Jump to content
Reading Problems? Click here



ആദിഭാഷ/പദവ്യവസ്ഥാനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
പദവ്യവസ്ഥാനിരൂപണം
ആദിഭാഷ

ഉള്ളടക്കം

[തിരുത്തുക]
  1. പ്രാരംഭം
  2. അക്ഷരനിരൂപണം
  3. സന്ധിനിരൂപണം
  4. പദവ്യവസ്ഥാനിരൂപണം
  5. ലിംഗനിരൂപണം
  6. വചനനിരൂപണം
  7. വിഭക്തിനിരൂപണം
  8. ധാതുനിരൂപണം
  9. തമിഴ് സംസ്കൃതാദി താരതമ്യം
  10. ആദിഭാ‌ഷ


പദവ്യവസ്ഥാനിരൂപണം

[തിരുത്തുക]

ഇനി, ഈ രണ്ടുഭാ‌ഷകളിലുമുള്ള പദവ്യവസ്ഥയെക്കുറിച്ചു പര്യാലോചിക്കാം.

സംസ്കൃതത്തിൽ നാമം, ആഖ്യാതം, ഉപസർഗം, നിപാതം എന്നു നാലു വകയായി ശബ്ദങ്ങളെ വിഭാഗിച്ചിരിക്കുന്നു. നാമമെന്നുവെച്ചാൽ ഒരു വസ്തുവിന്റെ പേരിനെകുറിക്കുന്ന ശബ്ദമാകുന്നു. ആഖ്യാതം പൂർണക്രിയയാകുന്നു. ഉപസർഗത്തിന് ക്രിയാധാതുകളോടു ചേർന്നുനിന്ന് അവയ്ക്ക് അർത്ഥവ്യത്യാസമുണ്ടാക്കുന്ന ഒരു തരം ശബ്ദമെന്നു രൂപനിർണ്ണയം ചെയ്തുകാണുന്നു. ഉദാഹരണം ഹൃഞ് ഹരണേ, ഹൃ എന്ന ധാതു ഹരിക്കുക എന്നുള്ള അർത്ഥത്തോടുകൂടിയിരിക്കും. ഈ ധാതുവിന് വി എന്ന ഉപസർഗം മുമ്പ് ചേരുമ്പോൾ വിഹരിക്കുക കളിക്കുക എന്ന അർത്ഥത്തിൽ മാറുന്നു.

നിപാതം എന്നത് ഒരുവിധം ഇടച്ചൊൽ. സ്വരങ്ങളുടെ വ്യത്യാസത്തെക്കാട്ടാനായി ഒരു പിരിവായി മാത്രം ഇവയെ ഏർപ്പെടുത്തിയിരിക്കുന്നു.’നിപാതാഃ ആദ്യുദാത്താഃ’ (ശാന്തനവാചാര്യരുടെ ഫിട്സൂത്രം.) ഈ പ്രമാണപ്രകാരം നിപാതങ്ങൾ ആദ്യുദാത്തങ്ങളോടുകൂടിയത് ആദിസ്വരങ്ങൾ ഉദാത്തരൂപത്തിൽ ഇരിക്കുന്നത് ആകുന്നു എന്നു സൂത്രത്തിനർത്ഥമാകുന്നു.

മേൽ കാണിച്ച നാമങ്ങൾ, ജാതിഗുണക്രിയാസംജ്ഞാ ഭേദത്താൽ നാലുവിധത്തിലിരിക്കുന്നു. ഘടം, പടം, വൃക്ഷം, ഇവ ജാതിനാമത്തിനും, ശ്വേത, മധുര, ശീത ശബ്ദങ്ങൾ ഗുണ നാമത്തിനും ഉദാഹരണം. പചതി, പാചക പചനം ഇവ ക്രിയാ നാമങ്ങൾ, ദേവദത്തഃ കൃÿഃ തുടങ്ങിയവ സംജ്ഞാനാമങ്ങൾ. [ 47 ] ഇതുകുടാതെ, ശക്തം, ലക്ഷകം, വ്യഞജകം ഇങ്ങനെ നാമങ്ങൾക്കു മുന്നുവിഭാഗങ്ങൾ കൂടി കാണുന്നു. ഇവയിൽ ശക്തത്തിന് ശക്തിയോടുകൂടിയതെന്ന് അർത്ഥം. ശക്തിക്ക് ഉചിതാർത്ഥത്തെ ഉദ്ബോധിപ്പിക്കുന്ന സാമർത്ഥ്യം. ‘അസ്മാച്ഛബ്ദാദയമർത്ഥോ ബോദ്ധവ്യ ഇതി ഈശ്വരസങ്കേതഃ ശക്തിഃ’ - ഈ വാക്കുകളിൽ നിന്ന് ഈ അർത്ഥം അറിയത്തക്കത് എന്ന് ഈശ്വര സങ്കേതം (നിയമം, മതം) ചിലരും, ‘അർത്ഥ എന്നർത്ഥമെന്നു സംസ്കൃതക്കാരിൽ സ്മൃത്യനുകൂലപദപദാർത്ഥസംബന്ധഃശക്തിഃ’ - ഒരു വാക്കു കേൾക്കുമ്പോൾ അതിന്റെ ശരിയായ അർത്ഥം ഓർമ്മയിൽ വരുന്നതിനു ശരിയായ പദപദാർത്ഥ സംബന്ധം ശക്തിയെന്ന് മറ്റു ചിലരും പറയുന്നു. ശക്തി കൊണ്ട് പദാർത്ഥത്തെ പ്രതിബോധിപ്പിക്കുന്ന പദം ശക്തി. ‘ലക്ഷണയാ ബോധകഃ ശബ്ദോ ലക്ഷകഃ’, ‘ശക്യസംബന്ധോ ലക്ഷണാ’. ലക്ഷണ കൊണ്ടു പദാർത്ഥത്തെ അറിയിക്കുന്ന ശബ്ദം ലക്ഷകം. ശക്യത്തിന്റെ സംബന്ധം ലക്ഷണാ. ശക്തിയാൽ പറയപ്പെട്ട അർത്ഥം ശക്യം; അതായതു ശരിയായ അർത്ഥത്തിനു യോജനയില്ലായ്കയാൽ ആ അർത്ഥത്തിന്റെ സംബന്ധിയെ ഓർമ്മിപ്പിക്കുന്ന വാക്ക് വ്യഞ്ജകം. ‘വ്യക്ത്യാ അർത്ഥബോധകഃ ശബ്ദോ വ്യഞ്ജകഃ’ അടയാളം കൊണ്ട് അർത്ഥത്തെ അറിയിക്കുന്ന വാക്ക്. ഉദാഹരണം ഘടമെന്ന വാക്ക് കുടത്തെ അറിയിക്കുമ്പോൾ ആ പദം ശക്തം; ‘ഒരു കുടം കുടിച്ചു കളയുക’ എന്നു പറയുന്നിടത്ത് ആ ഘടസ്ഥമായ ജലാദിയെ ലക്ഷ്യമാക്കി തരുന്നതിനാൽ ഘടപദം ലക്ഷകം. ദാനസമയത്ത് ‘ഇവൻ കാശിവാസി’എന്ന് ഒരുത്തനെ സ്തുതിച്ചു പറയുന്നിടത്ത് വാച്യാർത്ഥത്തിനു യോജന ഇരുന്നിട്ടും പ്രയോജനമില്ലയ്കയാൽ അവനിലുള്ള പരിശുദ്ധതയെ അറിയിക്കുന്ന ഉപയോഗം കൊണ്ട് അർത്ഥമുള്ളതാകും ‘അസ്തം ഗതഃ സവിതാ’ സുര്യൻ [ 48 ] അസ്തമിച്ചു എന്ന വാക്കു ബ്രാഹ്മണൻ സന്ധ്യാവന്ദനാവസരത്തെയും പരിചാരകൻ വിളക്കുവയ്ക്കാറായ സമയത്തെയും ഇങ്ങനെ ലക്ഷ്യമാക്കി അറിയിക്കുന്നത്.

ഇവയിൽ മുമ്പ് പറഞ്ഞ ശക്തമെന്നത് രൂഢം, യോഗരൂഢം, യൗഗികം, യൗഗീകരൂഡം എന്നു നാലു വിധം. ‘സമുദായ ശക്തിഃ രൂഢിഃ രൂഢ്യൈവ അർത്ഥബോധകഃ രൂടന്മ’ രൂടന്മി രോഹിക്ക (മൂളയ്ക്ക) സ്വാഭാവികശക്തിയാൽ പ്രകാശിക്കുക. ശബ്ദംകൊണ്ട് മാത്രം അർത്ഥത്തെ അറിയിക്കുന്നത്; അവയവാർത്ഥസംബന്ധത്തെ അപേക്ഷിക്കാതെ അർത്ഥത്തെ അറിയിക്കുന്നത്. ഉദാഹരണം ‘ദേവാനാം പ്രിയഃ’ എന്ന ശബ്ദത്തിന് മൂർഖനെന്ന് അർത്ഥം ഈ അർത്ഥം ദേവന്മാരുടെ പ്രിയൻ അന്ന അവയവാർത്ഥം കൊണ്ടു കിട്ടുന്നതല്ല. സമുദായത്തിന്റെ സ്വാഭാവികശക്തിയാൽ മാത്രമേ സിദ്ധിക്കുന്നുള്ളു. ഇനി മുക്താവലിയിൽ ‘അവയവശക്തി നൈരപേക്ഷ്യേണ സമുദായ ശക്തിമാത്രണ ബുദ്ധ്യതേ തദ്രൂടന്മം.’ - യാതൊരിടത്ത് അവയവശക്തിയെ അപേക്ഷിക്കാതെ സമുദായശക്തികൊണ്ട് അർത്ഥം വിളങ്ങുന്നുവോ ആ പദം രൂടന്മം. ‘യത്ര തു അവയവശക്തിവി‌ഷയേ സമുദായ ശക്തിരസ്തി തദ്യോഗരൂടന്മം’. ഉദാഹരണം പങ്കജം പങ്കത്തിൽ നിന്ന് ജനിച്ചത് എന്ന അവയവശക്തിക്കു വി‌ഷയമായ അർത്ഥത്തെ സമുദായശക്തിയാൽ താമരപ്പൂവെന്ന് അറിയിക്കുന്നു. ‘യത്ര അവയവാർത്ഥ ഏവ ബുധ്യതേ തദ്യൗഗികം. യാതൊരു വാക്കിൽ അവയവാർത്ഥം മാത്രം അർത്ഥബോധകമായിരിക്കുന്നോ അതു യൗഗികം. ഉദാഹരണം - പാചകഃ എന്ന പദം അതിന്റെ ഒരവയവമായ ‘പച്’ ധാതുവിൽ നിന്നും പാകം ചെയ്ക എന്ന അർത്ഥത്തെയും ഇതരാവയവമായ അക എന്ന പ്രത്യയത്തിന്റെ അർത്ഥമായിരിക്കുന്ന കർത്താവിനെയും അറിയിക്കുന്നതല്ലാതെ [ 49 ] അന്യത്തെ സൂചിപ്പിക്കുന്നില്ല. ‘യത്ര തു യൗഗികാർത്ഥ രൂടന്മ്യർത്ഥയോസ്സ്വാതന്ത്യ്രണ ബോധസ്തദ്യൗഗികരൂടന്മം’ ഏതു ശബ്ദത്തിൽ യൗഗിക രൂടന്മ്യർത്ഥങ്ങൾ സ്വതന്ത്രമായി ജ്ഞാനമു ണ്ടാക്കുന്നുവോ അതു യൗഗികരൂടന്മം. ഉദാഹരണം. ഉദ്ഭിദ്, ഉൽഭേദിച്ചു പിളർന്നുകൊണ്ട് കിളിർക്കുന്ന മരം, ചെടി മുതലായവയെ അവയവ ശക്തി കൊണ്ടും അന്യദിക്കിൽ അവയവശക്ത്യപേതമായി ഒരു യാഗത്തെ [1] സമുദായശക്തിയാലും അറിയിക്കയാൽ ഇതു യൗഗികരുടന്മം. ലക്ഷകം എന്നത്, ജഹല്ലക്ഷകം അജഹല്ലക്ഷകം, ഉഭയലക്ഷകം എന്നു മൂന്നു വിധം. ജഹലക്ഷണകൊണ്ട് വസ്തുവിനെ അറിയിക്കുന്നത് ജഹല്ലക്ഷകം. ‘യത്ര വാചാർത്ഥസ്വ്യാന്വയാഭാവഃ തത്ര ജഹലക്ഷണാ’ - എവിടെ വാച്യാർഥത്തിന് യോജനയിലയോ (യാതൊരു പദത്തിൽ വാച്യാർത്ഥം വക്താവിന്റെ അഭിപ്രായത്തിനിണങ്ങാതിരിക്കുന്നോ) അവിടെ ജഹലക്ഷണ (ജഹത് - വിട്ടതായ) ലക്ഷണാ ലക്ഷിപ്പിപ്പത് ലക്ഷ്യമായിരിക്കുന്ന സാധനം. ഉദാഹരണം മഞ്ചാഃ ക്രാശന്തി കട്ടിലുകൾ നിലവിളിക്കുന്നു. ഇവിടെ മഞ്ചശബ്ദം തന്റെ വാച്യാർത്ഥമായ കട്ടിലെന്ന രൂപത്തെവിട്ട് വക്താവിന്റെ അഭിപ്രായപ്രകാരം കട്ടിലിലിരിക്കുന്ന മനു‌ഷ്യരെ സ്വീകരിക്കുന്നു. ഇവിടെ കട്ടിലിനും അതിലിരിക്കുന്ന മനു‌ഷ്യർക്കും സംബന്ധം മൂലമാണു ലക്ഷണ. ഇതു തർക്ക മതം. സംബന്ധം മൂലം അർത്ഥത്തെ അറിയിക്കുന്ന ശക്തിയാണ് ലക്ഷണ. ഇതു വ്യാകരണമതം. ‘യത്ര വാച്യാർത്ഥസ്യാപ്യന്വയസ്തത്ര അജഹല്ലക്ഷണ’ യാതൊരു പദത്തിൽ വാച്യാർത്ഥം ലക്ഷ്യാർത്ഥത്തോടു ചേരുന്നോ അവിടെ അജഹലക്ഷണ. അജഹതീ - വാച്യാർത്ഥത്തെ വിടാത്തതായ ലക്ഷണ, ലക്ഷ്യമായി അർത്ഥത്തെ അറിയിക്കുന്ന[ 50 ]സാധനം. ഉദാഹരണം. ‘കാകേഭ്യോ ദധി രക്ഷ്യതാം’ കാക്കകളിൽ നിന്നു തൈരു രക്ഷിക്കപ്പെടണം. ഇവിടെ കാകേഭ്യഃ എന്ന പദം അതിന്റെ അർത്ഥമായ കാക്കകളെ അറിയിക്കുന്നതോടുകൂടി തൈരിനെ കുടിക്കുന്ന ഇതരജന്തുക്കളെയും അറിയിക്കുന്നു. ‘യത്ര വാച്യൈകദേശ ത്യാഗേനൈക ദേശാന്വയസ്ത്രത്ര ജഹദജഹലക്ഷണാ’ യാതൊരു ശബ്ദത്തിൽ വാച്യാർത്ഥത്തിന്റെ ഒരു ഭാഗം ചേരാതെയും മറ്റൊരു ഭാഗം ചേർന്നും ഇരിക്കുന്നുവോ അവിടെ ജഹദജഹല്ലക്ഷണ. ഉദാഹരണം ‘തത്ത്വമസി’ - നീ അവനായിരിക്കുന്നു. ഇവിടെ ത്വം എന്ന പദം ജീവനേയും തത്പദം ഈശ്വരനേയും കുറിക്കുന്നു. ‘സോയം ദേവദത്തഃ’ - ഈ ദേവദത്തൻ അവനാകുന്നു ഇവിടെ സഃ എന്ന ശബ്ദം മുമ്പൊരിക്കൽ കാണപ്പെട്ടവനെന്നും, അറിയിക്കയാൽ ഒരുവൻ ഒരു കാലത്ത് രണ്ടു കാലങ്ങളുടെ സംബന്ധം ഘടിക്കായ്ക നിമിത്തം അവൻ എന്ന പദത്തിന്റെ അർത്ഥമായ തത്കാലസംബന്ധത്തേയും വിട്ട് ദേവദത്തൻ എന്ന അംശത്തെ മാത്രം സ്വീകരിക്കയാൽ ഇവിടെ ജഹദജഹല്ലക്ഷണ.

