അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ബാലിവധം
വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു
മിത്രാത്മജൻ വിളിച്ചീടിനാൻ പിന്നെയും.
ക്രൂദ്ധനായ് നിന്നു കിഷ്കിന്ധാപുരദ്വാരി
കൃത്വാ മഹാസിംഹനാദം രവിസുതൻ
ബദ്ധരോഷം വിളിക്കുന്ന നാദം തദാ
ശ്രുത്വാതിവിസ്മിതനായോരു ബാലിയും
ബദ്ധ്വാ പരികരം യുദ്ധായ സത്വരം
ബദ്ധവൈരം പുറപ്പെട്ടോരുനേരത്തു.....................460
ഭർത്തുരഗ്രേ ചെന്നു ബദ്ധാശ്രുനേത്രയായ്
മദ്ധ്യേ തടുത്തു ചൊല്ലീടിനാൾ താരയും:
"ശങ്കാവിഹീനം പുറപ്പെട്ടതെന്തോരു
ശങ്കയുണ്ടുളളിലെനിക്കതു കേൾക്ക നീ.
വിഗ്രഹത്തിങ്കൽ പരാജിതനായ്പോയ
സുഗ്രീവനാശു വന്നീടുവാൻ കാരണം
എത്രയും പാരം പരാക്രമമുളേളാരു
മിത്രമവ൹ണ്ടു പിന്തുണ നിർണ്ണയം."
ബാലിയും താരയോടാശു ചൊല്ലീടിനാൻ:
"ബാലേ! ബലാലൊരു ശങ്കയുണ്ടാകൊലാ...................470
കൈയയച്ചീടു നീ വൈകരുതേതുമേ
നീയൊരു കാര്യം ധരിക്കേണമോമലേ!
ബന്ധുവായാരുളളതോർക്ക സുഗ്രീവനു
ബന്ധമില്ലെന്നോടു വൈരത്തിനാർക്കുമേ.
ബന്ധുവായുണ്ടവനേകനെന്നാകിലോ
ഹന്തവ്യനെന്നാലവനുമറിക നീ.
ശത്രുവായുളളവൻ വന്നു ഗൃഹാന്തികേ
യുദ്ധത്തിനായ് വിളിക്കുന്നതും കേട്ടുടൻ
ശൂരനായുളള പുരുഷനിരിക്കുമോ
ഭീരുവായുളളിലടച്ചതു ചൊല്ലു നീ......................480
വൈരിയെക്കൊന്നു വിരവിൽ വരുവൻ ഞാൻ
ധീരത കൈക്കൊണ്ടിരിക്ക നീ വല്ലഭേ!"
താരയും ചൊന്നാളതുകേട്ടവനോടു:
"വീരശിഖാമണേ! കേട്ടാലുമെങ്കിൽ നീ.
കാനനത്തിങ്കൽ നായാട്ടിനു പോയിതു
താനേ മമ സുതനംഗദനന്നേരം
കേട്ടോരുദന്തമെന്നോടു ചൊന്നാനതു
കേട്ടിട്ടു ശേഷം യഥോചിതം പോക നീ.
ശ്രീമാൻ ദശരഥനാമയോദ്ധ്യാധിപൻ
രാമനെന്നുണ്ടവൻതന്നുടെ നന്ദനൻ....................490
ലക്ഷ്‌മണനാകുമ൹ജനോടും നിജ-
ലക്ഷ്മീസമയായ സീതയോടുമവൻ
വന്നിരുന്നീടിനാൻ ദണ്ഡകകാനനേ
വന്യാശനനായ്തപസ്സു ചെയ്തീടുവാൻ.
ദുഷ്‌ടനായുളെളാരു രാവണരാക്ഷസൻ
കട്ടുകൊണ്ടാനവൻതന്നുടെ പത്നിയെ.
ലക്ഷ്‌മണനോടുമവളെയന്വേഷിച്ചു
തൽക്ഷണമൃശ്യമൂകാചലേ വന്നിതു.
മിത്രാത്മജനെയും തത്ര കണ്ടീടിനാൻ
മിത്രമായ്‌വാഴ്കയെന്നന്യോന്യമൊന്നിച്ചു......................500
സഖ്യവും ചെയ്തുകൊണ്ടാരഗ്നിസാക്ഷിയായ്
ദുഃഖശാന്തിക്കങ്ങിരുവരുമായുടൻ.
