അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ക്രിയാമാർഗ്ഗോപദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


"കേൾക്ക നീയെങ്കിൽ മൽപൂജാവിധാനത്തി-
നോർക്കിലവസാനമില്ലെന്നറിക നീ.
എങ്കിലും ചൊല്ലുവാനൊട്ടു സംക്ഷേപിച്ചു
നിങ്കലുള്ളോരു വാത്സല്യം മുഴുക്കയാൽ.
തന്നുടെ തന്നുടെ ഗൃഹ്യോക്തമാർഗ്ഗേണ
മന്നിടത്തിങ്കൽ ദ്വിജത്യമുണ്ടായ്‌വന്നാൽ
ആചാര്യനോടു മന്ത്രം കേട്ടു സാദര-
മാചാര്യപൂർവമാരാധിക്ക മാമെടോ.
ഹൃൽക്കമലത്തിങ്കലാകിലുമാം പുന-
രഗ്നിഭഗവാങ്കലാകിലുമാമെടോ.
മുഖ്യപ്രതിമാദികളിലെന്നാകിലു-
മർക്കങ്കലാകിലുമപ്പി ങ്കലാകിലും
സ്ഥണ്ഡിലത്തിങ്കലും നല്ല സാളഗ്രാമ-
മുണ്ടെങ്കിലോ പുനരുത്തമമെത്രയും.
വേദതന്ത്രോക്തങ്ങളായ മന്ത്രങ്ങൾകൊ-
ണ്ടാദരാൽ മൃല്ലേപനാദി വിധിവഴി
കാലേ കുളിക്കവേണം ദേഹശുദ്ധയേ.
മൂലമറിഞ്ഞു സന്ധ്യാവന്ദനമാദിയാം
നിത്യകർമ്മം ചെയ്തുപിന്നെ സ്വകർമ്മണാ.
ശുദ്ധ്യർത്ഥമായ്‌ ചെയ്ക സങ്കൽപമാദിയെ.
ആചാര്യനായതു ഞാനെന്നു കൽപിച്ചു
പൂജിക്ക ഭക്തിയോടെ ദിവസംപ്രതി
സ്നാപനം ചെയ്ക ശിലയാം പ്രതിമാസു
ശോഭനാർത്ഥം ചെയ്കവേണം പ്രമാർജ്ജനം
ഗന്ധപുഷ്പാദ്യങ്ങൾകൊണ്ടു പൂജിപ്പവൻ
ചിന്തിച്ചതൊക്കെ ലഭിക്കുമറിക നീ.
മുഖ്യപ്രതിമാദികളിലലംകാര-
മൊക്കെ പ്രസാദമെനിക്കെന്നറിക നീ
അഗ്നൗ യജിക്ക ഹവിസ്സുകൊണ്ടാദര-
ലർക്കനെ സ്ഥണഡിലത്തിങ്കലെന്നാകിലോ
മുമ്പിലേ സർവ്വപൂജാദ്രവ്യമായവ
സമ്പാദനം ചെയ്തുവേണം തുടങ്ങുവാൻ
ശ്രദ്ധയോടുംകൂടെ വാരിയെന്നാകിലും
ഭക്തനായുള്ളവൻ തന്നാലതിപ്രിയം
ഗന്ധപുഷ്പാക്ഷതഭക്ഷ്യഭോജ്യാദിക-
ളെന്തു പിന്നെപ്പറയേണമോ ഞാനെടോ?
വസൃതാജിനകശാദ്യങ്ങളാലാസന-
മുത്തമമായതു കൽപിച്ചുകൊള്ളണം
ദേവസ്യ സമ്മുഖേ ശാന്തനായ്‌ ചെന്നിരു-
ന്നാവിർമ്മുദാ ലിപിന്യാസം കഴിക്കണം
ചെയ്ക തത്വന്യാസവും ചെയ്തു സാദരം
തന്നുട മുമ്പിൽ വാമേ കലശം വെച്ചു
ദക്ഷിണഭാഗേ കുസുമാദികളെല്ലാ-
മക്ഷതഭക്ത്യൈവ സംഭരിച്ചീടണം
അർഗ്ഘ്യപാദ്യപ്രദാനാർത്ഥമായും മധു-
പർക്കാർത്ഥമാചമനാർത്ഥമെന്നിങ്ങനെ
പാത്രചതുഷ്ടയവും വെച്ചുകൊള്ളണം
പേർത്തു മറ്റൊന്നും നിരൂപണം കൂടാതെ
മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃൽക്കമലേ ദൃഢം ധ്യാനിച്ചുകൊള്ളണം
പിന്നെ സ്വദേഹമഖിലം ത്വയാ വ്യാപ്ത-
മെന്നുറയ്ക്കേണമിളക്കവും കൂടാതെ
ആവാഹയേൽ പ്രതിമാദിഷ്ട മൽക്കലാം
ദേവസ്വരൂപമായ്‌ ധ്യാനിക്ക കേവലം
പാദ്യവുമർഗ്ഘ്യം തഥാ മധുപർക്കമി-
ത്യാദ്യൈഃ പുനഃ സ്നാനവസൃതവിഭൂഷണൈ:
എത്രയുണ്ടുള്ളതുപചാരമെന്നാല-
തത്രയും കൊള്ളാമെനിക്കെന്നതേയുള്ളൂ
ആഗമോക്തപ്രകാരേണ നീരാജനൈ-
ർദ്ധൂ പദീപൈർന്നിവേദ്യൈർബ്ബഹുവിസ്തരൈ:
ശ്രദ്ധയാ നിത്യമായർച്ചിച്ചുകൊള്ളുകിൽ
ശ്രദ്ധയാ ഞാനും ഭുജിക്കുമറിക നീ.
