ആദിഭാഷ/ആദിഭാഷ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
ആദിഭാഷ
ആദിഭാഷ

ഉള്ളടക്കം[തിരുത്തുക]

 1. പ്രാരംഭം
 2. അക്ഷരനിരൂപണം
 3. സന്ധിനിരൂപണം
 4. പദവ്യവസ്ഥാനിരൂപണം
 5. ലിംഗനിരൂപണം
 6. വചനനിരൂപണം
 7. വിഭക്തിനിരൂപണം
 8. ധാതുനിരൂപണം
 9. തമിഴ് സംസ്കൃതാദി താരതമ്യം
 10. ആദിഭാ‌ഷ


ആദിഭാ‌ഷ
[തിരുത്തുക]

ഹിന്ദുസ്ഥാനി തുടങ്ങിയ മേൽവിവരിച്ച ഭാ‌ഷകളിലെ അക്ഷരമാലകൾ അധികവും ഉത്ഭവമുറയെ ആദരിക്കുന്നവയും വർണ്ണസംഖ്യകൊണ്ട് ദീർഘിപ്പിക്കാത്തവയും ലിപികളുടെ ഉച്ചാരണരീതികൊണ്ടും മറ്റും പരി‌ഷ്കൃതഭാവത്തെ സൂചിപ്പിക്കുന്നവയായും ഇരിക്കുന്നു. തമിഴങ്ങനെയല്ല. തമിഴിന്റെ പൂർവ്വരൂപം ആ വിധമിരുന്നുവെന്ന് തെളിയിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അക്ഷരങ്ങളുടെ ഉച്ചാരണം അവയുടെ ഉപയോഗകാര്യത്തെ അതിക്രമിച്ച് അധികമായി സ്വീകരിക്കുന്ന ഭാ‌ഷ ഏതോ അതു മിക്കവാറും അപരി‌ഷ്കൃതമെന്നൂഹിക്കാം. ഈ പ്രകൃതത്തിൽ പരീക്ഷണത്തിന് ഉപലക്ഷണരൂപമായി അകാരത്തിനെ തന്നെ എടുക്കാം. അകാരം, അഥവാ അതിന്റെ സ്ഥാനി, എലാ ഭാ‌ഷകളുടെയും ആദ്യലിപിയായിരിക്കുന്നു. ഇതിന്റെ ഉപയോഗം സാധാരണയായി ‘അ’ എന്ന ശബ്ദത്തെ ആവശ്യമുള്ളിടത്ത് വെളിവാക്കുന്നതാകുന്നു. ഇത്രമാത്രം കൊണ്ട് ഈ അക്ഷരത്തിന്റെ പ്രയോജനം ഏകദേശം അവസാനിക്കുന്നുവെന്ന് പറയാം. ഈ പ്രയോജനപരിധിയെക്കടന്ന് ‘അലീഫ്‘ അൽഫ്‘ എന്നിങ്ങനെ അറബു മുതലായ ഭാ‌ഷകളിൽ ഉച്ചാരണം നീണ്ടുപോകുന്നു. ഇതുപോലെ തന്നെ ‘കേഫ്‘, ‘ളാഫ്‘, സീന്‘, ‘എഫ്‘, ‘ഇസഡ്‘ മുതലായ അക്ഷരങ്ങളും സ്വസ്വരൂപത്തെക്കവിഞ്ഞ് ശബ്ദങ്ങളെക്കൂടി സ്വാംശത്തിൽ ഏച്ചുവച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള വർണ്ണങ്ങളെ സംഗ്രഹിക്കുന്ന അപരി‌ഷ്കൃതഭാ‌ഷയാണ് പ്രാചീനമായിരിക്കാൻ എളുപ്പം. ഈ ജാതി അക്ഷരങ്ങളിൽ ഉപയോജ്യങ്ങളായ അംശങ്ങളെ മാത്രം പിരിച്ചെടുത്ത്, ബാക്കിയുള്ളവയെ തള്ളി, പരി‌ഷ്കരിച്ചതായിരിക്കണം തമിഴ് തുടങ്ങിയ ഭാ‌ഷകളിലെ അക്ഷരമാലകൾ അതുകൊണ്ട് ആദിഭാ‌ഷയെന്നു വ്യവസ്ഥാപിക്കാമെന്നു[ 142 ] തോന്നുന്നില്ല ഇപ്രകാരം കാര്യകാരണപ്രസ്താവപൂർവം ചില ഭാ‌ഷാഭിജ്ഞന്മാർ ചെയ്തേക്കാവുന്ന പൂർവ്വപക്ഷങ്ങളെക്കുറിച്ചു കൂടി ഇവിടെ ചിന്തിക്കേണ്ടതായുണ്ട്.

തമിഴ്, ഹിന്ദുസ്ഥാനി മുതലായ ഭാ‌ഷകളിൽ ഒന്നിന്റെ പരി‌ഷ്കൃതരൂപമെന്ന് അനുമിക്കുന്നത് തീരെ സാഹസമാണ്. തമിഴിന്റെ മാതൃഭാ‌ഷയായ മൂലദ്രാവിഡത്തിലും അക്ഷരങ്ങൾ ഉപയോഗത്തെക്കവിഞ്ഞുള്ള ഉച്ചാരണത്തോടുകൂടിയും മറ്റും ഇരുന്നുവെന്നും ഇരിക്കുന്നുവെന്നും തെളിയിക്കാൻ വി‌ഷമമില്ല. ‘അ’ മുതലായ അക്ഷരങ്ങളെ തമിഴുദേശങ്ങളിൽ ചിലയിടത്ത്

