Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സമുദ്രലംഘനചിന്ത

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


പിന്നെക്കപിവരന്മാർ കൗതുകത്തോടു-
മന്യോന്യമാശു പറഞ്ഞു തുടങ്ങിനാർ
ഉഗ്രം മഹാനക്രചക്രഭയങ്കര-
മഗ്രേ സമുദ്രമാലോക്യ കപികുലം
'എങ്ങനെ നാമിതിനെക്കടക്കുന്നവാ-
റെങ്ങും മറുകര കാണ്മാനുമില്ലല്ലോ
ആവതല്ലാത്തതു ചിന്തിച്ചു ഖേദിച്ചു
ചാവതിനെന്തവകാശം കപികളേ!'
ശക്രതനയതനൂജനാമംഗദൻ
മർക്കടനായകന്മാരോടു ചൊല്ലിനാൻ
'എത്രയും വേഗബലമുള്ള ശൂരന്മാർ
ശക്തിയും വിക്രമവും പാരമുണ്ടല്ലോ
നിങ്ങളെല്ലാവർക്കുമെന്നാലിവരിൽ വ-
ച്ചിങ്ങുവന്നെന്നോടൊരുത്തൻ പറയണം
ഞാനിതിനാളെന്നവനല്ലോ നമ്മുടെ
പ്രാണനെ രക്ഷിച്ചുകൊള്ളുന്നതും ദൃഢം
സുഗ്രീവരാമസൗമിത്രികൾക്കും ബഹു
വ്യഗ്രം കളഞ്ഞു രക്ഷിയ്ക്കുന്നതുമവൻ'
അംഗദനിങ്ങനെ ചൊന്നതു കേട്ടവർ
തങ്ങളിൽത്തങ്ങളിൽ നോക്കിനാരേവരും
ഒന്നും പറഞ്ഞീലൊരുത്തരുമംഗദൻ
പിന്നെയും വാനരന്മാരോടു ചൊല്ലിനാൻ
'ചിത്തേ നിരൂപിച്ചു നിങ്ങളുടെ ബലം
പ്രത്യേകമുച്യതാമുദ്യോഗപൂർവ്വകം'
ചാടാമെനിയ്ക്കു ദശയോജന വഴി
ചാടാമിരുപതെനിക്കെന്നൊരു കപി
മുപ്പതു ചാടാമെനിക്കെന്നപരനു-
മപ്പടി നാൽപതാമെന്നു മറ്റേവനും
അൻപതറുപതെഴുപതുമാമെന്നു-
മെൺപതു ചാടാമെനിക്കെന്നൊരുവനും
തൊണ്ണൂറു ചാടുവാൻ ദണ്ഡമില്ലേകനെ-
ന്നർണ്ണവമോ നൂറു യോജനയുണ്ടല്ലോ
ഇക്കണ്ട നമ്മിലാർക്കും കടക്കാവത-
ല്ലിക്കടൽ മർക്കടവീരരേ നിർണ്ണയം
മുന്നം ത്രിവിക്രമൻ മൂന്നു ലോകങ്ങളും
ഛന്നമായ്‌ മൂന്നടിയായളക്കും വിധൗ
യൗവനകാലേ പെരുമ്പറയും കൊട്ടി
മൂവേഴുവട്ടം വലത്തു വച്ചീടിനേൻ
വാർദ്ധക്യഗ്രസ്തനായേനിദാനീം ലവ-
ണാബ്ധി കടപ്പാനുമില്ല വേഗം മമ
ഞാനിരുപത്തൊന്നു വട്ടം പ്രദക്ഷിണം
ദാനവാരിയ്ക്കു ചെയ്തേൻ ദശമാത്രയാ
കാലസ്വരൂപനാമീശ്വരൻ തന്നുടെ
ലീലകളോർത്തോളമത്ഭുതമെത്രയും'
ഇത്ഥമജാത്മജൻ ചൊന്നതു കെട്ടതി-
നുത്തരം വൃത്രാരിപൗത്രനും ചൊല്ലിനാൻ
'അങ്ങോട്ടു ചാടാമെനിയ്ക്കെന്നു നിർണ്ണയ-
മിങ്ങോട്ടു പോരുവാൻ ദണ്ഡമുണ്ടാകിലാം'
'സാമർത്ഥ്യമില്ല മറ്റാർക്കുമെന്നാകിലും
സാമർത്ഥ്യമുണ്ടു ഭവാനിതിനെങ്കിലും
ഭൃത്യജനങ്ങളയയ്ക്കയില്ലെന്നുമേ
ഭൃത്യരിലേകനുണ്ടാമെന്നതേ വരൂ'
'ആർക്കുമേയില്ല സാമർത്ഥ്യമനശനം
ദീക്ഷിച്ചു തന്നെ മരിക്ക നല്ലൂ വയം'
താരേയനേവം പറഞ്ഞോരനന്തരം
സാരസസംഭവനന്ദനൻ ചൊല്ലിനാൻ
'എന്തു ജഗൽപ്രാണനന്ദനനിങ്ങനെ
ചിന്തിച്ചിരിക്കുന്നതേതും പറയാതെ?
കുണ്ഠനായ്ത്തന്നെയിരുന്നുകളകയോ?
കണ്ടീല നിന്നെയൊഴിഞ്ഞു മറ്റാരെയും
ദാക്ഷായണീഗർഭപാത്രസ്ഥനായൊരു
സാക്ഷാൽ മഹാദേവബീജമല്ലോ ഭവാൻ
