ആദിഭാഷ/പ്രാരംഭം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
പ്രാരംഭം
ആദിഭാഷ

ഉള്ളടക്കം[തിരുത്തുക]

  1. പ്രാരംഭം
  2. അക്ഷരനിരൂപണം
  3. സന്ധിനിരൂപണം
  4. പദവ്യവസ്ഥാനിരൂപണം
  5. ലിംഗനിരൂപണം
  6. വചനനിരൂപണം
  7. വിഭക്തിനിരൂപണം
  8. ധാതുനിരൂപണം
  9. തമിഴ് സംസ്കൃതാദി താരതമ്യം
  10. ആദിഭാ‌ഷ


പ്രാരംഭം
[തിരുത്തുക]

ഭൂലോകത്തു ജനങ്ങൾ ഓരോ ഭാ‌ഷകളെ അവലംബിച്ചിരിക്കുന്നതായും, ഇരുന്നിരുന്നതായും ഭാ‌ഷാചരിത്രങ്ങളിൽ നിന്നും അറിയുന്നു. ഈ ഭാ‌ഷകളെല്ലാം വീചീതരംഗന്യായേന[1] ഏതോ ഒരു ആദിഭാ‌ഷയിൽ ഒരു ദിക്കിൽ തുടങ്ങി ക്രമേണ നാനാവഴിക്കും പരന്നിട്ടുള്ളതോ അല്ലെങ്കിൽ കദംബമുകുളന്യായപ്രകാരം[2] അവിടെവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതൊ ഏതാണെന്നു പ്രസ്തുതവി‌ഷയത്തെ ആസ്പദമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കു നാം തുടങ്ങുമ്പോൾ മനു‌ഷ്യജീവികളുടെ ഉˉത്തിപ്രചാരങ്ങളും നമ്മുടെ ചിന്തയ്ക്കു വി‌ഷയീഭവിക്കാതെ തരമില്ല. മനു‌ഷ്യർ ഭൂഖണ്ഡത്തിൽ ഏതെങ്കിലും ഒരു ഭാഗത്തുണ്ടായി അവിടെ നിന്നും പല ദേശങ്ങളിലേക്കു പിരിഞ്ഞു പോയിട്ടുള്ളതൊ അതല്ല മനു‌ഷ്യർ ഉണ്ടാകുന്നതിനുള്ള ഭൂപാകം ശരിപ്പെട്ടപ്പോൾ അവിടെ തനിയേ ഉണ്ടായതോ?

ഈ ചോദ്യത്തിൽ രണ്ടാമത്തെ ഭാഗം ചരിത്രകാരന്മാർ സമ്മതിക്കുന്നില്ല. മനു‌ഷ്യർ എവിടെയോ ഒരിടത്തു ഉണ്ടായി പിരിഞ്ഞു പോയിട്ടുള്ളതാണന്നു തെളിയിക്കാൻ അവർ ശ്രമിക്കയും ചെയ്യുന്നു. അതു വാസ്തവമാകുന്ന സ്ഥിതിക്കു മനു‌ഷ്യകുടുംബത്തിനു പ്രകൃതിസിദ്ധമായ ഒരു ആദിഭാ‌ഷ ആദികാലത്തു ഉണ്ടായിരിക്കണം. പിന്നീട് ആ പൂർവ്വകുടുംബം [ 6 ] അനേക ശാഖകളായി പിരിയുന്നതോടുകൂടി അതിന്റെ ഭാ‌ഷയ്ക്കും ഏറെക്കുറെ വിഭിന്നത്വം സംഭവിച്ചിരിക്കണം. ഇന്നു കാണുന്ന ഭാ‌ഷാവൈജാത്യത്തിനു ഒരു തീർച്ചയായ സമധാനമായി വിചാരിക്കുന്നത് ഇതിനെയാണ്. ഭാ‌ഷാചരിത്രകാരന്മാർ ഈ വിവിധ ഭാ‌ഷകളെ എല്ലാം കൂടെ മൂലഭാ‌ഷകളിൽ അടക്കിയിരിക്കുന്നു. ഒന്നു സംസ്കൃതവും മറ്റേത് തമിഴും ആണ്. അതായത് ആര്യഭാ‌ഷയും ദ്രാവിഡഭാ‌ഷയും തന്നെ. [ 7 ]


കുറിപ്പുകൾ[തിരുത്തുക]

  1. വീചീതരംഗന്യായം = ഓരോ തിര പുറപ്പെട്ട് അതു തീരത്തെത്തും മുൻപ് അടുത്ത തിര എന്ന വിധത്തിലാണു തിരമാല ഉണ്ടാകുന്നത്. അതുപോലെ ഒന്നിനു പിറകെ മറ്റോന്നായി ഉണ്ടാകുന്നതിനെ കുറിക്കുന്നു ഈ ന്യായം.
  2. കദംബമുകുളന്യായപ്രകാരം = കടമ്പു മരത്തിന്റെ എല്ലാഭാഗത്തും ഒരുമിച്ചാണു മൊട്ടുണ്ടാകുന്നത്. അതുപോലെ ഒരേ സമയത്തു പല സ്ഥലത്തുണ്ടാകുന്നതിനെ കുറിക്കുന്നു ഈ ന്യായം.
"https://ml.wikisource.org/w/index.php?title=ആദിഭാഷ/പ്രാരംഭം&oldid=55657" എന്ന താളിൽനിന്ന് ശേഖരിച്ചത്