അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു'

ശാരികപ്പൈതലേ! ചാരുശീലേ! വരി-
കാരോമലേ! കഥാശേഷവും ചൊല്ലു നീ.
ചൊല്ലുവനെങ്കിലനംഗാരി ശങ്കരൻ
വല്ലഭയോടരുൾചെയ്ത പ്രകാരങ്ങൾ.
കല്യാണശീലൻ ദശരഥസൂനു കൗ-
സല്യാതനയനവരജൻതന്നോടും
പമ്പാസരസ്തടം ലോകമനോഹരം
സംപ്രാപ്യ വിസ്‌മയംപൂണ്ടരുളീടിനാൻ.
ക്രോശമാത്രം വിശാലം വിശദാമൃതം
ക്ലേശവിനാശനം ജന്തുപൂർണ്ണസ്ഥലം
ഉൽഫുല്ലപത്മകൽഹാരകുമുദ നീ-
ലോൽപലമണ്ഡിതം ഹംസകാരണ്ഡവ
ഷഡ്‌പദകോകില കുക്കുടകോയഷ്‌ടി
സർപ്പസിംഹവ്യാഘ്രസൂകരസേവിതം
പുഷ്പലതാപരിവേഷ്‌ടിതപാദപ-
സൽഫലസേവിതം സന്തുഷ്‌ടജന്തുകം
കണ്ടു കൗതൂഹലംപൂണ്ടു തണ്ണീർകുടി-
ച്ചിണ്ടലും തീർത്തു മന്ദം നടന്നീടിനാർ.