ആദിഭാഷ/തമിഴ് സംസ്കൃതാദി താരതമ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
തമിഴ് സംസ്കൃതാദി താരതമ്യം
ആദിഭാഷ

ഉള്ളടക്കം[തിരുത്തുക]

  1. പ്രാരംഭം
  2. അക്ഷരനിരൂപണം
  3. സന്ധിനിരൂപണം
  4. പദവ്യവസ്ഥാനിരൂപണം
  5. ലിംഗനിരൂപണം
  6. വചനനിരൂപണം
  7. വിഭക്തിനിരൂപണം
  8. ധാതുനിരൂപണം
  9. തമിഴ് സംസ്കൃതാദി താരതമ്യം
  10. ആദിഭാ‌ഷ


തമിഴ് സംസ്കൃതാദി താരതമ്യം
[തിരുത്തുക]

ഇത്രയും കൊണ്ട് ഇന്നത്തെ നിലയിൽ പരി‌ഷ്കൃതരൂപത്തിൽ ഈ രണ്ടു പ്രധാന ഭാ‌ഷകളും എത്രമാത്രം അന്തരമുള്ളതായിരിക്കുന്നുവെന്നു തെളിവായല്ലോ. തമിഴ് സംസ്കൃതത്തിന്റെ ഒരു ജന്യഭാ‌ഷയാണെന്നുള്ള ആശങ്കയ്ക്ക് ആരും ഇനി ഹൃദയത്തിൽ ഇടം അനുവദിക്കുമെന്നു തോന്നുന്നില്ല.

നവ്യാഡംബരങ്ങൾ കൊണ്ട് കൃത്രിമഭംഗി വിതറുന്ന വേ‌ഷവിധാനത്തിൽ കൂടി കണ്ണയച്ചാൽ പക്ഷേ യാഥാർത്ഥ്യം ഗ്രഹിക്കാൻ സാധിക്കുകയില്ലെന്ന് ഒരാക്ഷേപം ഇവിടെ പുറപ്പെട്ടേയ്ക്കാം. അതു വാസ്തവം തന്നെ. എന്നാൽ, നമ്മുടെ ദൃഷ്ടി സൂക്ഷ്മതരമാക്കി നോക്കുമ്പോൾ ആ കാഴ്ച എങ്ങും തടയാതെ എല്ലാ ഭാ‌ഷകൾക്കും ആദിമൂലമായ ഒരവ്യക്ത ലക്ഷ്യത്തിൽ ചെന്നവസാനിക്കേണ്ടിയിരിക്കുന്നു. ഇടയിലെങ്ങാനും യുക്ത്യനുഭവങ്ങളോട് വിഘടിച്ചുനിന്നുപോകുന്നു വെങ്കിൽ അത് അന്തിമദർശനമെന്നു പറഞ്ഞുകൂടുന്നതല്ല. ഇങ്ങനെ അങ്ങേയറ്റം വരെ ചെന്നുപറ്റുന്ന ഒരു നോട്ടം ഭാ‌ഷാവി‌ഷയകമായി ലഭിക്കുന്നുണ്ടോ എന്നു നമുക്കൊന്നു പരീക്ഷിക്കാം.

ഒരു ഭാ‌ഷയുടെ ശരീരം പദസമുദായവും, പദങ്ങളുടെ അവയവങ്ങൾ അക്ഷരങ്ങളുമാണല്ലോ. ഏതും ആദ്യം പ്രാകൃതമായി ഉത്ഭവിച്ച് അനന്തരം കൃത്രിമങ്ങൾ കലർന്ന് പരി‌ഷ്കൃതരൂപത്തിൽ പരിണമിക്കുന്നു. ഈ നിയമം ഒരിക്കലും വിസ്മരിക്കാൻ പാടില്ല. അപ്പോൾ അകൃത്രിമമായ വിശിഷ്ട പ്രയത്നാദികളോടുകൂടാത്ത അക്ഷരങ്ങൾ ഏതു ഭാ‌ഷയ്ക്ക് സ്വന്തമായി കാണുന്നുവോ അതു മറ്റെല്ലാറ്റിന്റെയും മൂലഭാ‌ഷയായിരിക്കുമെന്നൂഹിക്കാം. മനഃപൂർവ്വം ഉച്ചരിക്കേണ്ടതില്ലാത്ത സ്വാഭാവിക[ 129 ]മായി ശബ്ദിക്കാവുന്ന അക്ഷരങ്ങൾ അടങ്ങിയ ഭാ‌ഷ എപ്പോഴും പ്രകൃതിയുടെ ഭാ‌ഷയായിരിക്കുമെന്നു സാരം. ഈ ആദിഭാ‌ഷ ഏതെന്ന് കണ്ടെത്തുന്നതിലേയ്ക്ക് പ്രകൃതി സ്വയം ഉച്ചരിച്ചു പോകുന്ന തരം അക്ഷരങ്ങളെ തന്നെ ഒന്നാമതു തേടിപ്പിടിക്കേണ്ടതായി വരുന്നു. പ്രകൃത്യാ സിദ്ധിക്കുന്ന അക്ഷരങ്ങൾ ഏതെല്ലാം? അവയെ എങ്ങനെ തിരിച്ചറിയാം? എന്നു വല്ലവരും ഇവിടെ വികല്പിചാൽ അതിനു സമാധാനം ഉണ്ട്.

