ശ്രീമൂലരാജവിജയം/നിലംപുരയിടങ്ങളിടെ ഭരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
നിലംപുരയിടങ്ങളിടെ ഭരണം

[ 11 ]


നിലം പുരയിടങ്ങളിടെ ഭരണം.


നിലം പുരയിടങ്ങളിടെ മുതലെടുപ്പുവകക്കായി ൟ സ്ഥാനത്തെ നാലു ഡിവിഷനായി വിഭാഗിച്ചിരിക്കുന്നു. ഇവയിൽ ഓരോന്നു "ദിവാൻപേഷ്കാർ" എന്നു വിളിക്കപ്പെടുന്ന ഒരു ഉദ്യോഗസ്തന്റെ വരുതിയിൻകീഴിലിരിക്കുന്നു. ൟ ഓരോ ഉദ്യോഗസ്തനും ഡിസ്ത്രിക്ട് മജിസ്ത്രേട്ടിന്റെ അധികാരം വഹിക്കുന്നു. ഓരോഡിവിഷനും ഓരോ തഹശീൽദാരന്മാരിടെ വരുതിയിൻ കീഴിലുള്ള താലൂക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. തഹശീൽദാർ താലൂക്കിലെ മജിസ്ത്രേട്ടുമാകുന്നു. ആകെ ൩൧ താലൂക്കുകൾ ഉണ്ടു. ഓരൊ താലൂക്കും പ്രവൃത്തികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ൟ പ്രവൃത്തി നിലം പുരയിടങ്ങളിലെ മുതലെടുപ്പു കാൎയ്യങ്ങൾക്കുള്ള എത്രയും ചെറിയദേശ വിഭാഗമാകുന്നു. ആകെ ൨൫൫ പ്രവൃത്തികൾഉണ്ടു. പ്രവൃത്തിയുടെ മേലധികാരി പാൎവത്യകാരനാകുന്നു. ആദ്യമായി കരം പിരിക്കാനുള്ള ചുമതല പാൎവത്യകാരന്റെതാകുന്നു.

വസ്തു അനുഭവക്രമങ്ങൾ,


ഈ സംസ്ഥാനത്തിലുള്ള വസ്തു അനുഭവക്രമം വിശേഷപ്പെട്ടതും സമ്മിശ്രിതമായുള്ളതുമാകുന്നു. വസ്തു ഉടമസ്തന്മാരായ കുടികളിൽനിന്നു തന്നെ നേരിട്ടു കരംപിരിച്ചുവരുന്നു. അവരിടെ പേരിൽതന്നെ വസ്തുക്കൾ പതിച്ചുകൊടുക്കയും ചെയ്തിരിക്കുന്നു. എന്നാൽ അനുഭവക്രമങ്ങൾ അനേകങ്ങളാകന്നു. ൟ വിവിധത്വം സൎക്കാർ കരങ്ങളെ സംബന്ധിച്ചിടത്തോളം ഗവൎമ്മേന്റിനും കുടികൾക്കും തമ്മിൽ ഏതേല്ലാംവിധം സംബന്ധം ഉണ്ടായിരിക്കാമൊ ആ സംബന്ധങ്ങളെല്ലാം അടങ്ങിയവകയാകുന്നു. ചിലസ്തലങ്ങളിൽ നിലങ്ങൾക്കു പൂൎണ്ണകരം കൊണ്ടിട്ടുണ്ടു. മറ്റു ചിലനിലങ്ങൾക്കു പേരിനുമാത്രം സ്വല്പകരം ഉണ്ടു. ചിലനിലങ്ങൾ തീരെ കരമില്ലാത്തവയാകുന്നു. [ 12 ] ഈ അനുഭവക്രമങ്ങളെ നോക്കുന്നതായാൽ (൧) ജന്മം (൨) സർക്കാർ എന്നീ രണ്ടു പ്രധാന ഇനങ്ങളായി ഭൂമിയെ വിഭജിക്കാം, ഈ രണ്ടുവിധം അനുഭവങ്ങൾ അനുസരിച്ചും ഉടമസ്താവകാശം ഓരോ ഉടമസ്തനും ചേർന്നതാകുന്നു. ജന്മവസ്തുക്കൾ മൂന്നു ഇനങ്ങളിൽ ഉൾപ്പെട്ടവയാകുന്നു.