ഇനി തമിഴിലെ പദവിഭാഗത്തെക്കുറിച്ചു നോക്കാം. പദങ്ങളെന്നാൽ അർത്ഥത്തെ ബോധിപ്പിക്കുന്ന ശബ്ദങ്ങൾ എന്നു ഭാവം. തമിഴിൽ പദങ്ങളെ ‘പകുപദം, പകാപ്പദം എന്നു രണ്ടു വലിയ വിഭാഗങ്ങളായിത്തിരിച്ചിരിക്കുന്നു. അവയവവിഭാഗം ചെയ്ത് അർത്ഥം നിർണ്ണയം ചെയ്യാൻ പാടില്ലാത്തവിധം, പ്രത്യയയോജനയ്ക്കു മുമ്പു തന്നെ പ്രയോഗാർഹമായിരിക്കുന്ന പദം ‘പകാപ്പദമെന്നു പറയെപ്പെടുന്നു. ഉദാഹരണം - നിലം, നീർ, കാറ്റു തുടങ്ങിയവ. ഈ പദങ്ങൾ തന്നെ ബഹുവചനപ്രത്യയം മുതലായ പ്രത്യയങ്ങളോടു ചേരുമ്പോൾ പകുപദങ്ങളെന്നു വ്യവഹരിക്കപ്പെടുന്നു. പേർപകാപ്പദം, [ 51 ] വിനൈപ്പകാപ്പദം, ഇടൈപ്പകാപ്പദം, ഉരിപ്പകാപ്പദം ഇങ്ങനെ പകാപ്പദം നാലു വിധമുണ്ട്. ഇവയിൽ പ്രത്യയങ്ങൾ കലർത്തത്തക്കതല്ലാത്ത് മൻ, കോൻ മുതലായ ഇടപ്പകാപ്പദങ്ങളും ഉരു, കഴി തുടങ്ങിയ ഉരിപ്പകാപ്പദങ്ങളും ഒഴിച്ച് അന്യപകാപ്പദങ്ങൾ പ്രത്യയങ്ങൾ ചേരുമ്പോൾ പകുപദങ്ങളായിത്തീരുന്നു. ഉദാഹരണം. നിലം, നീർ, നെരിപ്പു മുതലായവ പേർപ്പകാപ്പദങ്ങൾ. നട, വാ, ഉൺ മുതലായവ വിനൈപ്പകാപ്പദങ്ങൾ. മൻ, കോൻ, പൊൻ തുടങ്ങിയവ ഇടൈപ്പകാപ്പദങ്ങൾ. ഉരു, കഴി, അൻപു, അഴകു മുതലായവ പേർപ്പകുപദങ്ങൾ. നൊന്താൻ, നടക്കിന്റാൻ മുതലായവ വിനൈപ്പകുപദങ്ങൾ.

മൊഴി എന്നാൽ അർത്ഥത്തെ വിവരിച്ചു കാണിക്കുന്നതാകുന്നു. ഇതിനു ചൊല്ലെന്നും അപരപര്യായമുണ്ട്. മൊഴികൾ, ഒരുമൊഴി, തൊടർമൊഴി, പൊതുമൊഴി എന്നു മൂന്നു വിധമാക്കുന്നു. (നന്നൂൽ. ചൊൽ ഞ്ജ59). ഒരു അർത്ഥത്തെ പ്രകാശിപ്പിക്കുന്നത് ഒരു മൊഴി. ഉദാഹരണം നിലം, നിലത്തൻ, നട ഇത്യാദികൾ (പേർമൊഴി). നട, നടന്താൻ മുതലായവ വിനമൊഴി, മൻ, കൊൻ മുതലായവ ഇടമൊഴി, ഉരി, കഴി മുതലായവ ഉരുമൊഴി.

ഇനി മേൽപറഞ്ഞ പകുപദം, പകാപ്പദം ഈ രണ്ടിനവും ഈവിഭാഗത്തിലുൾപ്പെടും. മേൽ വിവരിച്ച പദമെന്നതും ഒരു മൊഴിയെന്നതും ഒരേ അർത്ഥത്തെക്കുറിക്കുന്നതാകുന്നു. പല അർത്ഥങ്ങളെ സൂചിപ്പിക്കുന്നതു തുടർ മൊഴിയാകുന്നു. ഇതു പൂർണ്ണമായി ഒരു വി‌ഷയത്തെ ബോധിപ്പിക്കുന്നതായും അപൂർണ്ണമായി ബോധിപ്പിക്കുന്നതായും ഇരിക്കുന്നു. ഉദാഹരണം. നിലം വലുതായിരിക്കുന്നു എന്നത് പൂർണ്ണം. ക്രിയയോടു ചേരാതെ സംഖ്യ കൊണ്ടാകട്ടെ തനിച്ചാകട്ടേ പല [ 52 ] അർത്ഥത്തെ ബോധിപ്പിക്കുന്നതു അപൂർണ്ണം. ഉദാഹരണം ചാത്തൻ മകൻ, പൂങ്കുഴൽ, വലുതായ നിലം, നിലത്തെക്കടന്നു, നെടുമാൽ മുതലായവ. പൊതുമൊഴി എന്നതു ഒരർത്ഥത്തേയും പല അർത്ഥത്തെയും ബോധിപ്പിക്കുന്നതാകുന്നു. എട്ടു ത്താമരൈ, വേങ്കൈ മുതലായവ എട്ടെന്ന സംഖ്യയേയും താമരപ്പൂവിനെയും പൂലിയേയും ഓരോ വാക്കായി നിന്ന് അർത്ഥവ്യത്യാസത്തെ കാണിക്കുന്നതിനു പുറമെ എളൈതു, താവുന്ന മര, വേകുന്നകൈ ഇത്യാദി തുടർമൊഴികളായി പല അർത്ഥങ്ങളേയും സ്ഫുരിപ്പിക്കുന്നു.

ഇച്ചൊല്ലുകൾ വെളിപ്പെടച്ചൊൽ, കുറിപ്പുച്ചൊൽ എന്നു രണ്ടു വിധം. വെളിപ്പടച്ചൊല്ലാകട്ടെ ചൊല്ലിന്റെ നേരെയുള്ള അർത്ഥം കൂടാതെ വേറെ അർത്ഥം ഇല്ലാത്തതാകുന്നു. ഉദാഹരണം. രാമൻ വന്നു. ഇവിടെ നേരെയുള്ള അർത്ഥം കൂടാതെ വേറെ അർത്ഥമില്ല.

കുറിപ്പുച്ചൊല്ലെന്നത് ഒരർത്ഥത്തെ ലക്ഷ്യമായി കാണിക്കുന്നതാണ്. ഉദാഹരണം. ആയിരം മനു‌ഷ്യൻ പൊരുതു. ഇവിടെ പൊരുതു എന്നുള്ള ക്രിയാപദം പുരു‌ഷന്മാരായ ആയിരം പേരെമാത്രം ലക്ഷ്യമാക്കുന്നു. കൂടാതെ ഈ ചൊല്ലുകൾ, ഇയർച്ചൊൽ, തിരിച്ചൊൽ, തിശൈച്ചൊൽ, വടച്ചൊൽ എന്നു നാലു വിധം (തൊൽ, ചൊൽ. സൂ. 397). പണ്ഡിതപാമരന്മാർക്കു സാധാരണ്യേന അർത്ഥം ദ്യോതിക്കുന്നതു ഇയർച്ചൊല്ലെന്ന് പറയുന്നു. ഉദാഹരണം മൺ, പൊൻ മുതലായവ. ഇതിനു പേരിയർച്ചൊൽ എന്നും പറയും. നടന്താൻ, വന്താൻ മുതലായവ വിനൈയർച്ചൊൽ അഴകു, അൻപു മുതലായവ ഉരിയിയർച്ചൊൽ. [ 53 ]


തിരിച്ചൊല്ലെന്നത് ഒരർത്ഥത്തെ കുറിക്കുന്ന പലച്ചൊല്ലും പല അർത്ഥത്തെ കാണിക്കുന്ന ഒരു ചൊല്ലുമാകുന്നു. ഉദാഹരണം. കിളി, ശൂകം, തത്ത ഇവ കിളിയെന്ന ഒരേ അർത്ഥത്തെക്കുറിക്കുന്ന ‘പല പേർ തിരിച്ചൊല്ലാകുന്നു.’ വാരണം, ആന, കോഴി, ശംഖു മുതലായ നാനാർത്ഥങ്ങളെ കാണിക്കുന്ന ഒരു പേർ തിരിച്ചൊൽ. പടർന്നാൻ, ചെന്നാൻ, പോയിനാൻ ഇങ്ങനെയുള്ളത് ഒരർത്ഥത്തെക്കുറിക്കുന്ന പല വിനൈതിരിച്ചൊൽ, വരൈന്താൻ, ഇതു നീക്കുവാൻ, കൊണ്ടാൻ എന്നു പലക്രിയകളെക്കുറിക്കുന്ന ഒരു പൊരുൾ തിരിച്ചൊൽ, ചേറും, വരുതും ഇവയുടെ റൂ, ത്യം പ്രത്യയങ്ങൾ, ഉത്തമ പുരു‌ഷബഹുവചനം, ഭാവി ഈ രൂപങ്ങളിൽ ഒരേ അർത്ഥത്തെ കാട്ടുന്ന പല ഇടത്തിരിച്ചൊൽ. കൊൽ, ഇതു, അയ്യം, അശനിലൈ എന്നിവ പല അർത്ഥങ്ങളെക്കുറിക്കുന്ന ഒരു ഇടത്തിരിച്ചൊൽ. ചാല, ഉറി, തവ, നനി, കൂർ, കഴി, ഇവൈ, മികൽ എന്നിവ ഒരർത്ഥത്തെക്കണിക്കുന്ന പലഉരിത്തിരിച്ചൊൽ. കടി, ഇതു, കാപ്പു, കൂർമൈ, അച്ചം, കരിപ്പു, വിളക്കം, ഇറൈപ്പു, മണം മുതലായവ പല അർത്ഥങ്ങളെക്കുറിക്കുന്ന ഒരു ഉരിത്തിരിച്ചൊൽ.

‘തിശൈച്ചൊൽ’ എന്നതു കരിന്തമിഴ്ദേശത്തു നിന്നും, ചെന്തമിഴ്ദേശത്തുവന്നു പ്രചാരമായത്. ഉദാഹരണം. പശുവെന്ന അർത്ഥത്തെ സൂചിപ്പിക്കുന്ന പെറ്റം എന്ന വാക്ക് ദക്ഷിണപാണ്ഡ്യദേശത്തു നിന്ന് ചെന്തമിഴ് നാട്ടിൽ വന്നു ചേർന്നതാണ്. മാതാവിനെകുറിക്കുന്ന തള്ള എന്ന വാക്ക് കുട്ടനാട്ടുനിന്ന് വന്നതാണ്. സംസ്കൃതമൊഴികെ മറ്റുള്ള ഭാ‌ഷകളിൽ നിന്നു വന്നവയും ഈ വർഗത്തിൽപെടും. [ 54 ]

വടചൊല്ലു എന്നത് വന്നുചേർന്ന സംസ്കൃതവാക്കുകളാണ്. ഉദാഹരണം. കാരണം, കമലം, കരം മുതലായവ. ഇവ തമിഴിലെ അക്ഷരങ്ങളെക്കൊണ്ട് ഉച്ചരിക്കത്തക്കതാണ്. ചൂകി (ശൂകി), പോകി (ഭോഗി), മുത്തി (മുക്തി) തുടങ്ങിയവ വിശേ‌ഷാക്ഷരങ്ങൾ കൊണ്ട് ഉച്ചരിക്കത്തക്കവയാകുന്നു. അതായത് തമിഴിലില്ലാത്ത സംസ്കൃതാക്ഷരങ്ങളെ തമിഴെഴുത്തുകളാക്കി മറ്റി ഉചരിക്കപ്പെട്ടവ. അരൻ, കടിനം, ചലം മുതലായവ രണ്ടു ഭാ‌ഷയിലെ അക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. അതായത് ഹരൻ എന്നതിൽ ആദ്യമിരിക്കുന്ന ഹകാരം അകാരമായി ചിതൈന്തും, (ന്യൂനപ്പെട്ടും) രകാരം രൂപാന്തരപ്പെടാതെയും വരുന്നുവെന്നു സാരം. ഈ ജാതിയെ ചിതൈച്ചൊൽ’ എന്നു പറയും.