വാക്ക് എന്നതിന് തമിഴ് ഭാ‌ഷയിൽ മുഖ്യമായ നാമം ‘മൊഴി’ എന്നത്ര. എന്നാൽ തമിഴിലോ തമിഴിനോടു ചേർന്ന വേറെ ഭാ‌ഷയിലോ അല്ലാതെ, മറ്റു ഭാ‌ഷകളിൽ പ്രകൃതിക്ക് ഇത്രത്തോളം ശരിയായിട്ടു വാക്കു കിട്ടുകയില്ലെന്നുതന്നെ പറയണം. എങ്ങനെയെന്നാൽ, ഓഷ്ഠാധരങ്ങളെ ഒരുമിച്ചു ചേർത്ത് വാ മൂടിക്കൊണ്ടുള്ള ഇരിപ്പിന് മൗനമെന്നു നാമവും ‘മ്‘ എന്ന് രൂപവുമാകുന്നു. ഈ ‘മ്‘ എന്ന വാ മൂടലിനെ നലവണ്ണം ഒഴിച്ചു വിടുമ്പോൾ ഉണ്ടാകുന്നതാകയാൽ മ്+ഒഴി=മൊഴി എന്ന നാമം സിദ്ധിച്ചു. ഈ മൊഴി തന്നെ ആദ്യം അകാരം, രണ്ടാമത് ഇകാരം, മൂന്നാമത് ഉകാരം ഇപ്രകാരം മുറയ്ക്ക് അ, ഇ, ഉ എന്ന മൂന്ന് അക്ഷരങ്ങളായിട്ട് പ്രകാശിക്കും. എന്നാൽ, ‘മ്‘ എന്നതിനെ വിട്ടാൽ ആദ്യം അകാരമായിട്ടു തന്നെ ധ്വനിക്കുമെന്നുള്ളതിരിക്കട്ടെ രണ്ടാമതും മൂന്നാമതും ഇകാര ഉകാരങ്ങളായിട്ടു തന്നെ ഭവിക്കുന്നതെങ്ങനെ? ഉകാര ഇകാരങ്ങളായിട്ടു മാറിവരരുതോ? എന്നു ശങ്കിക്കുന്ന പക്ഷം അപ്രകാരാം പാടില്ല. ഇതു നമ്മുടെ പൂർവ്വികന്മാരാൽ ചെയ്യപ്പെട്ട ക്രമമാകുന്നു. അവർ പ്രകൃതി ചേഷ്ടയെ നോക്കാതെയും ഏതെങ്കിലും ന്യായം കൂടാതെയും യാതൊന്നിനും വ്യവസ്ഥ ചെയ്തിട്ടുള്ളവരല്ല. എങ്ങനെയെന്നാൽ വർണ്ണാത്മകങ്ങളായ ധ്വനിവിശേ‌ഷങ്ങൾ പുറപ്പെടുന്നത് സാധാരണമനു‌ഷ്യനിൽ നിന്നാണെന്ന് അറിയാൻ തീരെ[ 130 ] പ്രയാസമില്ല. അതും പ്രകൃത്യനുഗുണമായി പ്രവഹിക്കുന്നത് ഒരു ശിശുമുഖത്തുനിന്നുതന്നെ എന്നും സ്പഷ്ടമാണ്. അതിനാൽ നിസർഗ്ഗകോമളങ്ങളായ മധുരവർണ്ണങ്ങൾ അനർഗ്ഗളം പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ശിശുവിൽതന്നെ നമുക്കു ചില പരീക്ഷണങ്ങൾ നടത്താം.

ഒരു കുട്ടി ജനിച്ചാൽ ആദ്യം വാ തുറന്നു കരയുന്നു. കരച്ചിലിൽ നിന്ന് ‘അ’ എന്നുള്ള സ്വരം പ്രതീതമാകുന്നു. കുറച്ചുകഴിയുമ്പോൾ കുട്ടി അന്യന്മാരുടെ മുഖത്തുനോക്കി ചിരിച്ചു തുടങ്ങും. ചിരി ‘ഇ’ എന്ന വർണ്ണത്തെ സ്പഷ്ടമാക്കുന്നത് ഏവർക്കും അനുഭവമാണല്ലോ. അതും കഴിഞ്ഞാൽ ‘ഉ’ എന്ന ഭയവികാരം പ്രത്യക്ഷപ്പെടുന്നു.

മേലും, ബ്രഹ്മാനന്ദമാകുന്ന അമൃതമകരന്ദത്തെ വർ‌ഷിക്കുന്ന ഉപനി‌ഷത്തുകളാകുന്ന പ്രസൂനങ്ങളെ കൊണ്ടു നിരന്തരം പ്രകാശിക്കുന്ന സംസ്കൃതമാകുന്ന സന്താനപാദപത്തിന്റെ നാരായവേരും മഹേശ്വരങ്കൽനിന്നു സിദ്ധിച്ച പാണിനീ മഹർ‌ഷിയാൽ രചിക്കപ്പെട്ടതും സൂത്രരൂപവും ആയ വ്യാകരണ ശാസ്ത്രത്തിലുള്ള ‘അഇഉൺ’ [1] എന്ന ആദിസൂത്രത്തിന്റെ ആവിർഭാവവും ഈ ന്യായത്തെ പുരസ്കരിച്ചാകുന്നു. ഇങ്ങനെ പാണിനിയുടെ ആദ്യസൂത്രസംഗൃഹീതങ്ങളായ അ, ഇ, ഉ എന്നീ മൂന്നക്ഷരങ്ങളും ക്രമേണ കരച്ചിൽ, ചിരി, ഭയം ഈ മൂന്നു വികാരങ്ങളുടെ സൂചകനാദങ്ങളായി ഉത്ഭവിക്കുന്നു. ആകയാൽ രണ്ടാമത് ‘ഇ’കാരവും മൂന്നാമത് ‘ഉ’കാരവു ആയിട്ടേ ഇരിക്കാൻ പാടുള്ളൂ. ചിരിയുടെ സൂചകമായ ‘ഇ’ എന്നുള്ള ശബ്ദവും ഭാവനയും തീക്ഷ്ണദണ്ഡം ഏല്ക്കുമ്പോൾ പ്രായം[ 131 ] ചെന്നവരുടെ മുഖത്തും സ്ഫുരിക്കുന്നുണ്ട്. അപ്പോൾ അവ ചിരിയുടെ ചിഹ്നങ്ങൾ മാത്രമാണെന്ന് എങ്ങനെ പറയാം എന്നിവിടെ ചിലർ ശങ്കിച്ചേക്കാം. വേദനയുണ്ടാകുമ്പോൾ ഒരു ശിശുവിന്റെ മുഖത്ത് ഈ ലക്ഷണം കാണാൻ കഴിയാത്തതുകൊണ്ട് ഈ പ്രകൃതിക്കൊത്ത സംഭവമല്ല. ഒരു നടൻ കരുണവേണ്ടിടത്ത് ആ സ്തോഭസ്ഫൂർത്തിക്ക് ‘ഈ’ എന്നു ചിരിച്ച് കാട്ടാറില്ല. അതുകൊണ്ട് ‘ഈ’ എന്നുള്ള പറച്ചിലും ഭാവവും ഒരിക്കലും ദുഃഖത്തെ അറിയിക്കുന്ന അടയാളങ്ങളെന്നു പറഞ്ഞു കൂടാ.