(൧) തീരെ കരമില്ലാത്തവ. (൨) മൂലകുഡുംബത്തിൽ വസ്തുക്കൾ ഇരിക്കുന്നിടത്തോളം കരം ഒഴിവുള്ളവയും അന്യന്മാർക്കു അധീനമാകുമ്പോൾ കരം കൊള്ളുന്നവയുമായ ഭൂമികൾ. (൩) ആദ്യം മുതൽക്കെ സ്വല്പമായ കരം കൊണ്ടവ. സർക്കാർ ഭൂമികൾ ൬൦-ൽ അധികം വിധത്തിലുള്ളവയുണ്ടു. ഇവയിൽ ചിലതു കരം ഇല്ലാത്തവയാകുന്നു. ചിലതു ഇനാം വസ്തുക്കളാകുന്നു. ചിലതു മുഴുവനും കരം കൊണ്ടവയല്ലാ. മറ്റുള്ളവ പൂർണ്ണകരം കൊണ്ടിട്ടുണ്ടു.

മുതലെടുപ്പു വിഷയമായി നടപ്പാക്കിയ ഏതാനും നിയമങ്ങൾ താഴെ വിവരിച്ചിട്ടുള്ളവയാകുന്നു.

ജന്മികളും കുടിയാനവൻമാരും.


(൧) ജന്മികൾക്കും കുടിയാനവന്മാർക്കും തമ്മിലുള്ള സംബന്ധത്തേയും ജന്മവസ്തുക്കളിന്മൽ ഇവർക്കു ഓരോരുത്തൎക്കുമുള്ള അവകാശത്തിന്റെ സ്വഭാവത്തെയും എത്രത്തോളമുണ്ടെന്നുള്ളതിനെ കുറിച്ചു ഗവൎമ്മെന്റിൻനിന്നും വളരെ കാലമായി ആലോചിച്ചു വന്നിരുന്നൂ. ഓരോരൊ ക്രമങ്ങൾ അനുസരിച്ചു ജന്മവസ്തുക്കൾ അനുഭവിച്ചു വന്നിരുന്ന കുടിയാന്മാർ മിച്ചവാരവും പൊളിച്ചെഴുത്തുപീസും മറ്റുഭോഗങ്ങളും ശരിയായി കൊടുത്തു വരുന്നതായാൽ അവൎക്കു സ്ഥിരമായ അനുഭവാകാശമുണ്ടെന്നു ൧൦൪൨-ാ മാണ്ടത്തെ തിരുവെഴുത്തു വിളംബരത്താൽ സ്ഥിരപ്പെടുത്തപ്പെട്ടിരുന്നൂ. എന്നാൽ ഈ തിരുവെഴുത്തു വിളംബരത്തിൽ അനേകം പ്രധാന സംഗതികൾ തീൎച്ചപ്പെടുത്താതെ വിട്ടിരിക്കയും മിച്ചവാരം മുതലായ ഭോഗങ്ങൾ കുടിയാന്മാരിൽനിന്നും ജന്മികൾ സൗകൎയ്യമായി പിരിക്കാൻ വേണ്ടനടപടി [ 13 ] വിധിക്കാതിരിക്കയും ചെയ്തിരുന്നൂ. ഈ ഓരോരൊ കക്ഷിക്കുമുള്ള അവകാശത്തെ വിവരമായി അന്വെഷിച്ചറിഞ്ഞു ൧൦൭൧-ലെ ൫-ാം റിഗുലേഷനായി ഇതിലേക്കു ഒരു നിയമം നടപ്പാക്കീട്ടുണ്ടു. ഇതിനാൽ ജന്മികൾക്കും കുടിയാന്മാൎക്കും തമ്മിൽ വളരെ കാലമായി ഉണ്ടായിരുന്ന തൎക്കങ്ങൾ തീർൎച്ചപ്പെടുത്തുകയും ജന്മികൾക്കു കിട്ടാനുള്ള ഭോഗങ്ങൾ ഈടാക്കുന്നതിനു സൗകൎയ്യമുള്ള നടപടികൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടു.

