ണ്ടെങ്കിലും എന്റെ ബുദ്ധിക്കു ഭ്രമം പിടിച്ചിട്ടെങ്കിലും പറയുന്നു എന്നു ഓർത്തുപോകരുതെ. ഞാൻ ഇന്നു സഹിച്ചിട്ടുള്ള ദണ്ഡങ്ങളൊക്കെയും ഏതൊരു ബുദ്ധിമാനെയും ഭ്രമിപ്പിക്കത്തവയാകുന്നു. ഇവൾ ഇന്നു ഇനിക്കു ഭക്ഷണം തരാതെ എന്നെപ്പുറത്തിട്ടു കതകു അടച്ചുകളകയാൽ ഞാനും ബൽതാസ്സേറുംകൂടെ വേറൊരു അഗാരത്തിൽ ചെന്നു ഊണു കഴിച്ചെന്നുള്ളതിന്നു ആ നില്ക്കുന്ന സ്ത്രീയും ഈ തട്ടാനും സാക്ഷിയുണ്ടു. ഈ തട്ടാനൊടു മാല തീർത്തു പോർക്ക്യൂപ്പൈനിൽ കൊണ്ടുവരത്തക്കവണ്ണം പറഞ്ഞിരുന്നാറെ കാണായ്കയാൽ തിരക്കി ഇറങ്ങി കമ്പോളത്തിൽ വന്നപ്പോൾ ഇവനും ആ നില്ക്കുന്ന വ്യാപാരിയുംകൂടെ ഒരു പോലീസ്സുനായ്ക്കനെകൂട്ടിക്കൊണ്ടുവന്നു. ഞാൻ മാല വാങ്ങീട്ടു വില കൊടുക്കാത്തതെന്തുകൊണ്ടെന്നും പറഞ്ഞു. വെറുതെ തീരുമാനം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കാര്യത്തിന്നുവേണ്ടി എന്നെപ്പടിപ്പിച്ചു. വല്ലവിധേനയും അവരുടെ കയ്യിൽനിന്നു രക്ഷപെടുവാനായിട്ടു ഏതാനും പണം കൊണ്ടുവരുവാൻ ഇവനെ വീട്ടിലേക്കു അയച്ചാറെ വെറുങ്കയ്യായി മടങ്ങിവരികകൊണ്ടു ആ ശിപായിയോടു ഇണങ്ങിക്കൂടി നല്ലവാക്കു പറഞ്ഞു അയാളെ വീട്ടിലോളം കൊണ്ടുപോകുവാൻ ഭാവിച്ചു. ഒട്ടുവഴി ചെല്ലുമ്പോൾ ഇവളും അനുജത്തിയും കൂടെയൊട്ടുവളരെ പുരുഷാരവും വരുന്നതു കണ്ടു. അക്കൂട്ടത്തിൽ പിഞ്ചെന്നു പേരായിട്ടൊരു മന്ത്രവാദിയും ഉണ്ടായിരുന്നു. അവൻ വന്നോണെ വന്നു എന്റെ കൈനാഡി പിടിച്ചുനോക്കി എന്നെപ്പിശാചു ബാധിച്ചിട്ടുണ്ടെന്നു പറഞ്ഞുങ്കൊണ്ടു എന്നെയും വേലക്കാരനെയും ബന്ധിച്ചു ഒരു ഇരുട്ടുമുറിയിൽ കൊണ്ടുപോയി ഇട്ടു വളരെ ദുഃഖിപ്പിച്ചു. ഒടുക്കം ഞങ്ങൾ ഒരു പ്രകാരത്തിൽ ആ കെട്ടുകളൊക്കെയും കടിച്ചു പൊട്ടിച്ചുവച്ചു ഞങ്ങളുടെ സങ്കടം ബോധിപ്പിപ്പാനായി ഇവിടേക്കു വന്നിരിക്കുന്നു.
അൻജീലൊ - ഇങ്ങേർ ഇന്നുച്ചക്കു വീട്ടിൽ ചെന്നപ്പോൾ വാതിൽ അടച്ചിരിക്കുന്നതുകണ്ടു. ഏറിയനേരം മുട്ടി വിളിച്ചാറെ അതും ഇതും നിന്ദ്യമായ വാക്കുകൾ പറഞ്ഞതല്ലാതെ ആരും വന്നു കതകു തുറക്കായ്കയാൽ മറ്റെങ്ങാണ്ടോ പോയി തീൻ കഴിച്ചതു പരമാർത്ഥം തന്നെ.
രാജാവു - അതു കിടക്കട്ടെ. നീ ഇവന്റെ പക്കൽ മാല കൊടുത്തെന്നു പറയുന്നതു സത്യമൊ?
അൻജീലൊ - കൊടുത്തെന്നു പറയുന്നതു സത്യമെന്നൊ?