ആദിഭാഷ/വചനനിരൂപണം
←ലിംഗനിരൂപണം | ആദിഭാഷ രചന: വചനനിരൂപണം |
വിഭക്തിനിരൂപണം→ |
ആദിഭാഷ |
---|
ഉള്ളടക്കം[തിരുത്തുക]
|
വചനനിരൂപണം
[തിരുത്തുക]ഇനി വചനത്തെകുറിച്ചു ചിന്തിക്കുന്നു. സംസ്കൃതത്തിൽ ഏകവചനം, ദ്വിവചനം, ബഹുവചനം, എന്നു മൂന്നു വചനങ്ങളുണ്ട്. ഉദാഹരണം - രാമഃ, രാമൗ, രാമാഃ ഒരർത്ഥത്തെ കാണിക്കുന്നതു ഏകവചനം. രണ്ടിനെകുറിക്കുന്നതു ദ്വിവചനം, മൂന്നു മുതൽ മേൽപ്പോട്ടുള്ള എല്ലാ സംഖ്യകളെയും കുറിക്കുന്നതു ബഹുവചനം. തമിഴിൽ അൻ, ആൻ, മൻ, മാൻ മുതലായവ പുല്ലിംഗപ്രത്യയങ്ങളും അൾ, ആൾ, ഇ മുതലായവ സ്ത്രീലിംഗപ്രത്യയങ്ങളും അർ, മാർകൾ മുതലായവ സാമാന്യ ലിംഗപ്രത്യയങ്ങളും തു, അൽ മുതലായവ അനേകലിംഗ പ്രത്യയങ്ങളും ആകുന്നു. മുറപ്രകാരം ഉദാഹരണം നോക്കുക.
കുഴൈയൻ, കുഴൈയാൻ, വടമൻ, കോമൻ,
കുഴൈയൾ, കുഴൈയാൾ, പോന്തി
കുഴൈയർ, കുഴൈയാർ, തേവിമാർ, തേവികൾ
അതു തോന്റൽ, അതുകൾ, അവൈ മുതലായവ.
തമിഴിൽ ഉള്ള ഉയിർ തിണൈ, അറിണൈ എന്ന രണ്ടു പിരിവുകൾ സംസ്കൃതത്തിൽ ഇല്ലാത്തതിനു തമിഴിൽ പിൻ കാലത്തിൽ യുക്ത്യസരണമായി ഏർപ്പെടുത്തിയിരിക്കാമെന്നാണെങ്കിൽ അതു ശരിയാകയില്ല. എന്തെന്നാൽ പുല്ലിംഗം, സ്ത്രീലിംഗം, രണ്ടുമല്ലാത്തത് എന്ന വിഭാഗമേ മതിയായിട്ടുള്ളതും യുക്തിക്കു ചേർന്നതുമായിട്ടിരിക്കെ ഉയിർ തിണൈ, അറിണൈ എന്ന വിഭാഗമെന്തിനു? മേലും ഉയിർത്തിണ്ണൈ, അറിണ്ണൈ ഈ പിരിവ് ഏതിനെ തുടർന്ന് വന്നത്? അറിവിനെ അനുസരിച്ചാണങ്കിൽ തീരെ അറിവില്ലാത്ത മരം, കല്ല്, മണ്ണ് മുതലായവയും കുറെ അറിവുള്ളവയായ മൃഗാദികളും
അറിണൈ എന്ന ഒരു വകുപ്പായതെങ്ങിനെ? അറിണൈയിൽ ഏകലിംഗം,അനേകലിംഗം എന്നു രണ്ടു വിധമായി വിഭാഗിച്ചിരിക്കുന്നതുപോലെ ഉയിർതിണൈയിലും ഏകലിംഗം, അനേകലിംഗം എന്നു രണ്ടു പിരിവ് ഇല്ലാത്തതെന്ത്? പുല്ലിംഗം, സ്ത്രീലിംഗം എന്ന പിരിവുകളിൽ ഏകലിംഗം ഉൾപ്പെട്ടുപോയി എന്നാണെങ്കിൽ അനേകലിംഗം. പുല്ലിംഗം, സ്ത്രീലിംഗം ഇവയിൽ ഉൾപ്പെടാതെ നിൽക്കുന്നതോ? ഏകലിംഗം പുല്ലിംഗം, സ്ത്രീലിംഗം ഇവയിൽ കാണുമെങ്കിൽ അനേകലിംഗവും പുല്ലിംഗസ്ത്രീലിംഗങ്ങളിൽ കാണുക തന്നെ ചെയ്യും. ഉദാഹരണം മൈന്താൻ എന്നു പറയുമ്പോൾ ‘അൻ’ എന്ന പ്രത്യയം ചേർന്ന് ഒരാളിനെ കുറിക്കുന്നു.