മേൽ കാണിച്ച മൂന്നക്ഷരങ്ങളും ഉണ്ടായതിൽപിന്നെ അതുകളുടെ വികാരങ്ങളായ ശേ‌ഷിച്ച സ്വരങ്ങൾ ഉണ്ടാകുന്നു. അതും വിവരിച്ചേക്കാം. വ്യഞ്ജനങ്ങളായ രേഫലകാരങ്ങളുടെ അംശങ്ങളായിരിക്കുന്ന ‘ഋൡ’ക്കൾ കൃതിമമായി പാണിനിമുനിഇടക്കു തിരിക്കിക്കേറ്റിയതാണെന്ന് അനവധി ദൃഷ്ടാന്തയുക്തി പൂർവ്വം മുമ്പു സാധിച്ചുകഴിഞ്ഞ സ്ഥിതിക്ക് അവയുടെ ഉല്പത്തിയെക്കുറിച്ചും ഇവിടെ ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്നു വിടുന്നു. ഭയം മുതലായവ അറിയാറായി കുറേകൂടി ജ്ഞാനപ്രകാശം പ്രസരിച്ചാൽ പിന്നെ കുട്ടികൾ നാം പറയുന്നതൊന്നും മനസ്സിലാകാണ്ട് ഏതോ ചോദിക്കുന്ന പോലെ എല്ലാറ്റിനും ‘ഏ’ ‘ഏ’ എന്നു ഒരുമാതിരി ശബ്ദിക്കാറുണ്ടല്ലോ. ‘കുഞ്ഞിന്റെ അച്ഛൻ എവിടെ?’ ‘ഏ’ ഇങ്ങനെ ചോദ്യത്തിനെല്ലാം മുറയ്ക്ക് ആവർത്തിക്കും. ഇവിടെ ‘ഏ’ എന്ന അക്ഷരം പ്രകൃതി പ്രസവിച്ചു എന്നു നാം കണ്ടുകഴിഞ്ഞു. അതിനുശേ‌ഷമായി ആ കുട്ടി സമ്മതിരൂപമായ ‘ഒ’ എന്നുള്ള ശബ്ദത്തെ പുറപ്പെടുവിക്കുന്നു. അല്പംകൂടി വിശേ‌ഷജ്ഞാനം സിദ്ധിക്കുമ്പോൾ ‘ഐ’ എന്നു പരിഹസിക്കാൻ തുടങ്ങുന്നു. അനന്തരം ‘ഔ’ എന്നു വിശ്രാന്തിസൂചകമായ സ്വരം പുറപ്പെടുവിക്കുന്നു. [ 132 ]

ഇപ്രകാരം സ്വരങ്ങൾ അക്ഷരങ്ങൾ എല്ലാം ഒരു ശിശുവിന്റെ പ്രകൃതി തന്നെ പ്രദാനം ചെയ്യുന്നു. ഇനിയുള്ളത് ‘വ്യഞ്ജനങ്ങൾ’ അഥവാ ‘ഹല്ലു’കളാണ് അവയുടെ ആവിർഭാവത്തിൽ പ്രകൃതി എങ്ങനെയെല്ലാം പങ്കുകൊള്ളുന്നു എന്നുകൂടി പര്യാലോചിക്കാം. കുട്ടി ‘അ’ എന്നു വാ വിടർത്തു കരഞ്ഞിട്ട് ഓരോ തുടർച്ചയുടെ അവസാനത്തിലും ചുണ്ടുകൾ പൂട്ടുന്നു. അപ്പോൾ അവിടെ ഓഷ്ഠജങ്ങളായ വർണ്ണങ്ങളിൽ ഒന്നുണ്ടാകാതെ കഴികയില്ല. ആദ്യം ഓഷ്ഠസംഘട്ടനത്തിന് ബലം കുറഞ്ഞിരിക്കുന്നതുകൊണ്ട് ‘മ്‘ എന്ന ഓഷ്ഠ്യം ഏതാണ്ട് അവ്യക്തരീതിയിൽ ഉത്ഭവിക്കുമെന്ന് വിചാരിക്കാം