ചൊല്ലുകൾ: (ഇലക്കണമുടയത്) ലക്ഷണസമ്പന്നം (ഇലക്കണപ്പൊലി) ലക്ഷണാഭാസസംയുക്തം, മരുതു, ഇടക്കരടക്കൽ, മങ്കലം, കുഴുഉക്കുറി എന്നുവേറെ ആറുവിധം. വ്യാകരണ ശാസ്ത്രാനുസാരമിരിക്കുന്നത് ഇലക്കണമുടയത്. ഉദാഹരണം. നിലം, നീർ, കാറ്റു മുതലായവ. ചില അക്ഷരങ്ങൾ ക്രമാനുഗതമാകാതെയോ മുമ്പു വയ്ക്കേണ്ടതിനെ പിൻപ് വച്ചോ മറിച്ചു സംഭവിച്ചോ ഇലക്കണമില്ലാതിരുന്നും ഇലക്കണം ഉള്ളതുപോലെ തോന്നുന്നത് ഇലക്കണപ്പൊലി. ഉദാഹരണം. കോവിൽ എന്ന ശബ്ദം അക്ഷരവ്യത്യാസം കൊണ്ട് കോയിൽ എന്നുവന്നു കാണുന്നതും നകരപ്പുറം എന്നത് പുരനകർ എന്നും കൺണ്മീ എന്നു മീകൺ എന്നും മുൻ പിന്നാകെ മാറി പ്രചരിക്കുന്നതും പോലെ അനേകം.

മരുഉ എന്നത് ഇലക്കണം ചിതൈന്തത് മരീഈയത് (തീരെ ന്യുനപ്പെട്ടത് ആകുന്നു). അരുമരുന്തതൻ പിള്ളൈ [ 55 ] എന്നത് അരുമന്ത പിള്ളൈ എന്നും മലൈയമാനാട് മലാട് എന്നും രൂപാന്തപ്പെടുന്നത് ഉദാഹരണം.

ഉചാരണയോഗ്യമല്ലാത്ത വാക്കുകളെ മറച്ചുവച്ച് പറയുന്നത് ഇടക്കരടക്കൽ എന്നുള്ളതാണ്. ഉദാഹരണം കാൽ കഴുകി ഇവരുതും കാൽ കഴുകാൻ പോയി വരട്ടെ എന്ന പറച്ചിൽ തുടങ്ങിയവ.

മാംഗല്യമില്ലാത്തതിനെ മംഗലമെന്ന് പറയുന്നത് ‘മങ്കളം’ എന്ന വിഭാഗത്തിൽ ഉൾപ്പെടും. ഉദാഹരണം - ‘ചത്തു’ എന്നുള്ളതിനുപകരം അയ്യാളുടെ കാര്യമൊക്കെ സുഖമായി - ആമുൻപകരവിപവ്വി എന്നും, ഓ എന്നു പറയുന്നത് തിരുമുഖമെന്നും, കാരാട് വെള്ളാടെന്നും പറയുന്നത് തുടങ്ങിയവയാണ് (വഴങ്ങി വരുന്നതു പോലുള്ളവ).

ഒരു സമുദായത്തിലുള്ളവർ എന്തെങ്കിലും ഒരു കാരണത്താൽ ഒരു വസ്തുവിന്റെ പേരിനെമാറ്റി മറ്റൊരു പേരു കൊണ്ട് പറയുന്നത് കുഴുഉക്കുറി എന്നതാണ്. ഉദാഹരണം പൊർക്കൊല്ലർ (തട്ടാന്മാർ)പൊന്നിനെ പറിയെന്നും ആനക്കാരന്മാർ മുണ്ടിനെ കാരയെന്നും വേടന്മാർ കള്ളിനെ ചൊൽ വിളമ്പിയെന്നും പറഞ്ഞു വരുന്നവ തുടങ്ങിയതാണ് (നന്നൂൽ. ചൊൽ. 267).

പേരുകൾ: ഇടുക്കുറി(രൂടന്മി) പ്പേരെന്നും കാരണപ്പെരെന്നും രണ്ടുവക. ഈ രണ്ടും മരപിനെയും ആക്കരത്തെയും തുടർന്ന് വരുന്നതാണ്. ഉദാഹരണം. മരം, വിള, പന മുതലായവ ഇടുകുറി മരവും; അവൻ, അവൾ, പറവ, വിലങ്കു മുതലായവ കാരണക്കുറി മരവും. മിൻപോലു മാനവേൻ മുട്ടയ്ക്ക് മാറായ പെവർ പോങ്കാനവേൻ മുട്ടയ്ക്കും കാട്ഇവിടെ, [ 56 ] വേട്ടാളക്കുഞ്ഞിനെ മുട്ടയെന്ന നാമം കൊണ്ടുപറകയാൽ ഇരുപോലെയുള്ളവ ‘ഇടുകുറിയാക്കപ്പേരാകും’. പൊന്നൻ, പൂണൻ, മലൈ, മകൾ, മകൻ, മാറ്റോർ, കുറ്റേ ഇതു പോലുള്ളവ ‘കാരണക്കുറിയാക്കപ്പേരാണ്‘.’

ഈ പേരുകൾ പൊരുൾ പേര്, ഇടപ്പേര്, കാലപ്പേര്, വിനൈപ്പേര്, ഗുണപ്പേര്, തൊഴിൽപേര്, ചുട്ടപ്പേര്, വിനാപ്പേര് എന്ന് എട്ടു വകയുണ്ട്. ഉദാഹരണം തമൻ, ഒരുവൻ, അപൈയത്താൻ, പൊന്നൻ മുതലായവ പൊരുളെ സംബന്ധിച്ചു വരുന്നതിനാൽ പൊരുൾ നാമങ്ങളാണ്. വെർപ്പൻ, എയിനൻ, ഇടയൻ, മകിഴ്ന്തൻ, തുറൈവൻ, ചോഴിയൻ, കരുവൂരാൻ, വാനത്താൻ, അകത്താൻ, പുറത്താൻ മുതലായവയും, തിണൈതേയം, ഉളർ ഇവയും ഇടങ്ങളെ (സ്ഥാനങ്ങളെ) സംബന്ധിച്ചു വന്നതിനാൽ ഇടപ്പേരുകളാണ്. മൂവാട്ടയാൻ, വേലിലാൻ, തയ്യാൻ, ആതിരയാൻ, കാലയാൻ, മുതലായവ സംവത്സരം, മാസം മുതലായ കാലങ്ങളെ സംബന്ധിച്ചു വരികയാൽ കാലപ്പേരുകളാണ്. ചെങ്കണ്ണാൻ, കുഴയ്ക്കാതൻ, നെടുങ്കയ്യാൻ മുതലായവ അവയവങ്ങളെ സംബന്ധിച്ചു വരികയാൽ ചിന (അവയവ) പ്പേരുകളാണ്. പെരിയവൻ, ചെറിയവൻ, പുലവൻ, പൊന്നപ്പൻ, കരിയൻ, കൂനൻ, അന്തണൻ, അരചൻ, ചേരൻ മുതലായവ ഗുണസംബന്ധമായി വരികയാൽ ഗുണപ്പേരാണ്. ഓതുവാൻ, ഈവാൻ മുതലായവ തൊഴിൽ സംബന്ധിച്ചുവരികയാൽ തൊഴിൽപ്പേരാണ്. അവൻ, ഇവൻ മുതലായവ ചുട്ട (ചുണ്ടു)പ്പേരുകളാണ്. എവൻ, യാവൻ മുതലായവ വിനാ (ചോദ്യ)പ്പേരുകളാണ്.

പിറാൻ (അന്യൻ), മറ്റയാൻ (മറ്റവൻ) മുതലായവയും സബി മുതലായ നാമങ്ങളും മുൻപറഞ്ഞ വാക്കുകളിൽ [ 57 ] ചേരുവാൻ യോഗ്യതയില്ലാത്തതും പൊതുലക്ഷണം പറയാൻ പാടില്ലാത്തതും ആയിരിക്കയാൽ ഈ എട്ടുവകുപ്പുകളിൽ നിന്നും അന്യങ്ങളായവ എന്നു മാത്രം പറയപ്പെടുന്നു. പേരുകൾ ഇയർപ്പെരുകളെന്നും ആക്കപ്പേരുകളെന്നും രണ്ടുവിധം. അതിനു തക്കതായ അർത്ഥത്തെകാട്ടുന്നത് ഇയർപ്പേർ. ഉദാഹരണം. താമര, വെറ്റില, കാൽ മുതലായവ താമരക്കോടിയേയും വെറ്റിലയേയും കാൽ എന്ന കണക്കിനെയും പറയുമ്പൊൾ ഇയർപ്പേരാകും.

അതിന്റെ അർത്ഥത്തിനു തക്കതായ വേറൊരു അർത്ഥത്തെ ക്രമേണ ചേർത്തു പറഞ്ഞുവരുന്നവ ആക്കപ്പേരാകും ഉദാഹരണം താമര, വെറ്റില, കാൽ എന്നു മുൻപിൽ കാണിച്ച സ്വാഭാവിക നാമങ്ങൾ തന്നെ താമരയുടെ അവയവമായ അതിന്റെ പൂവിനെയും വെറ്റിലയുടെ ആദ്യത്തെ അവയവമായ വെറ്റിലക്കോടിയേയും കാൽ എന്നു കണക്കുള്ള ശരീരാവയവത്തേയും ക്രമേണ കാണിക്കുമ്പോൾ ആക്കപ്പേരുകളാണ്.

ഈ ആക്കപ്പേർ പലവകയായിരിക്കും. കാർ എന്ന കറുത്തനിറത്തിന്റെ നാമം അതോടുകൂടിയ മേഘത്തെ ബോധിപ്പിക്കുമ്പോൾ ആക്കപ്പേരാകും. ആ മേഘം വർ‌ഷിക്കുന്ന അവസ്ഥയെ ഓർക്കുമ്പോൾ ഇരുപടി ആക്കപ്പേർ എന്നാകും. ആ അവസ്ഥയിൽ വിളയുന്ന ധാന്യത്തെ ബോധിപ്പിക്കുമ്പോൾ മുമ്മടിയാക്കപ്പേർ എന്നാകും. ഇപ്രകാരം നാന്മാടി മുതലായവയും വരുമെന്നറിക. മേലും ‘ഇരുപേരൊട്ടാക്ക പേർ’‘കാണ്ഡികയിലുണ്ട്. ഇതിലെഴുതുന്നില്ല.

സംസ്കൃതത്തിലുള്ള മൊഴികളെല്ലാം ക്രിയാധാതുക്കളിൽ നിന്ന് ഉണ്ടായവയാണ്. ഈ ക്രിയാധാതുക്കൾ പ്രത്യയങ്ങളോടു [ 58 ] ചേരാതെ തനിച്ചുപയോഗമുള്ളതല്ല. ധാതുക്കളുടെ മേലായി ‘കൃത്‘ പ്രത്യയങ്ങളെന്ന ഒരു വിധ പ്രത്യയങ്ങൾ ചേർന്ന് ക്രിയാപദം ഒഴിച്ച് നാമം, ഉപസർഗം, നിപാതം എന്ന മൂന്നു വിധമായ എല്ലാ വാക്കുകളുമുണ്ടായി. അവ വിഭക്തി പ്രത്യയങ്ങൾ ചേർന്നു പ്രയോഗത്തിനു തക്കതായ [2] പദങ്ങളാകുന്നു. ഈ വിഭക്തിപ്രത്യയങ്ങൾ ‘സുപ്’ എന്നു പറയപ്പെടും. ഇപ്പറഞ്ഞ മൂന്നുവിധ ശബ്ദങ്ങളും സുബന്ത (സുപ് എന്ന അന്തത്തോടുകൂടിയ) പദങ്ങളെന്ന് പറയപ്പെടും. ഉദാഹരണം - രാമഃ എന്ന സുബന്ത നാമപദം (രമ് ക്രീഡായാം) കളിക്കുക എന്ന അർത്ഥത്തിൽ വരും. ഈ ധാതുവിൽ ‘ഘഞ്‘ എന്ന കൃത് പ്രത്യയം ചേർന്ന് രാമ് എന്നതു ദീർഘിച്ച് രാമ എന്ന നാമമായി സു’എന്ന വിഭക്തി പ്രത്യയം ചേർന്ന് രാമഃ എന്ന സുബന്ത പദം പ്രയോഗാർഹമായിത്തീരുന്നു. അപ്രകാരം തന്നെ ദുഃ (ടുദു ഉപതാപേ ദു എന്ന ധാതു ഉപതാപം എന്ന അർത്ഥത്തിൽ വരും). ഈ ധാതുവിൽ ഉസ് എന്ന കൃത് പ്രത്യയം ചേർന്നു ദുസ് എന്ന ഉപസർഗ്ഗമായി അതിൽ സ് എന്ന വിഭക്തി പ്രത്യയം ചേർന്ന് ആ പ്രത്യയം ലോപിച്ച് ദുസ് എന്ന സുബന്ത ഉപസർഗ്ഗമായിത്തീരുന്നു.

അവ് (അവ രക്ഷണേ അവ എന്ന ധാതു രക്ഷിക്കൽ എന്ന അർത്ഥത്തിൽ വരും) എന്നു പറയപ്പെട്ട ധാതുവിൽ ഉം എന്ന കൃൽ പ്രത്യയം ചേർന്ന് വകാരം ലോപിച്ച് ശേ‌ഷിച്ച [ 59 ] അകാര ഉകാരങ്ങൾ ഒന്നു ചേർന്ന് ഓകാരമായിട്ട് ഓം എന്ന നിപാതമായിത്തീരും. ആ നിപാതത്തോട് സ് എന്ന വിഭക്തി പ്രത്യയം ചേർന്ന് അതുതന്നെ ലോപിച്ച് ഓം എന്ന സുബന്തനിപാത പദമാകുന്നു.

ക്രിയാപദമെന്നത് ധാതുക്കളോടുകൃൽപ്രത്യയങ്ങൾ [3] എന്ന പ്രത്യയങ്ങൾ ചേർന്ന് ചേരാതെ ‘തിങ്ങുകൾ’ ഉണ്ടാകുന്നു. ഉദാഹരണം. ‘രമ്’ എന്ന ധാതുവിൽ തേ എന്ന തിq് പ്രത്യയം ചേർന്ന് മധ്യേ അകാരം അടയാളമായിച്ചേർന്ന് രമതേ എന്ന തിqന്തപദമായിത്തീരുന്നു.