മൈന്തർ എന്ന ശബ്ദം ‘അർ’ എന്ന പ്രത്യയം ചേരുമ്പോൾ പലരെ കുറിയ്ക്കുന്നു. ഇങ്ങിനെ രണ്ടുവിധമായ ശബ്ദങ്ങൾ ഓരോ മാതിരിയായി പുല്ലിംഗത്തെ കാട്ടുന്നതോടു കൂടി ഏകത്വം, ബഹുത്വം എന്ന അർത്ഥങ്ങളേയും പ്രത്യേകമായി കാട്ടികൊണ്ടിരിക്കെ ഒന്നു പുല്ലിംഗ ശബ്ദമെന്നും മറ്റൊന്നു അനേകലിംഗശബ്ദമെന്നും വിഭാഗിച്ചിരിക്കുന്നതു യുക്തിക്കു അല്പമെങ്കിലും യോജിക്കുന്നതല്ല. അനേകലിംഗം എന്നതിനെ പകുത്താൽ അതല്ലാത്തത് ഏകലിംഗമെന്നും സ്വയമേ സിദ്ധിക്കും എന്നാണങ്കിൽ പുല്ലിംഗം, സ്ത്രീലിംഗം എന്നു വിഭാഗിച്ചാൽ രണ്ടുമല്ലാത്ത മറ്റോന്നു സിദ്ധിക്കും. ആകയാൽ അനേകലിംഗശബ്ദം പുല്ലിംഗ സ്ത്രീലിംഗങ്ങൾ അല്ലതായിപ്പോകുമല്ലോ. മേലും, അനേക ലിംഗം മറ്റു രണ്ടുലിംഗങ്ങളിലും ഉള്ളതാകയാൽ ഏതാണു അനേകലിംഗശബ്ദമെന്നു ചോദ്യമുണ്ടായാൽ ഉത്തരം പറയുന്നതെങ്ങിനെ? സ്ത്രീത്വവിവക്ഷയിലെ അനേകലിംഗമെന്നാകട്ടെ പുരുഷത്വവിവിയക്ഷയിലെ അനേകലിംഗമെന്നാകട്ടെ പറയാമെന്നാൽ ഉയിർത്തിണൈയിൽ തന്നെ പുല്ലിംഗത്തിലുള്ള ഉയിർതിണൈ സ്ത്രീലിംഗത്തിലുള്ള ഉയിർത്തിണൈ എന്നു രണ്ടു വകയുണ്ട്. ഈ രണ്ടിലും ഏകാർത്ഥലിംഗം അനേകാർത്ഥലിംഗം എന്നു രണ്ടു വകയും ഉൾപ്പെടുത്തി നാലു വിഭാഗങ്ങൾ ഉണ്ടെന്നു വന്നുകൂടും.മേലും, മൈന്തർ, നൈങ്കയർ എന്നു പറയുന്നിടത്തു പുല്ലിംഗം, സ്ത്രീലിംഗമെന്നറിയാതെ അനേകലിംഗം എന്നുമാത്രം അറിഞ്ഞാൽ മതിയെന്നാണങ്കിൽ മൈന്തർ, നങ്കൈ, ഇങ്ങിനെ പറയുമ്പോൾ പുല്ലിംഗ സ്ത്രീലിംഗങ്ങളെ അറിയാതെ ഏകലിംഗമെന്നു മാത്രം അറിഞ്ഞാൽ പോരാത്തതെന്ത്? ഇങ്ങിനെ വരുമ്പോൾ ഉയിർത്തിണൈ എന്ന രണ്ടു വകയും ഏകാർത്ഥലിംഗം, അനേകാർത്ഥലിംഗം എന്നു വിഭാഗിച്ചാൽ വ്യാകരണാചാര്യന്മാർക്ക് എളുപ്പമായിരിക്കും.