പിന്നെ ക്രമേണ ബലം കൂടി വരുമ്പോൾ ‘മ’ എന്നായിത്തീരും കൂടെക്കൂടെ ‘അ’ എന്നു കറയുകയും ‘മ’ എന്നു വാ പൂട്ടുകയും ചെയ്യുന്നതിൽനിന്ന് ‘അമ്മ’ എന്ന വാക്ക് ഉത്ഭവിക്കുന്നു. ചുണ്ടുകൾക്കു മുറുക്കം കൂടിക്കൂടി ഒടുവിൽ ‘പ’കാരം വ്യക്തമാകും. അതും പൂർവ്വത്തിലുള്ള അകാരത്തോട് ചേർന്ന് ‘അപ്പാ’ എന്ന വാക്കു സൃഷ്ടിക്കുന്നു. ഇതുപോലെ ന, ത, ണ, ട, ഞ, ച, ങ, ക എന്ന മുറയ്ക്ക് ഓരോ വ്യഞ്ജനങ്ങൾ ഉത്ഭവിച്ച് അതുകളോടും പഴയപടി ‘അകാരം’ കൂട്ടിമുട്ടി അന്ന, അത്ത, അണ്ണ, അട്ട, അഞ്ഞ, അച, അങ്ങ, അക്ക, ഇങ്ങിനെ ശിശുവിന്റെ ബന്ധുക്കളെ സംബന്ധിക്കുന്ന വാക്കുകൾ രൂപപ്പെടുന്നു.

പ്രകൃത്യനുഗുണമായി (സ്വതേ തന്നെ) ഉണ്ടായിട്ടുള്ളവയാണെന്ന് യുക്തിയുക്തമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ‘അ’ തുടങ്ങി അനുസന്ധാനം ചെയ്ത അക്ഷരങ്ങളിൽ അല്പം അഭിപ്രായഭേദം വന്നേക്കാം. അതിനാൽ ഒന്നുകൂടി ചർച്ചചെയ്യുന്നത് അസ്ഥാനത്തിലാകുകയില്ല എന്നു വിചാരിക്കുന്നു. പൂർവ്വപക്ഷം താഴെപറയുന്ന വിധത്തിലാണ്. [ 133 ]

ലോകത്തിൽനിന്ന്, വിശേ‌ഷിച്ചും ഉദ്ബോധനങ്ങൾ വന്നുചേരുന്നതിനു മുമ്പ്, സദ്യോജാതനായ ഒരു കുട്ടിയുടെ ഉള്ളിൽനിന്നും ഉണ്ടാകുന്ന ശബ്ദങ്ങൾക്ക് സ്വാഭാവികത്വം ഉണ്ടെന്നുള്ളതിനെ സമ്മതിക്കുന്നു. എന്നാൽ ‘അ’കാരമാണ് രോദനരൂപമായിട്ടു കുട്ടികളിൽ നിന്നുണ്ടാകുന്നത് എന്നുള്ളത് ശരിയായിട്ടുള്ളതല്ല. ‘ങ, ങേ, ഏ’ എന്നിങ്ങനെയാണ് ആദ്യമായി കുട്ടികൾ കരഞ്ഞു തുടങ്ങുന്നത്. അതുകൊണ്ട് ‘ങ്‘ എന്നുള്ള വ്യഞ്ജനവും അതിൽ പിന്നെ ‘ഏ’ എന്നുള്ള സ്വരവുമാണ് കുട്ടികളിൽ നിന്നുണ്ടാക്കുന്നത്. അകാരമല്ല. അതിനു സമാധാനം പറയാം.

കുട്ടികൾ ജനിച്ചാൽ കുറച്ചു ദിവസം കഴിയുന്നതുവരെ അവയുടെ യാതൊരു ഇന്ദ്രിയങ്ങൾക്കും അവയവങ്ങൾക്കും ശരിയായ ബലം ഉണ്ടായിരിക്കയില്ല. കരയുന്നതും ചിരിക്കുന്നതുമെല്ലാം ഒരു വിധം അവ്യക്തസ്വരത്തെ മുൻനിർത്തിയായിരിക്കും. അവയുടെ ദർശനം, സ്പർശനം, ശ്രവണം, രസജ്ഞാനം ഇവയെല്ലാം എന്തെന്നും ഏതെന്നും ശരിയായി നിശ്ചയിച്ചറിയുന്നതിനു കഴിവില്ലാത്ത വിധത്തിൽ ത്തന്നെയെന്നുള്ള കാര്യം നിശ്ചയം തന്നെ. അല്പം ഇന്ദ്രിയബലം സിദ്ധിക്കുന്നതുവരെ എന്തെങ്കിലും ശബ്ദിച്ചു പോയെങ്കിൽ അത് അനുനാസികമായിട്ടേ വരികയുള്ളൂ. എന്തുകൊണ്ടെന്നാൽ പ്രാണാധാരമായ നാസികദ്വാരത്തിൽ തട്ടിയിട്ടല്ലാതെ, കണ്ഠാദി സ്ഥാനങ്ങളിൽ നിന്നുത്ഭവിക്കുന്ന ‘ഹ, ള’ മുതലായ വർണ്ണങ്ങൾ വെളിയിൽ വരികയേയില്ല. ഈ ന്യായത്തെ പുരസ്കരിച്ചാൽ വ്യാകരണത്തിൽ അച്ചുകളെ അനുനാസികങ്ങളായും, അനനുനാസികങ്ങളായും രണ്ടായി വേർതിരിച്ചു കാണിച്ചിരിക്കുന്നത്. ‘സ നവവിധോപി അനുനാസികാനനുനാസികത്വാഭ്യാം ദ്വിധാ’ എന്നു വൃത്തി[ 134 ] ചെയ്തിട്ടുള്ളതിൽ അനുനാസികത്തെ ആദ്യമായി ചേർത്ത് പറഞ്ഞിരിക്കുന്നതും ഈ കാരണം കൊണ്ടുതന്നെയാണ്.