സൂപ്, തിq് എന്ന രണ്ടു വക പ്രത്യയങ്ങൾ ചേരാതെ യാതൊരു ധാതുവും പ്രയോഗത്തിനാകയില്ല. ന കേവലാ പ്രകൃതിഃ പ്രയോക്തവ്യാ’ (ധാതുമാത്രം തനിയെ പ്രയോഗിക്കപ്പെടുവാൻ യോഗ്യമല്ല) എന്നു പതഞ്ജലി മഹാഭാ‌ഷ്യത്തിൽ പറഞ്ഞിരിക്കുന്നു. തമിഴിലെ ഇടച്ചൊല്ല്ലുകൾക്കു ഏറക്കുറെ സമമായിരിക്കുന്ന അവ്യയങ്ങളെല്ലാം പ്രാതിപദിക ഏകവചന പ്രത്യയത്തോടു കൂടിയതാകുന്നു.

തമിഴിൽ നന്നൂലാചാര്യർ മൊഴിയെ പകുപദം പകാപ്പദം എന്നു രണ്ടു വകയായിട്ട് പറഞ്ഞിരിക്കുന്നു. നിലം, നീർ, കാറ്റ് മുതലായ അനേകം നാമപദങ്ങൾ സംസ്കൃതത്തെപ്പോലെ ധാതുക്കളിൽ നിന്ന് ഉണ്ടാകാത്തതും കൃൽ പ്രത്യയങ്ങൾ [ 60 ] ചേർന്ന് സുബന്തപദങ്ങളുടെ പ്രാതിപാദികമാകാതെയും [4] വിഭക്തി പ്രത്യയങ്ങൾ

യാതൊന്നും ചേരാതെയും പ്രയോഗത്തിന് തക്കവയായിത്തീരുന്നതുമാണ്. ഇടച്ചൊൽ, ഉരിച്ചൊൽ ഇവ അനേകം പ്രത്യയങ്ങൾ സിദ്ധിക്കാത്തതിനാൽ നിലം, നീർ മുതലായവ പോലെ തന്നെ പ്രയോഗയോഗ്യമായി ഭവിക്കുന്നു. അജ്ഞാത രൂപത്തിലുള്ള നട, വാ, വിടു മുതലായ ക്രിയാപദങ്ങൾ (മറ്റൊരുവനോടുള്ള ശുശ്രൂ‌ഷ ചെയ്യുമ്പോൾ) യാതൊരു പ്രത്യയം കൂടാതെയും പകാപ്പദങ്ങളായി പ്രയോഗത്തിനു യോഗ്യമായിത്തീരുന്നു. സംസ്കൃതത്തിൽ എല്ലാ ശബ്ദങ്ങളും ധാതുക്കളിൽ നിന്നുണ്ടായിട്ടും പ്രത്യയങ്ങൾ ചേരാതെ പ്രയോഗിക്കത്തക്കവ ആകാതിരിക്കുന്നതിനേയും തമിഴിൽ ധാതുക്കളെന്ന ഏർപ്പാടില്ലാതെയും പ്രത്യയങ്ങൾ യാതൊന്നും ചേരാതെയും ഉപയോഗത്തിനുതകുന്നതിനേയും നോക്കുമ്പോൾ രണ്ടു ഭാ‌ഷകൾക്കുമുള്ള വലുതായ വ്യതാസത്തെ അറിയാവുന്നതാണ്.

സംസ്കൃതത്തിൽ ധാതുക്കളോടു ഉപസർഗമെന്ന [5] ഒരു ജാതി ഇടച്ചൊല്ലുകൾ ചേർന്ന് അതിൽ നിന്ന് ആഹാര, വിഹാര, സംഹാര ഇത്യാദി ഭിന്നാർത്ഥങ്ങളായ പല വാക്കുകൾ ഉണ്ടാകുന്നു. തമിഴിൽ ഇങ്ങനെ ഉപസർഗം ചേർത്ത് അർത്ഥ വ്യതാസം വരുത്തുന്ന സമ്പ്രദായമില്ല. സംസ്കൃതത്തിൽ ഉദാത്താദിസ്വരങ്ങളുടെ വ്യതാസത്തെ സൂചിപ്പിക്കുന്നതിനു നിപാത(ഗതി)മെന്ന് ഒരു മാതിരി ശബ്ദങ്ങളെ തിരിച്ചിരിക്കുന്നു. [ 61 ]

തമിഴിൽ ഈവിധ സ്വരങ്ങളൊന്നുമില്ലാത്തതുകൊണ്ട് അതിനെ സംബന്ധിച്ചുണ്ടാകുന്ന വിഭാഗങ്ങളുമില്ല.

സംസ്കൃതത്തിൽ പ്രത്യയം വികുതി വിശേ‌ഷം, ആഗമം (ചാരിയായി) ആദേശം (വികാരം അല്ലെങ്കിൽ പകരം) എന്നു മൂന്നിനം ഏർപ്പെടുത്തി അവയെക്കൊണ്ടു ശബ്ദങ്ങളെല്ലാം സാധിച്ചിരിക്കുന്നു. ഉദാഹരണം രാമഃ എന്ന രൂപത്തിൽ ധാതുവിന് പരമായി വന്നിരിക്കുന്ന ‘അ’ എന്നത് കൃത് പ്രത്യയം. രമ് എന്ന ധാതുവിലുള്ള അകാരം ദീർഘിച്ച് ‘രാ’ എന്നായത് ആദേശം. ‘ഃ’ എന്ന വിസർഗരൂപം വിഭക്തി പ്രത്യയം. അരമത എന്ന ക്രിയാപദത്തിൽ രമ് ധാതുവിന് മുമ്പ് ഇരിക്കുന്ന അ ആഗമം.

തമിഴിൽ ഇടച്ചൊല്ലെന്നൊരു ജാതിശബ്ദങ്ങളാണ് പ്രത്യയങ്ങളായിരിക്കുന്നത്. ഉദാഹരണം ‘നിലം’ എന്ന നാമത്തിനു പിൻപ് കൾ എന്ന ഇടച്ചൊൽ പ്രഥാമാബഹുവചന പ്രത്യയമായി നിൽക്കുന്നു. തമിഴിൽ ഇടനിലൈ, ചാരിയൈ എന്നു രണ്ടു ജാതി ശബ്ദം കൂടിയുണ്ട്. ഇവ പദങ്ങളെ അവസാനിപ്പിക്കുന്നതിനു സാധനങ്ങളായിരിക്കുന്നു.

സംസ്കൃതത്തിൽ ഈ രണ്ടിനു പകരം ആഗമമെന്നു മാത്രമേയുള്ളു. സംസ്കൃതത്തിൽ പ്രത്യയങ്ങൾ സ്വതന്ത്രമായ ഒരു വിഭാഗമായിരിക്കുന്നു. തമിഴിൽ പ്രത്യയസ്ഥാനത്തു നിൽക്കുന്ന വികുതികൾ ഇങ്ങനെയൊരു പ്രത്യേകവിഭാഗമായിരിക്കുന്നില്ല. അവ ഇടച്ചൊല്ലെന്ന പദവിഭാഗത്തിൽ ഒരംശം മാത്രമായിരിക്കുന്നു. ഇതും പ്രസ്തുത ഭാ‌ഷകൾക്കുള്ള വ്യതാസത്തെ തെളിയിക്കുന്നു. എന്നാൽ തമിഴിന്റെ ഈ നിയമം യുക്തിക്കത്ര ഇണങ്ങുന്നില്ല. ഏന്തെന്നാൽ നിലം എന്ന നാമത്തിനു ശേ‌ഷം കൾ എന്ന ഇടച്ചൊല്ലു ചേർക്കുമ്പോൾ രണ്ടു വാക്കുകൾ എന്നു [ 62 ] പറയാമെന്നല്ലാതെ ഒരു വാക്കെന്നു സ്ഥാപിക്കുന്നതിന് ഇടമില്ല. ആകട്ടെ, അവ രണ്ടു ശബ്ദങ്ങൾ തന്നെ, അതുകൊണ്ട് ദോ‌ഷമെന്ത്? അപ്പോൾ ശാസ്ത്രം അതിനെ ഒന്നെന്നു പറയുന്നതു ഘടിക്കയില്ല. (നന്നൂൽ. 259, 260 സൂത്രങ്ങളും അവയുടെ വ്യാഖ്യാനങ്ങളും നോക്കുക). കൂടാതെയും മരം വീണു എന്നിടത്ത് മരമെന്നത് എഴുവായ്പ്പൊരുളെയും ഏകവചനാർത്ഥത്തെയും പ്രത്യയസന്നിവേശം കൂടാതെ തന്നെ അറിയിക്കുന്നതുകൊണ്ട് പ്രഥമ മുതലായ വിഭക്ത്യർത്ഥങ്ങളും ഒന്നു, പലത് ഈ അർത്ഥങ്ങളും അതാതു നാമങ്ങളിൽ തന്നെ അടങ്ങിയിരിക്കുന്നുവെന്ന് സ്പഷ്ടമാകുന്നു. ആകയാൽ വ്യവഹാരോപയോഗമായി ആവശ്യപ്പെടുന്ന വിഭക്ത്യർത്ഥങ്ങളിൽ ഒന്നിനെ അറിയിക്കുന്നതിന് ഓരോ സൂചനകളെന്ന് മാത്രം സ്വീകരിക്കത്തക്കതെന്നതല്ലാതെ അവയെക്കൂടി ഒരു പദവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് യുക്തമായിരിക്കയില്ല. മരങ്ങൾ വീണു, മരങ്ങളെ മുറിച്ചാർ ഇത്യാദികളിലുള്ള മരങ്ങൾ, മരങ്ങളെ മുതലായവ ഒരു വാക്കായി മാത്രം തോന്നുന്നതല്ലാതെ പലതെന്നു തോന്നുന്നില്ല. അതുകൊണ്ട് സംസ്കൃതത്തിലെ മുറയനുസരിച്ച് ഇവിടെയും ഈ പ്രത്യയങ്ങളെ ഇടനിലൈ, ചാരിയൈ മുതലായവ പോലെ അടയാളമായി മാത്രം ഏർപ്പെടുത്തുന്നതു തന്നെ കൊള്ളാമെന്നിരിക്കെ തമിഴ് വ്യാകരണകർത്താക്കളായ അഗസ്ത്യർ, തൊൽകാപ്പിയർ തുടങ്ങിയവർ അവർ സംസ്കൃതാഭിജ്ഞന്മാരായിരുന്നിട്ടും അതിലെ സമ്പ്രദായം സ്വീകരിക്കാതെ മുമ്പിരുന്ന തമിഴ് ഇലക്കങ്ങളെ വേറായും അവയിൽ മുഖ്യങ്ങളെ ആശ്രയിക്കാതിരുന്നാൽ പഠിക്കുന്നവർക്ക് പ്രയാസമേറുമെന്നും ശങ്കിച്ചു മാറ്റിയില്ലായെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. [ 63 ]

സംസ്കൃതത്തിൽ നാമപദങ്ങളിൽ സർവ്വനാമപദങ്ങളെന്ന് ഒരു പിരിവ് ഏർപ്പെടുത്തിക്കാണുന്നു. ചുട്ട്, വിനം, മുന്നിലൈ (മധ്യമപുരു‌ഷൻ), തന്മൈ, പിരിയിട മുതലായ പൊതുവാക്കുകൾ ഏറക്കുറെ അടക്കിയും ഇരിക്കുന്നു. തമിഴിൽ ഈ മാതിരി വിഭാഗം ഏർപ്പെടുത്താതെ, തന്മൈപേർ, മുന്നിലൈപേർ, എന്നിങ്ങനെ ഓരോന്നും പ്രത്യേകം പറയപ്പെട്ടിരിക്കുന്നു. ഇയർച്ചൊൽ, തിരിച്ചൊൽ, തിശൈച്ചൊൽ, വടച്ചൊൽ എന്ന നാലു പിരിവുകളിൽ വടച്ചൊൽ എന്ന പിരിവ് തമിഴിൽ സംസ്കൃതം കലർന്നതിൽ പിന്നെ ഏർപ്പെട്ടതായിരിക്കാം. സംസ്കൃതഭാ‌ഷ ദേശഭാ‌ഷയായിട്ടില്ലാത്തതിനാൽ പലദിക്കിൽ നിന്നും വാക്കുകൾ ചേരുന്നതിന് ഇടമില്ലെന്നുള്ളതുകൊണ്ട് തിശൈച്ചൊല്ലെന്ന പതിവ് സംസ്കൃതത്തിലുൾപ്പെട്ടില്ലെന്ന് വാദിക്കാൻ വിരോധമില്ല. തിരിച്ചൊല്ലെന്നുള്ള വിഭാഗം യുക്തിക്ക് ഇണങ്ങാത്തതുമായിരിക്കുന്നു. എന്തെന്നാൽ തിരിച്ചൊല്ല് പല അർത്ഥത്തെക്കുറിക്കുന്ന ഒരു വാക്കെന്നും ഒരർത്ഥത്തെക്കുറിക്കുന്ന പലവാക്കെന്നും രണ്ടു ലക്ഷണത്തോടു കൂടിയിരിക്കുന്നു. പല അർത്ഥത്തിലുള്ള ഒരു വാക്കിനെ ഒരു വാക്കായി ഗണിക്കാമെങ്കിലും ഒരേ അർത്ഥത്തെ സൂചിപ്പിക്കുന്ന പല വാക്കുകളെ എങ്ങനെ ഒരു വാക്കെന്ന് വിധിക്കും? ഇനി തൊടർ മൊഴിയോ എന്നാണെങ്കിൽ ‘നിലം വലുത്‘ വലിയ നിലം എന്ന വിധം ഒരു വാക്കിന്റെ അർഥത്തിൽ മറ്റൊരു വാക്കിന്റെ അർത്ഥം കലർന്നിരിക്കേ ആ ഇരുമൊഴി, മുമ്മൊഴി തുടങ്ങിയ വാക്കുകൾ തൊടർമൊഴിയാകുന്നതുപോലെ ഇവയെ ഗണിച്ചുകൂടായ്കയാൽ തൊടർമൊഴിയെന്നതും പാടില്ല. ഒരർത്ഥത്തെക്കുറിക്കുന്ന പല വാക്കുകളെന്നതിന് ഒരർത്ഥത്തെ കാണിക്കുന്ന പല പദങ്ങളിൽ ഒന്നായ വാക്ക് എന്നു വ്യാഖ്യാനിച്ചാൽ അത് ഒരു പൊരുൾ കുറിക്കുന്ന ഒരു വാക്കായിതന്നെയേ ഇരിക്കുന്നുള്ളു. ഇപ്രകാരം തന്നെ ആന, കോഴി, ശംഖ് മുതലായ പല [ 64 ] അർത്ഥമുള്ള വാരണമെന്ന വാക്ക് ഒരിക്കൽ ഒറ്റ അർത്ഥത്തെ മാത്രം സൂചിപ്പിക്കുന്നതു കൊണ്ട് ഒരർത്ഥത്തെ ബോധിപ്പിക്കുന്ന ഒരു വാക്കയിത്തന്നെ ഇരിക്കുന്നു. കൂടാതെ, ഈ വാരണശബ്ദം ആന, ദന്തി, കളിറ് എന്നിപ്രകാരം ഒരു അർത്ഥത്തെ കാട്ടുന്ന പല വാക്കായും ആന, ശംഖ്, കോഴി, ഇത്യാദി പല അർത്ഥമുള്ള ഒരു വാക്കായും ഇരിക്കുന്നതിനാൽ ഇതിനെ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്താം? ഇയർച്ചൊല്ലിൻ ദൃഷ്ടാന്തങ്ങളായി കാണിച്ച മൺ, പൊൻ, മരം, അഴകു, അൻപു മുതലായവ പല അർത്ഥങ്ങൾ ദ്യോതിപ്പിക്കുന്ന ഒരു ചൊൽവകുപ്പിലും ഒരർത്ഥം കാട്ടുന്ന പല ചൊൽവകുപ്പിലും ചേർന്നിരിക്കയാൽ തിരിച്ചൊല്ലിന്റെ ലക്ഷണത്തോടു കൂടിയിരിക്കുന്നു. മണ്ണെന്നത് ഒപ്പനൈ, ചൂടുചാമ്പൽ, ഭൂമി, കല, സഭൗാഗ്യം (മാഴ്ചിമ) മുതലായ അർത്ഥങ്ങളെ ബോധിപ്പിക്കയാൽ പല അർത്ഥമുള്ള ഒറ്റ വാക്കാകുന്നു. ഞാലം, മൺ മുതലായവ ഏകാർത്ഥവാചിയായ വാക്കുകളിൽ ഒന്നായുമിരിക്കുന്നു. പൊൻ മുതലായവയും ഇതുപോലെതന്നെ, ചെന്തമിഴായിരിക്കുന്നത്, ഇയർച്ചൊൽ, ഇതരങ്ങൾ തിരിച്ചൊല്ലുകൾ, ഇപ്രകാരം ലക്ഷണം പറയുന്നിടത്ത് അവവടച്ചൊൽ തിശച്ചൊൽ ഇവയുടെ ഉൾപ്പിരിവിൽ അടങ്ങുമെന്നല്ലാതെ വോറൊരു വിഭാഗമായിപ്പറയാൻ തരമില്ല.

