അന്റിപ്പോലസ്സു വന്നു രാജസന്നിധിയിൽ സാഷ്ടാംഗം വീണുകൊണ്ടു)
പൊന്നുടയതെ അവിടത്തെ ജീവരക്ഷയ്ക്കായി ഞാൻ ഏറ്റിട്ടുള്ള മുറിവുകളെ ഓർത്തിട്ടു എന്റെ സങ്കടം കേൾപ്പാറാകെണം. (എന്നുണർത്തിച്ചു)
ഈജയിൻ - മരണഭീതികൾകൊണ്ടു ഇനിക്കു തോന്നിപ്പോക മാത്രമല്ലെങ്കിൽ ഞാൻ എന്റെ മകനായ അന്റിപ്പൊലസ്സിനേയും അവന്റെ വേലക്കാരനായ ഡ്രോമിയോയെയും കാണുന്നു.
എ.അന്റി - തിരുമനസ്സിലെ കല്പനപ്രകാരം ഞാൻ വിവാഹം ചെയ്തിട്ടുള്ള ഈ സ്ത്രീ ഇന്നു എന്നോടു ചെയ്തിരിക്കുന്ന ദോഷവും കാണിച്ചിരിക്കുന്ന നിന്ദയും ഇനിക്കു വരുത്തിയിരിക്കുന്ന അപമാനവും ഒക്കെ ഓർത്താൽ സഹിയാവതല്ലായ്കകൊണ്ടു എന്റെ സങ്കടത്തിന്നു ഒരു നിവാരണം വരുത്തിത്തരുമാറാകേണം.
രാജാവു - ആകട്ടെ കാര്യമെന്തെന്നു ഗ്രഹിച്ചാൽ പിന്നെ അതു തീർക്കുന്നതിലേക്കു നോം താല്പര്യപ്പെടാം.
എ.അന്റി - ഇവൾ ഇന്നേ ദിവസി ഇനിക്കു തീൻ തരാതെ എന്നെപ്പുറത്തിട്ടു വാതിലും അടച്ചുങ്കൊണ്ടു ജാരന്മാരോടുകൂടി ഉല്ലസിച്ചിരിക്കുന്നു.
രാജാവു - അപ്പറഞ്ഞതു സത്യമെങ്കിൽ മഹാ കഷ്ടം തന്നെ! അല്ലെയോ സ്ത്രീ നിന്റെ കെട്ടിയവൻ ബോധിപ്പിച്ചിട്ടുള്ളതു പരമാർത്ഥം തന്നെയൊ?
അഡ്രി - അയ്യോ മനസ്സാ വാചാ കർമ്മണാ അറിഞ്ഞിട്ടുള്ള ഒരു കാര്യമല്ലേ ഇപ്പറഞ്ഞുകൊള്ളുന്നതു. ഇന്നു ഉച്ചെക്കു ഞാനും ഇങ്ങേരും എന്റെ അനുജത്തിയും എല്ലാം ഒരുമിച്ചിരുന്നാണെ തീൻകഴിച്ചിട്ടുള്ളതു.
ലൂസി - ഇവർ തിരുമനസ്സറിയിച്ചിരിക്കുന്നതു പരാർത്ഥം അല്ലെന്നു വന്നാൽ ഇപ്പോൾതന്നെ തല വെട്ടിക്കൊള്ളുന്നതു സമ്മതം.
അൻജീലോ - അമ്പേ കള്ളികൾ. ഇവർ ഇപ്പറഞ്ഞതു കബന്ധമല്ലാകുന്നു. ഭ്രാന്തനെങ്കിലും ഇക്കാര്യത്തിൽ നേരു അയാളുടെ പക്കലാകുന്നുവല്ലൊ.
എ.അന്റി - പൊന്നു തിരുമേനി ഞാൻ കുടിച്ചു മത്തു പിടിച്ചിട്ടു