‘മുഖനാസികാവചനോനുനാസികഃ’ എന്നു പാണിനി മഹർ‌ഷി സൂത്രം (1-1-8) ചെയ്തിരിക്കുന്നതു നോക്കുക ഉല്പത്തി സ്ഥാനങ്ങൾ (കണ്ഠം, താലു, മൂർദ്ധാവു തുടങ്ങിയവ) ഓരോന്നും വേറെയുണ്ടെങ്കിലും എല്ലാം നാസികാദ്വാരം വഴിയായി വേർ തിരിഞ്ഞുവരുമ്പോൾ അവയ്ക്ക് അനുനാസികങ്ങളെന്നു പേർ പറയാം. കുട്ടികൾക്ക് ആദ്യമാദ്യം പ്രാണനെ മുൻനിർത്തി പ്രാണപ്രവൃത്തിമാർഗ്ഗത്തിലൂടെ മാത്രമേ ശബ്ദത്തെ വെളിയിൽ നിടുന്നതിനു സാധിക്കുകയുള്ളു എന്നു നമുക്കു അനുഭവമാണ്. അതുതന്നെയുമല്ല ശബ്ദിക്കാതെയിരിക്കുന്നത് മൗനം. മൗന സ്ഥിതിയിൽ രണ്ടുചുണ്ടുകളും തമ്മിൽ ഒന്നുപെട്ടു ചേർന്നിരിക്കും. പിന്നീട് അതിൽ നിന്ന് എന്തെങ്കിലും ശബ്ദിച്ചുപോയാൽ അനുനാസികപൂർവ്വമായിട്ടേ വരികയുള്ളൂ. മ്+അ=മ, മ്+ഇ=മി ഇപ്രകാരം തുടരെത്തുടരെ മൗനം ശബ്ദോല്പത്തി, ഈ ക്രമത്തിന് അനുനാസികവും മുൻഗാമിയായി നിലനില്ക്കുന്നു.

കുട്ടികളുടെ ഉച്ചാരണത്തിലുള്ള അസ്പഷ്ടമോ ശ്രാതാക്കളുടെ അശ്രദ്ധാജന്യമായ അന്യഥാബോധമോ ഹേതുവായിട്ട് ‘ങ്‘ എന്നായിട്ട് അറിയുന്നതിനിടവരുന്നതാണ്. കൂടാതെ അടുത്തതായി ഉച്ചാരണം ചെയ്യുന്നതായ ‘അകാരം’ കണ്ഠ്യമാകയാൽ അടഞ്ഞ സ്ഥാനിയുടെ ആക്രമണവും ഈ വി‌ഷയത്തിൽ ‘ങ’കാരത്തിനു സ്ഥാനിവത്വം കല്പിക്കുന്നു. യഥാർത്ഥമായിട്ട് അധരോഷ്ഠസംഘട്ടനജന്യമായ അനുനാസികമാണ് പുറപ്പെടുന്നത്.

