അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ലക്ഷ്മണന്റെ പുറപ്പാട്
അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാൻ
കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മർക്കടജാതികളെന്നു തോന്നും വണ്ണം
വിജ്ഞാനമൂർത്തി സർവ്വജ്ഞനാകുല-
നജ്ഞാനിയായുള്ള മാനുഷനെപ്പോലെ...............1150
ദുഃഖസുഖാദികൾ കൈക്കൊണ്ടു വർത്തിച്ചു
ദുഷ്കൃതശാന്തി ലോകത്തിനുണ്ടാക്കുവാൻ
മുന്നം ദശരഥൻ ചെയ്ത തപോബലം
തന്നുടെ സിദ്ധി വർത്തിക്കൊടുപ്പാനും
പങ്കജസംഭവനാദികൾക്കുണ്ടായ
സങ്കടം തീർത്തു രക്ഷിച്ചു കൊടുപ്പാനും
മാനുഷവേഷം ധരിച്ചു പരാപര-
നാനന്ദമൂർത്തി ജഗന്മയനീശ്വരൻ
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയുക്തമാകയാൽ................1160
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാൽ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു
സർവ്വജഗന്മായാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ
രാമനായ് മാനുഷവ്യാപാരജാതയാം
രാമായണാഭിധാമാനന്ദദായിനീം
സല്കഥാമിപ്രപഞ്ചത്തിങ്കലൊക്കവെ
വിഖ്യാതയാക്കുവാനാനന്ദപൂരുഷൻ
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാർത്ഥസിദ്ധയേ...................1170
തത്തൽക്രിയാകാലദേശോചിതം നിജ-
ചിത്തേ പരിഗ്രഹിച്ചീടിനാനീശ്വരൻ
സത്വാദികളാം ഗുണങ്ങളിൽത്താനനു-
രക്തനെപ്പോലെ ഭവിയ്ക്കുന്നു നിർഗ്ഗുണൻ
വിജ്ഞാനമൂർത്തിയാം സാക്ഷി സുഖാത്മകൻ
വിജ്ഞാനശക്തിമാനവ്യക്താനദ്വയൻ
കാമാദികളാലവിലിപ്തനവ്യയൻ
വ്യോമവദ് വ്യാപ്തനനന്തനനാമയൻ
ദിവ്യമുനീശ്വരന്മാർ സനകാദികൾ
സർവ്വാത്മകനെച്ചിലരറിഞ്ഞീടുവോർ.............1180
നിർമ്മലാത്മാക്കളായുള്ള ഭക്തന്മാർക്കു
സംയക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദൻ മുനിവൃന്ദനിഷേവിതൻ
കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറു ഞാണൊലിയിട്ടിതു
മർക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാൽ
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയിൽ പിടിച്ചേവരും..................1190
പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മർക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുൾക്കാമ്പിലഭ്യുദ്യതനായ സൗമിത്രി
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തൽക്ഷണമംഗദനോടിവന്നീടിനാൻ
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാൻ.......................1200
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോഡം സുമിത്രാത്മജൻ ചൊല്ലിനാൻ
'ഗച്ഛ വത്സ ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ
