ആദിഭാഷ/ലിംഗനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
ലിംഗനിരൂപണം
ആദിഭാഷ

ഉള്ളടക്കം[തിരുത്തുക]

 1. പ്രാരംഭം
 2. അക്ഷരനിരൂപണം
 3. സന്ധിനിരൂപണം
 4. പദവ്യവസ്ഥാനിരൂപണം
 5. ലിംഗനിരൂപണം
 6. വചനനിരൂപണം
 7. വിഭക്തിനിരൂപണം
 8. ധാതുനിരൂപണം
 9. തമിഴ് സംസ്കൃതാദി താരതമ്യം
 10. ആദിഭാ‌ഷ


ലിംഗനിരൂപണം
[തിരുത്തുക]

ഇനി ലിംഗവ്യവസ്ഥയെ സംബന്ധിച്ചു കൂടി കുറഞ്ഞൊന്നു നിരൂപിക്കാം. ഇതിനു തമിഴിൽ പാൽ (പ്രകരണം) എന്നു പറയും. ‘ലിംഗ്യതേ ജ്ഞായതേ അനേന ഇതി ലിംഗം’ [1] ഇതിൽ നിന്നു ആൺ, പെൺ, ഈ രണ്ടുമല്ലാത്തത് എന്ന രൂപം അറിയപ്പെടുന്നതു ലിംഗം എന്നു കിട്ടുന്നല്ലോ.

സ്ത്രീപുരു‌ഷനപുംസകങ്ങളെ കാട്ടുന്ന അടയാളങ്ങൾ ലിംഗങ്ങളെന്നു സാരം. പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നു ലിംഗംങ്ങൾ മൂന്നു വിധം. സംസ്കൃതത്തിൽ തിങന്തങ്ങൾ, അവ്യയങ്ങൾ, ഇവയൊഴിച്ചു എല്ലാ പദങ്ങളും ലിംഗത്തോടു കൂടിയവ തന്നെ. പുരു‌ഷനെ അറിയിക്കുന്ന വാക്കു പുല്ലിംഗം. സ്ത്രീയെ അറിയിക്കുന്ന വാക്കു സ്ത്രീലിംഗം, അചേതങ്ങളെ അറിയിക്കുന്ന വാക്കു നപുസകലിംഗം സധാരണ ഇതാണു പ്രകൃതി നിയമമനുസരിച്ചുള്ള വ്യവസ്ഥ. സംസ്കൃതത്തിൽ ഈ വ്യവസ്ഥ നിയതമല്ല.

ഉദാഹരണം രാമഃ, സീതാ, ഫലം, തിര്യഗ്ജന്തുക്കളായ മൃഗാദികളും ഈ ലിംഗത്തോടുകൂടിയവ തന്നെ. ഉദാഹരണം ഹരിണ (പു), ഹരിണി (സ്ത്രീ), കുക്കുടഃ (പു); കുക്കുടി (സ്ത്രീ); വൃക്ഷവാചകങ്ങൾ പുല്ലിംഗങ്ങൾ; ലതാവാചകങ്ങൾ സ്ത്രീലിംഗങ്ങൾ. ഉദാഹരണം ചൂതഃ (മാവ്) മരം, മാലതീ (പിച്ചകം) ലത.