അടുത്തതായിപ്പറയാനുള്ളത് അകാരത്തെ പറ്റിയാണലോ. ജനനമാത്ര മുതൽ കുറേക്കാലത്തേക്ക് കുട്ടികളുടെ[ 135 ] പ്രാണസ്പന്ദനം വളരെ വേഗത്തിലായിരിക്കും. പ്രായം കൂടിയവർക്കുപോലും വിളിക്കുകയോ, ചിരിക്കുകയോ, നിലവിളിക്കുകയോ വല്ലതും ചെയ്യേണ്ടതായി വരുമ്പോൾ ശ്വാസബലം എവിടെവരെ നില്ക്കുന്നുവോ അതിനപ്പുറം ആയതിനെ നീട്ടിക്കൊണ്ടുപോകാൻ സാധിക്കയില്ലെന്നു മാത്രമല്ല അവസാനത്തിൽ അസ്പഷ്ടമായ ഒരു സംവൃതസ്വരരൂപത്തിൽ അതിനെ നിറുത്തുകയും ചെയ്യുന്നു. പ്രാണബലം ശരിയായി സിദ്ധിച്ചിട്ടില്ലാത്ത കുട്ടികളുടെ കഥയോ പറയാനില്ലല്ലോ. അപ്പോൾ, ഓരോരോ കരച്ചിലും ശ്വാസത്തിനു വിച്ഛദേം വരുന്ന ഇടങ്ങളിൽ മാത്രതോറും മുറിഞ്ഞ് അസ്പഷ്ടമായ ഒരു സമ്മിശ്രാവസ്ഥയിൽ പരിണമിക്കുന്നതായി സൂക്ഷിച്ചുനോക്കിയാൽ, നമുക്കറിയാവുന്നതാണ്. പാണിനിമഹർ‌ഷി വിവൃതമെന്നും, സംവൃതമെന്നും ഉള്ള രണ്ടു ഭേദങ്ങളെ അകാരത്തിനു നിർദ്ദേശിച്ചിട്ടുണ്ട്. ശ്വാസബലത്തെ ഉള്ളടക്കം ചെയ്യാതെ ഹ്രസ്വദീർഘപ്ലുതഭേദങ്ങളെ ശരിയായി വെളിയിൽ കാണിച്ച് സ്വതന്ത്രമായി സ്വരങ്ങളെ ഉച്ചരിക്കുന്നതിന് വിവൃതമെന്നും, അവസാനമാത്രയെ ശ്വാസശക്തിയുപയോഗിച്ച് വെളിക്കു സ്പഷ്ടമായ വിധത്തിൽ വിടാതെ ഉള്ളടക്കമാക്കി അമർത്തുന്നതിന് സംവൃതമെന്നും പറയുന്നു. അതായത്, വിവൃതത്തിന് പ്രാണവായുവിന്റെ ശരിയായ ഉദീരണം ആവശ്യമാണ്. സംവൃതത്തിന് പ്രാണശക്തിയെ അല്പം ഉപയോഗപ്പെടുത്തിയാൽ മതിയാകും. ഇതാണ് വിവൃതസംവൃതങ്ങൾക്കു കാണപ്പെടുന്ന ഭേദം. സംവൃതമായ അകാരം ഉച്ചാരണത്തിൽ വരുമ്പോൾ ‘അ’ എന്നു മാത്രമേ കേൾക്കാൻ കഴിയൂ. കുട്ടികളുടെ കരച്ചിലിൽ ‘മ്+അ+അ’ എന്നിങ്ങനെ തുടരെത്തുടരെ കേട്ടുകൊണ്ടിരിക്കുമ്പോൾ ‘ങ്+എ’ എന്നാണെന്ന് ശരിയായി ശ്രദ്ധിച്ചു നോക്കാത്തവർക്കു പ്രഥമമാത്രയിൽ തോന്നുന്നതിൽ അത്ഭുതം തോന്നാനില്ല അകാരത്തോട് അതായത് സ്പഷ്ടമായ അകാരത്തോട് ഏറ്റവും അടുത്തതും ‘ഇ, [ 136 ]ഉ’ എന്ന ഇവയുടെ ഓരോന്നിന്റെയും ഓരോ അംശങ്ങളാണെന്നുള്ള തെറ്റിദ്ധാരണ സൂക്ഷ്മാലോകികളല്ലാത്തവർക്കു വരാനിടയുള്ളതുമായ ഒരു അസ്പഷ്ടസ്വരമാണ് കുട്ടികളുടെ രോദനത്തിൽ നിന്നും നമുക്കനുഭവപ്പെടുന്നത്. കുട്ടികളുടെ കരച്ചിലിൽനിന്നും നമുക്കാദ്യമായിട്ടുണ്ടായ സ്വരം കണ്ടുപിടിക്കേണ്ടതായിരിക്കയാൽ ‘ങ് എ’ എന്നു ശ്രവണ മാത്രയിൽ തോന്നുന്നതായ ഒരു സ്വരമുണ്ടാകുന്നു വെന്നും, അതിനെ ഒന്നുകൂടി ശ്രദ്ധിച്ചു പര്യാലോചിച്ചുനോക്കുമ്പോൾ ‘മ്+അ’ ഇവ രണ്ടും കൂട്ടിച്ചേർന്ന ഒരു വിധത്തിലാണ് കലശിക്കുന്നതെന്നും അതിന്റെ ശരിയായ രൂപം ‘മ്‘ മാറ്റിയാൽ ‘അ’ എന്നാണെന്നും മനസ്സിലാക്കാൻ കഴിയും. എന്നാൽ ഇവിടെയും ഒരു ശങ്ക അങ്കുരിക്കുവാൻ ഇടയുണ്ട്. കേൾക്കാൻ കഴിവുള്ള വിധത്തിലല്ലാതെ ശ്രവിച്ച് വിമർശനം ചെയ്ത് വേറെ ഒരു രൂപത്തിൽ (കേൾക്കുന്ന വിധത്തിലല്ലാതെ)അതിനെ വ്യവസ്ഥാപിക്കേണ്ട ആവശ്യമില്ല അതുകൊണ്ട് ‘ങ് എ’ (ങ് അ) എന്നാണ് കേൾക്കുന്നതെങ്കിൽ അപ്രകാരം ശബ്ദോല്പത്തിയെ നിർണ്ണയിക്കേണ്ടതാണ്, എന്നാണെങ്കിൽ സമാധാനം.