അ ആന, ആവന്ന

ഇ ഈന, ഈയന്ന

ക ആന, കാവന്ന എന്നും ചിലയിടത്തു

ആന, ആനആന

കാന, കാന, കാന്

കീന, കീയന, കീയന; ഇങ്ങനെയും ചിലയിടത്ത്

കാന, കാവന്ന;

കീന, കീയന്ന ഇങ്ങനെയും ആകുന്നു ഉച്ചരിക്കാറുള്ളത്.ഇനി പ്രഥമവും പ്രധാനവുമെന്ന് പൂർവ്വവാദിസമ്മതിക്കുന്ന അകാരത്തിന്റെ കാരണം, ഉല്പത്തി, ഉച്ചാരണ സമ്പ്രദായം മുതലായ എല്ലാ വിവരവും മൂലദ്രാവിഡത്തിൽ മുൻപ് എങ്ങനെയായിരുന്നുവെന്ന് വ്യക്തമാകുമ്പോൾ ആശങ്ക തീരെ ശമിക്കും. അതായത് ഓഷ്ഠാധരങ്ങളെ ഒരുമിച്ചു ചേർത്തു വാ മൂടിയും ശബ്ദിക്കാതെയും ഉള്ള ഇരുപ്പിന് മൗനമെന്നു നാമവും ‘മ്‘ എന്നുള്ളത് അതിന്റെ രൂപവും എന്നു മുമ്പിൽ പറഞ്ഞുവല്ലോ. ഈ ഒരുമിച്ചു ചേർത്തിരിക്കുന്ന ഓഷ്ഠാധരങ്ങളെ വേർപ്പെടുത്തി വായ് തുറന്നു ‘മ്‘ എന്നതിന് ഒഴിക്കുന്നതായ[ 143 ]പ്രയത്നത്തിന് മ്+ഒഴി=മൊഴി എന്നു മുമ്പ് പറഞ്ഞുവല്ലോ.മൗനത്തെ (മ്+ എന്നതിനെ) ഒഴിച്ചുവിട്ടാൽ അടുത്തപോലെ ജന്തുക്കളുടെ യോഗിസ്ഥാനങ്ങളായ ലിംഗഭഗങ്ങളുടെ സംയോഗരൂപത്തെ നേരീട് കാണിക്കുന്നതും, നാദരൂപംകൊണ്ടു ശബ്ദിക്കുന്നതും, ആദ്യക്ഷരവുമായ അകാരം (അ എന്ന അക്ഷരം) ആവിർഭവിക്കു ഇത് തമിഴക്ഷരങ്ങളിൽ ആദ്യക്ഷരമായ അകാരമാകുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ആകട്ടെ ഇപ്രകാരം മേലും കീഴും രണ്ടു പങ്കുകളോടുകൂടിയതായിരിക്കും. ഈ രണ്ടു പങ്കുകളും ഒന്നായിച്ചേർന്ന് ഇങ്ങനെ അകാരമായിരിക്കുമ്പോൾ മേൽ പങ്കു പുല്ലിംഗമെന്നും കീഴ്പങ്കു സ്ത്രീലിംഗമെന്നും പറയപ്പെടും. ഈ രണ്ടു പങ്കുകളെയും വെവ്വേറായിപ്പിരിച്ചു നോക്കിയാൽ അവ രണ്ടും തനിത്തനിയെ അകാരമാവുകയില്ല. അതുകൊണ്ട് അകാരമേ ഇല്ലാതായിട്ട്, മേൽപങ്കിന് ലിംഗത്വം സിദ്ധിക്കാതെയും വ്യവഹാരശക്തിയില്ലാതെയും മൗനദ്വാരേണ അതീതപ്പെട്ടിരിക്കുമെന്നു വരികിലും അതിന് ചപൂരം, ചപൂതം, അനാദി, ബിന്ദു, മൗനം, വട്ടം എന്നു പല നാമങ്ങളുണ്ട്. അപ്രകാരം തന്നെ കീഴ്പങ്കി സ്ത്രീലിംഗത്വമില്ലാതെയാകുമെങ്കിലും അതിന് അലിപ്പാലെന്ന് ഒരു നാമമുണ്ട്. എങ്ങനെയെന്നാൽ ചപൂരം, അലിപ്പാൽ എന്നുള്ള രണ്ടു പങ്കും ചേർന്ന് അകാരമായി അക്ഷരപ്രപഞ്ചത്തിന്റെ ജനകജനനീഭാവത്തോടു കൂടിയിരിക്കുമ്പോൾ മാത്രമേ പുല്ലിംഗത്വവും സ്ത്രീലിംഗത്വവും അതുകൾക്ക് ഉണ്ടായിരിക്കയുള്ളൂ. അല്ലാതെ ഇല്ല, എന്നതിനാൽ വിട്ടുപിരിഞ്ഞ കീഴ്പങ്കിന് പുരു‌ഷൻ, സ്ത്രീ ഇവ രണ്ടുമല്ലാത്തതെന്നുള്ള (നപുംസകമെന്ന) അർത്ഥം സിദ്ധിക്കുന്നതായ അഇലി എന്ന ശബ്ദം തന്നെ വരെവരെ [1] ലോപിച്ച് അലിയെന്നും അതിനോട് [ 144 ]പാൽച്ചെല്ല് (ലിംഗശബ്ദം) ചേർന് അലിപ്പാലെന്നും അഭിധാനമുള്ളതായി വിവരിച്ചു കാണുന്നു.