'വൃത്രാരിപുത്രനെക്കൊന്നു കിഷ്കിന്ധയിൽ
മിത്രാത്മജ! നിന്നെ വാഴിപ്പ'നെന്നൊരു
സത്യവും ചെയ്തുകൊടുത്തിതു രാഘവൻ;
സത്വരമാർക്കതനയനുമന്നേരം,
അന്വേഷണംചെയ്തറിഞ്ഞു സീതാദേവി-
തന്നെയും കാട്ടിത്തരുവ,നെന്നും തമ്മിൽ
അന്യോന്യമേവം പ്രതിജ്ഞയുംചെയ്തിതു
വന്നതിപ്പോളതുകൊണ്ടുതന്നേയവൻ.......................510
വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ
സ്വൈരമായ് വാഴിച്ചുകൊൾകയിളമയായ്.
യാഹി രാമം നീ ശരണമായ് വേഗേന
പാഹി മാമംഗദം രാജ്യം കുലഞ്ച തേ."
ഇങ്ങനെ ചൊല്ലിക്കരഞ്ഞു കാലും പിടി-
ച്ചങ്ങനെ താര നമസ്കരിക്കും വിധൗ
വ്യാകുലഹീനം പുണർന്നു പുണർന്നനു-
രാഗവശേന പറഞ്ഞിതു ബാലിയും:
"സ്‌ത്രീസ്വഭാവംകൊണ്ടു പോടിയായ്കേതുമേ
നാസ്തി ഭയം മമ വല്ലഭേ! കേൾക്ക നീ....................520
ശ്രീരാമലക്ഷ്മണന്മാർ വന്നതെങ്കിലോ
ചേരുമെന്നോടുമവരെന്നു നിർണ്ണയം
രാമനെ സ്‌നേഹമെന്നോളമില്ലാർക്കുമേ
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
നാരായണൻതാനവതരിച്ചു ഭൂമി-
ഭാരഹരണാർത്ഥമെന്നു കേൾപ്പുണ്ടു ഞാൻ.
പക്ഷഭേദം ഭഗവാനില്ല നിർണ്ണയം
നിർഗ്ഗുണനേകനാത്മാരാമനീശ്വരൻ.
തച്ചരണാംബുജേ വീണു നമസ്കരി-
ച്ചിച്ഛയാ ഞാൻ കൂട്ടിക്കൊണ്ടിങ്ങു പോരുവൻ................530
മൽഗൃഹത്തിങ്കലുപകാരവുമേറും
സുഗ്രീവനേക്കാളുമെന്നെക്കൊണ്ടോർക്ക നീ.
തന്നെബ്ഭജിക്കുന്നവനെബ്ഭജിച്ചീടു-
മന്യഭാവം പരമാത്മാവിനില്ലല്ലോ.
ഭക്തിഗമ്യൻ പരമേശ്വരൻ വല്ലഭേ!
ഭക്തിയോ പാർക്കിലെന്നോളമില്ലാർക്കുമേ.
ദുഃഖവും നീക്കി വസിക്ക നീ വേശ്മനി
പുഷ്കരലോചനേ! പൂർണ്ണഗുണാംബുധേ!"
ഇത്ഥമാശ്വാസ്യ വൃത്രാരാതിപുത്രനും
ക്രൂദ്ധനായ് സത്വരം ബദ്ധ്വാ പരികരം.................540
നിർഗ്ഗമിച്ചീടിനാൻ യുദ്ധായ സത്വരം
നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്രുധാ.
താരയുമശ്രുകണങ്ങളും വാർത്തുവാ-
ർത്താരൂഢതാപമകത്തുപുക്കീടിനാൾ.
പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും
നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ
മുഷ്‌ടികൾകൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്‌ടനാം ബാലി സുഗ്രീവനെയും തഥാ.