മേലും ഒന്ന്, പലത് എന്നവ സംഖ്യാവിഭക്തികളേയും ആൺ, പെൺ എന്നത് ജാതിവിഭക്തികളെയും കാട്ടുന്നവയാകയാൽ ആ രണ്ടു വകയ്ക്കും ലിംഗമെന്ന ഒരു നാമം തന്നെ കൊടുത്തു ഒരു വകയായിട്ടു വ്യവസ്ഥാപിക്കുന്നതെങ്ങനെ?
സംസ്കൃതത്തിൽ ഈ രണ്ടു വകയ്ക്കും ലിംഗം, വചനം എന്നു വേറെ സംഞ്ജകൾ കൊടുത്തു പ്രത്യേകമായിട്ടും ചേർത്തിരിക്കുന്നു. ആകയാൽ തമിഴിന്റെ ഇപ്രകാരമുള്ള ലിംഗവിഭാഗങ്ങൾ സംസ്കൃതത്തിനോടു സംബന്ധമില്ലെന്നുള്ളതിനേയും പ്രാചീനത്വത്തെയും കാണിക്കുന്നു. തമിഴിൽ മൃഗം, പക്ഷി, മുതലായവയ്ക്കു പുല്ലിംഗം, സ്ത്രീലിംഗം എന്ന വിഭാഗം ഇല്ലാതിരിക്കുന്നതും സംസ്കൃതത്തോടു തീരെ അടുപ്പമില്ലന്നുള്ളതിനെ കാണിക്കുന്നു. കൂടാതെ തമിഴിൽ മുൻ കാണിച്ച പ്രകാരം അൻ, ആൻ, അൾ, ആൾ എന്ന പ്രത്യയങ്ങൾ സംസ്കൃതത്തിലുള്ള ഃ, ആഃ, ഈഃ, ഈ പ്രത്യയങ്ങളോടു
സംബന്ധമില്ലാതിരിക്കുന്നു. എന്തെന്നാൽ ഇ എന്ന പ്രത്യയം കൂനി, കുഴൈക്കാതി, മണ്ണകത്തി, പുറത്തി മുതലായ ശബ്ദങ്ങളിൽ കാണപ്പെടുന്നു എന്നും ഇതു സംസ്കൃതം തമിഴിൽ കലർന്നതിൽ പിന്നീട് വന്നുചേർന്നതായിരിക്കണം എന്നു ഉന്നേയമായിരിക്കുന്നു.മേലും കുനി മുതലായ ശബ്ദങ്ങൾ കൂനൾ, കുഴൈക്കാതൾ എന്ന വിധം അൾ, ആൾ പ്രത്യയങ്ങൾ വചും കാണപ്പെടുന്നു. സംസ്കൃതത്തിൽ നിന്നും വന്ന മാനുഷി, ശങ്കരി, ദേവി, കുമാരി, കിന്നരി ശബ്ദങ്ങൾ ഇ എന്ന പ്രത്യയത്തോടുകൂടി മാത്രം ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടാണ് മാനുഷി, ശങ്കരി, ദേവി മുതലായ സംസ്കൃതശബ്ദങ്ങളിലുള്ള ഈ എന്ന പ്രത്യയം തമിഴിൽ ഹ്രസ്വമായാതു തന്നെ. ആകയാൽ തമിഴിൽ കാണപ്പെടുന്ന ‘ഇ’ എന്ന പ്രത്യയം ആദ്യകാലത്തു തന്നെ തമിഴിൽ സ്വയമായി ഉള്ളതെന്നു പറയാൻ പാടില്ല. സംസ്കൃതത്തിൽ വിശേഷണങ്ങൾ (പേരചങ്ങൾ ) എലാം വിശേഷ്യത്തിന്റെ ലിംഗവചനങ്ങളെഅനുസരിച്ചേ ഇരിക്കയുള്ളു.