 മുതലെഴുത്താമകരമിരുപങ്കെയാകും
 മൂലമാന മേർപങ്കെ ആൺപാലാകും
 കതിവിലക്കുകീഴ്പങ്കു പെൺപാലാകും
 കലർത്തൽ വിട്ട് മേർപങ്കേ ചപൂരമാകും
 ആകുമെടാ ചൊൽവതേത്താൻ ഉറ്റുകേളേ
 അകാരമെന്നുമെഴുത്തിലാം അരുഞ്ചീർത്തന്മൈ
 ആരായ്ന്ത് കലർത്തൽ വിട്ടകീഴ്പങ്കൈപ്പാര്
 അലിപാലെന്റാതിനാതരമെയ്ത്തിട്ടാരെ
 മോനത്തെയൊഴിത്തുവൈത്തപടിയിനാലെ
 മൊഴിയെനവും വൈത്തപടിയിനാലെ
       (അകത്തിയർ ശിവയോകം) [2]

ഇവിടെ അക്ഷരം, ഉച്ചാരണം, ഭാ‌ഷ ഇവയെക്കുറിച്ച് വിവരിക്കുന്നതിനിടയ്ക്ക് ലിംഗഭഗസംയോഗരൂപവി‌ഷയത്തെക്കൂടി കൊണ്ട് ചേർത്തതെന്തിന്? എന്നാണെങ്കിൽ, പരബ്രഅം മൂലപ്രകൃതിയോടുചേർന്ന് പ്രപഞ്ചമുണ്ടായതുകൊണ്ട്, അതായത് പ്രപഞ്ചത്തിന്റെ ജനകജനനീഭാവത്തോടുകൂടിയിരുന്നതുകൊണ്ടു മാത്രമാണ് ബ്രഹ്മത്തിനും പ്രകൃതിക്കും പുല്ലിംഗത്വവും സ്ത്രീലിംഗത്വവും സർവ്വസൃഷ്ടിവല്ലഭത്വവും സിദ്ധിച്ചത്. അല്ലെങ്കിൽ അങ്ങനെയൊരു കാര്യമേ ഇല്ല. അപ്രകാരം തന്നെ, പുരു‌ഷൻ സ്ത്രീയോടുകൂടി ലിംഗഭഗ സംയോഗരൂപത്ത രമിച്ച് സന്തതിപ്രപഞ്ചത്തിന്റെ ജനകജനനീ ഭാവത്തോടുകൂടി ഇരിക്കുന്നതായ ഏകകാരണത്ത മാത മാ അവർക്കും

[ 145 ] പുല്ലിംഗത്വം, സ്ത്രീലിംഗത്വം, ഉല്പാദന വലഭത്വം ഇവ സിദ്ധിച്ചത്. അല്ലെങ്കിൽ സിദ്ധിക്കുകയില്ല.

ഇതിനു പ്രമാണം.


1. ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
നചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി [3]

അർത്ഥം : അല്ലയോ ഭഗവതി, മംഗളസ്വരൂപനായ (പരബ്രഹ്മസ്വരൂപനായ) സൃഷ്ട്യാദികളാൽ വിഹരിക്കുന്ന പരമേശ്വരൻ നിർമ്മാണാദിശക്തിസ്വരൂപിണിയായ ഭവതിയോടു ചേർന്നവനായിട്ടു ഭവിക്കുന്നുവെങ്കിൽ പ്രപഞ്ചത്തെ സൃഷ്ടിക്കുവാനും മറ്റും സമർത്ഥനാകുന്നു. ഇപ്രകാരമല്ലെങ്കിൽ (ശക്തിസ്വരൂപിണിയായ ഭവതിയോടു കൂടാത്തവനാണെങ്കിൽ, പരബ്രഹ്മസ്വരൂപനാകുന്ന പക്ഷം) അല്പംപോലും ഇളകാൻകൂടി സമർത്ഥനായിട്ടു ഭവിക്കുന്നില്ല തന്നെ. (പരബ്രഹ്മത്തിനു ക്രിയയോ വികാരമോ ഇല്ലെന്നു സാരം).

‘മാതൃകാദിമന്തോദ്ധാരക്രമരഹസ്യാർത്ഥഃ’ ശിവഃ കകാരാദിക്ഷകാരാന്തോ വർണ്ണസമൂഹഃ പഞ്ച വിംശദ്വർണ്ണാത്മകഃ, സമസ്തവ്യസ്തരൂപേണ ‌ഷട്ത്രിംശത്തത്ത്വാത്മകഃ ശക്തിഃ അകാരാദി‌ഷോഡശസ്വരസമൂഹഃ ‌ഷട്ത്രിംശത്തത്ത്വാത്മകോ വ്യഞ്ജനസമൂഹഃ ശിവഃ ‌ഷോഡശസ്വരരൂപയാ ശക്ത്യാ യുക്തോ യദി ഭവതി തദാ [ 146 ] പ്രഭവിതും വേദാദിവിദ്യാരൂപ ശബ്ദാർത്ഥസൃഷ്ടിം സ്പഷ്ടീകർത്തും ശക്തോ ഭവതി. ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി ന പടുഃ താല്വോഷ്ഠവ്യാപാരശൂന്യഃ അകിഞ്ചിത്കരഃ ബിന്ദുത്രികോണവസുകോണദശാരയു എന്ന് ആരംഭിച്ച് ശ്രീചക്രവിധിശ്ലോകത്തിലെ ബിന്ദുത്രികോണം എന്നുള്ളതും ഇതിനെത്തന്നെ കാണിക്കുന്നു. [4]

ദൃഷ്ടാന്തം

ശിവലിംഗം ബിന്ദുത്രികോണം
ശിവലിംഗം
ബിന്ദുത്രികോണം

[ 147 ]