മുഷ്‌ടി ചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കാൽകൈ പരസ്പരം താഡനം..................550
തട്ടിയും മുട്ടുകൊണ്ടും തല തങ്ങളിൽ
കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ-
ങ്ങൂറ്റത്തിൽ വീണും പിരണ്ടുമുരുണ്ടുമുൾ-
ച്ചീറ്റം കലർന്നു നഖംകൊണ്ടു മാന്തിയും
ചാടിപ്പതിക്കയും കൂടക്കുതിക്കയും
മാടിത്തടുക്കയും കൂടക്കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയർക്കയും
മാടിവിളിക്കയും കോപിച്ചടുക്കയും
മുഷ്‌ടിയുദ്ധപ്രയോഗം കണ്ടു നിൽപവർ
ദൃഷ്‌ടി കുളുർക്കയും വാഴ്ത്തി സ്തുതിക്കയും..................560
കാലനും കാലകാലൻതാനുമുളള പോർ
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാ ദൃഢം.
രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുംപോലെ
രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുംപോലെയും
കണ്ടവരാർത്തുകൊണ്ടാടിപ്പുകഴ്ത്തിയും
കണ്ടീല വാട്ടമൊരുത്ത൹മേതുമേ.
അച്ഛൻ കൊടുത്തോരു മാല ബാലിക്കുമു-
ണ്ടച്യുതൻ നൽകിയ മാല സുഗ്രീവനും.
ഭേദമില്ലൊന്നുകൊണ്ടും തമ്മിലെങ്കിലും
ഭേദിച്ചിതർക്കതനയനു വിഗ്രഹം..........................570
സാദവുമേറ്റം കലർന്നു സുഗ്രീവനും
ഖേദമോടേ രഘുനാഥനെ നോക്കിയും
അഗ്രജമുഷ്‌ടിപ്രഹരങ്ങളേൽക്കയാൽ
സുഗ്രീവനേറ്റം തളർച്ചയുണ്ടെന്നതു
കണ്ടു കാരുണ്യം കലർന്നു വേഗേന വൈ-
കുണ്ഠൻ ദശരഥനന്ദനൻ ബാലിതൻ
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ-
മസ്‌ത്രം തൊടുത്തു വലിച്ചു നിറച്ചുടൻ
വിദ്രുതമാമ്മാറയച്ചരവളീടിനാൻ.........................580
ചെന്നതു ബാലിതൻമാറിൽ തറച്ചള-
വൊന്നങ്ങലറി വീണീടിനാൻ ബാലിയും.
ഭൂമിയുമൊന്നു വിറച്ചിതന്നേരത്തു
രാമനെക്കൂപ്പിസ്‌തുതിച്ചു മരുൽസുതൻ.
മോഹം കലർന്നു മുഹൂർത്തമാത്രം പിന്നെ
മോഹവും തീർന്നു നോക്കീടിനാൻ ബാലിയും.
കാണായിതഗ്രേ രഘൂത്തമനെത്തദാ
ബാണവും ദക്ഷിണഹസ്തേ ധരിച്ചന്യ-
പാണിയിൽ ചാപവും ചീരവസനവും
തൂണീരവും മൃദുസ്മേരവദനവും...........................590
ചാരുജടാമകുടംപൂണ്ടിടംപെട്ട
മാറിടത്തിങ്കൽ വനമാലയും പൂണ്ടു
ചാർവ്വായതങ്ങളായുളള ഭുജങ്ങളും
ദുർവ്വാദളച്ഛവി പൂണ്ട ശരീ്‌രവും
പക്ഷഭാഗേ പരിസേവിതന്മാരായ
ലക്ഷമണസുഗ്രീവന്മാരെയുമഞ്ജസാ
കണ്ടു ഗർഹിച്ചുപറഞ്ഞിതു ബാലിയു-
മുണ്ടായ കോപഖേദാകുലചേതസാ:
"എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു-
മെന്തിനെന്നെക്കൊലചെയ്‌തു വെറുതേ നീ?............................600
വ്യാജേന ചോരധർമ്മത്തെയും കൈക്കൊണ്ടു
രാജധർമ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീർത്തി ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ.
വീരധർമ്മം നിരൂപിച്ചു കീർത്തിക്കെങ്കിൽ
നേരെ പൊരുതു ജയിക്കേണമേവനും.
എന്തോന്നു സുഗ്രീവനാൽ കൃതമായതു-
മെന്തു മേറ്റ്ന്നാൽ കൃതമല്ലയാഞ്ഞതും?
രക്ഷോവരൻ തവ പത്നിയെക്കട്ടതി-
നർക്കാത്മജനെശ്ശരണമായ് പ്രാപിച്ചു......................610
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ
വിക്രമം മാമകം കേട്ടറിയുന്നീലേ?