ഇച്ഛയായുള്ളതും ചെയ്തു മിത്രത്തെ വ-
ഞ്ചിച്ചാലനർത്ഥമവിളംബിതം വരും
ഉഗ്രനാമഗ്രജനെന്നോടരുൾചെയ്തു
നിഗ്രഹിച്ചീടുവാൻ സുഗ്രീവനെ ക്ഷണാൽ
അഗ്രജമാർഗ്ഗം ഗമിയ്ക്കണമെന്നുണ്ടു
സുഗ്രീവനുൾക്കാമ്പിലെങ്കിലതേ പോരും..................1210
എന്നരുൾചെയ്തതു ചെന്നു പറകെ'ന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവൻ
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാൻ
'കോപേന ലക്ഷ്മണൻ വന്നിതാ നിൽക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം'
സന്ത്രസ്തനായ സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരനാം മാരുതി തന്നോടു....................1220
ചിന്തിച്ചു ചൊല്ലിനാനംഗദനോടുകൂ-
ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ
സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക
ശാന്തനായോരു സുമിത്രാതനയനെ'
മാരുതിയെപ്പറഞ്ഞേവമയച്ചഥ
താരയോടർക്കാത്മജൻ പറഞ്ഞീടിനാൻ
'താരാധിപാനനേ! പോകണമാശു നീ
താരേ! മനോഹരേ! ലക്ഷ്മണൻ തന്നുടെ
ചാരത്തു ചെന്നു കോപത്തെശ്ശമിപ്പിക്ക
സാരസ്യസാരവാക്യങ്ങളാൽ പിന്നെ നീ...............1230
കൂട്ടിക്കൊണ്ടിങ്ങുപോന്നെന്നെയും വേഗേന
കാട്ടിക്കലുഷഭാവത്തെയും നീക്കണം'
ഇത്ഥമർക്കാത്മജ വാക്കുകൾ കേട്ടവൾ
മദ്ധ്യകക്ഷ്യാം പ്രവേശിച്ചു നിന്നീടിനാൾ
താരാതനയനും മാരുതിയും കൂടി
ശ്രീരാമസോദരൻ തന്നെ വണങ്ങിനാർ
ഭക്ത്യാകുശലപ്രശ്നങ്ങളും ചെയ്തു സൗ-
മിത്രിയോടഞ്ജനാനന്ദനൻ ചൊല്ലിനാൻ
'എന്തു പുറത്തുഭാഗേ നിന്നരുളുവാ-
നന്തഃപുരത്തിലാമ്മാറെഴുന്നള്ളണം................1240
രാജദാരങ്ങളെയും നഗരാഭയും
രാജാവു സുഗ്രീവനെയും കനിവോടു
കണ്ടു പറഞ്ഞാലനന്തരം നാഥനെ-
ക്കണ്ടു വണങ്ങിയാൽ സാദ്ധ്യമെല്ലാം ദ്രുതം'
ഇത്ഥം പറഞ്ഞു കൈയും പിടിച്ചാശു സൗ-
മിത്രിയോടും മന്ദമന്ദം നടന്നിതു
യൂഥപന്മാർ മരുവീടും മണിമയ-
സൌധങ്ങളും പുരീശോഭയും കണ്ടുക-
ണ്ടാനന്ദമുൾക്കൊണ്ടു മദ്ധ്യകക്ഷ്യാ ചെന്നു
മാനിച്ചു നിന്നനേരത്തു കാണായ്‌വന്നു..................1250
താരേശതുല്യമുഖിയായ മാനിനീ
താരാ ജഗന്മനോമോഹിനി സുന്ദരി
ലക്ഷ്മീസമാനയായ് നിൽക്കുന്നതന്നേരം
ലക്ഷ്മണൻ തന്നെ വണങ്ങി വിനീതയായ്
മന്ദസ്മിതം പൂണ്ടു ചൊന്നാളഹോ ‘തവ
മന്ദിരമായതിതെന്നറിഞ്ഞീലയോ?
ഭക്തനായെത്രയുമുത്തമനായ് തവ
ഭൃത്യനായോരു കപീന്ദ്രനോടിങ്ങനെ
കോപമുണ്ടായാലവനെന്തൊരു ഗതി?
ചാപല്യമേറുമിജ്ജാതികൾക്കോർക്കണം...................1260
മർക്കടവീരൻ ബഹുകാലമുണ്ടല്ലോ
ദുഃഖമനുഭവിച്ചീടുന്നു ദീനനായ്
ഇക്കാലമാശു ഭവൽകൃപയാ പരി-
രക്ഷിതനാകയാൽ സൌഖ്യം കലർന്നവൻ
വാണാനതും വിപരീതമാക്കീടായ്ക-
വേണം ദയാനിധേ! ഭക്തപരായണ!