കൃഷിവായ്പു.


(൨) ഈ സംസ്ഥാനത്തിൽ സ്വഭാവേനയുള്ള ഉപവൃത്തിയെയും പ്രജകളിടേ മിക്കവരിടെയും തൊഴിൽ കൃഷിയാണെന്നുള്ള സംഗതിയെയും ഓൎത്തു കൃഷിസംബന്ധമായ വേലകൾ നടത്തിക്കുന്ന വകക്കായി ഗവൎമ്മെന്റു ഖജനാവിൽ നിന്നും പണം കടംകൊടുത്തു കുടികളെ സഹായിക്കുന്നതു് ഉചിതമാണെന്നു വിചാരിച്ചു ഇപ്രകാരം വായ്പുകൊടുക്കുന്നതിനായി ൧൦൬൪-ാമാണ്ടത്തെ ൪-ാം റിഗുലെഷൻ നടപ്പാക്കീട്ടുണ്ടു്. ഈ വായ്പുകൊടുക്കുന്ന തുകകളെ സ്വല്പ തുകളായി തവണവച്ചു സൎക്കാരിലെക്കു തിൎയ്യെ കൊടുക്കണമെന്നും ഏൎപ്പാടു ചെയ്തിട്ടുണ്ടു.

കരംഒഴിവു.


(൩) പഴയ നടപ്പു അനുസരിച്ചു കണ്ടെഴുത്തിൽ നിശ്ചയിക്കുന്ന കരത്തിനും പുറമെ, ഉഭയം, പലിശ, രക്ഷാഭോഗം മുതലായ അനേകവിധം കരങ്ങൾ കണക്കിൽ കൊണ്ടിട്ടുണ്ടു. ഇവയിൽ മിക്കവയും ഇപ്പൊഴത്തെ ജനസമുദായ സ്ഥിതിക്കു യോജ്യങ്ങളല്ലാത്തവയും കുടികൾക്കുപദ്രവകരമാണെന്നും കാണപ്പെടുകയാൽ അവയെ നിറുത്തൽ ചെയ്തിട്ടുണ്ടു.

വിരുത്തി നിറുത്തൽ.


(൪) ഈ സംസ്ഥാനത്തിലുള്ള ഇനാം വസ്തുക്കളിൽ മിക്കവയുംവിരുത്തി വകയാണു. വിരുത്തിവസ്തു അനുഭവിക്കുന്നവർ അനേകവിധം ഊഴിയങ്ങൾ ചെയ്യുകയും ദേവസ്വങ്ങൾ [ 14 ] ഊട്ടുകൾ മുതലായവക്കും അനേക അടിയന്ത്രങ്ങൾക്കും നാമമാത്രമായ വിലവാങ്ങിച്ചുംകൊണ്ടു കോപ്പുകൾ ശേഖരിച്ചു കൊടുക്കയും ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരുന്നു. ഈ ഏർപ്പാടുകൾ ഇപ്പോഴത്തെ അവസ്താഭേദത്തിനു അനുചിതമെന്നു കാണപ്പെടുകയാൽ വിരുത്തി അനുഭവക്കാരെക്കൊണ്ടു നിർബന്ധമായി ചെയ്തുവന്നിരുന്ന ജോലികളുടെ ഭാരത്തിൽ നിന്നും അവരെ ഒഴിപ്പിക്കയും ഈ വസ്തുക്കളെ നീതിയായും ഹിതമായുമുള്ള ക്രമം അനുസരിച്ചു കരം ഏർപ്പെടുത്തി ഏൾപ്പിക്കുന്ന്തിനു ഒരു ഏർപ്പാടു ചെയ്കയും ചെയ്തിട്ടുണ്ടു.