മാതൃകാഹൃദയേ,


കകാരാദിക്ഷകാരാന്തവർണ്ണാസ്തേ ശിവരൂപിണഃ
സമസ്തവ്യസ്തരൂപേണ ‌ഷട്ത്രിംശത്തത്ത്വവിഗ്രഹാഃ
അകാരാദിവിസർഗ്ഗാന്താഃ സ്വരാഃ ‌ഷോഡശശക്തയഃ
നിത്യാ ‌ഷോഡശമാത്മാനഃ പരസ്പരമമീയുതാഃ
ശിവശക്തിമയാ വർണ്ണാഃ ശബ്ദാർത്ഥപ്രതിപാദകാഃ
ശിവഃ സ്വരപരാധീനോ ന സ്വതന്ത്രഃ കദാപ്യസ
സ്വരാഃ സ്വതന്ത്രാ ജായന്തേ ന ശിവസ്തു കദാചന
‘സ്ഫുടശിവശക്തിസമാഗമബീജാങ്കുരരൂപിണീ പരാശക്തിഃ
അണുതരരൂപാനുത്തരവിമർശലിപിലക്ഷ്യവിഗ്രഹാ ഭാതി’
(അനുത്തരലിപി=അ, വിമർശലിപി=ഹ)


‘സീതശോണ ബിന്ദുയുഗളം
വിവിക്ത ശിവശക്തിസങ്കുചത് പ്രസരം
വാഗർത്ഥസൃ ഷ്ടിഹേതുഃ പരസ്പരാ നുപ്രവി ഷ്ടവിസ്പ ഷ്ടം’
‘സ്ഫുടിതാദരുണാദ് ബിന്ദോർന്നാദബ്രഹ്മാങ്കുരോ രവോവ്യക്തഃ
തസ്മാദ് ഗഗനസമീരണ ദഹനോദകഭൂമിവർണ്ണസംഭൂതിഃ’
‘അകാരഃ സർവ്വവർണ്ണാഗ്യ്രഃ പ്രകാശഃ പരമഃ ശിവഃ
ഹകാരാന്ത്യോകലാരൂപോ വിമർശാഖ്യഃ പ്രകീർത്തിതഃ
ഉഭയോ സാമരസ്യം യത് പരസ്മിന്നഹമി സ്ഫുടം’

മുകളിൽ ഇടത്തും വലത്തുമായിട്ട് എഴുതിയിട്ടുള്ള ചിത്രങ്ങൾ ശിവലിംഗത്തിനേയും ബിന്ദുത്രികോണത്തിനേയും മുകളിൽ നിന്ന് ഒത്ത നടുക്കുകൂടി കീഴ്പോട്ടു നോക്കുമ്പോൾ മുറയ്ക്കു കാണുന്ന പ്രകാരവും, അടിയിൽ ഇടത്തും വലത്തുമായിട്ട് എഴുതിയിട്ടുള്ള ചിത്രങ്ങൾ അവയുടെ കൂർത്തഭാഗം [ 148 ]വലത്തുവശമായിരിക്കേ അവയുടെ വലത്തു വശത്തുനിന്നു നോക്കുമ്പോൾ മുറയ്ക്കുകാണുന്ന പ്രകാരവും കാണിക്കുന്നു.

ആദിഭാ‌ഷയായ തമിഴിലെ ആദ്യക്ഷരത്തിന്റെ സ്വരൂപവും ഈ അർഥത്തിൽ ഇപ്രകാരം തന്നെയാണെന്നും ഭൂലോകത്തുള്ള എല്ലാ ഭാ‌ഷകളുടേയും ആദ്യാക്ഷരങ്ങളുടെ സ്വരൂപങ്ങളും ഇതിനെ അനുസരിച്ച് പിന്തുടർന്നിരിക്കാനേ അവകാശമുള്ളൂ; ഇരിക്കുന്നുമുള്ളു എന്നും അറിയിക്കുന്നതിനത്രേ ഈ തത്ത്വത്തെ ഇവിടെ വെളിപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ഈ അകാരത്തിനെ ചൂണ്ടിപ്പറഞ്ഞനെല്ലാം നിശ്ചയമായിട്ടും ശരിയായിട്ടുള്ളതാകുന്നു എന്ന് ശരിയായി വിചാരിച്ചു നോക്കുന്ന ഏവർക്കും സമ്മതിക്കാതിരിപ്പാൻ പാടുള്ളതല്ല. എങ്കിലും കാലക്രമേണ ദേശങ്ങൾ തോറും എഴുതിയെഴുതിവരവേ സംഭവിച്ചുപോയിട്ടുള്ള, പെട്ടെന്നു പ്രഥമ ദൃഷ്ടിയിൽ തോന്നിയേക്കാവുന്ന ഭേദങ്ങൾക്കു തൽക്ഷണം സമാധാനത്തിനു വേണ്ടി, ഏതാനും ചില ഭാ‌ഷകളുടെയെങ്കിലും ആദ്യങ്ങളെക്കൂടി കാണിക്കുന്നതിനാൽ, അവ പൊടുന്നനവേ ഓർമ്മയിൽ വരുന്നതിനായിട്ട് അകാരങ്ങളുടെ ഇനി പറയേണ്ടതായിരിക്കുന്ന ലിംഗഭഗസംയോഗസ്വരൂപത്തെക്കൂടി കാണിക്കുന്നതിനു പ്രധാനമായിട്ടു ആദിഭാ‌ഷയെന്നു ഇതുവരെ പറഞ്ഞുകൊണ്ടുവന്ന തമിഴിലെ അകാരത്തെത്തന്നെ ഒന്നുകൂടി ഇവിടെ ഉപയോഗപ്പെടുത്താം. അതായതു അകാരത്തിനു ഇങ്ങനെ മേലും കീഴുമായിട്ടു പുല്ലിംഗമെന്നും, സ്ത്രീലിംഗമെന്നും രണ്ടു വിഭാഗമുണ്ടെന്നു മുമ്പിൽ പറഞ്ഞുവല്ലോ, അവയിൽ മേൽവിഭാഗമായ പുല്ലിംഗത്തെ ലിംഗമെന്നും കീഴ് വിഭാഗമായ സ്ത്രീലിംഗത്തെ ഭഗമെന്നും അവരണ്ടു ഒന്നിച്ചു[ 149 ]ചേർന്ന് ഇങ്ങനെ ഏകമായിട്ടുള്ള ഇരിപ്പിനെ ലിംഗഭഗസംയോഗരൂപമെന്നും അറിയേണ്ടതാണ്.

