അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/താരോപദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


"എന്തിനു ശോകം വൃഥാ തവ കേൾക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭർത്താവു ദേഹമോ ജീവനോ
ധന്യേ! പരമാർത്ഥമെന്നോടു ചൊല്ലു നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്ങ്‌മാംസരക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമോർക്ക നീ
നിശ്ചയമാത്മാവു ജീവൻ നിരാമയൻ.
ഇല്ല ജനനം മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നിൽക്കയുമില്ല നടക്കയുമില്ല കേൾ
ദു:ഖവിഷയവുമല്ലതു കേവലം
സ്‌ത്രീപുരുഷക്ലീബ ഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സർവകൻ ജീവനേകൻ പരനദ്വയ-
നവ്യയനാകാശതുല്യനലേപകൻ
ശുദ്ധമായ്‌ നിത്യമായ്‌ ജ്ഞാനാത്മകമായ
തത്വമോർത്തെന്തു ദുഃഖത്തിനു കാരണം?"
രാമവാക്യാമൃതം കേട്ടോരു താരയും
രാമനോടാശു ചോദിച്ചിതു പിന്നെയും:
"നിശ്ചേഷ്ടകാഷ്ഠതുല്യം ദേഹമായതും
സച്ചിദാത്മ നിത്യനായതു ജീവനും
ദുഃഖസുഖാദി സംബന്ധമാർക്കെന്നുളള-
തൊക്കെയരുൾചെയ്കവേണം ദയാനിധേ!"
എന്നതു കേട്ടരുൾചെയ്‌തു രഘുവരൻ:
"ധന്യേ രഹസ്യമായുളളതു കേൾക്ക നീ.
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ്‌വരും
അത്രനാളേക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാൽ നിർണ്ണയം.
ഓർക്കിൽ മിത്ഥ്യാഭൂതമായ സംസാരവും
പാർക്ക താനേ വിനിവർത്തിക്കയല്ലെടോ!
നാനാവിഷയങ്ങളെദ്ധ്യായമാനനാം
മാനവനെങ്ങനെയെന്നതും കേൾക്ക നീ.
മിത്ഥ്യാഗമം നിജ സ്വപ്‌നേ യഥാ തഥാ
സത്യമായുളളതു കേട്ടാലുമെങ്കിലോ
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹംകൃതിക്കാശു തൽക്കാര്യമായ്‌
സംസാരമുണ്ടാമപാർത്ഥകമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തൽലകൃതബന്ധം ഭവിക്കുന്നു
രക്താദിസാന്നിദ്ധ്യമുണ്ടാകകാരണം
ശുദ്ധസ്ഫടികവും തദ്വർണ്ണമായ്‌വരും
വസ്‌തുതയാ പാർക്കിലില്ല തദ്രഞ്ജനാ
ചിത്തേ നിരൂപിച്ചു കാൺക നീ! സൂക്ഷമമായ്‌.