സംസ്കൃതത്തിൽ ‘ധാതവഃ അനേകാർത്ഥാഃ’ ക്രിയാധാതുക്കൾ അനേകാർത്ഥങ്ങളോടുകൂടിയവ എന്നു പറഞ്ഞുകാണുന്നു. ഇതുകൊണ്ട് പദങ്ങളെല്ലാം നാനാർത്ഥവാചികളായിത്തന്നെ പറയപ്പെട്ടിരിക്കുന്നു. തമിഴിലുള്ള മേൽപറഞ്ഞ വിഭാഗങ്ങൾ സംസ്കൃതനിയമത്തിന് വളരെ വിപരീതമായിരിക്കുന്നുവെന്നും യുക്തിക്കു ചേരാത്തതെന്നും സംസ്കൃതപണ്ഡിതന്മാരായ തമിഴ് ശാസ്ത്രകാരന്മാർക്ക് നല്ലതിന്മണ്ണം അറിയാമെന്നിരിക്കെ ആ [ 65 ] വിഭാഗത്തെ ഉപേക്ഷിക്കാതിരുന്നത് പഴയ ഇലക്കണ സമ്പ്രദായങ്ങൾ മാറ്റാൻ മനസ്സില്ലാത്തതുകൊണ്ടത്ര. അതു കൊണ്ടു പഴയ ഇലക്കണങ്ങളിൽ ഇങ്ങനെ തിരിച്ചൊല്ലെന്ന് വിഭാഗിച്ചത് അസംഗതമെന്നു പറയാൻ പാടില്ല. അതെന്തെന്നാൽ, തമിഴ് വേറൊരു ഭാ‌ഷയിൽ നിന്ന് ഉണ്ടാകാതെ ആദികാലം മുതൽക്കേ നിലനിന്നുവരുന്ന ഒരു ഭാ‌ഷയായതു കൊണ്ട് ആദ്യം ഒരു വാക്കിന് ഒരർത്ഥം മാത്രമായിട്ട് വ്യാപരിച്ചുവരവേ കാലപ്പഴക്കത്തിൽ പലകാരണങ്ങൾ മൂലം ഒരർത്ഥത്തിന് അനേകം വാക്കുകളും അനേകാർത്ഥത്തിന് ഒറ്റ വാക്കും ഇങ്ങനെ പലതുമുണ്ടാകാം. അപ്പോൾ മുമ്പ് സാധാരണ നടപ്പിലിരുന്ന ഇയർച്ചൊല്ലിൽ നിന്ന് അവയെ പിരിച്ചു കാണിക്കേണ്ട ആവശ്യം നേരിട്ടതു നിമിത്തം ഈ വിഭാഗങ്ങളേർപ്പെട്ടു എന്നൂഹിച്ചാൽ അതു യുക്തിക്കു ചേരും.

തമിഴിൽ പദങ്ങൾ ഇലക്കണമുടയതു, ഇലക്കണപ്പോലി, മരുഉ, ഇടക്കറടക്കൽ, മങ്കലം, കഴുവുക്കുറി ഈ വിഭാഗങ്ങളുള്ളതിൽ ഇടക്കറടക്കൽ, മങ്കലം ഈ രണ്ടു പിരിവുകൾ ലൗകികഭാ‌ഷയ്ക്കു വേണ്ടി സംസ്കൃതത്തിലും സ്വീകരിക്കുന്നുണ്ടെങ്കിലും ശേ‌ഷിച്ച വിഭാഗങ്ങൾക്ക് ഭാ‌ഷയാകട്ടെ വ്യാകരണമാകട്ടെ സ്ഥാനമനുവദിക്കുന്നില്ല സംസ്കൃതഭാ‌ഷയിൽ വ്യാകരണ നിയമത്തിനുനുഗുണമായ പദമേ പ്രയോഗത്തിനു പര്യാപ്തമാവൂ.

എന്നാൽ സംസ്കൃതത്തിൽ പൃ‌ഷോദരാദി വർഗത്തിൽ വ്യാകരണവിധിക്കിണങ്ങാത്ത ശബ്ദങ്ങളെ വിധിക്കൊത്തതായി[ 66 ]പ്പറഞ്ഞിരിക്കുന്നു [6] . അവ വളരെ കുറച്ചേയുള്ളു. അതുകളും പാണ്ഡിത്യമുള്ളവർ പ്രയോഗിച്ചതായിരിക്കണം താനും അന്നു നിയമമുണ്ട്.

തമിഴിൽ ഇലക്കണത്തിനു ചേരാത്ത പദങ്ങൾ സാധാരണയായി നടപ്പിലിരിക്കുന്നു. ഗുണങ്ങളേയും ക്രിയകളേയും ജീവൻ, ജഡം എന്ന രണ്ടു ജാതിവസ്തുക്കളുടെ ഗുണത്തേയും ക്രിയയേയും കാണിക്കുന്ന ഉരുച്ചൊല്ലുകളെന്ന വിഭാഗം സംസ്കൃതമുറയെ അനുസരിക്കാതെ തമിഴ് സ്വീകരിച്ച് കാണുന്നു. ഈ ചൊല്ലുകൾ ക്രിയകളേയും ഗുണങ്ങളെയും മാത്രമല്ലാതെ അവയ്ക്കാധാരമായ വസ്തുവിനേയും വിശേ‌ഷണമായി കാണിക്കുന്നു. ഇവയിൽ ചിലത് നാമമായും വേറെ ചിലത് പേരെച്ചവിനയെച്ചങ്ങളായുമിരിക്കുന്നു. പേരിയലിൽ ഗുണനാമം, ക്രിയാനാമം എന്നു നാമത്തിന്റെ ഉൾപ്പിരിവുകൾ പറഞ്ഞു കാണുന്നു. ആ നാമങ്ങളിൽ ഗുണം, ക്രിയ ഇവയെ കാട്ടുന്ന ഉരിച്ചൊല്ലുകളെ ചേർക്കാം ചെപ്പ് മുതലായ ഉരിച്ചൊല്ലുകൾ ക്രിയാപദങ്ങളിലും

വിശേ‌ഷണപ്രത്യയം ചേർന്നവയെ വിശേ‌ഷണങ്ങളിലും ഉൾപ്പെടുത്താം. ഉദാഹരണം പുരൈയ മന്റെ പുരൈയോർ, കേൺമൈവയക്കൽ, ചീർത്തിമൈയ്യിൽ വർന്നമുകം, വചപ്പൂരുംമേ ഇതു പോലുള്ള സന്ദർഭങ്ങളിൽ പുരയെന്ന ഇരിച്ചൊൽ മേന്മയേയും ചീർത്തിയെന്നത് ഉന്നതകീർത്തിയേയും വശപ്പെന്നത് നിറത്തെയും ബോധിപ്പിക്കു ന്നതിനാൽ ഇവയും ഇതുപോലുള്ളവയും ഗുണനാമങ്ങളാകുന്നു. (തൊൽ ഉരി ഇയൽ ചേനാവരയർ ഉരയിൽ കാൺക). ‘ഇരുപിറപ്പാളർ പൊഴിതരിന്തുനുവൻ മേൽ മുവാറെ നവിളമ്പിനർ [ 67 ] പുലവർ ഇടിപോലേ വയമ്പിനാനേ’ ഇത്യാദി സ്ഥലങ്ങളിൽ നൂവൽ, വിളമ്പിനർ, ‘ഇയാവിനാൻ’മുതലായ ഉരിച്ചൊല്ലുകൾ പൂർണ്ണക്രിയകളായിരിക്കുന്നു (നന്നൂൽ).

‘ഉറ്റതു നാങ്കൾ കൂറ ഉണർന്തതൈ മുഴങ്കു മുന്നീർ ഇരൈക്കും ചിറൈപ്പരവകൾ’ ഇത്യാദി സന്ദർഭങ്ങളിൽ കൂറയെന്നതു ക്രിയയിൽനിന്നുവന്ന ക്രിയാവിശേ‌ഷണവും മുഴങ്ങും, ഇരൈക്കും ഇവ ക്രിയയിൽനിന്നുണ്ടായ നാമവിശേ‌ഷണങ്ങളുമാകുന്നു. ‘നനി വരുന്തിനൈ വാഴിയം നെഞ്ചേ കടിമലർ’ ഇങ്ങനെയുള്ള ദിക്കിൽ നനി, കടി തുടങ്ങിയവ മുറയ്ക്കു ക്രിയയിൽ നിന്നുണ്ടാകുന്ന വിശേ‌ഷണങ്ങളും നാമവിശേ‌ഷണങ്ങളുമായിരിക്കുന്നു. അതുകൊണ്ട് ഉരിച്ചൊല്ലുകളെന്ന വിഭാഗത്തിനു കാരണം കാണുന്നില്ല പദ്യങ്ങൾക്കു മാത്രം യോജിചിരിക്കയാൽ പ്രത്യേക വിഭാഗമായിപ്പറയപ്പെട്ടു എന്നാണെങ്കിൽ അതാതു വിഭാഗങ്ങളിൽ ചേർന്ന ഉരിച്ചൊല്ലുകളെ ഇവ പദ്യത്തിന് മാത്രം പറ്റിയതെന്ന് അവിടവിടെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു.

(വമ്പു പേചുകിറാൻ) വമ്പു പറയുന്നു, (കഴുക്കന്റു) കഴക്കില്ലാതെ, (കറ്റവർ കൂറുകിന്റാർ) പഠിച്ചവർ പറയുന്നു, നന്മൊഴി ഇത്യാദി ഘട്ടങ്ങളിൽ വമ്പു, കുഴ, കൂറു, മൊഴി മുതലായ വാക്കുകൾ സാധാരണയായി സംഭാ‌ഷണങ്ങളിലും ഉപയോഗപ്പെടുന്നതുകൊണ്ട് പദ്യങ്ങൾക്കുമാത്രം ചേരുന്നതെന്ന് എങ്ങനെ പറയാം. (തൊൽ, ഉരിയിയൽ സൂ 297).

ഉരിച്ചൊർകിളവി വിരിക്കും കാലൈഇത്യാദി. ഉരിച്ചൊൽ എന്ന ശബ്ദം ഉദ്ദേശം, ഗുണം എന്നിവ സൂചിപ്പിക്കാൻ നാമത്തിന്റെയോ ക്രിയയുടെയോ രൂപത്തിൽ പല അർത്ഥമുള്ള [ 68 ] ഒരു പദമായോ ഒരേ അർത്ഥമുള്ള പല പദങ്ങളായിട്ടൊ വരും. അവയിൽ പ്രയോഗം കുറഞ്ഞവയുടെ അർത്ഥം പ്രയോഗം കൂടുതലുള്ളവയിൽ കാണാം. ചേനാവരയർ ഉരയിൽ ‘പെരുമ്പാമ്പെയും ചെയ്യുൾക്കുറിവായ് വരുതലിൽ ഉരിച്ചൊല്ലായിറ്റം പാരുമുളർ’ മിക്കവാറും പദ്യത്തിന് ഉപയോഗമാകാതെ കാണുന്നതു കൊണ്ട് ഉരിച്ചൊല്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ടെന്ന് പറഞ്ഞു കാണുന്നു. ഇവിടെ മിക്കവാറും പദ്യത്തിനുപയുക്തമെന്ന് പറഞ്ഞതുകൊണ്ട് ഉരിച്ചൊല്ലുകൾ പ്രയോജനപ്പെടാതെയും വരുമെന്ന് പറയുന്നവരുണ്ട്. അല്ലാത്തവരുമുണ്ട് എന്നുള്ള അർത്ഥം സിദ്ധിക്കുന്നതിനാൽ അവ്യാപ്തി ദോ‌ഷം നേരിടുന്നു. ഇലക്കണമാകാത്തതല്ലാത്തതുകൊണ്ട് സ്വാഭിപ്രായമില്ലെന്നും തോന്നുന്നു. തമിഴിൽ സമുദ്രപ്രായം അനന്തസംഖ്യാകമായി കാണുന്ന നാമം ക്രിയ ഇടകളെന്ന മറ്റു മൂന്നു വിഭാഗത്തിൽപെട്ട പദങ്ങൾ ഈ എല്ലാ സംഭാ‌ഷണങ്ങൾക്കുമുതകാത്തതിനാൽ ആ മാതിരി വാക്കുകളെ ഇരിച്ചൊല്ലുകളായി പറയാത്തതെന്ത്?