ആരറിയാത്തതു മൂന്നു ലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി-
ന്നന്തികേവെച്ചു തൊഴുതേനുമാദരാൽ.
ധർമ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കൽ
നിർമ്മലന്മാർ പറയുന്നു രഘുപതേ!........................620
ധർമ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിർമ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരത്തെച്ചതിചെയ്‌തു കോന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ?
വാനരമാംസമഭക്ഷ്യമത്രേ ബത,
മാനസേ തോന്നിയതെന്തിതു ഭൂപതേ!"
ഇത്ഥം ബഹുഭാഷണം ചെയ്‌ത ബാലിയോ-
ടുത്തരമായരുൾചെയ്‌തു രഘൂത്തമൻ;
"ധർമ്മത്തെ രക്ഷിപ്പതിന്നായുധവുമായ്
നിർമ്മത്സരം നടക്കുന്നിതു നീളെ ഞാൻ........................630
പാപിയായോരധർമ്മിഷ്ഠനാം നിന്നുടെ
പാപം കളഞ്ഞു ധർമ്മത്തെ നടത്തുവാൻ
നിന്നെ വധിച്ചിതു ഞാൻ മോഹബദ്‌ധനായ്
നിന്നെ നീയേതുമറിയാഞ്ഞതുമെടോ.
പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യ,മതു
ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ
പാപികളിൽവച്ചുമേറ്റം മഹാപാപി;
താപമവർക്കതിനാലെ വരുമല്ലോ.........................640
മര്യാദ നീക്കി നടക്കുന്നവർകളെ-
ശ്ശൗര്യമേറും നൃപന്മാർ നിഗ്രഹിച്ചഥ
ധർമ്മസ്ഥിതി വരുത്തും ധരണീതലേ
നിർമ്മലാത്മ നീ നിരൂപിക്ക മാനസേ.
ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു
ലോകപാലകന്മാർ നടക്കുമെല്ലാടവും.
ഏറെപ്പറഞ്ഞുപോകായ്കവരോടതും
പാപത്തിനായ്‌വരും പാപികൾക്കേറ്റവും."
ഇത്ഥമരുൾചെയ്‌തതെക്കവേ കേട്ടാശു
ചിത്തവിശുദ്ധി ഭവിച്ചു കപീന്ദ്രനും..................650
രാമനെ നാരായണനെന്നറിഞ്ഞുടൻ
താമസഭാവമകന്നു സസംഭ്രമം
ഭക്ത്യാ നമസ്കൃത്യ വന്ദിച്ചു ചൊല്ലിനാ-
നിത്ഥം "മമാപരാധം ക്ഷമിക്കേണമേ!
ശ്രീരാമ! രാമ! മഹാഭാഗ! രാഘവ!
നാരായണൻ നിന്തിരുവടി നിർണ്ണയം.
ഞാനറിയാതെ പറഞ്ഞതെല്ലാം തവ
മാനസേ കാരുണ്യമോടും ക്ഷമിക്കണം.
നിന്തിരുമേനിയും കണ്ടുകണ്ടാശു നി-
ന്നന്തികേ താവകമായ ശരമേറ്റു...................660
ദേഹമുപേക്ഷിപ്പതിന്നു യോഗം വന്ന-
താഹന്ത! ഭാഗ്യമെന്തോന്നു ചൊല്ലാവതും!
സാക്ഷാൽ മഹായോഗിനാമപി ദുർല്ലഭം
മോക്ഷപ്രദം തവ ദർശനം ശ്രീപതേ!
നിൻതിരുനാമം മരിപ്പാൻ തുടങ്ങുമ്പോൾ
സന്താപമുൾക്കൊണ്ടു ചൊല്ലും പുരുഷനു
മോക്ഷം ലഭിക്കുന്നിതാകയാലിന്നു മേ
സാക്ഷാൽ പുരസ്ഥിതനായ ഭഗവാനെ
കണ്ടുകണ്ടമ്പോടു നിന്നുടെ സായകം-
കൊണ്ടു മരിപ്പാനവകാശമിക്കാലം..........................670
ഉണ്ടായതെന്നുടെ ഭാഗ്യാതിരേകമി-
തുണ്ടോ പലർക്കും ലഭിക്കുന്നിതീശ്വരാ!