സാധാരണയായി, കരച്ചിലിന്റെ അനുകരണസ്വരം അകാരമാണെന്ന് നമുക്ക് അനുഭവപ്പെട്ടിട്ടുള്ളതാണ്. ‘ആഹാ’ ‘ഹന്ത’ ‘ആ’ ‘അഹഹ’ ‘ബത’ എന്നിങ്ങനെയുള്ള സംസ്കൃത ശബ്ദങ്ങളാലും (മലയാളത്തിലും ഇവയിൽ ചിലതിനെ ഖേദാനുകരണത്തിനു നാം ഉപയോഗപ്പെടുത്തുന്നു). ആആ, അയ്യോ എന്നിങ്ങനെ നിലവിളിക്കാറുള്ളത് നമുക്ക് നിത്യാനുഭവമാകയാലും സന്താപാവസ്ഥയിൽ ഉള്ളിൽ തങ്ങി നില്ക്കുന്ന ബാ‌ഷ്പത്തിന്റെ ബഹിർഭാഗത്തിലേക്കുള്ള നിസ്സരണത്തിന് ‘ആ’ എന്നുള്ള നീട്ടിവിളി അത്യന്തം സകൗര്യപ്രദമാകയാലും രോദനസ്വരം സാധാരണമായിട്ട് ‘അ’ ‘ആ’ ഇവയാണെന്ന്[ 137 ] മനസ്സിലാക്കാവുന്നതാണ് എന്നാൽ കുട്ടികൾ നിലവിളിക്കുമ്പോൾ ശബ്ദോല്പത്തിസ്ഥാനത്തിനും പ്രാണവായുവിനും ദാർഡ്യമിലായ്കയാൽ ഏതാണ്ട് അസ്പഷ്ടമായി ‘ങ്‘ ‘അ’ ‘മ്‘ എന്നൊക്കെ തോന്നത്തക്കവിധത്തിലായിത്തീരുന്നു എന്നിരുന്നാലും അതും നിലവിളിക്കുകയാണെന്ന കാര്യം തീർച്ചതന്നെയാണ് എന്തുകൊണ്ടെന്നാൽ, ശരിയായ സങ്കടത്തെ അത് അനുഭവിക്കുന്നുണ്ടെന്നുള്ളതിന്റെ ലക്ഷ്യമായി കണ്ണു നീരൊഴുക്കി കരയുന്ന അവസരത്തിലും രോദനസ്വരൂപം ഇതുതന്നെയായിട്ടാണു കാണുന്നത്. പല്ലു വേദന, ഊനുവീക്കം, തൊണ്ടയ്ക്കു നീർക്കെട്ട്, നാക്കിനു പഴുപ്പ് ഈ രോഗങ്ങളുള്ളവർക്കും കൊഞ്ഞ (ഭാ‌ഷയിൽ പറയുന്ന ഒരു വക അസ്പഷ്ട ശബ്ദപ്രവർത്തനം) യുള്ളവരും, ഏതെങ്കിലും ഒരു വാക്കുപറയുമ്പോൾ അവർക്ക് ഏത് സ്ഥാനങ്ങളിൽ അസ്വാതന്ത്യ്രം നേരിട്ടിരിക്കുന്നുവോ ആ സ്ഥാനത്തുനിന്നും തട്ടി വരേണ്ടതായ അക്ഷരത്തിന് സ്പഷ്ടപ്രതീതിയുണ്ടായിരിക്കുകയില്ല എന്നുള്ളത് നമുക്ക് അനുഭവാസിദ്ധമാണല്ലോ. എന്നാൽ അവരിൽ നിന്നും വരുന്ന അക്ഷരങ്ങളെ ശരിയായി ഉച്ചരിച്ചാൽ ഉണ്ടാകാവുന്ന ശുദ്ധിയോടും അർത്ഥബോധത്തോടും കൂടിയാണ് നാം ഗ്രഹിക്കാറുള്ളത്. വല്ല അസ്വാതന്ത്യ്രങ്ങളാലും ശബ്ദപ്രവർത്തനത്തിനു വൈരൂപ്യം നേരിട്ടിരുന്നാൽ യഥാർത്ഥബോധവി‌ഷയത്തിൽ അതിന്റെ ഒരു ശുദ്ധിപത്രവും നമ്മിൽ തന്നെ സ്ഥിതിചെയ്തു പോരുന്നുണ്ട്. ആ രീതിയ്ക്കു നോക്കുമ്പോൾ അകാരം രോദനരൂപമായിരിക്കെ യാതൊരു ശബ്ദങ്ങളെയും സ്ഥാനനിർണ്ണയം ചെയ്തു പുറപ്പെടുവിക്കുന്നതിനുള്ള തന്റേടമോ സ്ഥാനദാർടന്മ്യമോ എന്നു വേണ്ട, തന്നിൽ നിന്നു ഏതെങ്കിലും ഒരു ശബ്ദം പുറപ്പെടുന്നുവെന്ന ബോധം പോലുമോ ഇല്ലാതെ ഒരു കുട്ടിയിൽ നിന്നും താനറിയാതെ ചോർന്നു വരുന്ന ഒരു ശബ്ദത്തിന് അല്പം അന്യഥാ പ്രതീതി [ 138 ] ശ്രവണമാത്രത്തിൽ ഉണ്ടാകുന്നു എന്നുവച്ച് നമുക്കു കുറ്റം പറവാനോ രോദനരൂപം അകാരമല്ലെന്നോ ആയതു ആ കുട്ടിയിൽ നിന്നും വിനിർഗമിക്കില്ലെന്നോ അപലപിക്കാനോ ന്യായം കാണുന്നില്ല അകാരം രോദനത്തിനുള്ള ഒരു ലക്ഷ്യസ്വരമായി കൈക്കൊള്ളുന്നിടത്തോളം കാലം, ഒരു കുട്ടി ജനിച്ചാലുടൻ കരയുകതന്നെയാണ് ചെയ്യുന്നതെന്ന് വിചാരിക്കുന്നിടത്തോളം കാലം, അതിന്റെ ആദ്യമായ ഉച്ചാരണസ്വരം അകാരമല്ലെന്നു നിർണ്ണയിക്കുന്നതിനു യാതൊരു വഴിയും കാണുന്നില്ല. എന്നു തന്നെയുമല്ല, സച്ചിദാനന്ദസ്വരൂപനായി, ത്രിഗുണാതീതനായിരിക്കുന്ന ഭഗവാന്റെ അഭിധേയതയെ ധരിക്കുന്നതും, സർവാധാരഭൂതവും അനിർവ്വചനീവും ആദിവേദവുമായ ‘ഓം’കാരത്തിന്റെ പിരിവിൽ ആദിബീജമായി പ്രശോഭിച്ചു നില്ക്കുന്ന ആ ‘അ’ എന്ന അക്ഷരം ഒന്നുമാത്രമലാതെ കൃത്രിമപ്രബോധനങ്ങൾ ഒന്നും വന്നു കടന്നുകൂടായ്കയാൽ അലയടങ്ങിയ സമുദ്രംപോലെ നിർമ്മലമായ ബാലഹൃദയത്തിൽ നിന്ന് ആദ്യമായി വേറെ ഏതൊരു സ്വരമാണ് ഉണ്ടാകാൻ മാർഗ്ഗമുള്ളത്? അകാരത്തിന്റെ മഹിമ എത്രമാത്രമുണ്ടെന്നുള്ളത് താഴെക്കാണിക്കുന്ന പ്രമാണങ്ങളാൽ ബോധ്യപ്പെടുന്നതാണ്.

‘അക്ഷരാണാമകാരോസ്മി’ [2]

അകാരസ്സർവ്വഭൂതത്വം ഇത്യാദി വേറെയും.