അതുകൊണ്ട് സംസ്കൃതത്തെ അനുകരിച്ച് അപരി‌ഷ്കൃതമായ ഈ ഉരിചൊൽ വിഭാഗം തമിഴ്ഭാ‌ഷകളുടെ സംസ്കൃത സംബന്ധാഭാവത്തെ തെളിയിക്കുന്നു.

കൂടാതെ, ‘ചെല്ലെനപ്പടുപപെയരേ വിനൈയെന്റു ആയി രണ്ടു എൻപ അറിന്തിചിനോരെ’ (തൊൽ, ചൊൽ, സൂ 158) പദങ്ങൾ എന്നു പറയപ്പെടുന്നവ പെയർനാമം, വിനൈക്രിയാ എന്ന് രണ്ടാണെന്ന് അഭിജ്ഞന്മാർ പറയും എന്നു പ്രമാണപ്പടി വാക്കുകൾ പേർച്ചൊൽ, വിനൈച്ചൊൽ എന്നു രണ്ടുതരം മാത്രമേയുള്ളുവെന്ന് വിദ്വാന്മാർ പറയുന്നു എന്നു പറഞ്ഞിട്ടു അടുത്ത സൂത്രത്തിൽ ഉരിച്ചൊല്ലും ആ വിഭാഗങ്ങളെ സംബന്ധിച്ചു സിദ്ധിക്കുമെന്നു വിധിച്ചിരിക്കുന്നു. [ 69 ]

സംസ്കൃതത്തിൽ മുഖ്യമായി സുബന്തം, തിqന്തം എന്നു രണ്ടു വിഭഗങ്ങളെ ഏർപ്പെട്ടിരിക്കുന്നുള്ളു. ഉപസർഗ്ഗം, നിപാതം ഈ രണ്ടു തരം സ്വരം തുടങ്ങിയ ചില ലക്ഷണവിധികൾ വരുത്തുന്നതിനു സകൗര്യമായി കലർത്തപ്പെട്ടവയത്ര.

ഏതു ഭാ‌ഷയിലും വാക്കുകളെല്ലാം ജാതി, ഗുണം, ക്രിയ ഇവയെ ആശ്രയിച്ച് ഉണ്ടാകുന്നവയായി കാണുന്നു. ഉദാഹരണം വൃക്ഷജാതി മരങ്ങൾ, ഗുണജാതി സന്ദൗര്യം സുന്ദരൻ, ക്രിയാജാതി പറയൽ, പറവോൻ ഇവ യഥാസംഖ്യം ജാതി ഗുണ ക്രിയകളെ മൂന്നിനെയും മുഖ്യമായും അമുഖ്യാമായി അതതുകളുടെ സ്ഥാനങ്ങളായ ദ്രവ്യങ്ങളെയും കാണിക്കുന്നതിനാൽ ഇതുപോലുളളവ ജാതിഗുണക്രിയകൾ കാരണമായിട്ടു വരുന്നവയാകുന്നു.

കാലം, ഇടം (പ്രഥമ പുരു‌ഷാദി), കർത്താവു തുടങ്ങിയ അർത്ഥത്തോടു ചേരാൻതക്കതും പ്രധാനമായി ക്രിയകളെ കാണിക്കുന്നതുമായ വാക്കുകൾ പൂർണ്ണക്രിയകളാകുന്നു. ഉദാഹരണം ‘രാമഃ പചതി’ രാമൻ പചിക്കുന്നു. ഇവിടെ പചിക്കുന്നു എന്ന ക്രിയ രാമൻ എന്ന കർത്താവോടുകൂടിയതും വർത്തമാനകാലത്തെ കുറിക്കുന്നതും ആകുന്നു എന്നർത്ഥം സിദ്ധിക്കുന്നു. ഈ വിധവ്യത്യാസത്തെ മുൻനിർത്തി പൂർണ ക്രിയകൾ ഒരു പ്രത്യേക വിഭാഗമായി പിരിക്കപ്പെട്ടിരിക്കുന്നു. മേൾ കാണിച്ച മൂന്നു വക പേരുകൾ വിശേ‌ഷ്യമായിനിന്ന് ഒരു വസ്തുവെ സൂചിപ്പിക്കുന്ന സാമർത്ഥ്യത്തോടുകൂടിയതും ഇല്ലാത്തതു എന്ന് രണ്ടു വിധമായിരിക്കുന്നു ഉദാഹരണം - മരം നിൽക്കുന്നു, സുന്ദരൻ വരുന്നു, പഠിക്കുന്നവൻ വരുന്നു. ഇത്യാദി ഘട്ടങ്ങളിൽ മരത്തെയും മനു‌ഷ്യനെയും അന്യശബ്ദാപേക്ഷ കൂടാതെ വിശേ‌ഷ്യമായി കാണിക്കുന്നു. വെളുത്ത, കറുത്ത, [ 70 ] പഠിച്ച മുതലായ വാക്കുകൾ മൃഗം അഥവാ മനു‌ഷ്യൻ ഈ വസ്തുക്കളെ ചൂണ്ടുന്നു. മറ്റൊരു വിശേ‌ഷത്തെ വെളുത്ത കുതിര, കറുത്ത കാള, പഠിച്ച മനു‌ഷ്യൻ ഈ വിധം അപേക്ഷിച്ചു കൊണ്ടുതന്നെ ഇരിക്കുന്നു. ഇങ്ങനെ വിശേ‌ഷ്യമായി നിന്ന് വസ്തുക്കളെ പ്രതിബോധിപ്പിക്കുന്ന ശക്തിയോടുകൂടിയ പദങ്ങൾ ആവിധപ്രഭാവത്തെ വിട്ട് അന്യവാക്കിനെ വിശേ‌ഷ്യമായി അപേക്ഷിച്ചുകൊണ്ട് വിശേ‌ഷണരൂപത്തിൽ നിൽക്കയും ചെയ്യും. ഉദാഹരണം, മരക്കലം, സുന്ദരവൃ‌ഷഭം, പഠിക്കുന്ന ഈ വാക്കുകൾ കലം, വൃ‌ഷഭം, ശി‌ഷ്യൻ എന്നീ വാക്കുകളെ ആശ്രയിച്ചുകൊണ്ട് വിശേ‌ഷണമായിരിക്കുന്നു.

തമിഴിൽ വിശേ‌ഷണവിശേ‌ഷ്യങ്ങളെ പിരിച്ചു കാട്ടുന്നതിന് ഉതകുന്ന ‘ആന’ ‘ആയ’ തുടങ്ങിയ പദങ്ങളെ അടയാളങ്ങളായി ചേർത്തിരിക്കുന്നു. വിശേ‌ഷ്യമാകാത്ത യോഗ്യതയുള്ള ഏതു പദത്തോടും ‘ആന്‘ തുടങ്ങിയ ഏതു വാക്കും ചേർത്തു വിശേ‌ഷണങ്ങളാക്കാം അങ്ങനെ വിശേ‌ഷണങ്ങളാകുമ്പോഴും അതതുവാക്കുകൾ (മരം മുതലായവ) അതതിന്റെ അർത്ഥത്തെക്കാട്ടുന്ന നാമങ്ങളായിത്തന്നെ ഇരിക്കും. ഉദാഹരണം സുന്ദരനായ പുരു‌ഷൻ, മരമാകിയകലം, ഇവിടെ ‘ആകിയ’ എന്ന അടയാളം സുന്ദരൻ, മനു‌ഷ്യൻ ഈ രണ്ടു വാക്കുകളുടെ രണ്ട് അർത്ഥങ്ങളെയും ഒരർത്ഥമായി കാണിക്കുന്നു. മരമാകിയ കലം എന്നതും ഈ വിധം തന്നെ. ഇപ്പറഞ്ഞ് പ്രകാരം നാമവിശേ‌ഷണം, ക്രിയാവിശേ‌ഷണം ഇവയും ഇടച്ചൊല്ലു തുടങ്ങിയവയും വിശേ‌ഷണമായിനിന്ന് വിശേ‌ഷ്യവസ്തുവോട് അഭിന്നമായിരിക്കയാൽ നാമ വിഭാഗത്തിൽ ചേരാൻ തക്കവയായിരിക്കുന്നു. കറുത്ത കുതിര എന്നതിൽ കറുത്ത എന്ന വിശേ‌ഷണം കുതിര എന്ന പൊരുൾ കറുത്ത നിറത്തോടുകൂടിയതെന്നു കാട്ടുന്നു. നല്ല പ്രവൃത്തി എന്നിടത്ത് [ 71 ] നല്ല എന്ന നാമവിശേ‌ഷണം പ്രവൃത്തിയെന്ന ക്രിയനാമത്തിന്റെ അർത്ഥമായ പ്രവൃത്തിയെ നലതെന്നു കാണിക്കുന്നു. നലവണ്ണം പ്രവർത്തിച്ചു എന്ന പൂർണക്രിയാധാതുവിന്റെ അർത്ഥമായ ക്രിയയും ക്രിയാനാമമായിത്തന്നെ ഇരിക്കയാൽ ക്രിയയെന്നാകട്ട പറയത്തക്കതാണ്. ഉദാഹരണം. അടുത്തുവന്നാൽ അടുത്തു, ഇടവിടാതെ എന്നതു ഇടച്ചൊല്ലുകളും ‘നനി വരുന്തിനൈ’ എന്നിടത്തുള്ള ‘നനി’യെന്ന ഉരിച്ചൊല്ലും ചെയ്ക, വരുന്തതൽ എന്ന ക്രിയകളെ വിശേ‌ഷണമായിനിന്നു കാട്ടുകയാൽ ക്രിയകളെന്നു പറയാം.

അതുകൊണ്ട് സംസ്കൃതപണ്ഡിതനായ തൊൽകാപ്പിയർ നാമം, ക്രിയ ഈ രണ്ടു വിഭാഗം മാത്രം പ്രധാനമെന്ന് കാണിക്കാൻവേണ്ടി ആദ്യസൂത്രത്തിൽ ആ രണ്ടു തരമേയുള്ളു എന്നു പറഞ്ഞ്, അടുത്ത സുത്രത്തിൽ പഴയ തമിഴിലക്കണ പിരിവനുസരിച്ച് ഇടച്ചൊൽ, ഉരിച്ചൊൽ ഈ രണ്ടു പിരിവുകളെയും അപ്രധാനമായി വിധിചുവെന്നു പറഞ്ഞാൽ യുക്തിക്കു ചേരും.

ക്രിയാനാമം, ഗുണനാമം, മുൻകാലങ്ങളിൽ തൊഴിൽ പേർ, വൻപുപേർ (ക്രിയാനാമം, ഗുണനാമം) എന്ന രണ്ടു വിഭാഗങ്ങൾ നാമങ്ങളിലേർപ്പെടാതെ ഉരിച്ചൊല്ലുകളിൽ തന്നെ അടങ്ങിയിരുന്നിരിക്കണം. ഉരിച്ചൊൽപിരിവിൽ ചേർന്ന ഗുണഗുണിനാമങ്ങൾ മാത്രമേ ഭാ‌ഷയ്ക്കുപയോഗമായിരു ന്നിരിക്കൂ. പിൽക്കാലത്തു ഭാ‌ഷ വിസ്തൃതിയെ പ്രാപിച്ച് അനന്തഗുണഗുണിനാമങ്ങൾ വർദ്ധിചുവരാൻ തുടങ്ങവെ ഇന്നിന്ന പദങ്ങൾ ഉരിച്ചൊല്ലുകളെന്നു പ്രത്യേകം പ്രത്യേകം വ്യവസ്ഥ ഏർപ്പെട്ടിരിക്കുന്നതുമൂലം, അനന്തരകാലാത്താവിർ ഭവിച്ച ഗുണഗുണിനാമങ്ങളെ ഉരിച്ചൊല്ലിൽ ചേർക്കുന്നത് [ 72 ] ഭാ‌ഷയുടെ അനാവശ്യവിസ്താരത്തിനു ഹേതുവാകരുതെന്നു കരുതി ക്രിയാനാമം, ഗുണനാമം എന്നു രണ്ടു വിഭാഗങ്ങളാക്കി പിരിച്ചു തള്ളുകയും മുൻപേ ഏർപ്പെടുത്തിയ ഉരിച്ചൊൽ വിഭാഗത്തെ ഭേദപ്പെടുത്താൻ മനസ്സില്ലാതെ അതേപടിതന്നെ ഇടുകയും ചെയ്തു എന്നൂഹിക്കാം. അല്ലാതെയും ചെയ്ത്, ചെയ്യുന്ന മുതലായ വിനയച്ചപേരച്ചങ്ങൾ ‘ചിറിയ’, ‘‘നനി’ മുതലായ മറ്റു പേരച്ചവിനയച്ചങ്ങൾ ഉരിച്ചൊൽ വകുപ്പിൽതന്നെ ചേർക്കപ്പെട്ടും ഇരിക്കണം. ചെയ്ത്, ചെയ്യുന്ന ഇത്യാദി വിനയച്ചപേരച്ചങ്ങൾ ക്രിയകളുടെ ഉൾപ്പിരിവായി ചേരുമെന്നു കരുതി പ്രത്യേക വിഭാഗമായിപ്പറഞ്ഞില്ലെന്നും ഊഹിക്കാം.

ഈ വിഭാഗങ്ങളെല്ലാം അധികവും, സംസ്കൃതത്തിനു വിപരീതമായിത്തന്നെ ഇരിക്കുന്നു. തമിഴിൽ ഗുണഗുണിനാമങ്ങളെന്നു നവീനവൈയാകരണന്മാർ ഒരു പിരിവു ചേർത്തെങ്കിലും പഴയ തമിഴിൽ ഈ ഭേദം ഇല്ലാതെതന്നെ ഇരുന്നിരിക്കണം. എന്തെന്നാൽ ചുവന്നതാകിയ വെളുപ്പാകിയ മനുതൻ എന്നും ഭേദമില്ലാതെ പ്രയോഗിക്കപ്പെട്ടുകാണുന്നു. സംസ്കൃതക്കാരായ തമിഴ് ഭാ‌ഷാശാസ്ത്രകർത്താക്കൾ ഇതിനെ ഭേദപ്പെടുത്തിക്കാട്ടാത്തത് പഴയ തമിഴ്ലക്ഷ്യങ്ങളെ അനുസരിച്ചു തന്നെ എന്നുഹിക്കാം.