നാനാദിഗന്തരം തോറും മരുവുന്ന
വാനരന്മാരെ വരുത്തുവാനായവൻ
പത്തു സഹസ്രം ദൂതന്മാരെ വിട്ടിതു
പത്തുദിക്കീന്നും കപികുലപ്രൌഢരും...................1270
വന്നു നിറഞ്ഞതു കാൺകിവിടെപ്പുന-
രൊന്നിനും ദണ്ഡമിനിയില്ല നിർണ്ണയം
നക്തഞ്ചരകുലമൊക്കെയൊടുക്കുവാൻ
ശക്തരത്രേ കപിസത്തമന്മാരെല്ലാം
പുത്രകളത്രമിത്രാന്വിതനാകിയ
ഭൃത്യനാം സുഗ്രീവനെക്കണ്ടവനുമായ്
ശ്രീരാമദേവപാദാംബുജം വന്ദിച്ചു
കാര്യവുമാശു സാധിക്കാമറിഞ്ഞാലും’
താരാവചനമേവം കേട്ടു ലക്ഷ്മണൻ
പാരാതെ ചെന്നു സുഗ്രീവനെയും കണ്ടു.....................1280
സത്രപം വിത്രസ്തനായ സുഗ്രീവനും
സത്വരമുത്ഥാനവും ചെയ്തു വന്ദിച്ചു
മത്തനായ് വിഹ്വലിതേക്ഷണനാം കപി-
സത്തമനെക്കണ്ടു കോപേന ലക്ഷ്മണൻ
മിത്രാത്മജനോടു ചൊല്ലിനാൻ നീ രഘു-
സത്തമൻ തന്നെ മറന്നെതെന്തിങ്ങനെ?
വൃത്രാരിപുത്രനെക്കൊന്ന ശരമാര്യ-
പുത്രൻ കരസ്ഥിതമെന്നുമറിക നീ
അഗ്രജമാർഗ്ഗം ഗമിക്കയിലാഗ്രഹം
സുഗ്രീവനുണ്ടെന്നു നാഥനരുൾചെയ്തു.....................1290
ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി-
നുത്തരം മാരുത പുത്രനും ചൊല്ലിനാൻ
‘ഇത്ഥമരുൾചെയ്‌വതിനെന്തു കാരണം
ഭക്തനേറ്റം പുരുഷോത്തമങ്കൽ കപി-
സത്തമനോർക്കിൽ സുമിത്രാത്മജനിലും
സത്യവും ലംഘിയ്ക്കയില്ല കപീശ്വരൻ
രാമകാര്യാർത്ഥമുണർന്നിരിക്കുന്നിതു
താമസമെന്നിയേ വാനരപുംഗവൻ
വിസ്മൃതനായിരുന്നീടുകയല്ലേതും
വിസ്മയമാമ്മാറു കണ്ടീലയോ ഭവാൻ?......................1300
വേഗേന നാനാദിഗന്തരത്തിങ്കൽ നി-
ന്നാഗതന്മാരായ വാനരവീരരെ?
ശ്രീരാമകാര്യമശേഷേണ സാധിക്കു-
മാമയമെന്നിയേ വാനരനായകൻ’
മാരുതി ചൊന്നതു കേട്ടു സൌമിത്രിയു-
മാരൂഢലജ്ജനായ് നിൽക്കും ദശാന്തരേ
സുഗ്രീവനർഗ്ഘ്യപാദ്യാദേൻ പൂജചെ-
യ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാൻ
‘ശ്രീരാമദോസോഹമാഹന്ത! രാഘവ-
കാരുണ്യലേശേനെ രക്ഷിതനദ്യ ഞാൻ.....................1310
ലോകത്രയത്തെ ക്ഷണാർദ്ധമാത്രം കൊണ്ടു
രാഘവൻ തന്നെ ജയിക്കുമല്ലോ ബലാൽ
സേവാർത്ഥമോർക്കിൽ സഹായമാത്രം ഞങ്ങ-
ളേവരും തൻ നിയോഗത്തെ വഹിയ്ക്കുന്നു‘
അർക്കാത്മജൻ മൊഴി കേട്ടു സൌമിത്രിയും-
മുൾക്കാമ്പഴിഞ്ഞവനോടു ചൊല്ലീടിനാൻ
‘ദുഃഖേന ഞാൻ പരുഷങ്ങൾ പറഞ്ഞതു-
മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനല്ലോ നീ
നിങ്കൽ പ്രണയമധികമുണ്ടാകയാൽ
സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!...................1320
വൈകാതെ പോക വനത്തിനു നാമിനി
രാഘവൻ താനേ വസിയ്ക്കുന്നതുമെടോ.