ഈ പിരിവ് മരങ്ങളിൽ ബലം, രൂപവലിപ്പം തുടങ്ങിയ പുരു‌ഷഗുണങ്ങളിരിക്കകൊണ്ടും വല്ലികളിൽ (അബലാത്വം), മരങ്ങളോടു ചേർന്നിരിക്ക മുതലായ സ്ത്രീഗുണങ്ങളിരിക്ക[ 82 ]യാലും ആ ഗുണങ്ങളനുസരിച്ചു രൂപകത്താൽ വന്നുചേർന്നതെന്നൂഹിക്കാം ഇവ കൂടാതെ ജഡത്വത്തെ ലക്ഷീകരിക്കുന്ന അനേകം പദങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അതെങ്ങനെ ഘടിക്കുമെന്നു കണ്ടുപിടിക്കുന്നതിനു കഴിയാത്ത നിലയിൽ അവ പുരു‌ഷസ്ത്രീ ഭാവങ്ങളടഞ്ഞു പോയിരിക്കുന്നു. ഉദാഹരണം ഘടഃ, സൗധഃ, തടീ, അന്തികാ (അടുപ്പ്), ഹസന്തീ. ഈ ജഡവസ്തുക്കളെ അറിയിക്കുന്ന പദങ്ങളിൽ ചിലത് ഒരു ലിംഗത്തെയും മറ്റു ചിലത് രണ്ടു ലിംഗങ്ങളേയും വേറേ ചിലതു മൂന്നു ലിംഗങ്ങളേയും ഗ്രഹിക്കുന്നവയായിരിക്കുന്നു. ഉദാഹരണം - ശ്വേതഘടഃ, ഘടീ; സൗധഃ, സൗധം; തടഃ, തടീ, തടം; ജഡവസ്തുക്കൾ സ്ത്രീപുംഭാവങ്ങളോടുകൂടി ഇരിക്കാത്തതു കൊണ്ട് അവ ആ രണ്ടുമല്ലാത്ത നപുംസകലിംഗത്തിൽ ചേരത്തക്കവയായിരിക്കുന്നു. എന്നിട്ടും ഇങ്ങിനെ കാണുന്നതു രൂപകത്താലായിരിക്കണം. ഏതു മാതിരി രൂപകത്താലാണന്നുള്ളത് കാലപ്പഴക്കത്തിൽ കലങ്ങിപ്പോയിരിക്കുന്നു. കാരണമുണ്ടായിരുന്നിട്ടും പദങ്ങളിൽ ചിലത് ഇടകുറികൾ (രൂഢി) ആയിപ്പോയതുപോലെ ഇവയും എന്നു വച്ചുകൊള്ളാം. കാരണം അറിയായ്കകൊണ്ട് പദങ്ങൾ സ്വാഭാവികമായുണ്ടാതെന്നു പറയുന്നതിനു വിദ്വാന്മാർ ഒരുങ്ങുകയില്ല. അതുകൊണ്ട്, അതുപോലെ, ചേതനമല്ലാത്ത വസ്തുക്കളെ കാണിക്കുന്ന പദങ്ങൾക്ക് ലിംഗങ്ങൾ സ്വാഭാവികങ്ങൾ എന്നു ശഠിയ്ക്കാൻ അവർ തുനിയുകയില്ല. കവികൾ ശേഷം മുതലായ അലങ്കാരങ്ങളെ കൃതികളിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള സകൗര്യത്തിനായി ജഡവസ്തുക്കൾക്ക് ലിംഗവ്യവസ്ഥ ഏർപ്പെടുത്തിയെന്ന് ഊഹിയ്ക്കാം. ഉദാഹരണം ‘അയമൈന്ദ്രീ മുഖം പശ്യ രക്തശ്ചുംബതി ചന്ദ്രമാഃ(കുവലായാനന്ദം, സമാസോക്ത്യലംകാരം), ഇതിനു ഇതാ ചന്ദ്രൻ ചുവപ്പുനിറത്തോടുകൂടി പൂർവ്വദിങ്മുഖം ചുംബിക്കുന്നു [ 83 ] എന്നർത്ഥം കൊടുക്കുമ്പോൾ ഒരു നായകൻ അനുരാഗത്തോടു കൂടി നായികയുടെ മുഖത്തെ ചുംബിക്കുന്നു എന്നു മറ്റൊരു അർത്ഥവും ലക്ഷ്യമാക്കുന്നു.

ഇതു കവിയുടെ ആശയമാകയാൽ കിഴക്കെദിക്കെന്ന അർത്ഥത്തെ സ്പുരിപ്പിക്കുന്ന ഐന്ദ്രീ എന്ന ശബ്ദം സ്ത്രീലിംഗമായും ചന്ദ്രമാ എന്ന ശബ്ദം പുല്ലിംഗമായും ഇരിക്കുന്നത് ഇവിടെ കവിഹൃദയത്തിനു സഹായമായിരിക്കുന്നു. ഐന്ദ്രീ കിഴക്കുദിക്ക് സ്ത്രീലിംഗമായതിനാൽ ഒരു നായകിയെന്നും മുഖം, ദിഗ്ഭാഗം വദനമെന്നും , ചന്ദ്രമാ=ചന്ദ്രൻ പുല്ലിംഗമാകയാൽ നായകനെന്നും രക്തചുവപ്പു നിറത്തോടു കൂടിയവൻ അനുരാഗസംയുക്തനെന്നും ചുംബതി ഉമ്മ വയ്ക്കുന്നു. പ്രവേശിക്കുന്നു എന്നും, അയം ഇവൻ, ഇതാ എന്നും രണ്ടുവിധം അർത്ഥം അടങ്ങുന്ന സമ്പ്രദായം.