ഹോമമഗസ്ത്യോക്തമാർഗ്ഗകുണ്ഡാനലേ?
മൂലമന്ത്രംകൊണ്ടു ചെയ്യാ,മുതെന്നിയേ
ഭക്ത്യാ പുരുഷസൂക്തം കൊണ്ടുമാമെടോ
ചിത്തതാരിങ്കൽ നിനയ്ക്ക കുമാര! നീ.
ഔപാസനാഗ്നൗ ചരുണാ ഹവിഷാ ഥ
സോപാധിനാ ചെയ്ക ഹോമം മഹാമതേ!
തപ്തജാ ബൂനദപ്രഖ്യം മഹാപ്രഭം
ദീപ്താഭരണവിഭൂഷിതം കേവലം
മാമേവ വഹ്നിമദ്ധ്യസ്ഥിതം ധ്യാനിക്ക
ഹോമകാലേ ഹൃദി ഭക്ത്യാ ബുധോത്തമൻ
പാരിഷദാനാം ബലിദാനവും ചെയ്തു
ഹോമശേഷത്തെ സമാപയന്മന്ത്രവിൽ
ഭക്ത്യാ ജപിച്ചു മാം ധ്യാനിച്ചു മൗനിയായ്‌
വക്ത്രവാസം നാഗവല്ലീദലാദിയും
ദത്വാ മദഗ്രേ മഹൽപ്രീതിപൂർവകം
നൃത്തഗീതസ്തുതിപാഠാദിയും ചെയ്തു
പാദാംബുജേ നമസ്കാരവും ചെയ്തുടൻ
ചേതസി മാമുറപ്പിച്ചു വിനീതനായ്‌
മദ്ദത്തമാകും പ്രസാദത്തെയും പുന-
രുത്തമാംഗേ നിധായാനന്ദപൂർവകം
'രക്ഷ മാം ഘോരസംസാരാ'ദിതി മുഹു-
രുക്ത്വാ നമസ്കാരവും ചെയ്തനന്തരം
ഉദ്വസിപ്പിച്ചുടൻ പ്രത്യങ്ങ്‌മഹസ്സിങ്ക-
ലിത്ഥം ദിനമനുപൂജിക്ക മത്സഖേ!
ഭക്തിസംയുക്തനായുള്ള മർത്ത്യൻ മുദാ
നിത്യമേവം ക്രിയായോഗമനുഷ്ഠിക്കിൽ
ദേഹനാശേ മമ സാരൂപ്യവും വരു-
മൈഹികസൗഖ്യങ്ങളെന്തു ചൊല്ലേണമോ?
ഇത്ഥം മയോക്തം ക്രിയായോഗമുത്തമം
ഭക്ത്യാ പഠിക്കതാൻ കേൾക്കതാൻ ചെയ്കിലോ
നിത്യപൂജാഫലമുണ്ടവനെ"ന്നതും
ഭക്തപ്രിയനരുൾചെയ്താനതുനേരം.
ശേഷാംശജാതനാം ലക്ഷ്മണൻതന്നോട-
ശേഷമിദമരുൾചെയ്തോരനന്തരം
മായാമയനായ നാരായണൻ പരൻ
മായാമവലംബ്യ ദുഃഖം തുടങ്ങിനാൻ:
"ഹാ! ജനകാത്മജേ! സീതേ! മനോഹരേ!
ഹാ! ജനമോഹിനി! നാഥേ! മമ പ്രിയേ!"
ഏവമാദിപ്രലാപം ചെയ്തു നിദ്രയും
ദേവദേവന്നു വരാതെ ചമഞ്ഞിതു
സൗമിത്രി തന്നുടെ വാക്യാമൃതംകൊണ്ടു
സൗമുഖ്യമോടു മരുവും ചിലനേരം.