ഉദാഹരണം - സുന്ദരഃ പുരുഷഃ, സുന്ദരീ സ്ത്രീ, സുന്ദരം ഗൃഹം. ഇവിടെ സുന്ദര എന്ന പേരച്ചം പുരുഷൻ, സ്ത്രീ, ഗൃഹം എന്ന വിശേഷ്യങ്ങളിൽ ലിംഗവചനങ്ങളെ ആശ്രയിച്ചു തന്നെ ഇരിക്കുന്നു.
തമിഴിൽ പേരച്ചങ്ങൾക്കു ലിംഗവചനങ്ങൾ ഇല്ല. ഉദാഹരണം - അഴകിയ മനുഷ്യൻ, അഴകുള്ള പെണ്ണ്, അഴകുള്ള വീട് ഇങ്ങനെയാണ്.
സംസ്കൃതത്തിൽ ഏകവചനം, ദ്വിവചനം, ബഹുവചനം ഇങ്ങിനെ മൂന്നു വചനങ്ങൾ ഉണ്ട്. തമിഴിൽ ഏകവചനം, ബഹുവചനം എന്നു രണ്ടു വചനങ്ങൾ മാത്രമേ ഉള്ളു. സംസ്കൃതത്തിനു മുമ്പ് രണ്ടു വചനങ്ങൾ മാത്രം ഇരുന്നു;
പിൽക്കാലത്തിൽ മൂന്നു വചനങ്ങൾ ഏർപ്പെട്ടിട്ടുള്ളതായിരിക്കണം എന്നു നിശ്ശയം. ദമ്പതിമാർ ചേർന്ന് കർമ്മാനുഷ്ഠാനങ്ങൾ ചെയ്യുന്നത് രണ്ടു പേരേയും കാത്തനുഗ്രഹിക്കുമെന്നുള്ള ഏർപ്പാട് ഉണ്ടായതിന്റെ ശേഷം രണ്ട് പേരും കർമ്മങ്ങളുടെ ആരംഭത്തിനടുത്ത മുമ്പുസമയത്ത് സങ്കൽപ്പം ചെയ്യുന്നതിലും അവസാനകാലത്തു മഹാന്മാരുടെ അടുത്തുനിന്നും ആശീർവ്വാദം സ്വീകരിക്കുന്നതിലും അതിവ്യാപ്തി, അവ്യാപ്തി എന്ന ദോഷങ്ങൾകൂടാതെ അതിന്റെഫലങ്ങൾ മുഴുവനും രണ്ടു പേർക്കും മാത്രം ശരിയായി ഗ്രഹിക്കണമെന്നുള്ള സകൗര്യത്തിനു വേണ്ടി ദ്വിവചനം ഉണ്ടായിട്ടുള്ളതന്നു ഊഹിച്ചറിയണം. അല്ലെങ്കിൽ മൂന്നു മുതൽ എത്രയും കുറിക്കുന്നതിനു ബഹുവചനം മതിയെങ്കിൽ രണ്ടിനെ കുറിക്കുന്നത് ബഹുവചനം എന്തുകൊണ്ട് മതിയാകയില്ല?മേലും ആദികാലം മുതൽക്കു തന്നെ മൂന്നു വചനങ്ങൾ ഏർപ്പെട്ടിരുന്നപ്പോഴും പിന്നെയും പിന്നെയും കൂടെക്കൂടെ യോജിച്ചു മാറ്റങ്ങൾ ചെയ്തുവന്ന സംസ്കൃതികൾ1 പിൽകാലങ്ങളിൽ മറ്റു ഭാഷകളെക്കണ്ട് ദ്വിവചനം ആവശ്യമില്ലന്നു തള്ളീക്കളയുമായിരുന്നു.
