Jump to content

ശ്രീമൂലരാജവിജയം/വനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
വനം

[ 16 ]


വനം


ഈ സംസ്ഥാനത്തിലെ മിക്കഭാഗവും വനപ്രായമായിരിക്കുന്നു. ൟ വനങ്ങളിൽ വളരെ വിലയേറിയ തടികൾ ഉണ്ടു. വനങ്ങൾ അളവില്ലാത്തവയാണെന്നുള്ള ബോധം ഹേതുവായിട്ടു വനംവക ഡിപ്പാൎട്ടമെണ്ടിന്റെ ജോലി മുൻകാലത്തു തടികളെ മുറിപ്പിക്കയും വിൽക്കയും മാത്രം ആയിരുന്നു. ധാന്യം മുതലായവ കൃഷിചെയ്യുന്നതിലെക്കായി വിലയേറിയ അരണ്യങ്ങളെ വെട്ടിത്തെളിക്കുന്നതിനെ ഗവൎമ്മേന്റു അനിയന്ത്രിതമായി അനുമതിക്കയും അതനുസരിച്ചു വളരെക്കാലം കൃഷിചെയ്യപ്പെട്ടുവരികയും ചെയ്തിരുന്നു. വളൎത്തുകാടായി മരങ്ങളെ ഒഴിച്ചുവച്ചിരിക്കുന്നതിനു നിയമവും വനസംരക്ഷണത്തിനും വനംവിളവുകളെ കൃഷിചെയ്തു വിളയിക്കുന്നതിനും വേണ്ട വ്യവസ്ഥിതമായ ഏൎപ്പാടും ഇല്ലായിരുന്നു. വനവിഭവങ്ങളെ കൃഷിചെയ്തു അധികമാക്കേണ്ടതു ആവശ്യമെന്നുകണ്ടു വനസംരക്ഷണത്തിനായി ൧൮൯൩-ാം വൎഷത്തിൽ ഒരു റിഗുലേഷൻ ഏൎപ്പെടുത്തപ്പെട്ടു. വനംവക സഞ്ചായംഡിപ്പാൎട്ട്മെൻറും പുൎണ്ണമായി മാറ്റി ഏൎപ്പെടുത്തപ്പെട്ടു. വനംവക കാൎയ്യത്തിനായി ൟ സംസ്ഥാനം അനേകം ഡിവിഷനായും ഓരോ ഡിവിഷനെ ഏതാനും റേഞ്ജുകളായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഒഴിച്ചിടപ്പെട്ട വനങ്ങൾക്കു അതിൎത്തികളെ നിൎണ്ണയപ്പെടുത്തി സ്ഥിരമായ അതിൎത്തി അടയാളങ്ങൾ ഇടുന്നതിനും അവയിൽ വന്യവിളവുകളെ കൃഷിചെയ്തു വിളയിക്കുന്നതിനും എൎപ്പാടുകൾ ചെയ്തിട്ടുണ്ടു. തേക്കു ചന്ദനം [ 17 ] മുതലായ വില പിടിച്ച വൃക്ഷങ്ങളെ പ്രത്യേകം തോട്ടങ്ങൾ ഉണ്ടാക്കിയും വളൎത്തിവരുന്നു. വിദേശിയ വൃക്ഷങ്ങളെ ൟ വനങ്ങളിൽ നട്ടുവളൎത്തുന്നതിനു ക്രമമായ ഏൎപ്പാടുകൾ ചെയ്യപ്പെട്ടിട്ടുണ്ടു.

ഏലക്കാ


കുരുമുളകും ഏലക്കായും ൟ നാട്ടിലെ രണ്ടുപ്രധാനപ്പെട്ട വിളവുകളാകുന്നു. ഇവ കുത്തകച്ചരക്കുകളായിരുന്നു. എന്നാൽ കുത്തക ഏൎപ്പാടു ഏലക്കാവിളവിനു തടസ്ഥമല്ലാതെ ആ കൃഷിയുടെ വൎദ്ധനക്കു അനുകൂലമല്ലെന്നുകണ്ടു കുത്തക ഏൎപ്പാടിനെ ഏലമലയിൽ മിക്കഭാഗങ്ങളിലും ൧൮൯൩ാം വൎഷത്തിൽ നിൎത്തൽചെയ്തു ഏലത്തോട്ടങ്ങൾക്കു കരം ഏൎപ്പെടുത്തി. ൟ പുത്തൻ ഏൎപ്പാടു അനുസരിച്ചു കുടികൾക്കു ൟ തോട്ടങ്ങളിൽ സ്ഥിരമായ അനുഭവാവകാശം ലഭിച്ചിട്ടുണ്ടു. എന്നാൽ അവരവരുടെ തോട്ടത്തെ ഇഷ്ടംപോലെ സൎക്കാരിലേക്ക് ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള അവകാശവും അവൎക്കുണ്ടു.

ഇറക്കുമതിയൊ കയറ്റുമതിയൊ ചെയ്യപ്പെടുന്ന മിക്ക ചരക്കുകൾക്കും തീരുവയുണ്ടായിരുന്നു. ൧൮൩൫ാം വൎഷത്തിൽ ഈ സംസ്ഥാനവും ബ്രിട്ടീഷ് ഗവൎമ്മേന്റും തമ്മിൽ തുറമുഖ സംബന്ധമായ ഒരു ഉടമ്പടിചെയ്തു. അതനുസരിച്ചു കച്ചവടസംബന്ധമായി ൟ രണ്ടു സംസ്ഥാനങ്ങളിലും ചരക്കുകൾക്കു ചുമത്തിവന്ന തീരുവകളിൽ ചിലവ നിറുത്തൽചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഇൻഡ്യയിൽ നടപ്പുള്ള ഇറക്കുമതി താരിപ്പിനെത്തന്നെ യാതൊരു ഭേദവുംകൂടാതെ ൟ ഉടമ്പടി അനുസരിച്ചു ൟ സംസ്ഥാനത്തും ഉപയോഗിക്കാൻ നിൎബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഓരോകാലത്തും ഇറക്കുമതി താരിപ്പിൽ ബ്രിട്ടീഷ്ഗവൎമ്മേന്റുകാർ ചെയ്തുവരുന്ന ഭേദങ്ങളെ ഇവിടെ സ്വീകരിച്ചു വരുന്നു. കയറ്റുമതിച്ചരക്കു കളുടെവകക്കു ൟ സംസ്ഥാനത്തേക്കു പ്രത്യേകമായി താരിപ്പുണ്ടു. എന്നാൽ കയറ്റുമതി തീരുവകഴിയുന്നതും കുറവായതാരിപ്പിൽ ഏൎപ്പെടുത്തുന്നതാണ് സംപ്രദായം. പുൽത്തൈലം, കൂവനീറു, വെളിച്ചെണ്ണ, ഇലവുതടി, ഇലവിൻപലക, ഉണക്കമീൻ ഇവക്കുള്ള കയറ്റുമതി തീരുവയെ [ 18 ] വളരെ കുറക്കയും ചെറുപയറു, പെരും‌പയറു, മുതിര, പനനാരു, അരി, നെല്ലു, ജെന്നൽ, കട്ടള, മുതലായ അനേകം മരസ്സാമാനങ്ങൾ ഇവക്കുള്ള കയറ്റുമതി തീരുവയെ തീരെ നിറുത്തുകയും ചെയ്തിട്ടുണ്ടു.

"https://ml.wikisource.org/w/index.php?title=ശ്രീമൂലരാജവിജയം/വനം&oldid=131935" എന്ന താളിൽനിന്ന് ശേഖരിച്ചത്