എന്നാൽ അകാരം മുൻപറയപ്പെട്ട ആകൃതിയിൽ അതിന്റെ പങ്കുകളായ ലിംഗഭഗങ്ങളോടുകൂടി ഇരിക്കുന്നുവെങ്കിൽ അത് എല്ലാ ഭാ‌ഷകളിലും അപ്രകാരം ഒരേ ആകൃതിയിൽ ഇരിക്കുന്നതിനുപകരം പലവിധം വ്യത്യാസങ്ങളുള്ളതായി പ്രഥമ ദൃഷ്ടിക്കു തോന്നത്തക്കവണ്ണം ഇരിക്കുന്നതെന്തുകൊണ്ട്? എന്നാണെങ്കിൽ, അക്ഷരങ്ങൾ ഒരേ പ്രകാരം അച്ചടിച്ചിട്ടുള്ള കോപ്പിപുസ്തകം നോക്കി കുട്ടികൾ എഴുതിപ്പഠിക്കുന്നല്ലോ. ഇവർ എഴുതുന്നതിനു ശീലിച്ചു കഴിയുമ്പോൾ ഇവരുടെ ഓരോരുത്തരുടേയും കയ്യക്ഷരം നമുക്ക് തിരിച്ചറിയത്തക്കവണ്ണം വ്യത്യാസത്തോടുകൂടിയിരിക്കുന്നു. ഇവർ കണ്ടെഴുതിപ്പഠിച്ച കോപ്പിയും, അച്ചടിവിദ്യ നടപ്പില്ലാതിരുന്ന കാലങ്ങളിലുള്ള പലരുടെയും കയ്യെഴുത്തുഗ്രന്ഥങ്ങൾ പരിശോധിക്കുമ്പോൾ അവർ ഓരോരുത്തരുടെയും അക്ഷരങ്ങൾക്കു തമ്മിൽ എത്രയെത്ര വ്യത്യാസമുണ്ടെന്ന് ബോധപ്പെടും. എന്നാൽ അകാരത്തിന്റെ മേല്പറയപ്പെട്ട വിവരം മനസ്സിൽ വച്ചുകൊണ്ടു നോക്കുമ്പോൾ ഇന്ന പ്രകാരമെല്ലാം കൂടുതൽകുറവു വന്നുപോയിട്ട് ഇപ്രകാരം പലേവിധത്തിൽ വ്യത്യാസമായി വന്നിട്ടുള്ളതാണെന്ന് സൂക്ഷ്മദൃക്കുകൾക്ക് അറിയാവുന്നതാണ്.

ഇന്ത്യയിലെന്നല്ല, വിശേ‌ഷിച്ചു ഈ ഭാ‌ഷയുണ്ടായ തമിഴുനാട്ടിൽ ഒരു സ്ഥലത്തുപോലും അകാരത്തിന്റെ ഈ രണ്ടവയവങ്ങളെ വ്യക്തമാക്കാതെ ഏകാകാരതയാ ‘‘അ’ എന്നുമാത്രം അക്ഷരരൂപകല്പനം ചെയ്തിരിക്കുന്നതെന്ത്? എന്നു ചോദിച്ചാൽ ഉത്തരോത്തരം വലിയ വിചിന്തനങ്ങൾ നടത്തി അതിൽ നിഗൂഡമായിക്കിടന്ന മോക്ഷോപയോഗിത്വത്തെയും[ 150 ]മറ്റും ദ്രാവിഡന്മാർ കാലാന്തരത്തിൽ സാക്ഷാത്ക്കരിച്ചതു കൊണ്ട് ലോകകാര്യത്തിനുപയുക്തമായ വിധത്തെ മാത്രം വെളിയിൽക്കാട്ടി ഇതരത്തെ ഗോപനം ചെയ്തതാണെന്നു മറുപടി പറയാനേയുള്ളൂ. എങ്ങനെയെന്നാൽ കുട്ടികൾ ശൈശവാവസ്ഥയിൽ അവരുടെ ഗൂഡപ്രദേശങ്ങളെ നിർലജ്ജം നഗ്നമാക്കി നടക്കുന്നതും എന്നാൽ അവയവങ്ങൾ പൂർണ്ണാവസ്ഥയെ പ്രാപിക്കുകയും അവയുടെ ഉപയോഗങ്ങൾ അറിയാറാവുകയും ചെയ്തുതുടങ്ങുമ്പോൾ അവർ നി‌ഷ്കർ‌ഷയാ വസ്ത്രധാരണത്താൽ നഗ്നതയെ മറയ്ക്കുന്നതും സ്വാഭാവികവും സർവസാധാരണവുമാണല്ലോ.

മൂലദ്രാവിഡത്തിലെ അകാരം ഇങ്ങനെ രണ്ടംശങ്ങളോടു കൂടിയതായിരിക്കുന്നു. ഈ രണ്ടു ഭാഗങ്ങളും തമ്മിൽ ചേരാതെ ഇരിക്കുമ്പോൾ മുകൾ ഭാഗത്തിനു ചപൂരമെന്നും കീഴ്പങ്കിനു അലിപ്പാൽ എന്നും അഭിധാനമുള്ളതായി വിവരിച്ചു കാണുന്നു. ഈ അലിപ്പാൽ എന്ന ശബ്ദത്തിന്റെ തദ്ഭവരൂപങ്ങളാണ്

‘അലീഫ്‘

‘ക്ലീബം’

‘അൽഫ’

‘ഓലാഫ മുതലായവ.