തമിഴിൽ കുറിപ്പുചൊൽ വെളിപ്പടച്ചൊൽ എന്ന വിഭാഗം സംസ്കൃതത്തെ അനുകരിക്കാതെ ഇരിക്കുന്നു.

കുറിപ്പുചൊല്ലുകൾ: ഓന്റൊഴി പൊതിചാൽ, വികാരം, തകുതി, ആകുപേർ, അന്മൊഴിത്തൊകച്ചൊൽ, വിനൈക്കുറിപ്പു, മുതൽക്കുറിപ്പുചൊൽ, കൈക്കുറിപ്പുചൊൽ ഇങ്ങനെ എട്ടു വിധവും, ഇപ്രകാരം പിറക്കുറിപ്പുച്ചൊല്ലുകളും കുരിപ്പുചൊല്ലുകൾതന്നെ. ഈ കുറിപ്പുചൊല്ലുകളല്ലാത്തവ വെളിപ്പടച്ചൊല്ലുക[ 73 ]ളാകുന്നു (നന്നൂൽ, പേരിയൽ, ഞ്ജ69 നോക്കുക.) ഉദാഹരണം ആയിരം മക്കൾ പൊരുതാർ. ഇതിൽ മക്കളെന്ന പൊതുനാമവും പൊരുതാർ എന്ന ക്രിയയും സ്ത്രീലിംഗത്തെ ഒഴിച്ചു പുല്ലിംഗത്തെ സ്പഷ്ടമാക്കുന്നതാകയാൽ ഒന്റൊഴിപൊതുചൊൽ കുറിപ്പുകളാകുന്നു.

സംസ്കൃതത്തിൽ ഈ ഓന്റൊഴിപൊതുച്ചൊൽ കുറിപ്പു വെളിപ്പടച്ചൊൽ (ശക്തം) ആയി ഗ്രഹിച്ചുകാണുന്നു. ഈ ശക്തപദങ്ങളുടെ അർത്ഥത്തെ സ്പ ഷ്ടമാക്കാൻ ചില സാധനങ്ങൾ പറഞ്ഞിരിക്കുന്നു. അവ ഏതെല്ലാമെന്നാൽ:

സംയോഗോ വിപ്രയോഗശ്ച

സാഹചര്യം വിരോധിതാ

അർത്ഥഃ പ്രകരണം ലിംഗം

ശബ്ദസ്യാന്യസ്യ സന്നിധിഃ

സാമർത്ഥ്യമൗചിതീദേശഃ

കാലോ വ്യക്തിസ്വരാദയഃ

ശബ്ദാർത്ഥസ്യാനവച്ഛദേ

വിശേ‌ഷസ്മൃതിഹേതവഃ [7]


അർത്ഥം - സംയോഗം (മറ്റർത്ഥത്തോടു ചേരുവ), വിപ്രയോഗം (അന്യ അർത്ഥത്തോടു ചേരായ്ക), സാഹചര്യം (അടുത്തിരിക്കുന്ന അർത്ഥത്തോടു ചേർത്തു പറയൽ), വിരോധിതാ (ശത്രുത്വം), അർത്ഥം (സംബന്ധിച്ച വാക്കിന്റെ വിശേ‌ഷാർത്ഥം), പ്രകരണം (ഒന്നിനെക്കുറിചു പ്രസ്താവിച്ചു വരുന്ന സന്ദർഭം), ലിംഗം (മുൻപിൻ വാക്യങ്ങൾ മുതലായ അടയാളം), ശബ്ദസ്യാന്യസ്യ സന്നിധിഃ (അന്യശബ്ദത്തിന്റെ [ 74 ] അടുപ്പം), സാമർത്ഥ്യം (ശക്തി), ഔചിത്യം (ആയിരം മക്കൾ പുരു‌ഷരായി വിചാരിച്ചത്), ദേശം (ഇടം), കാലം (സമയം), വ്യക്തി (പുല്ലിംഗം മുതലായവ), സ്വരാദികൾ (ഉദാത്തദികൾ) ഇവയെല്ലാം പലപല അർത്ഥങ്ങളുള്ള വാക്കുകളുടെ അർത്ഥത്തെക്കുറിച്ചു സന്ദേഹമുണ്ടാകുമ്പോൾ ഇന്ന അർത്ഥമെന്നുള്ള നിശ്ചയത്തിനു കാരണങ്ങളായിഭവിക്കുന്നു.

ഉദാഹരണം സവത്സധേനുഃ വത്സത്തോടു കൂടി പശു ഇവിടെ ധേനു എന്നതിനു പിടിയാനയെന്നും പശുവെന്നും രണ്ടർത്ഥമുള്ളതു കൊണ്ട് ഉണ്ടാകാവുന്ന സന്ദേഹത്തെ വത്സശബ്ദത്തിന്റെ ചേരുവ പശു എന്ന നി‌ഷ്കൃഷ്ടാർത്ഥം നൽകി ഇലാതാകുന്നു.

2. അവത്സാധേനുഃ വത്സത്തോടുകൂടാത്ത പശു ഇവിടെ വത്സത്തിന്റെ ഇല്ലായ്ക പശുവെന്ന അർത്ഥത്തെ നിശ്ചയമാക്കുന്നു.

3. രാമലക്ഷ്മണൗ രാമലക്ഷ്മണന്മാർ ഇവിടെ രാമൻ എന്ന നാമം എപ്പോഴും കൂടിനടക്കുന്ന സാഹചര്യത്താൽ ദാശരഥിയെന്ന അർത്ഥത്തെ വെളിവാക്കുന്നു. രാമ-കാർത്തവീര്യാർജ്ജുനൗ - കാർത്തവീര്യാർജ്ജുനനോടു ശത്രുതയാൽ രാമശബ്ദത്തിനിവിടെ പരശുരാമാർത്ഥം കിട്ടുന്നു. അഞ്ജലിനാദദാതി കൊടുക്കുന്നു എന്ന വാക്കിന്റെ അർത്ഥവിശേ‌ഷത്താൽ കൈമലർത്തിപ്പിടിക്കൽ എന്ന ഭാവം കിട്ടുന്നു. അഞ്ജലിം ശിരസി ദധാതി, സൈന്ധവം ആനയമരുന്നു ചേരുമ്പോൾ ഇന്തുപ്പെയും സവാരിസമയത്തു കുതിരയെയും പ്രകരണവ്യത്യാസത്താൽ സൂചിപ്പിക്കുന്നു. ‘ഫലം ആനയ യതഃ കദള്യാസ്സർവ്വാവയവാഃ ശരീരഹിതാഃ’ ഇവിടെ രണ്ടാമത്തെ വാക്യത്തിന്റെ അടയാളംകൊണ്ടു ഫലശബ്ദം കദളിപ്പഴമെന്ന അർത്ഥത്തെ തരുന്നു. ‘രാമോ ജാമദഗ്ന്യഃ’ ഇതിൽ ജാമദഗ്ന്യഃ എന്ന നാമത്തിന്റെ സാമീപ്യത്താൽ രാമശബ്ദം പരശുരാമനെന്ന അർത്ഥത്തെയാണ് ഗ്രഹിക്കുന്നതെന്ന് കിട്ടുന്നു. ‘അഭിരൂപായ കന്യാ ദേയാ’ ഇതിൽ അഭിരൂപനെന്ന വാക്ക് അതിസുന്ദരൻ [ 75 ] എന്ന് അർത്ഥത്തെ ശക്തിയാൽ കാണിക്കുന്നു. ‘ഖലപുഃ ആഗശതി’ ഇതിൽ നെൽക്കളം നന്നാക്കുന്ന പുരു‌ഷൻ എന്ന് ഔചിത്യം അർത്ഥം തരുന്നു. ‘സിന്ധുദേശസ്ഥഃ സൈന്ധവഃ ശോഭനഃ’ ഇതിൽ സിന്ധുദേശമെന്നത് സൈന്ധവമെന്ന പദത്തിനു കുതിര എന്ന അർത്ഥത്തെ പ്രദാനം ചെയ്യുന്നു. ‘രാത്രൗ ചിത്രഭാനുർഭാതി’ ഇവിടെ രാത്രികാലം ചിത്രഭാനു എന്ന വാക്കിന് അഗ്നി എന്ന അർത്ഥം നിർണ്ണയിച്ചു കാട്ടുന്നു. ‘മിത്രാ ഭാതി’ ഇവിടെ മിത്രഃ എന്ന വാക്കിന്റെ പുല്ലിംഗപ്രത്യയം സൂര്യൻ എന്ന അർത്ഥത്തെ തരുന്നു. ‘മിത്രം ഭാതി’ ഇതിലെ സപുംസകലിംഗപ്രത്യയം സ്നേഹിതനെന്ന അർത്ഥത്തെ കാട്ടുന്നു. ‘സ്ഥൂലപൃ‌ഷതി’ എന്ന സമസ്തപദം തൂകച്ചൊൽ ബഹുവ്രീഹീ. സ്ഥൂലങ്ങളായിരിക്കുന്ന പുള്ളികളോടുകൂടിയതെന്നും സ്ഥൂലമായ പാളിയെന്നും സ്വരവിശേ‌ഷത്താൽ ഇവിടെ അർത്ഥമാകുന്നു.

തമിഴിൽ ‘ആയിരം മനു‌ഷ്യർ പൊരുതാർ’ എന്ന വാക്യത്തിൽ ആയിരം മനു‌ഷ്യർ എന്ന വാക്ക് സ്ത്രീപുരു‌ഷന്മാരെ പൊതുവെ അറിയിക്കുന്ന ശക്തിയോടുകൂടിയതാകയാൽ ഈ രണ്ടർത്ഥം ആ വാക്കിന് ചേർന്നതാണ്. ഈ രണ്ടിൽ പൊരുതു എന്ന ക്രിയ സാധാരണമായി പുരു‌ഷന്മാർക്കു ചേർന്നതെന്നുള്ള ഔചിത്യവിചാരത്തൽ ആയിരം പുരു‌ഷന്മാരെന്ന ഒരർത്ഥതെ മാത്രം ഗ്രഹിച്ചുകൊള്ളുന്നു. ഇതു സംസ്കൃതമുറയ്ക്ക് വെളിപ്പടച്ചൊല്ലാകുന്ന കുറിപ്പുചൊല്ലാകുന്നു. തനിക്കില്ലാത്ത അർത്ഥത്തെ ലക്ഷ്യമായി കാട്ടുന്നതാണല്ലോ കുറിപ്പുച്ചൊല്ലിന്റെ നി‌ഷ്കൃഷ്ടലക്ഷണം. തമിഴുകാർ കുറിപ്പു ചൊല്ലെന്നു വേറെ ലക്ഷണം. നിർദ്ദേശിക്കുന്നവരാണെങ്കിലും അതു സംസ്കൃതത്തിനനുസരണമായിരിക്കയില്ല. [ 76 ]

തമിഴിൽ മരമലർ, താരമമലരെന്ന വാക്കിന്റെ (തകാരം ലോപിച്ച്) വികാരമായിരിക്കകൊണ്ട് വികാരച്ചൊല്ലാകുന്നു. ഈ വികാരച്ചൊൽ താമരമലരെന്ന പൊരുളെ സൂചനകൊണ്ട് അറിയിക്കുന്നതിനാൽ വികാരക്കുറിപ്പുച്ചൊല്ലാകുന്നു.

സംസ്കൃതത്തിൽ ഇതു കുറിപ്പുചൊൽ (ലക്ഷകം) ആകയില്ല. എന്തെന്നാൽ മര എന്ന വാക്കും താമര എന്ന വാക്കിന്റെ ഏകദേശമാകയാൽ അതിനു താമരപ്പുവെന്ന അർത്ഥം സിദ്ധിക്കുകയില്ല. ഇതു ലക്ഷണംകൊണ്ട് നോക്കുമ്പോൾ അപശബ്ദമെന്നല്ലാതെ ഒരു പദമാകയില്ല. വ്യക്തമായി ഒരു അർത്ഥത്തെ കാണിക്കുന്ന വാക്കു ആ അർത്ഥത്തിന്റെ സംബന്ധംമുലം വേറൊരു അർത്ഥത്തെ ലക്ഷ്യമായി അറിയിച്ചാൽ അതത്ര ലക്ഷകം. ഇവിടെ മര എന്ന അക്ഷരങ്ങൾ മലരെന്ന വാക്കിന്റെ സാമീപ്യത്താൽ ‘മരാന്തമായ താമര‘ എന്ന വാക്കിനെ ലക്ഷ്യമാക്കി അതിൽ നിന്നു താമരപ്പുവെന്ന അർത്ഥത്തെ അറിയിക്കുന്നു. ആകയാൽ മര എന്നത് താമര എന്ന വാക്കിനെ അറിയിക്കുന്ന സാധനമെന്നല്ലാതെ അർത്ഥത്തെ പ്രതിബോധിപ്പിക്കത്തക്ക ശക്തിയോടുകൂടിയതല്ല സാധനമായിരിക്കുന്നതാണ് കുറിപ്പു ചൊല്ലെന്ന് പറയുകയാണെങ്കിൽ സംസ്കൃതത്തിന് ചേരുകയില്ല. തട്ടാന്മാർ പൊന്നിനെ പറി എന്നു വിളിക്കുന്നതു പകുതികുറിപ്പുചൊല്ലായി ഉദാഹരിച്ചുകാണുന്നു. പറിക്കപ്പെടുന്ന സ്വഭാവം ഇരിക്കകൊണ്ട് നൽകിയ പറി എന്ന നാമം പക്ഷി, മൃഗം മുതലായ (കാരണക്കുറിമരപ്) യോഗരൂഢം പോലിരിക്കുന്നു. എന്നല്ലാതെ സംസ്കൃതയുക്തിപ്രകാരം കുറിപ്പു ചൊല്ലായി (ലക്ഷകമായി) തോന്നുന്നില്ല. പക്ഷി മുതലായ വാക്കുകൾ എല്ലാർക്കും ഒരുപോലെ അറിയാവുന്നതാണ്. [ 77 ] എന്നാൽ ഈ വാക്കു തട്ടാന്മാരുടെ വർഗത്തിനു മാത്രമേ അറിഞ്ഞുകൂടു. ഇതത്ര വ്യത്യാസം.