തമിഴിൽ മകിഴ്ച്ചി, ഉയിർവ്വ് മുതലായ അർത്ഥങ്ങളെ കുറിക്കുന്നതിനു ലിംഗവചനവ്യത്യസങ്ങൾ ഉണ്ട് (നന്നൂൽ, പൊതുവിയൽ, 379 സൂ). ഉദാഹരണം ‘തൻപുതൽവനൈ എന്നമ്മൈ വന്താൾ’ എന്നു സന്തോഷിച്ചു പറയുന്നതിൽ പുല്ലിംഗം സ്ത്രീലിംഗമായിപ്പോയി. എന്നാൽ ഈ സൂത്രത്തിൽ പറയപ്പെട്ട ലിംഗവ്യത്യാസം എന്നതു അലങ്കാരമായി [1] . വചനവ്യത്യാസം മാത്രം ഈ ഭാഷയ്ക്കു ചേർന്നതായിരിക്കുന്നു. ഉദാഹരണം ഒരുവനെ പുകഴ്ത്തി പറയുന്നതിൽ ‘അവരു വന്താർ’ എന്ന ഏകവചനത്തെ ബഹുവചനമാക്കി പ്രയോഗിക്കുന്നു. ‘ഏനൈതുണൈയാരായിനും എന്നാന് നിനൈത്തുണൈയുന്തേരാൻ പിറനിൽ പുകൽ’ എന്ന സ്ഥലത്തു കോപത്താൽ ബഹുവചനം ഏകവചനം ആയിപ്പോയി സംസ്കൃതത്തിൽ ഈ വിധം വ്യത്യാസമില്ല. ബഹുമതിയെ കാട്ടുന്നതിനു ഈ കാലത്ത് സംസ്കൃതവിദ്വാന്മാർ തമിഴ് ഭാഷ മുതലായ ഭാഷകളെ അനുസരിച്ചുവരുന്നു എങ്കിലും മുങ്കാലത്ത് അങ്ങിനെയില്ല.
ഏർപ്പെട്ടതത്രസംസ്കൃതത്തിൽ ജാതിയെ കാട്ടുന്നതിനു ബ്രാഹ്മണൻ (ഉയർന്നവൻ)ബ്രാഹ്മണർ (ഉയർന്നവർ) എന്ന പ്രകാരം രണ്ടു വചനത്തേയും ഉപയോഗിച്ചുവരുന്നു. മേലും ഉത്തമപുരുഷവചനമായ അസ്മച്ഛബ്ദത്തെ(ഞാൻ എന്നതിനെ) ഏകവചനം, ദ്വിവചനം, ബഹുവചനം എന്ന മൂന്നർത്ഥങ്ങളിലും അഹം, ആവാം, വയം എന്നതിനു പകരമായി വയം എന്ന ബഹുവചനം സാധാരണമായി ഉപയോഗിക്കുന്നു.