ചപൂരത്തിനു ‘സഫ(ബ)ർ’ ‘ബിന്ദു’ ‘ഫ്തോ (പ്ത്ഫ്)’ എന്നെല്ലാം ഹിന്ദുസ്ഥാനി മുതലായ ഭാ‌ഷകളിൽ പേർ പറയാറുണ്ട്. നോക്കുക

 അലീഫ്  സബ്ർ അ  ഹിന്ദുസ്ഥാനി, അറബ്
 ക്ലീബം  ബിന്ദു അ   സംസ്കൃതം
 അൽഫ    ലാറ്റിൻ, ഗ്രീക്ക്
 ഓലാഫ്  (പ്തോ)  ഹീബ്രൂ

മൂലദ്രാവിഡത്തിലെ മുറയനുസരിച്ച് ചപൂരം അലിപ്പാൽ അലീഫ്, സബ്ർ, ക്ലീബം, ബിന്ദു ഈ രണ്ടംശങ്ങൾ ചേർന്നിട്ടാണ് അകാരമുണ്ടാകുന്നത്. ഹിന്ദുസ്ഥാനി, സംസ്കൃതം [ 151 ] മുതലായ ഭാ‌ഷകളും സമ്മതിക്കുന്ന എന്നാൽ മൂലദ്രാവിഡത്തിലെപോലെ ചപൂരാ സംജ്ഞകളുടെ വിവരണങ്ങളും മറ്റും അവയിൽ കാൺമാനില്ല. അതുകൊണ്ട് അറബു തുടങ്ങിയ ഭാ‌ഷകൾ അർത്ഥചിന്തനം കൂടാതെ ഈ സമ്പ്രദായത്തെ മൂലദ്രാവിഡത്തിൽ നിന്നും പകർത്തിയതാണെന്നേ അനുമിച്ചുകൂടൂ. മ്+ഒഴി=മൊഴി ഇങ്ങനെ അന്വർത്ഥമായ വാക്കുകളും ഇതരഭാ‌ഷകളിൽ അപൂർവ്വമാണ്.

‘മോനത്തെ ഒഴിത്തലെന്റെപടിയിനാലെ മൊഴിയെനവും’ എന്ന പ്രമാണം കൊണ്ട് മൊഴിയെന്ന വാക്കിന്റെ സാർത്ഥക്യത്തെ ദ്രാവിഡഭാ‌ഷ വെളിവാക്കുന്നു. ഇതും പ്രകൃത്യനുഗുണമായ ഭാ‌ഷ മൂലദ്രാവിഡമാണെന്നുള്ളതിന് ഉപോദ്ബലകമായിത്തന്നെ ഇരിക്കുന്നു.

ഹിന്ദുസ്ഥാനിയിലും മറ്റും ദ്രാവിഡത്തോടു സാദൃശ്യമില്ലാത്തവിധം അക്ഷരങ്ങൾ കുറവായും ഉചാരണഭേദത്തോടും പ്രഭവസ്ഥാനമുറ തെറ്റിയും കാണുന്നു എങ്കിൽ അതു കാലദേശകൃതമെന്നോ പരി‌ഷ്കൃതിയുടെ ഫലമെന്നോ ഊഹിക്കാവുന്നതാണ്.

ഇത്രയുകൊണ്ട് അനേകകാലം പലപല പരി‌ഷ്കാരങ്ങൾ ചെന്ന് പരിപുഷ്ടമായി ശോഭിക്കുന്ന തമിഴിന്റെ പൂർവ്വരൂപമായ മൂലദ്രാവിഡം തന്നെ ഇതരഭാ‌ഷകളുടെ ആദിമാതാവെന്നു വ്യക്തമായല്ലോ. പോരെങ്കിൽ ഇവിടെ ജന്തൂല്പത്തി ശാസ്ത്രത്തെ അനുസന്ധാനം ചെയ്യുമ്പോൾ ഈ അഭിപ്രായത്തിനു കുറേക്കൂടി സാംഗത്യമുണ്ടെന്നു കാണാം.

പ്രാണികളുടെ ഉദ്ഭവം അഥവാ വ്യക്തീഭാവം എപ്പോഴും ഒരു മാത്രാനിയമത്തെ അനുസരിക്കുന്ന ശീതോഷ്ണസംക്രമണ[ 152 ]ത്തിൽ നിന്നാണെന്ന് നാം ഇന്നു അനേക ഉദാഹരണങ്ങൾകൊണ്ട് അറിയുന്നുണ്ടല്ലോ