സംസ്കൃതത്തിലുള്ള ലിംഗവ്യവസ്ഥകേടിനു കവികളാണ് പ്രധാനഭൂതന്മാരെന്നു ആ ഭാ‌ഷയിൽ പാണ്ഡിത്യം സിദ്ധിച്ചവർക്ക് അറിയാവുന്നതാണ്.

വ്യാകരണമഹാഭാ‌ഷ്യ കർത്താവായ പതജ്ഞലിമഹർ‌ഷി ലോകത്തുള്ള സകല വസ്തുക്കളും മൂന്നു ലിംഗങ്ങളോട് കൂടിയവതന്നെ എന്നു പറയുന്നു. എല്ലാ വസ്തുക്കൾക്കും ആവിർഭാവം, തിരോഭാവം, സ്ഥിതി എന്നു മൂന്നു സ്വഭാവങ്ങൾ ഉള്ളവയാണ്. ആവിർഭാവം പുരു‌ഷഗുണം, തിരോഭാവം സ്ത്രീയുടെഗുണം, സ്ഥിതി നപുസകഗുണം. സത്വരജസ്തമോഗുണങ്ങളുടെ അവസ്ഥാഭേദങ്ങളായ ഈ മൂന്നു പ്രകൃതികൾ എല്ലാ വസ്തുക്കളിലും ഇരിക്കയാൽ അവയെല്ലാം മൂന്നു ലിംഗങ്ങൾക്കും അധികരണങ്ങളാണ്. ഇങ്ങനെ അദ്ദേഹം തന്റെ പൂർവ്വപ്രതിജ്ഞയെ സമർത്ഥിക്കുന്നു. ലോകത്ത് ഏതേത് വാക്കുകൾ ഏതേതു ലിംഗങ്ങളായി ഏർപ്പെട്ടിരിക്കുന്നോ [ 84 ] അതതു വാക്കുകൾ അതതു ലിംഗങ്ങളിൽ പ്രയോഗിച്ചു കൊള്ളണമെന്നും ഭാ‌ഷ്യക്കാരൻ വിധിക്കുന്നു. വ്യാകരണസൂത്രകാരനായ പാണിനി മഹർ‌ഷി ഇന്ന ശബ്ദം ഇന്ന ലിംഗമാണെന്നു ലോകവ്യവഹാരത്തിൽ നിന്നു മനസ്സിലാക്കി കൊള്ളണമെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ഇതരഭാ‌ഷകളിലേപ്പോലെയല്ലാതെ ഇതിൽ ലിംഗങ്ങൾ വേറെ പ്രകാരത്തിൽ ഏർപ്പെടാൻ കാരണമെന്താണന്നു പരിശോധിക്കുമ്പോൾ മേൽപറഞ്ഞ പ്രകാരം കവികളുടെ സകൗരങ്ങളും അതുപോലെയുള്ള മറ്റേതെങ്കിലും അഥവാ രണ്ടും കാരണങ്ങളായിരിക്കണമെന്നൂഹിയ്ക്കാം. വക്താവിന്റെ ഇച്ഛപോലെ ലിംഗവ്യവസ്ഥ ചെയ്തുവേന്നാണങ്കിൽ മനു‌ഷ്യർ തിര്യക്കുകളിൽ ഈ രണ്ടിലും പുല്ലിംഗത്തെ സൂചിപ്പിക്കുന്ന പദങ്ങളെല്ലാം

