Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/ശ്രീരാമന്റെ വിരഹതാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


രാമനും പർവതമൂർദ്ധനി ദുഃഖിച്ചു
ഭാമിനിയോടും പിരിഞ്ഞുവാഴും വിധൗ
താപേന ലക്ഷ്മണൻ തന്നോടു ചൊല്ലിനാൻ:
"പാപമയ്യോ! മമ! കാൺക! കുമാര! നീ
ജാനകീദേവി മരിച്ചിതോ കുത്രചിൽ
മാനസതാപേന ജീവിച്ചിരിക്കയോ?
നിശ്ചയിച്ചേതുമറിഞ്ഞതുമില്ലല്ലോ.
കശ്ചിൽ പുരുഷനെന്നോടു സംപ്രിതനായ്‌
ജീവിച്ചിരിക്കുന്നിതെന്നു ചൊല്ലീടുകിൽ
കേവലമെത്രയുമിഷ്ടനവൻ മമ.
എങ്ങാനുമുണ്ടിരിക്കുന്നതെന്നാകിൽ ഞാ-
നിങ്ങു ബലാൽ കൊണ്ടുപോരുവൻ നിർണ്ണയം.
ജനാകീദേവിയെക്കട്ട കള്ളൻതന്നെ
മാനസകോപേന നഷ്ടമാക്കീടുവൻ.
വംശവും കൂടെയൊടുക്കുന്നതുണ്ടൊരു
സംശയമേതുമിതിനില്ല നിർണ്ണയം.
എന്നെയും കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന
നിന്നെ ഞാനെന്നിനിക്കാണുന്നു വല്ലഭേ!
ചന്ദ്രാനനേ! നീ പിരിഞ്ഞതു കാരണം
ചന്ദ്രനുമാദിത്യനെപ്പോലെയായിതു.
ചന്ദ്ര! ശീതാംശുക്കളാലവളെച്ചെന്നു
മന്ദമന്ദം തലോടിത്തലോടിത്തദാ
വന്നാ തടവീടുകെന്നെയും സാദരം
നിന്നുടെ ഗോത്രജയല്ലോ ജനകജ.
സുഗ്രീവനും ദയാഹീനനത്രേ തുലോം
ദുഃഖിതനാമെന്നെയും മറന്നാനല്ലോ
നിഷ്കണ്ടകം രാജ്യമാശു ലഭിച്ചവൻ
മൈക്കണ്ണിമാരോടുകൂടി ദിവാനിശം
മദ്യപാനാസക്തചിത്തനാം കാമുകൻ
വ്യക്തം കൃതഘ്‌നനത്രേ സുമിത്രാത്മജ!
വന്നു ശരൽക്കാലമെന്നതുകണ്ടവൻ
വന്നീലയല്ലോ പറഞ്ഞവണ്ണം സഖേ!
അന്വേഷണംചെയ്തു സീതാധിവാവു-
മിന്നേടമെന്നറിഞ്ഞീടുവാനായവൻ.
പൂർവ്വോപകാരിയാമെന്നെ മറക്കയാൽ
പൂർവ്വനവൻ കൃതഘ്‌നന്മാരിൽ നിർണ്ണയം
ഇഷ്ടരായുള്ള ജനത്തെ മറക്കുന്ന
ദുഷ്ടരിൽ മുമ്പുണ്ടു സുഗ്രീവനോർക്ക നീ.
കിഷ്കിന്ധയോടും ബന്ധുക്കളോടും കൂടെ
മർക്കടശ്രേഷ്ഠനെ നിഗ്രഹിച്ചീടുവൻ
അഗ്രജമാർഗ്ഗം ഗമിക്കേണമിന്നിനി-
സ്സുഗ്രീവനുമതിനില്ലൊരു സംശയം".
ഇത്ഥമരുൾചെയ്ത രാഘവനോടതി-
ക്രുദ്ധനായോരു സൗമിത്രി ചൊല്ലീടിനാൻ:
"വദ്ധ്യനായോരു സുഗ്രീവനെസ്സത്വരം
ഹത്വാ വിടകൊൾവനദ്യ തവാന്തികം
ആജ്ഞാപയാശു മാ"മെന്നു പറഞ്ഞിതു
പ്രാജ്ഞനായോരു സുമിത്രാതനയനും
ആദായ ചാപതൂണീരഖഡ്ഗങ്ങളും
ക്രോധേന ഗന്തുമഭ്യുദ്യതം സോദരം
കണ്ടു രഘുപതി ചൊല്ലിനാൻ പിന്നെയു-
"മുണ്ടൊന്നു നിന്നോടിനിയും പറയുന്നു
ഹന്തവ്യനല്ല സുഗ്രീവൻ മമ സഖി
കിന്തു ഭയപ്പെടുതീടുകെന്നേ വരൂ.
'ബാലിയെപ്പോലെ നിനക്കും വിരവോടു
കാലപുരത്തിന്നു പോകാമറിക നീ'
ഇത്ഥമവനോടു ചെന്നു ചൊന്നാലതി-
നുത്തരം ചൊല്ലുന്നതും കേട്ടുകൊണ്ടു നീ
വേഗേന വന്നാലതിന്നനുരൂപമാ-
മാകൂതമോർത്തു കർത്തവ്യമനന്തരം".