അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സ്വയംപ്രഭാഗതി
അന്ധകാരാരണ്യമാശുപുക്കീടിനാ-
രന്തരാ ദാഹവും വർദ്ധിച്ചിതേറ്റവും
ശുഷ്കകകണ്ഠോഷ്ഠതാലു പ്രദേശത്തൊടും
മർക്കടവീരരുണങ്ങിവരുണ്ടൊരു
ജിഹ്വയോടും നടക്കുന്ന നേരത്തൊരു
ഗഹ്വരം തത്രകാണായി വിധിവശാൽ
വല്ലീതൃണഗണച്ഛന്നമായോന്നതി-
ലല്ലയല്ലീ ജലമൊന്നോർത്തുനിൽക്കുമ്പോൾ
ആർദ്ദ്രപക്ഷകൗഞ്ചഹംശാദി പക്ഷിക-
ളൂർദ്ധ്വദേശേ പറന്നാരതിൽ നിന്നുടൻ ................1470
പക്ഷങ്ങളിൽ നിന്നു വീണു ജലകണം
മർക്കടന്മാരുമതു കണ്ടു കൽപിച്ചാർ
'നല്ല ജലമതിലുണ്ടെന്നു നിർണ്ണയ-
മെല്ലാവരും നാമിതിലിറങ്ങീടുക'
എന്നു പറഞ്ഞോരു നേരത്തു മാരുതി
മുന്നിലിറങ്ങിനാൽ മറ്റുള്ളവർകളും
പിന്നാലെ തന്നിലിറങ്ങി നടക്കുമ്പോൾ
കണ്ണുകാണാഞ്ഞതിരുട്ടുകൊണ്ടന്നേര-
മന്യോന്യമൊത്തു കൈയും പിടിച്ചാകുലാൽ
ഖിന്നതയോടും നടന്നുനടന്നു പോയ്-......................1480
ച്ചെന്നാരതീവദൂരം തത്ര കണ്ടിതു
മുന്നിലാമ്മാറതിധന്യദേശസ്ഥലം
സ്വർണ്ണമയം മനോമോഹനം കാണ്മവർ-
കണ്ണിനുമേറ്റമാനന്ദകരം പരം
വാപികളുണ്ടു മണിമയവാരിയാ-
ലാപൂർണ്ണകളായതീവ വിശദമായ്
പക്വഫലങ്ങളാൽ നമ്രങ്ങളായുള്ള
വൃക്ഷങ്ങളുണ്ടു കൽപദ്രൂമതുല്യമായ്
പീയ്ഷസാമ്യമധുദ്രോണസംയുത
പേയ ഭക്ഷ്യാന്നസഹിതങ്ങളായുള്ള....................1480
വസ്ത്യങ്ങളുണ്ടു പലതരം തത്രൈവ
വസ്ത്രരത്നാദി പരിഭൂഷിതങ്ങളായ്
മാനസമോഹനമായ ദിവ്യസ്ഥലം
മാനുഷവർജ്ജിതം ദേവഗേഹോപമം
തത്രഗേഹേ മണികാഞ്ചനവിഷ്ടരേ
ചിത്രകൃതി പൂണ്ടു കണ്ടോരൊരുത്തിയെ
യോഗം ധരിച്ചു ജടവൽക്കലം പൂണ്ടു
യോഗിനി നിശ്ചലധ്യാനനിരതയായ്
പാവകജ്വാലാസമാഭകലർന്നതി-
പാവനയായ മഹാഭാഗയെക്കണ്ടു...................1500
തൽക്ഷണേ സന്തോഷപൂർണ്ണ മനസ്സോടു
ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാർ
ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു
യോഗിനി താനുമവരോടു ചൊല്ലിനാൾ
'നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങു വന്നീടുവാൻ മൂലവും ചൊല്ലണം
എങ്ങനെ മാർഗ്ഗമറിഞ്ഞുവാറെന്നതു-
മെങ്ങിനിപ്പോകുന്നതെന്നു പറയണം'
എന്നിവ കേട്ടൊരു വായുതനയനും
നന്നായ് വണങ്ങി വിനീതനായ് ചൊല്ലിനാൻ..................1510
'വൃത്താന്തമൊക്കവേ കേട്ടാലുമെങ്കിലോ
സത്യമൊഴിഞ്ഞു പറയുമാറില്ല ഞാൻ
ഉത്തരകോസലത്തിങ്കലയോദ്ധ്യയെ-
ന്നുത്തമമായുണ്ടൊരു പുരി ഭൂതലേ
തത്രൈവ വാണു ദശരഥനാം നൃപൻ
പുത്രരുമുണ്ടായ് ചമഞ്ഞിതു നാലുപേർ
നാരായണസമൻ ജ്യേഷ്ഠനവർകളിൽ
ശ്രീരാമനാകുന്നതെന്നുമറിഞ്ഞാലും
താതാജ്ഞയാ വനവാസാർത്ഥമായവൻ
ഭ്രാതാവിനൊടും ജനകാത്മജയായ.................1520
സീതയാം പത്നിയോടും വിപിനസ്ഥലേ
മോദേന വാഴുന്ന കാലമൊരു ദിനം
ദുഷ്ടനായുള്ള ദശാസ്യനിശാചരൻ
കട്ടുകൊണ്ടാശു പോയീടിനാൻ പത്നിയെ
രാമനും ലക്ഷ്മണനാകുമനുജനും
ഭാമിനിതന്നെത്തിരഞ്ഞു നടക്കുമ്പോൾ
അർക്കാത്മജനായ സുഗ്രീവനെക്കണ്ടു
സഖ്യവും ചെയ്തിതു തമ്മിലന്യോന്യമായ്
എന്നതിന്നഗ്രജനാകിയ ബാലിയെ-
ക്കൊന്നു സുഗ്രീവനു രാജ്യവും നൽകിനാൻ...................1530
ശ്രീരാമനുമതിൽ പ്രത്യുപകാരമാ-
യാരാഞ്ഞു സീതയെക്കണ്ടു വരികെന്നു
വാനരനായകനായ സുഗ്രീവനും
വാനരന്മാരെയയച്ചിതെല്ലാടവും
ദക്ഷിണദിക്കിലന്വേഷിപ്പനിതിനൊരു
ലക്ഷം കപിവരന്മാരുണ്ടു ഞങ്ങളും
ദാഹം പൊറാഞ്ഞു ജലകാംക്ഷയാ വന്നു
മോഹേന ഗഹ്വരം പുക്കിതറൊയാതെ
ദൈവവശാലിവിടെപ്പോന്നു വന്നിഹ
ദേവിയെക്കാണായതും ഭാഗ്യമെത്രയും....................1540
ആരെന്നതും ഞങ്ങളേതുമറിഞ്ഞീല
നേരേയരുൾ ചെയ്കവേണമതും ശുഭേ!'