ഇതു അന്യനേയും താനായിട്ടു ഭാവിക്കുന്നതിൽ ഏർപ്പെട്ടതാണ്. ഇനി ആപഃ (വെള്ളങ്ങൾ), ദാരഃ (ഭാര്യമാർ), പ്രാണാഃ (പ്രാണവായുക്കൾ), വർഷാഃ (വർഷങ്ങൾ, ഋതു) മുതലായ ഈ ശബ്ദങ്ങൾ വ്യാകരണമൂലമായിട്ടല്ലാതെയും, കോസലഃ, കുരവകാഃ, അംഗാഃ മുതലായ ദേശശബ്ദങ്ങൾ വ്യാകരണമൂലമായിട്ടും ഏകവചനത്തെ കാണിക്കുന്നതിനു എല്ലായ്പ്പോഴും ബഹുവചനമായിട്ട് മാത്രം വഴങ്ങിവരുന്നു. ‘അർ’ എന്ന ബഹുവചനപ്രത്യയത്തോട് ‘കൾ’ എന്ന ബഹുവചനപ്രത്യയം വച്ചും ബഹുവചനത്തെ
കാണിപ്പാൻ ഏർപ്പെടുത്തിവരുന്നു. സംസ്കൃതത്തിൽ ഒരു വചനപ്രത്യയത്തിന്റെ മേൽ മറ്റൊരു വചനപ്രത്യയത്തെ വയ്ക്കുന്നില്ല. സംസ്കൃതത്തിൽസ്ത്രീലിംഗപുല്ലിംഗങ്ങളിൽ ഏകവചനത്തെ കാട്ടുന്നതിനു തമിഴിലേപ്പോലെ ഭേദങ്ങളുണ്ടങ്കിലും ബഹുവചനത്തെ കാണിക്കുന്നതിനു അഃ (ജസ്) എന്ന പ്രത്യയം മാത്രം (പുല്ലിംഗസർവ്വനാമം ഒഴിച്ചു) ഉപയോഗപ്പെടുത്തുന്നു. പുല്ലിംഗം രാമാഃ(രാമ+അഃ=രാമാഃ), ഹരയഃ (ഹരയ്+അഃ=ഹരയ:), സ്ത്രീലിംഗം സ്ത്രീയഃ(സ്ത്രീയ്+അഃ=സ്ത്രീയഃ), ഗര്യൗഃ (ഗരൗയ്+അഃ=ഗര്യൗഃ). മറ്റുള്ളവയെ ക്രമേണ കണ്ടുകൊള്ളുക.തമിഴിൽ പുല്ലിംഗബഹുവചനത്തെ കാണിക്കുന്നതിനു അർ, ആർ, കൾ, മർ, മുതലായ പല പ്രത്യയങ്ങളും, സ്ത്രീലിംഗബഹുവചനത്തെ കാണിക്കുന്നതിനു അർ, ആർ കൾ, മാർ, മുതലായ പല പ്രത്യയങ്ങളുമുണ്ട്. ക്രമത്തിൽ ഉദാഹരണം കുഴൈയർ, കുഴൈയാർ, ആൺകൾ, വടമർ, മുതലായവയും, കോതൈയർ, കോതൈയാർ, പെൺകൾ, തേവിമാർ, മുതലായവയുമാകുന്നു. ഇനി സംസ്കൃതത്തിൽ നപുംസകലിംഗത്തിലും (അലിപ്പാലിലും) (അറിണൈ) ഇ എന്നതുമാത്രം ബഹുവചനപ്രത്യയമായിരിക്കുന്നു. ഉദാഹരണം (ജ്ഞാനാനി) ജ്ഞാനാൻ+ഇ=ജ്ഞാനാനി, (വാരിണി) വാരീണു+ഇ=വാരീണി, (മൃദുനി) മൃദുൻ+ഇ=മൃദുനി ഇത്യാദി. തമിഴിൽ അറിണൈയിൽ ബഹുവചനത്തെ കാണിക്കുന്നതിനു വൈ, കൾ, അവ് മുതലായ പല പ്രത്യയങ്ങളുണ്ട്. ഉദാഹരണം അവൈ, മരങ്കൾ, യാവൻ, അവ് മുതലായവ.
കുറിപ്പുകൾ
[തിരുത്തുക]- ↑ കോപം, നിന്ദ തുടങ്ങിയവയെ കുറിക്കുന്ന സന്ദർഭങ്ങളിൽ ലിംഗവചനാദികൾ മാറിയാലും കുഴപ്പമില്ലെന്ന് നന്നൂൽ 172-അാം സൂത്രത്തിൽ പറഞ്ഞിട്ടുണ്ട്.