ഒരു ലോഷ്ടഖണ്ഡം ചൂടു പിടിപ്പിച്ച് നനവുള്ള ശീലകൊണ്ട് ചുറ്റിമൂടി അല്പനേരം വച്ചിരുന്നാൽ അതിൽനിന്ന് ഒരു മാതിരി അണുജീവികൾ ഉണ്ടാകുന്നത് ഈ പ്രകൃതത്തിൽ ആരും അനുസ്മരിക്കാതിരിക്കില്ല. ചിതൽ, മൂട്ട മുതലായ ജന്തുക്കൾ ജനിക്കുന്നതിന് ഇപ്രകാരം ശീതോഷ്ണസമ്മേളനജന്യമായ സ്വേദം തന്നെ കാരണമായി ഭവിക്കുന്നു. കൃത്രിമങ്ങളായ പ്രഭവസ്ഥാനങ്ങളിൽ ആവിർഭവിക്കുന്നതിനുമുമ്പ് ശീതോഷ്ണങ്ങളെ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനു ഗർഭാശയമോ മറ്റു സാമഗ്രികളോ ഇല്ലാതിരുന്ന ആദിമകാലത്ത് എല്ലാ ജീവാണുക്കളും വികസിക്കാൻ തുടങ്ങിയത് കേവലം ഭൂപ്രകൃതിയുടെ ഈ മാതിരി ഉപചാരത്താലായിരിക്കണമെന്നു നമുക്കൂഹിക്കാം. എന്നാൽ ഭൂമിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇത്തരം അനുകൂലോപചാരങ്ങൾ ലഭിച്ചുവെന്നു വരുന്നതല്ല. സൂര്യകിരണങ്ങളുടെ മിതമായ ആഭിമുഖ്യം സിദ്ധിക്കുന്ന ഭൂഭാഗം മാത്രമേ ഇതിലേയ്ക്കു യുക്തമാകയുള്ളൂ. ഏതാദൃശയോഗ്യതയോടുകൂടിയ സ്ഥാനം ഭൂമിയ എവിടമായിരിക്കണമെന്നുള്ള പര്യാലോചനയിൽ പ്രക്ഷകന്മാർ അന്യോന്യം വിയോജിച്ചു കാണുന്നു. ചിലർ മദ്ധ്യ ഏ‌ഷ്യ എന്നു നിർദ്ദേശിക്കുന്നു. മറ്റു ചിലർ ബ്രഹ്മാവർത്തമാണെന്നു പറയുന്നു. വേറൊരു കൂട്ടർ ഉത്തരധ്രുവപ്രദേശമാണെന്നു വ്യവസ്ഥാപിക്കുന്നു. ഈ സ്ഥാനങ്ങൾ മനു‌ഷ്യോല്പത്തിക്കു അനുയോജ്യങ്ങളാണോ എന്നു പരിശോധിക്കുമ്പോൾ ഉത്തരധ്രുവഭാഗങ്ങൾ അതി തണുപ്പുകൊണ്ടും മദ്ധ്യ ഏ‌ഷ്യ, ബ്രഹ്മാവർത്തം മുതലായ ഭൂഭാഗങ്ങൾ ചൂടിന്റെ അഭാവം കൊണ്ടും അപര്യാപ്തങ്ങളെന്നു വന്നു പോകുന്നു. [ 153 ]പല്ലുയിരൈ മുന്നീന്റ മാതാവപ്പാ
പരിതിമുകം പെടുമിന്ത പാർതാനപ്പാ
ചൊലുമിതിൻ കിഴക്കിലങ്കൈ എഴുനൂറപ്പാ
ചൊരിന്തൊൾകുമകുടയനിതു താനപ്പാ
അപ്പനെ കിഴവരുകെ അനൈവരുക്കും
അരുമയാന പൊൻവളയുമളന്താനങ്കെ
ഇമുവിയിൽ കീഴ്ചിത്തർപതലം താനെ
ഇരവി ഇങ്കെ വിളങ്കുമാനാലിരവങ്കാകും
കിട്ടമുട്ട ഒന്റാകെക്കിടന്തഞാലം
കെടുവാനപലചമൈകൾ കെട്ടപിമ്പ്
പട്ടവലൈ കടലാലെ പലതായ് പോച്ചു
       (അകത്തിയർ ഞാലനൂൽ)

ഇങ്ങനെ ഈ അർദ്ധഗോളം മുഴുക്കെ പരീക്ഷണം നടത്തി ചെല്ലുമ്പോൾ ശീതോഷ്ണങ്ങളുടെ മാത്രാനുഗുണ്യം മുതലായ ലക്ഷണങ്ങൾ തികഞ്ഞ സ്ഥലം സിംഹളദ്വീപിനു ഏതാണ്ടു പശ്ചിമഭാഗത്തു കിടന്നിരുന്ന ഒരു ഭൂവിഭാഗമാണെന്നു ബോദ്ധ്യപ്പെടും.

‘കിട്ടമുട്ട ഒന്റാകെക്കിടന്തഞാലം പട്ട അലൈ കടലാലെ പലതായ് പോച്ച്‘ (അ. ഞ. നൂ) എന്ന പ്രമാണപ്രകാരം ഈ സ്ഥലം ഇപ്പോൾ കടൽകേറി മറഞ്ഞുപോയിരിക്കുന്നു. ഭൂകമ്പം അഗ്നിപർവ്വതസ്ഫുടനം മുതലായ കാരണങ്ങൾ മൂലം സ്ഥലം ജലവും ജലം സ്ഥലവുമായിപ്പോകാറുണ്ടെന് അഭിനവശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നു. അതുക്കൊണ്ട് അഗസ്ത്യമഹർ‌ഷിയുടെ അഭിപ്രായം സംഭാവ്യം തന്നെ എന്നു നമുക്ക് നിശ്ചയിക്കാം. സിംഹളദ്വീപിനരികിലുള്ള ഏതോ ഒരു സ്ഥലത്താണ് ജന്തുക്കൾ ആദ്യം ഉണ്ടായിത്തുടങ്ങിയതെന്നുള്ളതിനു[ 154 ]ഇതുപോലെ വല്ല രേഖകളും ലഭിക്കുന്നുണ്ടോ എന്നു പര്യടനം ചെയ്യുമ്പോൾ അവിടെയും അഗസ്ത്യരുടെ വാക്യം പ്രത്യക്ഷപ്പെടുന്നു.