മിത്രം പോലെ ഒന്നോ രണ്ടോ വാക്കുകളൊഴികെ പുല്ലിംഗങ്ങളായും സ്ത്രീയെന്നു കാണിക്കുന്ന പദങ്ങളെല്ലാം ദാരാഃ, കളത്രം, ക്ഷേത്രം ഇങ്ങനെ രണ്ടോ മൂന്നോ വാക്കുകളോഴിച്ചു സ്ത്രീലിംഗനാമങ്ങളായും നിയമേന ഇരിക്കാൻ കാരണമെന്ത്? പാണിനീസൂത്രം, അധ്യായം 4, പാദം 1, സൂത്രം 3 ‘സ്ത്രീയാം’ എന്ന സൂത്രത്തിന്റെ മഹാഭാ‌ഷ്യത്തിന്റെയും ശബ്ദേന്ദുശേഖരത്തേയും നോക്കുക.

‘സ്തനകേശവതീ സ്ത്രീ സ്യാത്, ലോമശഃ പുരു‌ഷഃ

സ്മൃതഃ, ഉഭയോരന്തരം യച്ച തദഭാവേ നപുസംകം’


സ്തനകേശങ്ങളുള്ളവൾ സ്ത്രീ, മീശയുള്ളവൻ പുരു‌ഷൻ, ആൺ, പെൺ ഈ രണ്ടും സമാനമായിരിക്കുന്നതു നപുംസകം എന്ന ഭാ‌ഷ്യപദ്യത്തേയും അതിന്റെ വിവരണമായ കൈയടത്തേയും ശബ്ദേന്ദുശേഖരത്തേയും നോക്കുക. മുല, കേശം മുതലായ മുഖ്യമായ എല്ലാ അടയാളങ്ങളും എന്നർത്ഥം. ആദ്യം [ 85 ] ആണ്, പെണ്ണ്, അതലാത്തത് ഈ പിരിവിനനുസരിച്ച് സ്ത്രീലിംഗ ശബ്ദങ്ങളും ഏർപ്പെട്ടു. പിന്നീട് കാലക്രമേണ കവികളും മറ്റുള്ളവരും പല കാരണങ്ങൾ കൊണ്ട് ജഡത്വത്തെ സൂചിപ്പിക്കുന്ന ശബ്ദങ്ങൾക്കും ഇതര ലിംഗങ്ങൾ ആരോപിച്ചുവന്നു എന്നല്ലാതെ സത്വരജസ്തമസ്സുകളുടെ അവസ്ഥാഭേദം നിമിത്തം എല്ലാ വാക്കുകളും ഏതു ലിംഗത്തിനും ഇണങ്ങിയതെന്നു കരുതി ലോകനിയമം നോക്കാതെ ലിംഗനിർണ്ണയം ചെയ്തതല്ലെന്നും ലിംഗനിയമം കാണാത്തതെന്തന്നു ചോദിക്കുന്നവർക്കു ഓരോ ഉത്തരം കൊടുത്തോഴിക്കാൻ വേണ്ടി പതജ്ഞലി അങ്ങിനെ പറഞ്ഞുവെന്നും സ്പഷ്ടമാകുന്നതാണ്.

തമിഴിൽ നാമപദങ്ങൾ ഉയിർത്തിണച്ചൊല്ലുകൾ, അറിണച്ചൊലുകൾ എന്നു രണ്ടു വക. ദേവന്മാർ, മനു‌ഷ്യർ, നരകർ ഇവർ ആദ്യവിഭാഗത്തിൽ ഉൾപ്പെടും (നന്നൂൽ, ചൊൽ, 261). പക്ഷിമൃഗാദികളും അചേതനങ്ങളും രണ്ടാം പിരിവിൽ. ആദ്യവകുപ്പിൽപ്പെട്ട പദങ്ങൾ, പുല്ലിംഗം, സ്ത്രീലിംഗം, സാമാന്യലിംഗം എന്നു മൂന്നു, ഉദാഹരണം ചാത്തൻ, ചാത്തി, ചാത്തർ, ചാത്തികൾ, അറിണച്ചൊല്ലുകൾ ഒന്റെൻപാൽ, പലവിൻപാൽ എന്നും രണ്ടു വക. ഉദാഹരണം മരൈ, മരൈകൾ, മരം, മരങ്ങൾ പ്രത്യയങ്ങളും ഇവിടെ ചേർക്കണം.