ആകുപേര് എന്നത് യുക്തിക്കു ലക്ഷകമായിത്തന്നെ ഇരിക്കുന്നു ഉദാഹരണം കാറ് എന്ന കറുപ്പു നിറത്തേക്കുറിക്കുന്ന വാക്ക് കറുത്ത മേഘത്തെ ലക്ഷ്യമായി അറിയിക്കുമ്പോഴും, ആ പരുവത്തിൽ വിളയിക്കുന്ന ധാന്യങ്ങളെ അറിയിക്കുമ്പോഴും ആകുപേർ ലക്ഷകം, തന്നെ ആയിരിക്കുന്നു. തനിക്കിണങ്ങിയ അർത്ഥത്തെയല്ലാതെ വേറെ അർത്ഥത്തെ ഏതെങ്കിലും സംബന്ധം മൂലം ലക്ഷ്യമാക്കിക്കാട്ടുന്ന സ്വഭാവത്തോടുകൂടിയ ആ കുറിപ്പുച്ചൊല്ലുകൾതന്നെ ആ ലക്ഷ്യമായി അറിയിക്കുന്ന പ്രകൃതി പണ്ടുപണ്ടേ ഉള്ളതെന്ന വിശേ‌ഷത്താൽ ആകുപേരെന്ന ഉൾപ്പിരിവായി തിരിഞ്ഞിരിക്കുന്നു.

സംസ്കൃതത്തിൽ ആ ആകുപേർ അല്ലെങ്കിൽ ലക്ഷകം വെളിപ്പടച്ചൊല്ലു (യോഗരൂടന്മി)കളായി അംഗീകരിച്ചിരിക്കുന്നു. ഉദാഹരണം. പാദഃ, ‘പദ്യതേ അനേനേതി പാദഃ’ ഗമിക്കപ്പെടുന്നതുകൊണ്ട് പാദംകാൽ എന്നർത്ഥം കാലെന്ന അവയവനാമം ആ അവയവത്തെപ്പോലെ, നാലിൽ ഒന്നെന്ന അർത്ഥത്തേയും അതിന്റെ ഗുണങ്ങളേയും ‘പാദസദൃശഃ പാദഃ’ പാദത്തിനു (അളവാൽ) തുല്യമായതു പാദം എന്നും ‘പാദാധാരഃ പരിമാണം പാദം’ പാദമെന്ന അവയമായ ആധാരത്തോടുകൂടിയ അളവു പാദം എന്ന കാരണം കൊണ്ട് അർത്ഥമേർപ്പെട്ടിരിക്കയാൽ കാരണക്കുറിമരപ് (യോഗരൂടന്മം) എന്നാകുന്നു. ഈ വിഭാഗത്തിൽപെട്ട വാക്കുകൾ മിക്കവാറും തദ്ധിതപ്രത്യയം ചേർത്ത് അതിനെ ലോപിപ്പിച്ച് വെളിപ്പടച്ചൊല്ലുകളായി കാണിച്ചിരിക്കുന്നു. ഉദാഹരണം മാവിന്റെ നാമമായ ചൂതമെന്ന [ 78 ] വാക്ക് അതിന്റെ അവയവമായ പൂവ്, കായ് ഇവയെ അറിയിക്കുമ്പോൾ ‘മയ’ എന്ന തദ്ധിതപ്രത്യയം ലോപിച്ച് വീണ്ടും ചൂതമെന്നു തന്നെയായി പൂവെയും പഴത്തെയും അറിയിക്കുന്നു. നീലനിറത്തെ അറിയിക്കുന്ന നീലശബ്ദം കറുത്ത വസ്തുവെ അറിയിക്കുമ്പോൾ മതുപ്പിന്റെ മകാരത്തിനു വകാരാദേശം വന്നാണ് നീലവത് എന്നാകുന്നത്. ‘മതുപ്‘ പ്രത്യയം വന്ന് നീലവത് എന്നായി പ്രത്യയം ലോപിച്ച് നീലനിറത്തോടുകൂടിയ അർത്ഥത്തെ ബോധിപ്പിക്കുന്നു.

തമിഴിൽ ഇതുപോലുള്ളവയെല്ലാം ആകുപേർകളായിരിക്കുന്നു. ഉദാഹരണം കാലാൽനടന്നാൽ എന്നിടത്തുള്ള കാൽ അവയവത്തെ എന്ന എണ്ണളവുപേർ അത്രയ്ക്കളവുള്ള അറിയിക്കുകയാൽ അകുപേരായി തമിഴിൽ പറഞ്ഞിരിക്കുന്നു.

സംസ്കൃതത്തിൽ പാദഃ എന്ന പാദം, ഭോഗം എന്ന അളവിനെ കാണിക്കുന്നതായിരുന്നാലും വെളിപ്പട (ശക്തം) എന്ന ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സാധാരണ വ്യവഹാരത്തിന് ഉപയോഗമായി അർത്ഥത്തെ വ്യക്തമായി അറിയുക്കുന്നവയെല്ലാം വെളിപ്പടച്ചൊല്ലുകളെന്നു സംസ്കൃതം വിധിക്കുന്നു. അതുകൊണ്ട് കുറിപ്പുച്ചൊല്ലുകളിൽ ആക്കു പേരെന്ന് ഒരു വിഭാഗം സംസ്കൃതത്തിൽ ഇല്ല. ആധാരം, സാദൃശം തുടങ്ങിയ പല സംബന്ധങ്ങളാൽ പാരമ്പര്യമായി നടന്നുവരുന്നുവെന്നുള്ളതാണ് കാരണക്കുറിമരപെന്ന ശബ്ദവിഭാഗത്തിനു ഹേതു.

ഈ ആകുപേർചൊല്ലിനും അതു തന്നെ കാരണമായിരിക്കുന്നു. അതു കൊണ്ട് അവ മറ്റൊരു വിഭാഗമെന്ന എണ്ണപ്പെടുന്നില്ല. [ 79 ]

തമിഴിൽ കാരണക്കുറിമരപിന് ഉദാഹരണമായി പറയപ്പെട്ട വിലങ്കൈനശബ്ദം വിലങ്കുതൻ വിലകൻ (നീങ്ങൽ) എന്ന ക്രിയയെ അറിയിച്ച് അതിനാധാരമായിരിക്കുന്ന മൃഗം എന്ന പൊരുളിനെ കാട്ടുന്നു.

‘നീലം ചൂടിനാൻ’ ഇവിടെ നീലനിറത്തിനാധാരമായ കൂവളമലരെ അറിയിക്കുന്നു. ഈ രണ്ടും ആകുപേർ ചൊല്ലുകൾ തന്നെ. നീങ്ങൽ ക്രിയ, നീലം ഗുണം ഈ രണ്ടേ വ്യതാസമുള്ളുമ് എല്ലാവാക്കുകളും കാരണത്തോടുകൂടിത്തന്നെ ഉണ്ടാകുന്നു. അവയിൽ ജ്ഞാതകാരണമായവ കാരണക്കുറികളാകും. അജ്ഞാതകാരണങ്ങൾ രൂടന്മികളായതല്ല. ആകുപേരുകൾക്കും ഈ ലക്ഷണം തന്നെ ചേരുന്നതിനാൽ അവയെ കാരണക്കുറി (യോഗരൂടന്മി) മരപെന്നു വ്യവസ്ഥാപിക്കുന്നതാണ് സംസ്കൃതമുറയ്ക്കു ചേരുന്നതെന്നിരിക്കെ അങ്ങനെ പറയാത്തതു പഴയ് തമിഴു ലക്ഷണത്തെ ആശ്രയിച്ചതുകൊണ്ടാണ. പൊറ്റൊടി എന്നു അനുമൊഴി തുകച്ചൊല്ല് പൊൻവള എന്ന നേരായ അർത്ഥത്തെ കുടാതെ ആ വളയോടുകൂടിയ സ്ത്രീയെ ലക്ഷ്യമാക്കുന്നതിനാൽ കുറിപ്പുച്ചൊല്ലാകുന്നു.

സംസ്കൃതത്തിൽ തൂകച്ചൊൽ (സമസ്തപദങ്ങൾ) എല്ലാം വ്യാകരണപ്രകരണം ഇന്ന വിധത്തിൽ വരുമെന്ന് വ്യവസ്ഥ ചെയ്തിരിക്കയാൽ വെളിപ്പടച്ചൊല്ലുകൾ ശക്തങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ട് അനുമൊഴിത്തുകയും (ബഹുവ്രീഹിസമസ്തപദവും) വെളിപ്പടച്ചൊല്ലുകൾ തന്നെ. ഇവനിപ്പോൾ പൊന്നൻ എന്നിടത്തു ഇപ്പോൾ എന്ന കാലം ചേരുന്നതിനു തക്കതായ പൊന്നൻ എന്ന അർത്ഥത്തെ മാത്രമല്ലാതെ ആയിരിക്കുന്നവൻ എന്ന ക്രിയാർത്ഥത്തെയും [ 80 ] കുറിച്ചു കാട്ടുകയാൽ വിനൈക്കുറിപ്പു (ക്രിയാലക്ഷ്യം) എന്ന കുറിപ്പുചൊല്ലാകുന്നു.

സംസ്കൃതത്തിൽ ‘ഇവനിപ്പോൾ പൊന്നൻ’ ഇത്യാദി ഘട്ടങ്ങളിൽ ആയിരിക്കുന്നവൻ എന്ന ശബ്ദം തോന്നുന്നു എന്നും ആ വാക്കിന് (ആധ്യാഹൃതപദം) നിമിത്തം ആ ക്രിയാർത്ഥം സിദ്ധിക്കുന്നു എന്നും അതുകൊണ്ട് പൊന്നൻ എന്ന വാക്ക് വെളിപ്പടപ്പൊല്ലെന്നും സ്വീകാര്യമത്ര. മുതൽക്കുറിപ്പു, തുകക്കുറിപ്പു തുടങ്ങിയവ സംസ്കൃത ലക്ഷകത്തോട് ഒത്തിരിക്കുന്നു. അതിനാൽ അവ ഇവിടെ എടുത്തു കാട്ടേണ്ട ആവശ്യമില്ല. വ്യത്യസ്തമായവ മാത്രമേ ഇവിടെ നിരൂപണത്തിനു വി‌ഷമാക്കീട്ടുള്ളു. [ 81 ]

കുറിപ്പുകൾ

[തിരുത്തുക]
  1. ഉദ്ഭിദ്എന്ന് ഒരു യാഗത്തിനു പേരുണ്ട്.
  2. സംസ്കൃതത്തിൽ 7 വിഭക്തികൾ ഓരോ വിഭക്തിയിലും ഏകവചനം, ദ്വിവചനം,ബഹുവചനം, എന്നിങ്ങനെ മൂന്നു വചനങ്ങൾ. അങ്ങിനെ ഇരുപത്തൊന്നു രൂപങ്ങൾ. ഈ ഇരുപത്തൊന്നിനും ഓരോ പ്രത്യയങ്ങൾ അവയത്ര സൂപ്. ഇവിടെ പ്രഥമ ഏകവചനത്തിന്റെ സു എന്ന പ്രത്യയവും സപ്തമി ബഹുവചനതിന്റെ സൂപ് എന്നതിലെ പകാരവും ചേർത്താണു സൂപ് എന്ന പ്രത്യാഹാരം ഉണ്ടാക്കിയിരിക്കുന്നതു. ഈ പ്രത്യയങ്ങളെ വിധിക്കുന്ന സൂത്രവും പ്രത്യയങ്ങളും ഇതേ പുസ്തകത്തിൽ വിഭക്തിനിരൂപണപ്രകരണത്തിൽ ഉദ്ധരിച്ചിട്ടുണ്ട്.
  3. സംസ്കൃതത്തിൽ ധാതുക്കൾ പരസ്മൈപദം, ആത്മനേപദംഎന്ന രണ്ടു വിധം. ഓരോന്നിലും പ്രഥമപുരു‌ഷൻ, മദ്ധ്യമപുരു‌ഷൻ, ഉത്തമപുരു‌ഷൻ എന്നീ മൂന്നു പുരു‌ഷന്മാരേയും അവ ഓരൊന്നിലും മൂന്നു വചനങ്ങളേയും ആശ്രയിച്ചു 18 ക്രിയാ രൂപങ്ങൾ പതിനെട്ടിനും ഓരോ പ്രത്യയം അവയത്ര തിq് പ്രത്യയങ്ങൾ. ഇതേ പുസ്തകത്തിൽ ധാതു പ്രകരണത്തിൽ കൊടുത്തിട്ടുണ്ട്. പരമൈസ്പദം പ്രഥമൈക വചനത്തിന്റെ ‘തി’ യും ആത്മനേപദം ഉത്തമപുരു‌ഷബഹുവചനത്തിന്റെ മഹിങ്ങിലെ q് എന്നതും ചേർത്തുണ്ടാക്കിയ പ്രത്യാഹാരമാണു തിq്.
  4. ക്രിയാരൂപങ്ങളുടെ മൂലത്തിനു ധാതു എന്നു പറയുന്നതുപോലെ നാമരൂപങ്ങളുടെ മൂലത്തിനു പ്രാതിപദികം എന്നു പറയുന്നു. പാണനീയ സൂത്രവും അർത്ഥവും ഇതേ പുസ്തകത്തിൽ വിഭക്തി പ്രകരണത്തിൽ പറഞ്ഞിട്ടുണ്ട്.
  5. പ്ര, പര, അപ, സ്മ, അനു, അവ, നിസ്, നിർ, ദുസ്, ദുർ, വി, ആങ്ങ്, നി, അധി, അപി, അതി, സു, ഉത്, അഭി, പ്രതി, പരി, ഉപ എന്നിവയത്ര ഉപസർഗങ്ങൾ.
  6. വ്യാകരണനിയമങ്ങൾക്കു വഴങ്ങാത്ത സമസ്തപദങ്ങളെ ചേർത്ത് പൃ‌ഷോദരാദി ഗണം പാണിനി പർഞ്ഞിട്ടുണ്ട്. പാണനീയ സൂത്രം 9-ന്ധ-109 പറയുന്നത് അവ അപ്രകാരം തന്നെ സാധുവായി പരിഗണിചുകൊണ്ടാൽ മതി എന്നാണ്.
  7. ഭർത്തൃഹരി, വാക്യപദീയം, 2315, 16.