‘പല്ലുയിരൈ മുന്നീന്റ മാതാവപ്പാ’ ഇതിൽനിന്നു ഇന്നു പുത്തനായി കണ്ടുപിടിച്ചു എന്നു ചിലർ ഘോ‌ഷിക്കുന്നതോ അഭിമാനിക്കുന്ന ആയ (സിദ്ധപുരി - നവ്യഭാ‌ഷയിൽ പറഞ്ഞാൽ ‘ചിത്തർപതലാ’ അമേരിക്ക) തുടങ്ങിയ മറുഭാഗത്തുള്ള ഭാഗങ്ങൾ അഗസ്ത്യരുടെ ഭൂമിശാസ്ത്രജ്ഞാനപ്രകാശത്ത പണ്ടേക്കു പണ്ടേ തിളങ്ങിക്കൊണ്ടിരുന്നെന്ന് നാം കണ്ടുകഴിഞ്ഞു. ദിവ്യദൃഷ്ടി, അപ്രതിമമായ പ്രതിഭാശക്തി മുതലായ അനർഘസമ്പത്തുകളുടെ വിളനിലങ്ങളായി പ്രശോഭിച്ചിരുന്ന മഹാത്മാക്കളുടെ പരിശുദ്ധബുദ്ധിക്കു വിദൂരഗോചരമായിട്ട് ഏതൊരു വി‌ഷയമാണ് അവശേ‌ഷിക്കുന്നത് ഒന്നും തന്നെ ഉണ്ടായിരിക്കയില്ല. ഈ തത്ത്വത്തെ വിസ്മരിക്കാതെ വിചാരിക്കുന്ന അവസരങ്ങളിൽ മഹർ‌ഷിയുടെ അഭിപ്രായം ഒരിക്കലും നിരസിക്കാൻ സാധിക്കാത്തതും ഭദ്രമാ സ്വീകരിത്തക്കതുമാണെന്നും വരുന്നു.

ആദ്യം പ്രാണിവർഗ്ഗത്തെ പ്രസവിച്ച മാതാവ് മേല്പറഞ്ഞ ഭൂമ്യംശം തന്നെ എന്നിരുന്നാലും അവിടെ ഒന്നാമതു മനു‌ഷ്യരുണ്ടായതായി വിചാരിക്കാൻ പാടില്ല. ഇതരജീവികളോടു താരതമ്യപ്പെടുത്തുമ്പോൾ മനു‌ഷ്യൻ ഉയർന്നതരം സംസ്കാരങ്ങൾ സിദ്ധിച്ചിട്ടുള്ള ഒരുത്തമ ജീവിയാണെന്നു വ്യക്തമാകും. ഒരു വി‌ഷയത്തെ സംബന്ധിച്ച സംസ്കാരം അഥവാ വാസന ആ വി‌ഷയത്തിന്റെ ആവർത്തനയുടെ ഫലമാണല്ലോ. അങ്ങനെയാകുമ്പോൾ അനന്തസംസ്കാര വിശേ‌ഷം കൊണ്ട് സിദ്ധിക്കുന്ന[ 155 ] വിശിഷ്ടമായ മനു‌ഷ്യത്വം അനേകം പരിണാമങ്ങളുടെ അവസാനത്തിൽ ലഭിച്ചതായിരിക്കണം, അതെങ്ങിനെയായാലും ജന്തുസൃഷ്ടിക്കു സാധകമായ സ്ഥലത്തു മാത്രമേ മനു‌ഷ്യരും ആദ്യം ഉണ്ടാകാനിടയുള്ളൂ എന്നു തീർച്ചയാണ്. ആദ്യം മനു‌ഷ്യനുണ്ടാകുന്നിടത്തായിരിക്കും ആദ്യം ഭാ‌ഷ ഉണ്ടാകുന്നതും. അങ്ങനെ ഒന്നാമതായി ഉണ്ടാകുന്ന ഭാ‌ഷ ശേ‌ഷിച്ചവയുടെ മാതൃഭാ‌ഷയും ആയിരിക്കും. അപ്പോൾ സിംഹളം തുടങ്ങിയ ദക്ഷിണദേശങ്ങളിൽ ഇന്നു പ്രചരിക്കുന്ന ഭാ‌ഷയുടെ പൂർവ്വരൂപമായ പ്രാചീനദ്രാവിഡഭാ‌ഷയായിരുന്നു ലോകത്തിലെ ആദിഭാ‌ഷ എന്നും അതുതന്നെയാണ് മറ്റെല്ലാ ഭാ‌ഷകളുടെയും ജനയിത്രി എന്നും നമുക്ക് അനുമാനിക്കാം.

ഇങ്ങനെ ഈ വഴിക്കും പഴയ ദ്രാവിഡഭാ‌ഷതന്നെ സംസ്കൃതം മുതലായ പരി‌ഷ്കൃതഭാ‌ഷകളുടെ മൂലഭാ‌ഷയെന്നു സിദ്ധിക്കുന്നു. [ 156 ]


കുറിപ്പുകൾ[തിരുത്തുക]

 1. പിന്നെ പിന്നെ
 2. അഗസ്ത്യമുനിയുടെ ഒരു കൃതി
 3. സൗന്ദര്യലഹരി ശ്ലോകം 1
 4.  ബിന്ദുത്രികോണവസുകോണദശാരയുഗ്മ
   മന്വസ്രനാഗദളസംഗത‌ഷോഡശാരം
   വൃത്തത്രയം ച ധരണീസദനത്രയഞ്ച
   ശ്രീചക്രരാജമുദിതം പരദേവതായാഃ        (യാമളതന്ത്രം)

  ചട്ടമ്പിസ്വാമികൾ ശ്രീചക്രപൂജാകല്പം എന്ന കൃതിയിൽ ഇതു ഉദ്ധരിച്ച് വിശദീകരിച്ചിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=ആദിഭാഷ/ആദിഭാഷ&oldid=53349" എന്ന താളിൽനിന്ന് ശേഖരിച്ചത്