കൃഷിപ്രദർശനങ്ങൾ


(൫) ഈ സംസ്ഥാനത്തിലെ പ്രജകൾ കൃഷികൊണ്ടു ഉപജീവിക്കുന്നവരാണെന്നു വരികിലും ആഹാരത്തിനുവേണ്ട അരി പുറരാജ്യത്തുനിന്നും വരുത്തേണ്ടിയിരിക്കുന്നു. ഈ ന്യൂനതയെ തീർക്കുന്നതിനായി ഇപ്പോൾ കൃഷി ചെയ്യപ്പെട്ടുവരുന്ന മാർഗ്ഗത്തെ പരിഷ്ക്കരിക്കുന്നതിനും ഇപ്പോഴത്തെതിലും അധികം നിലങ്ങൾ കൃഷിചെയ്യാനിടവരുന്നതിനുമായി ചിലഏർപ്പാടുകൾ ചെയ്യപ്പെട്ടിട്ടുണ്ടു. കൃഷി പ്രദർശനങ്ങളും കന്നുകാലി കാഴ്ചകളും അവിടവിടെ നടത്തുകയും കൃഷിചെയ്യുന്ന മാർഗ്ഗങ്ങളെ കാണിക്കാനായി മാതൃകാ സ്തലങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ളതു ആദ്യത്തെ ഉദ്ദേശ്യത്തെ സാധിപ്പാനായി സ്വീകരിക്കപ്പെട്ടിട്ടുള്ള മാർഗ്ഗങ്ങളിൽ ചിലവയാകുന്നു. കായലുകളേ നിരത്തിയും തരിശു ഭൂമികളെ കാടുവെട്ടിയും കൃഷിചെയ്യുന്നവർക്കു വളരെ സ്വല്പകരത്തിന്മേൽ അവയെ പതിച്ചു കൊടുക്കുന്നതിനു ഏർപ്പാടു ചെയ്തിട്ടുണ്ടു.

കുലച്ചുകൂടുതൽ


(൬) " കുലച്ചു കൂടുതൽ" എന്നൊരേർപ്പാടുണ്ടായിരുന്നു. ഇതനുസരിച്ചു റവന്യൂ ഉദ്യോഗസ്തന്മാർ സ്തലങ്ങൾ ചുറ്റിനോക്കി മുമ്പിൽ കരം കൊള്ളാതിരുന്ന വൃക്ഷങ്ങൾ കാഫലമായി തുടങ്ങിയിരുന്നാൽ അവയ്ക്കുകൂടി കരം ഏർപ്പെടുത്തുന്നതു പതിവായി [ 15 ] രുന്നു. ഈനടപ്പു തങ്ങളിടെ വസ്തുക്കളെ കഴിയുന്നതും നല്ലവിധത്തിൽ ഉപയോഗപ്പെടുത്തിവന്ന പരിശ്രമ ശീലന്മാരായ കുടികൾക്കു സങ്കടമായിട്ടുള്ളതാകയാൽ ഇതു നിറുത്തപ്പെട്ടു. ഇപ്പോൾ കുടികൾക്കു അവരിടെ വസ്തുക്കളെ നന്നാക്കി കൂടുതൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിയ്ക്കയും സംസ്ഥാനം ഒട്ടുക്കു അടുത്തതവണ കണ്ടെഴുത്തു നടത്തുന്നതുവരെ ഈവിധമുള്ള വൃക്ഷങ്ങൾക്കു കരം പതിക്കുമെന്നുള്ള ഭീതി കൂടാതെ തന്നെ ഈ വൃക്ഷങ്ങളുടെ ഫലങ്ങളെ നിൎബ്ബാധമായി അനുഭവിക്കയും ചെയ്യാം

