വേശ്വരൻതന്നെ സാക്ഷി.
രാജാവു - ഇതെന്തൊരു കൊനഷ്ടാണെ. നിങ്ങൾ എല്ലാവരും കേവലം കുടിച്ചിരിക്കുന്നെന്നു തോന്നുന്നു. ഇവനെ വീട്ടിൽ ഇട്ടു അടച്ചിരുന്നെങ്കിൽ അവിടെത്തന്നെ കിടക്കുമായിരുന്നു. ഭ്രാന്തുണ്ടെങ്കിൽ ഇത്ര വിവരംവഴി കാര്യങ്ങളൊന്നും ബോധിപ്പിക്കയില്ലാഞ്ഞേനെ. ഉച്ചെക്കു വീട്ടിൽ വച്ചു ഭക്ഷണം കഴിച്ചു എന്നു നിങ്ങളും തട്ടാൻ അതിനെ നിഷേധിച്ചും പറയുന്നു. ഇനിയും നിന്റെ വായ്മൊഴി ഒന്നു കേൾക്കെട്ടടാ ഡ്രോമിയോ.
എ. ഡ്രോമി - യജമാനൻ ഇന്നു ആ നില്ക്കുന്ന സ്ത്രീയുടെ വീട്ടിൽ ചെന്നാണെ തീൻ കഴിച്ചതു.
വേശ്യ - ഉവ്വു. അപ്പോഴത്രെ എന്റെ മോതിരം തട്ടിയെടുത്തതു.
എ.അന്റി - ഈ മോതിരം അവളുടേതുതന്നെ.
രാജാവു - ഈയാൾ ആശ്രമത്തിലോട്ടു ഓടിക്കേറുന്നതു നീ കണ്ടുവോ?
വേശ്യ - ഉവ്വു കണ്ടു.
രാജാവു - ഇതു മഹാവിസ്മയംതന്നെ! എടാ വല്ലവരും ചെന്നു ആ ആശ്രമവിചാരക്കാരത്തിയെ ഇവിടെ വിളിച്ചുകൊണ്ടുവരിക. ഇവർക്കാർക്കും തലെക്കു നല്ല സ്ഥിരം ഉണ്ടെന്നു തോന്നുന്നില്ല.