പിന്നെ വാതാത്മജനാകയുമു,ണ്ടവൻ-
തന്നോടു തുല്യൻ ബലവേഗമോർക്കിലോ
കേസരിയെക്കൊന്നു താപം കളഞ്ഞൊരു
കേസരിയാകിയ വാനരനാഥനു
പുത്രനായഞ്ജന പെറ്റുളവായൊരു
സത്വഗുണപ്രധാനൻ ഭവാൻ കേവലം
അഞ്ജനാഗർഭച്യുതനായവനിയി-
ലഞ്ജസാ ജാതനായ്‌ വീണനേരം ഭവാൻ
അഞ്ഞൂറു യോജന മേൽപോട്ടു ചാടിയ-
തും ഞാനറിഞ്ഞിരിക്കുന്നിതു മാനസേ
ചണ്ഡകിരണനുദിച്ചു പൊങ്ങുന്നേരം
മണ്ഡലം തന്നെതുടുതുടെക്കണ്ടു നീ
പക്വമെന്നോർത്തു ഭക്ഷിപ്പാനടുക്കയാൽ
ശക്രനുടെ വജ്രമേറ്റു പതിച്ചതും
ദുഃഖിച്ചു മാരുതൻ നിന്നെയും കൊണ്ടുപോയ്‌-
പുക്കിതു പാതാളമപ്പോൾ ത്രിമൂർത്തികൾ
മുപ്പത്തുമുക്കോടി വാനവർ തമ്മൊടും
ഉൽപലസംഭവപുത്രവർഗ്ഗത്തോടും
പ്രത്യക്ഷമായ്‌ വന്നനുഗ്രഹിച്ചീടിനാർ
മൃത്യുവരാ ലോകനാശം വരുമ്പൊഴും
കൽപാന്തകാലത്തുമില്ല മൃതിയെന്നു
കൽപിച്ചതിന്നിളക്കം വരാ നിർണ്ണയം
ആമ്‌നായസാരാർത്ഥമൂർത്തികൾ ചൊല്ലിനാർ
നാമ്‌നാ ഹനുമാനിവനെന്നു സാദരം
വജ്രം ഹനുവിങ്കലേറ്റു മുറികയാ-
ലച്ചരിത്രങ്ങൾ മറന്നിതോ മാനസേ?
നിൻ കൈയിലല്ലയോ തന്നതു രാഘവ-
നംഗുലീയമതുമെന്തിനെന്നോർക്ക നീ!
ത്വൽ ബലവീര്യവേഗങ്ങൾ വർണ്ണിപ്പതി-
നിപ്രപഞ്ചത്തിങ്കലാർക്കുമാമല്ലെടോ'
ഇത്ഥം വിധിസുതൻ ചൊന്ന നേരം വായു-
പുത്രനുമുത്ഥയ സത്വരം പ്രീതനായ്‌
ബ്രഹ്മാണ്ഡമാശു കുലുങ്ങുമാറൊന്നവൻ
സമ്മദാൽ സിംഹനാദം ചെയ്തരുളിനാൻ
വാമനമൂർത്തിയെപ്പോലെ വളർന്നവൻ
ഭൂമിധരാകാരനായ്നിന്നു ചൊല്ലിനാൻ
'ലംഘനം ചെയ്തു സമുദ്രത്തെയും പിന്നെ
ലങ്കാപുരത്തെയും ഭസ്മമാക്കി ക്ഷണാൽ
രാവണനെക്കുലത്തോടുമൊടുക്കി ഞാൻ
ദേവിയേയും കൊണ്ടുപോരുവനിപ്പൊഴേ
അല്ലായ്കിലോ ദശകണ്ഠനെബ്ബന്ധിച്ചു
മെല്ലവേ വാമകരത്തിലെടുത്തുടൻ
കൂടത്രയത്തോടു ലങ്കാപുരത്തെയും
കൂടെ വലത്തു കരത്തിലാക്കിക്കൊണ്ടു
രാമാന്തികേ വച്ചു കൈതൊഴുതീടുവൻ
രാമാംഗുലീയമെൻ കൈയിലുണ്ടാകയാൽ'
മാരുതി വാക്കു കേട്ടോരു വിധിസുത-
നാരൂഢകൗതുകം ചൊല്ലിനാൻ പിന്നെയും
'ദേവിയെക്കണ്ടു തിരിയേ വരിക നീ
രാവണനോടെതിർത്തീടുവാൻ പിന്നെയാം
നിഗ്രഹിച്ചീടും ദശാസ്യനെ രാഘവൻ
വിക്രമം കാട്ടുവാനന്നേരമാമല്ലോ
പുഷ്കരമാർഗ്ഗേണ പോകും നിനക്കൊരു
വിഘ്നം വരായ്ക! കല്യാണം ഭവിക്ക! തേ
മാരുതദേവനുമുണ്ടരികേ തവ
ശ്രീരാമകാര്യാർത്ഥമായല്ലോ പോകുന്നു'
ആശിർവ്വചനവും ചെയ്തു കപികുല-
മാശു പോകെന്നു വിധിച്ചോരനന്തരം
വേഗേന പോയ്‌ മഹേന്ദ്രത്തിൻ മുകളേറി
നാഗാരിയെപ്പോലെ നിന്നു വിളങ്ങിനാൻ

ഇത്ഥം പറഞ്ഞറിയിച്ചോരു തത്തയും
ബദ്ധമോദത്തോടിരുന്നിതക്കാലമേ

(ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ കിഷ്കിന്ധാകാണ്ഡം സമാപ്തം)