നാരായണൻ നിന്തിരുവടി ജാനകി
താരിൽമാതാവായ ലക്ഷമീഭഗവതി
പങ്ക്തി കണ്ഠൻതന്നെ നിഗ്രഹിപ്പാനാശു
പങ്ക്തിരഥാത്മജനായ് ജനിച്ചു ഭവാൻ
പത്മജൻ മുന്നമർത്ഥിക്കയാലെന്നതും
പത്മവിലോചന ഞാനറിഞ്ഞീടിനേൻ.
നിന്നുടെ ലോകം ഗമിപ്പാൻ തുടങ്ങീടു-
മെന്നെയനുഗ്രഹിക്കേണം ഭഗവാനേ!.......................680
എന്നോടു തുല്യബലനാകുമംഗദൻ-
തന്നിൽ തിരുവുളളമുണ്ടായിരിക്കണം.
അർക്കതനയനുമംഗദബാലനു-
മൊക്കുമെനിക്കെന്നു കൈക്കൊൾകവേണമേ!
അമ്പും പറിച്ചു തൃക്കൈകൊണ്ടടിയനെ-
യൻപോടു മെല്ലെത്തലോടുകയും വേണം."
എന്നതു കേട്ടു രഘൂത്തമൻ ബാണവും
ചെന്നു പറിച്ചു തലോടിനാൻ മെല്ലവേ.
മാനവവീരൻ മുഖാംബുജവും പാർത്തു
വാനരദേഹമുപേക്ഷിച്ചു ബാലിയും,..................690
യോഗീന്ദ്രവൃന്ദദുരാപമായുളെളാരു
ലോകം ഭഗവൽപദം ഗമിച്ചീടിനാൻ.
രാമനായോരു പരമാത്മനാ ബാലി
രാമപാദം പ്രവേശിച്ചോരനന്തരം
മർക്കടൗഘം ഭയത്തോടോടി വേഗേന
പുക്കിതു കിഷ്കിന്ധയായ പുരാജിരേ
ചൊല്ലിനാർ താരയോടാശു കപികളും:
"സ്വർല്ലോകവാസിയായ് വന്നു കപീശ്വരൻ
ശ്രീരാമസായകമേറ്റു രണാജിരേ,
താരേ! കുമാരനെ വാഴിക്ക വൈകാതെ....................700
ഗോപുരവാതിൽ നാലും ദൃഡം ബന്ധിച്ചു
ഗോപിച്ചു കൊൾക കിഷ്കിന്ധാമഹാപുരം.
മന്ത്രികളോടു നിയോഗിക്ക നീ പരി-
പന്ഥികളുളളിൽ കടക്കാതിരിക്കണം."
ബാലി മരിച്ചതു കേട്ടോരു താരയു-
മോലോല വീഴുന്ന കണ്ണുനിരും വാർത്തു
ദുഃഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്ഗദവാചാ പറഞ്ഞു പലതരം:
"എന്തിനെനിക്കിനി പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ?.....................710
ഭർത്താവുതന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാൻ."
ഇത്ഥം കരഞ്ഞു കരഞ്ഞവൾ ചെന്നു തൻ
രക്തപാംസുക്കളണിഞ്ഞു കിടക്കുന്ന
ഭർത്തൃകളേബരം കണ്ടു മോഹംപൂണ്ടു
പുത്രനോടും കൂടെയേറ്റം വിവശയായ്
വീണിതു ചെന്നു പാദാന്തികേ താരയും,
കേണുതുടങ്ങിനാൾ പിന്നെപ്പലതരം:
"ബാണമെയ്‌തെന്നയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ!.....................720
എന്നെപ്പതിയോടുകൂടെയയയ്ക്കിലോ
കന്യകാദാനഫലം നിനക്കും വരും.
ആരയനാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജദുഃഖം രഘുപതേ!
വ്യഗ്രവും തീർത്തു രുമയുമായ് വാഴ്ക നീ
സുഗ്രീവ! രാജ്യഭോഗങ്ങളോടും ചിരം."
ഇത്ഥം പറഞ്ഞു കരയുന്ന താരയോ-
ടുത്തരമായരുൾചെയ്‌തു രഘുവരൻ
തത്ത്വജ്ഞജ്ഞാനോപദേശ കാരുണ്യേന
ഭർത്തൃവിയോഗദുഃഖം കളഞ്ഞീടുവാൻ....................730