യോഗിനിതാനുമതു കേട്ടവരോടു
വേഗേന മന്ദസ്മിതം പൂണ്ടു ചൊല്ലിനാൾ
'പക്വഫലമൂലജാലങ്ങളൊക്കവേ
ഭക്ഷിച്ചമൃതപാനം ചെയ്തു തൃപ്തരായ്
ബുദ്ധി തെളിഞ്ഞു വരുവിനെന്നാൽ മമ
വൃത്താന്തമാദിയേ ചൊല്ലിത്തരുവൻ ഞാൻ'
എന്നതു കേട്ടവർ മൂലഫലങ്ങളും
നന്നായ് ഭുജിച്ചു മധുപാനവും ചെയ്തു......................1550
ചിത്തം തെളിഞ്ഞു ദേവീസമീപം പുക്കു
ബദ്ധാഞ്ജലി പൂണ്ടു നിന്നോരനന്തരം
ചാരുസ്മിതപൂർവ്വമഞ്ജസാ യോഗിനി
മാരുതിയോടു പറഞ്ഞു തുടങ്ങിനാൾ
'വിശ്വവിമോഹനരൂപിണിയാകിയ
വിശ്വകർമ്മാത്മജാ ഹേമാ മനോഹരീ
നൃത്തഭേദം കൊണ്ടു സന്തുഷ്ടനാക്കിനാൾ
മുഗ്ദ്ധേന്ദുശേഖരൻ തന്നെയതുമൂലം
ദിവ്യപുരമിദം നൽകിനാനീശ്വരൻ
ദിവ്യസംവത്സരാണാമയുതായുതം...................1560
ഉത്സവം പൂണ്ടു വസിച്ചാളിഹ പുരാ
തത്സഖി ഞാനിഹ നാമ്‌നാ സ്വയമ്പ്രഭാ
സന്തതം മോക്ഷാമപേക്ഷിച്ചിരിപ്പൊരു
ഗന്ധർവ്വപുത്രി സദാ വിഷ്ണു തൽപരാ
ബഹ്മലോകം പ്രവേശിച്ചിതു ഹേമയും
നിമ്മലഗാത്രിയുമെന്നോടു ചൊല്ലിനാൾ
'സന്തതം നീ തപസ്സും ചെയ്തിരിക്കെടോ
ജന്തുക്കളത്ര വരികയുമില്ലല്ലോ
ത്രേതായുഗേ വിഷ്ണു നാരായണൻ ഭുവി
ജാതനായീടും ദശരഥ പുത്രനായ്......................1570
ഭൂഭാരനാശനാർത്ഥം വിപിനിസ്ഥലേ
ഭൂപതി സഞ്ചരിച്ചീടും ദശാന്തരേ
ശ്രീരാമപത്നിയെക്കട്ടുകൊള്ളുമതി-
ക്രൂരനായീടും ദശാനന നക്കാലം
ജാനകീദേവിയെയന്വേഷണത്തിനായ്
വാനരന്മാർ വരും നിൻ ഗുഹാമന്ദിരേ
സൽക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ
മര്കടന്മാര്കുപകരവും ചെയ്തു പോയ്
ശ്രീരാമദേവനെക്കണ്ടു വണങ്ങുക
നാരായണസ്വാമി തന്നെ രഘൂത്തമൻ....................1580
ഭക്ത്യാപരനെ സ്തുതിച്ചാൽ വരും തവ
മുക്തിപദം യോഗിഗമ്യം സനാതനം
ആകയാൽ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു
നിങ്ങളെ നേരേ പെരുവഴി കൂട്ടുവൻ
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിൻ'
ചിത്തം തെളിഞ്ഞവർ കണ്ണടച്ചീടിനാർ
സത്വരം പൂർവ്വസ്ഥിതാടവി പുക്കിതു
ചിത്രം വിചിത്രം വിചിത്രമെന്നോർത്തവർ
പദ്ധതിയൂടെ നടന്നു തുടങ്ങിനാർ ..................1590