സംസ്കൃതത്തിൽ ആ (ടാപ്, ഡാപ്, ചാപ്), ഈ (ങീപ്, ങീ‌ഷ്, ങീൻ), തിൻ ഇത്യാദി സ്ത്രീലിംഗ പ്രത്യയങ്ങൾ. ഉദാഹരണം രമാ, ബഹുരാജാ, കാരീ‌ഷഗന്ധ്യാ (ഉണങ്ങിയ ചാണകത്തിന്റെ ഗന്ധത്തോടു കൂടിയവന്റെ പുത്രി) രാജ്ഞിങീപ്, ഗൗരീങ്ങീ‌ഷ്, ശാർങ്ഗരവീങീൻ, യുവതിതിപ്രത്യയം, മതിഃ, ഗതിഃക്തിൻ പ്രത്യയം. [ 86 ] പുല്ലിംഗനപുംസകലിംഗങ്ങൾക്കു സ്ത്രീലിംഗത്തിനെന്നപോലെ പ്രത്യേകം പ്രത്യയങ്ങളില്ല. വിഭക്തിപ്രത്യയങ്ങൾക്കു ചില വ്യത്യാസങ്ങൾ വന്നു അവ അറിയപ്പെടുന്നു. ഉദാഹരണം വൃക്ഷഃ (ഏകവചനം), വൃക്ഷ (ദ്വൗിവചനം), വൃക്ഷാഃ (ബഹുവചനം); ഫലം (ഏകവചനം), ഫലേ (ദ്വിവചനം), ഫലാനി (ബഹുവചനം).

ഇവിടെ (ഃ) എന്ന വിസർഗ്ഗം സ്ത്രീലിംഗനപുസകങ്ങളിൽ ഇല്ലാത്തത്തായിട്ടും (അം) മുതലായ നപുംസകലിംഗത്തിനുള്ള നപുംസകപ്രത്യയങ്ങൾ സ്ത്രീലിംഗ പുല്ലിംഗങ്ങളില്ലാത്തതുമായിരിക്കുന്നു. അനേക ശബ്ദങ്ങൾ ഇന്നലിംഗമെന്നു പ്രത്യയവ്യത്യാസങ്ങൾ കൊണ്ട് അറിയുന്നതിനു ഇടയില്ലാതെ ഇരിക്കുന്നു. ഉദാഹരണം ‘ശാസ്ത്രകൃത്‘ ഇതു ശാസ്ത്ര നിർമാതാവായ പുരു‌ഷനേയും സ്ത്രീയേയും കാണിക്കത്തക്കത് രൂപത്തിനും, വിഭക്തിപ്രത്യയങ്ങൾക്കും വ്യത്യാസമില്ല ഈ വിധ ശബ്ദങ്ങളെല്ലാം അടുത്തുള്ള ശബ്ദങ്ങളുടെ ലിംഗവിഭക്തികളാലും പ്രകരണ (അർത്ഥനിർണ്ണയ)ത്താലും ഇന്ന ലിംഗത്തോടു കൂടിയവയെന്നു അറിയാവുന്നതാണു. പാണിനീമഹർ‌ഷിയുടെ ലിംഗാനുശാസനത്തിൽ ഇന്നിന്ന പ്രത്യയങ്ങളുള്ളവ ഇന്നിന്ന ലിംഗങ്ങളെന്നു സാമാന്യ വിധിയും ഇന്നിന്ന ശബ്ദങ്ങൾ ഇന്നിന്ന ലിംഗമുള്ളവയെന്ന വിശേ‌ഷവിധിയും കൊടുത്തിരിക്കുന്നു. വിശേ‌ഷണപദങ്ങൾ വിശേ‌ഷ്യത്തിന്റെ സാമാനലിംഗങ്ങളായിരിക്കണം. [ 87 ]


കുറിപ്പുകൾ[തിരുത്തുക]

 1. അറിയപ്പെടുന്നത് എന്തുകൊണ്ടെന്നാൽ അത് ലിംഗമെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=ആദിഭാഷ/ലിംഗനിരൂപണം&oldid=53357" എന്ന താളിൽനിന്ന് ശേഖരിച്ചത്