പാണിനീയത്തിലെ ‘ഹയവരട്’, ‘ലണ്’ [3] എന്നിത്യാദിസൂത്രങ്ങളിൽ ‘ഹ’ ‘യ’ ‘വ്‘ ‘ര്‘ എന്നിങ്ങനെ അപൂർണ്ണങ്ങളായി നില്ക്കുന്ന വ്യഞ്ജനങ്ങൾക്ക് അകാരം ചേർത്ത് പൂർണ്ണത്വം വരുത്തിയിരിക്കുന്നു. [ 139 ]

‘ഹകാരാദി‌ഷ്വകാര ഉച്ചാരണാർത്ഥഃ’ എന്നു വൃത്തികാരനും നപുനരന്തരേണാചാ വ്യഞ്ജനസ്യോചാരണമപി ഭവതി’ [4] എന്നു മഹാഭാ‌ഷ്യകാരനും പറഞ്ഞിരിക്കുന്നതു നോക്കുക. ‘ഇ’ ‘ഉ’ എന്ന സ്വരങ്ങളെ ആ സ്ഥാനത്തുള്ള വ്യഞ്ജനപൂർത്തിക്കുവേണ്ടി ഉൾപ്പെടുത്താതെ അകാരത്തെത്തന്നെ എല്ലായിടത്തും ഒരുപോലെ ചേർത്തിരിക്കുന്നതുതന്നെ അതിന്റെ സർവ്വാദിമത്വത്തെ സൂചിപ്പിക്കുന്നുണ്ടല്ലോ.

‘അ’ കഴികെ ഓഷ്ട്യങ്ങളിൽ ഒന്നാണ് ഉണ്ടാകാനെളുപ്പമെന്ന് ഈ പ്രകൃതം കൊണ്ടു വ്യക്തമാകുന്നു. അപ്പോൾ ‘അ’ ‘ഇ’ എന്നു മുറയ്ക്കുണ്ടായതായി മുമ്പു വ്യവസ്ഥാപിച്ചത് എങ്ങനെ ഘടിക്കും എന്നൊരു സന്ദേഹം തോന്നാം. സ്വരോല്പത്തിയെ നിരൂപിച്ചപ്പോൾ സ്വീകരിച്ച മുറ പരി‌ഷ്കൃത സമ്പ്രദായമനുസരിച്ചാണ്. പ്രകൃതി പ്രസവിക്കുന്നത് ഇപ്പോൾ പറഞ്ഞ ക്രമത്തിൽ തന്നെ. ഹിന്ദുസ്ഥാനി, അറബ്, ലാറ്റിൻ, ഹീബ്രു, ഇംഗ്ലീഷ് മുതലായ ഭാ‌ഷകളിലെ അക്ഷരമുറ നോക്കുക.

അലീഫ്, ബ, പേ, തേ, ടേ

അലീഫ്, ബ, ത

അൽഫ, ബീറ്റ

ഏ, ബി

ഇങ്ങനെ അക്ഷരപ്രതിനിധികളായ അക്ഷരങ്ങൾക്ക് ‘അലീഫ്‘, ‘ഏ’ മുതലായതിന് നേരെ അടുത്തു ‘ബ’ എന്ന ഓഷ്ട്യം തന്നെ വന്നിരിക്കുന്നു. ഉത്ഭവക്രമമനുസരിച്ച് അടുക്കിയിരിക്കുന്ന അക്ഷരങ്ങളെ കാലം ചെന്നശേ‌ഷം പ്രഭവസ്ഥാന[ 140 ] മുറയ്ക്കു ചേർത്ത് പരി‌ഷ്കരിച്ചതുകൊണ്ടാണ് എല്ലാ ഭാ‌ഷകളിലും വിശി‌ഷ്യ തമിഴ്, സംസ്കൃതം മുതലായ വിപുലഭാ‌ഷകളിൽ, അക്ഷരഘടന ഇത്രയ്ക്കു വ്യത്യസ്തരീതിയെ അവലംബിക്കുന്നത്. ഈ പരി‌ഷ്കൃതമുറയെ ആസ്പദമാക്കിയാകുന്നു മേൽ സ്വരനിരൂപണം ചെയ്തിട്ടുള്ളത്.

‘അ’ ‘ക’ ‘ങ’ എന്നു തുടങ്ങി സാക്ഷാൽ പ്രകൃതിതാലോലിച്ചു വളർക്കുന്ന അക്ഷരങ്ങളും അമ്മ, അപ്പ മുതലായ മൃദുപദങ്ങളും ഇന്നേതു ഭാ‌ഷയുടെ വകയായിരിക്കുന്നു, ആ ഭാ‌ഷ അഥവ അതിന്റെ പ്രാകൃതരൂപം ആയിരിക്കണം ആദിമാതൃഭാ‌ഷ; അല്ലാതെ കൃത്രിമാക്ഷരങ്ങൾ ധാരാളം ഉൾപ്പെട്ടുകാണുന്ന ഇതരഭാ‌ഷകൾ ഒന്നും ഒരിക്കലും ആദിഭാ‌ഷയാകാനിടയില്ല. ഈ വിധമുള്ള അനുമാനസരണിയിലൂടെ നമ്മുടെ വിചാരധാരയെ നയിക്കുമ്പോൾ എല്ലാ വാങ്മയശാഖികളുടേയും മുതൽമുരട് മൂലദ്രാവിഡമാണെന്നു കാണാം. [ 141 ]


ഉള്ളടക്കം[തിരുത്തുക]

  1. മാഹേശ്വരസൂത്രങ്ങൾ എന്നറിയപ്പെടുന്ന പതിനാലു പ്രത്യാഹാരസൂത്രങ്ങളിൽ ഒന്നാമത്തേത്.
  2. ഭഗവദ്ഗീത 10.33. അക്ഷരങ്ങളിൽ ഞാൻ അകാരമാണ് എന്നർത്ഥം.
  3. മാഹേശ്വരസൂത്രം 5, 6
  4. ഹകാരം തുടങ്ങിയവയിൽ അകാരം ഉചരിക്കാനുള്ള സകൗര്യത്തിനുവേണ്ടി ചേർത്തിരിക്കുന്നു എന്നർത്ഥം