ബുദ്ധീന്ദ്രിയാദി സാമീപ്യമുണ്ടാകയാ-
ലെത്തുമാത്മാവിനു സംസാരവും ബലാൽ
ആത്മസ്വലിംഗമായോരു മനസ്സിനെ
താൽപര്യമോടു പരിഗ്രഹിച്ചിട്ടല്ലോ
തത്സ്വഭാവങ്ങളായുള്ള കാമങ്ങളെ-
സ്സത്വാദികളാം ഗുണങ്ങളാൽ ബദ്ധനായ്‌
സേവിക്കയാലവശത്വം കലർന്നതു
ഭാവിക്കകൊണ്ടു സംസാരേ വലയുന്നു
ആദൗ മനോഗുണാൻ സൃഷ്ട്വാ തതസ്തദാ
വേദം വിധിക്കും ബഹുവിധകർമ്മങ്ങൾ
ശുക്ലരക്താസിതഭ്ഗതികളാ-
യ്മിക്കതും തത്സമാനപ്രഭാവങ്ങളായ്‌
ഇങ്ങനെ കർമ്മവശേന ജീവൻ ബലാ-
ലെങ്ങുമാഭൂതപ്ലവം ഭ്രമിച്ചീടുന്നു
പിന്നെസ്സമസ്തസംഹാരകാലേ ജീവ-
നന്നുമനാദ്യവിദ്യാവശം പ്രാപിച്ചു
തിഷ്‌ഠത്യഭിനിവേശത്താൽ പുനരഥ
സൃഷ്ടികാലേ പൂർവവാസനയാ സമം
ജായതേ ഭൂയോ ഘടീയന്ത്രവൽസദാ
മായാബലത്താലതാർക്കൊഴിമെടോ
യാതൊരിക്കൽ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു,
മത്ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്മതി മദ്വിഷയാ ദൃഢം
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപവിജ്ഞാനവും ജായതേ
സൽഗുരുനാഥ പ്രസാദേന മാനസേ
മുഖ്യവാക്യാർത്ഥവിജ്ഞാമുണ്ടായ്‌വരും
ദേഹേന്ദ്രിയ മനഃപ്രാണാദികളിൽ നി-
ന്നാഹന്ത! വേറൊന്നു നൂനമാത്മാവിതു
സത്യമാനന്ദമേകം പരമദ്വയം
നിത്യം നിരുപമം നിഷ്‌കളങ്കം നിർഗ്ഗുണം
ഇത്ഥമറിയുമ്പോൾ മുക്തനാമപ്പൊഴേ
സത്യം മയോദിതം സത്യം മയോദിതം
യാതൊരുത്തൻ വിചാരിക്കുന്നതിങ്ങനെ
ചേതസി സംസാരദുഃഖമവനില്ല.
നീയും മയാ പ്രോക്തമോർത്തു വിശുദ്ധയാ-
യ്മായാവിമോഹം കളക മനോഹരേ!
കർമ്മബന്ധത്തിങ്കൽ നിന്നുടൻ വേർപെട്ടു
നിർമ്മല ബ്രഹ്‌മണിതന്നെ ലയിക്ക നീ
ചിത്തേ നിനക്കു കഴിഞ്ഞ ജന്മത്തിങ്ക
ലെത്രയും ഭക്തിയുണ്ടെങ്കലതുകൊണ്ടു
രൂപവുമേവം നിനക്കു കാട്ടിത്തന്നു
താപമിനിക്കളഞ്ഞാലുമശേഷം നീ
മദ്രൂപമീദൃശ്യം ധ്യാനിച്ചുകൊൾകയും
ചെയ്താൽ നിനക്കു മോക്ഷം വരും നിർണ്ണയം
കൈതവമല്ല പറഞ്ഞതു കേവലം"
ശ്രീരാമവാക്യമാനന്ദേന കേട്ടോരു
താരയും വിസ്മയം പൂണ്ടു വണങ്ങിനാൾ
മോഹമകന്നു തെളിഞ്ഞിതു ചിത്തവും
ദേഹാഭിമാനജദുഃഖവും പോക്കിനാൾ
ആത്മാനുഭൂതികൊണ്ടാശു സന്തുഷ്ടയാ-
യാത്മബോധേന ജീവന്മുക്തയായിനാൾ
മോക്ഷപ്രദനായ രാഘവൻതന്നോടു
കാൽക്ഷണം സംഗമമാത്രേണ താരയും
ഭക്തി മുഴുത്തിട്ടനാദിബന്ധം തീർന്നു
മുക്തയായാളൊരു നാരിയെന്നാകിലും
വൃഗ്രമെല്ലാമകലെപ്പോയ്തെളിഞ്ഞിതു
സുഗ്രീവനുമിവ കേട്ടോരനന്തരം
അജ്ഞാനമെല്ലാമകന്നു സൗഖ്യം പൂണ്ടു
വിജ്ഞാനമോടതി സ്വസ്ഥനായാൻ തുലോം.