ഈജയിൻ - ഞാൻ ഒരു വാക്കുകൂടെ പറഞ്ഞുകൊള്ളട്ടെ. ഭാഗ്യംപോലെ എന്റെ ജീവനെ രക്ഷിപ്പാൻ വേണ്ടും പണം തന്നു എന്നെ വിടുവിക്കുന്നതിന്നു ഒരു ആൾ ഉണ്ടായിരിക്കുന്നു. ഡ്രോമിയോ നിങ്ങൾ എന്നെ ഓർക്കുന്നില്ലയോ?
എ.ഡ്രോമി - ഉവ്വു ഓർക്കുന്നുണ്ടു. കുറെ മുമ്പു ഞങ്ങളും തന്നെപ്പോലെ ബന്ധിക്കപ്പെട്ടവരായിരുന്നു. താനും പിഞ്ചെന്ന വൈദ്യന്റെ അധീനതയിൽ അകപ്പെട്ടുവോ അതില്ല.
ഈജയിൻ - അന്റിപ്പോലസ്സെ നീയെന്താ ഒരുനാളും കണ്ടിട്ടില്ലാത്ത ഭാവം നടിച്ചുകളയുന്നതു? നീ എന്നെ നല്ലപോലെ അറിവാൻ ഇടയുണ്ടല്ലൊ.
എ.ആന്റി - എന്റെ മൂപ്പീന്നേ ഞാൻ എന്റെ ഈ ആയുസ്സോടു ഇടയിൽ ഇന്നു മാത്രമല്ലാതെ തന്നെ ഒരിക്കലും കണ്ടിട്ടില്ല.
ഈജയിൻ - ദുഃഖംകൊണ്ടും മറ്റും എന്റെ മുഖഭാവം മാറിപ്പോയെന്നിരുന്നാലും എന്റെ ശബ്ദം ഓർക്കേണമെല്ലൊ.
എ.അന്റി - ഞാൻ ഒട്ടു ശബ്ദവും ഓർക്കുന്നില്ല.
ഈജയിൻ - നീയോടി ഡ്രോമിയോ?
എ. ഡ്രോമി - എന്നോടൊ ചോദിക്കയും വേണ്ടായെല്ലൊ
ഈജയിൻ - എടാ അറിയുമെന്നു പറയുന്നതിൽവെച്ചു നിനക്കൊരു മാനഹാനിയും വന്നുപോകയില്ലെ. എന്നാൽ എന്റെ മകനായ അന്റിപ്പോലസ്സേ ഈ ഏഴുവർഷത്തോടിടയിൽ നീ എന്നെ അശേഷം മറന്നുപോയതോർത്താറെ വളരെ അത്ഭുതം തോന്നുന്നു.
എ. അന്റി - ഇനിക്കു ഓർമ്മയായതിൽപിന്നെ ഒരിക്കലും എന്റെ അപ്പനെക്കണ്ടിട്ടില്ല.
ഈജയിൻ - എടാ കുഞ്ഞെ ഏഴു വർഷത്തിന്നുമുമ്പേ സൈറാക്ക്യൂസിൽവെച്ചു നാം തമ്മിൽ വേർപിരിഞ്ഞതു നീ ഓർക്കുന്നില്ലയോ? പക്ഷേ ഇപ്പടുതിയിൽ നില്ക്കുന്ന എന്നെ അപ്പനെന്നു വിളിക്കുന്നതു അസാരം മദ്ധ്യമമെന്നു കരുതീട്ടായിരിക്കും ഇപ്രകാരം പറഞ്ഞുകൊള്ളുന്നതു.
എ.അന്റി - അതു അങ്ങനെയല്ല എന്നുള്ളതിന്നു തിരുമനസ്സുകൊണ്ടു സാക്ഷിപറയും. സൈറാക്ക്യൂസെന്ന ദേശം ഞാൻ ഒരിക്കലും കണ്ടിട്ടില്ല.