മറ്റു ഏൎപ്പാടുകൾ


(൭) കക്ഷികൾക്കു സമൻസു അയച്ചു വരുത്തുന്നതിനും അവരെകൊണ്ടു ആധാരങ്ങൾ ഹാജരാക്കിക്കുന്നതിനും റവന്യു ഉദ്യോഗസ്ഥന്മാൎക്കു അധികാരം കൊടുക്കുന്നതിനായി ൧൦൬൩-ാമാണ്ടത്തെ ൫-ാം റഗുലേഷനായ റവന്യുസമൻസു റഗുലേഷനും അധികാരം കൂടാതെ ഗവൎമെന്റു ഭൂമികളെ കൈവശപ്പെടുത്തി അനുഭവിക്കുന്നതിനെ തടുക്കുന്നതിനായി ൧൦൬൭-ാമാണ്ടത്തെ ൨-ാം റഗുലേഷനായ സൎക്കാർ ഭൂമിസംരക്ഷണം റഗുലേഷനും കരം പിരിക്കുന്ന വിധത്തെ സൌകൎയ്യപ്പെടുത്തുന്നതിനായി ൧൦൬൮-ാമാണ്ടത്തെ ൧-ാം റഗുലേഷനും നടപ്പാക്കപ്പെട്ടു. അകന്ന കൂറ്റുകാരെ ദത്തെടുക്കുന്നതിനുള്ള അടിയറപീസു നിറുത്തൽ ചെയ്തതും ഈ സംസ്ഥാനത്തിൽ ഏതാനും പ്രദേശങ്ങളിൽമാത്രം നടപ്പുണ്ടായിരുന്ന കരിവു കണ്ടെഴുതുന്ന നടപ്പിനെ തുല്യാവസ്തയിലുള്ള മറ്റുപ്രദേശങ്ങളിൽ നടപ്പാക്കിയതും താഴ്ന്ന ഭൂമികളിൽ തെയില കൃഷിക്കായി കുറഞ്ഞ കരത്തിനു ഭൂമിപതിച്ചു കൊടുക്കുന്നതിനു നിശ്ചയിച്ചതും കുടികളുടെ ഗുണത്തിനായി നിശ്ചയിക്കപ്പെട്ട മറ്റു ഏൎപ്പാടുകളിൽ ചിലതാകുന്നു.

ഈ ഏർപ്പടുകളുടെ എല്ലാം സമഷ്ടിയായ ഫലംകൃഷി ചെയ്യപ്പെട്ടുവരുന്ന ഭൂമിയുടെ വിസ്താരത്തിലും മുതലെടുപ്പിലും കൂടുതൽ ഉണ്ടെന്നുള്ളതാകുന്നു. മുമ്പിൽ ഇരുന്നതിൽ ൧൦ാക്കു ൬൧ വീതം നിലം നെൽകൃഷിയിൽ കൂടുതലായിട്ടുണ്ടു. പറമ്പുകളും നെൽ [ 16 ] കൃഷി നിലത്തിന്റെവീതത്തിനു കുറയാതെ കൂടുതലായി ട്ടുണ്ടെന്നുള്ളതിനു സംശയമില്ല. നിലം പുരയിടങ്ങളിടെ കരം വകയിൽ നൂറ്റിനു ൩൮ വീതം കൂടുതൽ വന്നിട്ടുണ്ടു. ഈവിധം കൂടുതൽ വന്നതു കരത്തിന്റെ വീതത്തെ അധികമാക്കിയതു കൊണ്ടല്ലന്നും കൂടുതലായ സ്ഥലം കൃഷി ചെയ്യപ്പെട്ടതുകൊണ്ടാണെന്നും ഉപദ്രവകരങ്ങളായ അനേകവിധം കരങ്ങളെ നിറുത്തൻ ചെയ്തതിന്റെ ശേഷവും ഈവിധം കൂടുതൽ സിദ്ധിച്ചിട്ടുണ്ടന്നും പറയെണ്ടതില്ലല്ലൊ.